Image

മണ്ണാറത്തൊടിയിൽ മഴപെയ്യുമ്പോൾ ജയകൃഷ്ണന്റെ മനസ്സിൽ ക്ലാര പെയ്തു നിറയുകയായിരുന്നു ; സുമലതയ്ക്ക് പിറന്നാൾ ആശംസകൾ

രഞ്ജിനി രാമചന്ദ്രൻ Published on 27 August, 2025
മണ്ണാറത്തൊടിയിൽ മഴപെയ്യുമ്പോൾ ജയകൃഷ്ണന്റെ മനസ്സിൽ ക്ലാര പെയ്തു നിറയുകയായിരുന്നു ; സുമലതയ്ക്ക് പിറന്നാൾ ആശംസകൾ


തെന്നിന്ത്യൻ നടി സുമലതയ്ക്ക് പിറന്നാൾ ആശംസകൾ നേരുമ്പോൾ, ഓരോ മലയാളിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് 'തൂവാനത്തുമ്പികൾ' എന്ന ചിത്രത്തിലെ ക്ലാരയാണ്. കാലമെത്ര കഴിഞ്ഞാലും മനോഹരമായ ഈ സിനിമയും അതിലെ കഥാപാത്രങ്ങളും ഒരു വിങ്ങലോടെയല്ലാതെ ഒരു പ്രേക്ഷകനും ഓർത്തെടുക്കാനാവില്ല.

1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'തൂവാനത്തുമ്പികൾ', അദ്ദേഹത്തിന്റെ 'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. നോവലിലെ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ മോഹൻലാൽ അവതരിപ്പിച്ച ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് പത്മരാജൻ സിനിമയിൽ അവതരിപ്പിച്ചത്. നാട്ടിൻപുറത്തുകാരനായ ജയകൃഷ്ണൻ നഗരത്തിൽ എത്തുമ്പോൾ മറ്റൊരു ജീവിതം നയിക്കുന്ന കാഴ്ചയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

സിനിമയിലെ ഓരോ കഥാപാത്രവും അവിസ്മരണീയമാണ്. രാധയായി പാർവതിയും, ക്ലാരയായി സുമലതയും മോഹൻലാലിന്റെ ജയകൃഷ്ണനും മലയാളിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പ്രണയക്കാഴ്ചകളാണ് സമ്മാനിച്ചത്. പ്രണയവും വിരഹവും നിസ്സഹായതയും ഇഴചേർന്ന ഈ ബന്ധം ഒരു മനുഷ്യന്റെ വൈകാരികമായ യാത്രയെ മനോഹരമായി വരച്ചുകാട്ടുന്നു.

പത്മരാജൻ സിനിമകളിലെ മഴയും, ക്ലാരയും ജയകൃഷ്ണനും തമ്മിലുള്ള രംഗങ്ങളും എക്കാലത്തെയും നൊസ്റ്റാൾജിക് അനുഭവങ്ങളാണ്. ജി. രവീന്ദ്രനാഥിന്റെ സംഗീതത്തിൽ പിറന്ന 'ഒന്നാം രാഗം പാടി', 'മേഘം പൂത്തുതുടങ്ങി' എന്നീ ഗാനങ്ങൾ ചിത്രത്തിന് കൂടുതൽ ഭംഗി നൽകി. മോഹൻലാൽ, സുമലത, പാർവതി എന്നിവരെ കൂടാതെ അശോകൻ, ബാബു നമ്പൂതിരി, ശ്രീനാഥ്, സുകുമാരി, ജഗതി ശ്രീകുമാർ, ശങ്കരാടി, എം.ജി. സോമൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്നും മലയാള സിനിമാ പ്രേമികളുടെ എക്കാലത്തെയും ഇഷ്ടചിത്രങ്ങളിലൊന്നായി 'തൂവാനത്തുമ്പികൾ' നിലനിൽക്കുന്നു.

 

 

English summary:

When it rained in Mannarathodi, Jayakrishnan’s mind was filled with thoughts of Clara; birthday wishes to Sumalatha.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക