കൊളറാഡോ സ്പ്രിങ്സ് ....
ഒരു മഞ്ഞു കണത്തിൻറെ കുളിർമ ആ പേരിനൊപ്പം നെഞ്ചിലേക്ക് കിനിഞ്ഞിറങ്ങി. കാലങ്ങളായി തിരഞ്ഞു നടന്ന എന്തിനെയോ കണ്ടെത്തിയ സന്തോഷം.
നീണ്ട, വളരെ നീണ്ട യാത്രക്ക് ശേഷം വീടണയുമ്പോൾ ഉണ്ടാകുന്ന ആശ്വാസം പോലെ ഒന്ന് ഉള്ളിൽ നിറയുന്നത് അവൾ അറിഞ്ഞു. ആശ്വാസത്തിൻറെ ദീർഘനിശ്വാസം അവളിൽ നിന്ന് ഉയർന്നു.
കൊളറാഡോ സ്പ്രിങ്സ്.
മലനിരകൾക്കിടയിലെ ജന സാന്ദ്രത കുറഞ്ഞ ചെറു പട്ടണം. നോക്കാത്ത ദൂരത്തോളും നീണ്ടു കിടക്കുന്ന കൃഷിയിടങ്ങൾ... ആപ്പിളും, പീച്ചും വിളഞ്ഞു നിൽക്കുന്ന തോട്ടങ്ങൾ... അത്യാധുനിക മോട്ടോർ വാഹനങ്ങളും കുതിര വണ്ടികളും ഇടകലർന്നോടുന്ന മലമ്പാതകൾ...
ആദ്യമായി ആ പട്ടണത്തിലേക്കു ചെന്നത് ലിസയുടെ മനസ്സിലേക്ക് ഓടിവന്നു. അന്ന് അവൾ തനിച്ചായിരുന്നില്ല. ഓഫീസിൽ നിന്നും ഒരു സംഘം സഹപ്രവർത്തകർ ഉണ്ടായിരുന്നു അവളോടൊപ്പം. അവരുടെ കമ്പനി അവിടെ പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിട സമുച്ചയത്തിന് വേണ്ട നടപടികൾ പൂർത്തിയാക്കാൻ ഓഫിസ് ടീമിനൊപ്പമുള്ള യാത്ര. മൈക്കും, റിച്ചും, ഡേവിഡും, മാഗിയും എല്ലാവരുമുണ്ടായിരുന്നു കൂടെ. കമ്പനിയുടെ ഹെലികോപ്റ്ററിൽ ചിരിച്ചുല്ലസിച്ച് ഒരു യാത്ര. ജീവിതം വർണാഭമായിരുന്നു അവർക്കെല്ലാം ആ ദിവസങ്ങളിൽ. നല്ല ജോലി, നഗരത്തിലെ മുന്തിയ ജീവിത സൗകര്യങ്ങൾ... ഇടയ്ക്ക് പിരിമുറുക്കങ്ങളിൽ നിന്ന് രക്ഷപെടാൻ പാർട്ടികൾ, യാത്രകൾ.... ജോലിയുടെ ഭാഗമായി വീണു കിട്ടുന്ന ഇത്തരം യാത്രകളിൽ പോലും ഉല്ലസിക്കാനുള്ള അവസരങ്ങൾ അവർ കണ്ടെത്തിയിരുന്നു. അവ ഒന്നും അവർ ആരും പാഴാക്കിയിരുന്നില്ല. ചിരിച്ചും, കളിച്ചും, പരസ്പരം കളിയാക്കിയും സന്തോഷം പൂത്തിരി കത്തിച്ചു നിന്ന ഒരു യാത്ര....
മലമടക്കുകൾക്കിടയിലായി വിദൂരതയിൽ ഒരു വളപ്പൊട്ടുപോലെ ആ നഗരം കണ്ണിൽ പെട്ടപ്പോൾ കോപ്റ്ററിൽ ഉണ്ടായിരുന്ന അവർ എല്ലാവരും ഒരു നിമിഷം നിശ്ശബ്ദരായിപ്പോയി. അത്രമേൽ സുന്ദരമായിരുന്നു ആ ആകാശകാഴ്ച. കണ്ണെടുക്കാതെ നോക്കിയിരിക്കാനേ ആർക്കും കഴിയുമായിരുന്നുള്ളൂ. സംഭാഷണങ്ങളും ഉറക്കെയുള്ള ചിരികളും മുറിഞ്ഞു. ഹെലികോപ്ടറിൻറെ ചില്ലുജനാലകളിൽ ക്കൂടി താഴെ തെളിയുന്ന ആ ഭൂപ്രദേശത്തിൻറെ മനോഹാരിതയിൽ ലയിച്ചിരുന്നുപോയി അവർ.
'ഓ മൈ ഗോഡ്! ബ്യൂട്ടിഫുൾ '
'ഓസം '... ഒന്നൊഴിയാതെ അവർ എല്ലാവരും പറഞ്ഞു.
പച്ചയും മഞ്ഞയും തവിട്ടും നിറങ്ങൾ തിളങ്ങി നിൽക്കുന്ന രമണീയത. ‘ദൈവങ്ങളുടെ പൂന്തോട്ടം’ എന്ന പ്രസിദ്ധി നേടിയ, കണ്ണിനും കരളിനും ഇമ്പമേകുന്ന വിസ്മയം!
'വൗ '
ആ സൗന്ദര്യം ഏറെ ആകർഷിച്ചത് ലിസയെ ആയിരുന്നു.
'ഇവിടെ താമസിക്കാൻ കഴിഞ്ഞെങ്കിൽ ....', ലിസ ആത്മഗതം എന്ന വണ്ണം പറഞ്ഞു.
ഒപ്പം ഉണ്ടായിരുന്ന റിച്ചും ശരി വെച്ചു. ‘ശരിയാണ്. ഐ ലവ് ഇറ്റ്. '
'എങ്കിൽ ഇവിടെ താമസിച്ചോ ', മാഗി പറഞ്ഞു.
'അത് എങ്ങനെ? പറഞ്ഞിട്ടെന്താ... എല്ലാ ആഗ്രഹവും നടക്കില്ലെടോ...'
'ങും ...' ലിസ മൂളി.
പിന്നെയുള്ള ദിവസങ്ങൾ തിരക്ക് പിടിച്ചതായിരുന്നു. സ്‌ഥലം അളക്കലും, രൂപരേഖ തയ്യാറാക്കലും, കോർപറേഷൻറെ അനുമതിക്ക് വേണ്ടിയുള്ള മീറ്റിംഗുകളും, ആ ടീം ഒത്തു പിടിച്ചു.
ഇതിനിടയിലെ ഏതോ ഒരു വിശ്രമ വേളയിൽ കപ്പുച്ചിനോയും മൊത്തിയിരിക്കുമ്പോൾ, തികച്ചും അവിചാരിതമായി, കൂട്ടത്തിലെ പാർട്ടി അനിമൽ എന്ന് അറിയപ്പെടുന്ന മൈക്ക് പ്രഖ്യാപിച്ചു:
'ഐ ആം ഗോയിങ് റ്റു ബയ് സം ലാൻഡ് ഹിയർ ആൻഡ് സെറ്റൽ ഡൗൺ '.
'ഇവിടെയോ? നീയോ?’
‘ ആൾപ്പാർപ്പില്ലാത്ത ഈ വിജനതയിലോ?'
'ഔർ മൈക് ഈസ് ഗോയിങ് കൺട്രി ' അവർ ആർത്തു ചിരിച്ചു.
കൂടെ ഉണ്ടായിരുന്നവർക്കു ആർക്കും അത് വിശ്വസിക്കാൻ ആകുമായിരുന്നില്ല.
'അതെന്താ? ഈ സൗന്ദര്യം എനിക്കും ആസ്വദിച്ചുകൂടെ?' മൈക്ക് തിരിച്ചു ചോദിച്ചു.
'വി വിൽ സീ... '.
'സത്യം പറയെടോ. തനിക്കു ഇഷ്ടമല്ലേ?' മൈക് തൊട്ടടുത്തിരുന്ന ലിസയോട് ചോദിച്ചു.
'എനിക്ക് ഇഷ്ടമായിട്ടെന്താ കാര്യം?' ലിസ പറഞ്ഞു. ‘ഞാൻ തന്നെപ്പോലെ റിച്ച് അല്ല. ഐ കാണ്ട് ഫോളോ എ ഫാൻസി. അതുമല്ല, എറിക് അവിടെയല്ലേ?’
അല്പം കഴിഞ്ഞു ലിസ മൈക്കിനോട് ചോദിച്ചു: ' ഡെബി വരുമോ ഇവിടേയ്ക്ക്?'
പാർട്ടികളും ഷോപ്പിങ്ങും ഏറെ ഇഷ്ടപ്പെടുന്ന അവൻറെ ഗേൾ ഫ്രണ്ട് ഡെബിക്ക് ഇഷ്ടപ്പെടുന്ന ഒന്നും തന്നെ അവിടെ ഇല്ലെന്നു ലിസയ്ക്കു അറിയാമായിരുന്നു.
'ഐ ഡോണ്ട് നോ ... ആൻഡ് ഐ ഡോണ്ട് കെയർ’, മൈക്ക് ലിസയോട് പറഞ്ഞു.
'മണ്ടത്തരം പറയാതെ ...' ലിസ അയാളോട് പറഞ്ഞു. പുറത്തേക്കു നോക്കി കണ്ണടച്ചിരുന്ന് അയാൾ പറഞ്ഞു: ' ഐ ആം ഇൻ ലവ്'.
ഒരു നിമിഷത്തിനു ശേഷം അയാൾ കൂട്ടിച്ചേർത്തു : 'വിത്ത് ദിസ് ലാൻഡ്'
ലിസ ചിരിച്ചു: 'ഭ്രാന്തൻ !'
ആ സംഭാഷണം അങ്ങനെ കഴിഞ്ഞു.
വീണു കിട്ടുന്ന വിശ്രമവേളകളിൽ അവർ അവിടെയൊക്കെ ചുറ്റി നടന്നു. വഴിയരികിലുള്ള മോം ആൻഡ് പോപ് കോഫി ഷോപ്പിൽ കാപ്പി കുടിച്ചു. തിരക്കേറിയ മഹാ നഗരത്തിൽ നിന്നും വന്ന അവർക്ക് അതൊക്കെ ഹരമായിരുന്നു.
'എന്തൊരു ശാന്തതയാണ് ഇവിടെ. പോകാനേ തോന്നുന്നില്ല...' ലിസ തന്നോട് തന്നെ പലവട്ടം പറഞ്ഞു.
മാഗിയും, റിച്ചും എല്ലാവരും അത് തന്നെ പറഞ്ഞു.
ജോലി കഴിഞ്ഞു തിരിച്ചു പോകാനുള്ള ദിവസം അടുത്തപ്പോൾ വല്ലാത്ത നിരാശ തോന്നി അവർക്കെല്ലാം തന്നെ.
തിരികെയുള്ള യാത്രയിൽ ഹെലികോപ്റ്ററിൻറെ ജനാലയിൽ കൂടി പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു മൈക്കിനെ നോക്കി അവർ ചിരിച്ചു:
'ഡ്രീം ഓൺ... '
ഡെബി ഒരിക്കലും കൊളറാഡോ സ്പ്രിങ്‌സിൻറെ വിജനതയും, ഏകാന്തതയും ഇഷ്ടപ്പെടുകയില്ലെന്നും അവിടേക്കു അയാളോടൊപ്പം വരികയില്ലെന്നും ഉറപ്പുണ്ടായിരുന്ന ലിസയ്ക്കു അയാളുടെ ആ താല്പര്യം കണ്ട് ചിരിക്കാനേ കഴിയുമായിരുന്നുള്ളൂ... തിരികെ ഓഫിസിൽ എത്തിയിട്ടും…
പിന്നെയുള്ള ദിവസങ്ങളിൽ പുതിയ പ്രോജക്ടിൻറെ ജോലിത്തിരക്കുകൾ തുടർന്നുകൊണ്ടിരുന്നു. സഹപ്രവർത്തകരെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പിന്നെയുണ്ടായ അവധി ദിവസങ്ങളിൽ എല്ലാം തന്നെ മൈക്ക് കൊളറാഡോ സ്പ്രിങ്‌സിലേക്കു പോയി. ആദ്യമൊക്കെ ഡെബിയും കൂടെയുണ്ടായിരുന്നു. പിന്നെ, പിന്നെ അവൾ അയാളോടൊപ്പം പോകാതെയായി.
ലിസ ഒന്ന് രണ്ടു പ്രാവശ്യം അയാളോട് ചോദിക്കയും ചെയ്തു: 'എന്താടോ തനിച്ചൊരു യാത്ര?'
കൂട്ടുകാരും, അവരോടൊപ്പമുള്ള ഉല്ലാസവേളകളും നിറഞ്ഞാസ്വദിക്കുന്ന മൈക്കിൻറെ തനിച്ചുള്ള യാത്രകൾ ലിസയെ അമ്പരപ്പിക്കുക തന്നെ ചെയ്തു.
അത്തരം ഒരു യാത്രയിൽ അയാൾ അവിടെ ഒരു ഫാം വാങ്ങുകയും ചെയ്തു.
‘അവിടെ ഒരിക്കലും ഇവിടുത്തെപ്പോലെ വിപുലമായ ഫ്രണ്ട്‌സ് സർക്കിൾ ഒന്നും ഉണ്ടാവില്ല. ഡെബിയക്ക് അങ്ങനെ ഒറ്റപ്പെട്ട ഒരു ജീവിതം ഇഷ്ടപ്പെടാനാവുമോ? ' ലിസ ചോദിച്ചു.
'എന്തിനാടോ ഒത്തിരിപ്പേർ? ഒരാൾ, ഒരാൾ പോരെ കൂട്ടിന് - മനസിന് പിടിച്ച ഒരാൾ?' മൈക്ക് ലിസയോട് തിരിച്ചു ചോദിച്ചു.
'തനിക്ക് ഇത് എന്ത് പറ്റി? മറ്റാരേക്കാളും ആളും പേരും എപ്പോഴും ചുറ്റും വേണ്ടിയിരുന്നത് തനിക്കല്ലേ?' ലിസ വായ് പൊളിച്ചിരുന്നുപോയി.
മൈക്ക് മറുപടി ഒന്നും പറഞ്ഞില്ല, കമ്പ്യൂട്ടർ സ്ക്രീനിലേക്ക് മുഖം പൂഴ്ത്തിയതല്ലാതെ.
അന്ന് ലിസ ഭർത്താവിനോട് പറഞ്ഞു: ‘നോക്കൂ, മൈക്ക് കൊളറാഡോ സ്പ്രിങ്‌സിൽ ഒരു പ്രോപ്പർട്ടി വാങ്ങിയിരിക്കുന്നു. നമുക്കും അതുപോലെ ഒരു വെക്കേഷൻ കോട്ടജ് അവിടെ വാങ്ങിയാലോ?'
ലിസയുടെ ഭർത്താവായ എറിക് ചിരിച്ചു: 'മനുഷ്യവാസം ഇല്ലാത്ത ആ കാട്ടിലോ?'
ഒന്ന് നിർത്തി അയാൾ ചോദിച്ചു: ' ഡെബി അങ്ങനെയൊരു സ്‌ഥലത്തേക്ക് ചെല്ലുമോ? '
അപ്പോഴേക്കും ഡെബിയും മൈക്കും തമ്മിൽ തെറ്റി പിരിഞ്ഞിരുന്നു. അവർ തമ്മിലുള്ള ബന്ധത്തിൻറെ ഇഴകൾ മെല്ലെ മെല്ലെ അകലുന്നതും, പിന്നി ചേർക്കാനാവാത്ത വിധം തകർന്നതും ലിസ മനസ്സിലാക്കിയിരുന്നു.
എങ്കിലും അവൾ ആരോടും അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. സ്വന്തം ഭർത്താവിനോട് പോലും.
മൈക്കിൻറെ ദുഃഖം മറ്റുള്ളവരുടെ സാധാരണ സംഭാഷണ വിഷയമായി തരം താഴ്ത്താൻ അവൾക്കു കഴിയുമായിരുന്നില്ല. പലപ്പോഴും അയാളുടെ ദുഃഖം വ്രണിത വാക്കുകളായി പൊട്ടിയൊലിച്ചപ്പോൾ അവൾ സാന്ത്വനമായി തൊട്ടടുത്ത കാബിനിൽ ഇരുന്നു. ലഞ്ചിനും, കോഫി ബ്രേയ്ക്കിനും മറ്റാരും അടുത്തില്ലാത്ത സമയത്തു മാത്രം അവൾ ആശ്വാസ വാക്കുകൾ പറഞ്ഞു.
'ഒക്കെ ശരിയാവും. തന്നെപ്പോലൊരു പുരുഷനെ ഏതു പെണ്ണാണ് വേണ്ട എന്ന് വെക്കുക?'
വിഷാദത്തോടെ കണ്ണുകൾ ഉയർത്തി അവളുടെ നേരെ ഒന്ന് നോക്കിയിട്ട് അയാൾ ഒന്നും പറയാതെ തല കുനിച്ചിരുന്നു.
ദിവസങ്ങൾക്കു ശേഷം ഡെബി അവർ ഒരുമിച്ചു താമസിച്ചിരുന്ന വീട് വിട്ട് പോയപ്പോൾ മൈക്കിനെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ലിസ വിഷമിച്ചു പോയി.
മെല്ലെ, മെല്ലെ ഓഫീസിൽ ഡെബി വീട് വിട്ടത് പാട്ടായപ്പോൾ, മൈക്കും ലിസയും തമ്മിലുള്ള സൗഹൃദം അറിയാവുന്ന സഹപ്രവർത്തകർ അവളോടാണ് അന്വേഷിച്ചത്.
'വാട് ഹാപ്പെൻഡ് ?’
‘എനിക്കറിയില്ല’. ലിസ കൈ മലർത്തി.
‘ആ നശിച്ച കൊളറാഡോ ട്രിപ്പ്. അവിടുന്നാ തുടക്കം’. ലിസ മാഗിയോട് പറഞ്ഞു.
‘എന്തോ... എനിക്ക് അങ്ങനെ വിശ്വസിക്കാൻ കഴിയുന്നില്ല’. മാഗി അർഥം വെച്ച് പറഞ്ഞു.
‘വാട്ട്?’
‘ഐ ഡോണ്ട് നോ’. നിഷേധാർഥത്തിൽ ചുമൽ ഒന്ന് കുലുക്കി മാഗി പോയി.
ദിവസങ്ങൾ കഴിഞ്ഞു പോയി. ഓഫീസ് തിരക്കുകളിൽ മുങ്ങിയവർ മൈക്കിൻറെ പ്രശ്നങ്ങൾ മറന്നു. അല്ല, അതൊന്നും ഓർക്കാൻ അവർക്കു സമയം ഇല്ലായിരുന്നു.
ലിസയ്ക്ക് അങ്ങനെ മറക്കാൻ ആവുമായിരുന്നില്ല. അവൾ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം അയാൾക്കായി പൊതിഞ്ഞുകൊണ്ടുപോയി കൊടുത്തു.
'ഡോണ്ട് കിൽ യൂർസെൽഫ് ഓൺ ഫാസ്റ്റ് ഫുഡ്'. അവൾ അയാളോട് പറഞ്ഞു.
'ഇയാൾ ഇത് എന്ത് ഭാവിച്ചാ?' ഒരു ദിവസം മൈക്കിനുള്ള ഭക്ഷണം പാക്ക് ചെയ്യുന്നത് നോക്കി നിൽക്കുകയായിരുന്ന എറിക് അവളോട് ചോദിച്ചു.
'എനിക്കറിയില്ല'.
'നീ അറിയാതെയിരിക്കില്ലല്ലോ... ' എറിക് വീണ്ടും പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെയിരുന്നപ്പോൾ അയാൾ നീട്ടി മൂളി.
'ങ്ങും...'
പിറ്റേന്ന് അവൾ മൈക്കിനോട് ചോദിച്ചു: 'എന്താണ് നിങ്ങൾക്കിടയിൽ സംഭവിച്ചത്? ഞാൻ ഡെബിയോട് സംസാരിക്കട്ടെ?'
'നോ. സ്റ്റേ ഔട്ട് ഓഫ് ദിസ് ', മൈക്ക് കടുപ്പിച്ചു പറഞ്ഞു. അയാളുടെ സ്വരത്തിലെ കാർക്കശ്യം തിരിച്ചറിഞ്ഞ ലിസ പിന്നെ ഒന്നും പറഞ്ഞില്ല.
ആഘോഷ ദിവസങ്ങളിൽ ലിസ, അയാൾ തനിച്ചായി പോകാതെയിരിക്കാൻ, അയാളെ തൻറെ വീട്ടിലേക്കു ക്ഷണിച്ചു. പക്ഷെ ആ ക്ഷണങ്ങൾ നന്ദിപൂർവം നിരസിച്ചിട്ടു അയാൾ ഡെൻവറിലേക്കു പറന്നു. അസ്‌ഥികോച്ചുന്ന തണുപ്പിലും അയാൾ അവിടേക്കു പോയി.
ഒരു ദിവസം തികച്ചും അവിചാരിതമായി അവൾ ഡെബിയെ കണ്ടു. ഓഫിസിലെ ലഞ്ച് ബ്രേക്കിന് അല്പം ഷോപ്പിംഗ് നടത്താനായി ഇറങ്ങിയതായിരുന്നു അവൾ.
ഡെബിയെ കാണാത്ത ഭാവത്തിൽ കടന്നു പോകാൻ ലിസയ്ക്ക് ആയില്ല. ഡെബിയെ തടഞ്ഞു നിർത്തി അവൾ ചോദിച്ചു:
'ഡെബി, വാട്ട് ഹാപ്പെൻഡ്? ടെൽ മി'.
'നിനക്കറിയില്ല, അല്ലെ?' ഡെബി അവളുടെ നേരെ ചീറി.
ലിസ പകെച്ചു പോയി. അങ്ങനെ ഒരു ഭാവം ഡെബിയിൽ നിന്നും അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഡെബിയുടെ കണ്ണുകളിലെ ക്രൗര്യം അവളെ വല്ലാതെ കുത്തി നോവിച്ചു എങ്കിലും അവൾ മൈക്കിനോടോ ആരോടെങ്കിലുമോ ആ കൂടിക്കാഴ്ചയെക്കുറിച്ചു പറഞ്ഞില്ല.
മൈക്കിന് ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നതും, അയാൾക്ക് വേണ്ടി ചില്ലറ ഷോപ്പിംഗ് നടത്തുന്നതും പതിവായപ്പോൾ എറിക് പൊട്ടിത്തെറിച്ചു.
'വൈ ... വൈ ആർ യു സൊ മച്ച് ഇൻവോൾവ്ഡ് ഇൻ ഹിസ് ലൈഫ്?'
'ഹി ഈസ് മൈ ബെസ്ററ് ഫ്രണ്ട് ,' ലിസ പറഞ്ഞു.
'ബെസ്ററ് ഫ്രണ്ട്?!'
എറിക്കിൻറെ ശബ്ദത്തിലെ ദേക്ഷ്യം ലിസയെ അമ്പരപ്പിച്ചുകളഞ്ഞു. ഒരു സുഹൃത്തിൻറെ ദൗർഭാഗ്യത്തിൽ അനുകമ്പ കാണിക്കാൻ കഴിയാത്ത അയാളോട് അവൾക്കു അവജ്ഞ തോന്നി.
എന്നിരുന്നാലും പിന്നെയുള്ള നാളുകളിൽ മൈക്കിനെക്കുറിച്ചുള്ള പരാമർശങ്ങൾ സംഭാഷണത്തിൽ കടന്നു കൂടാതെയിരിക്കാൻ ലിസ ശ്രദ്ധിച്ചു തുടങ്ങി. പക്ഷെ എവിടെയോ അവൾ അറിയാതെ എറിക്കിനോട് ഒരു അകലം അവളുടെ മനസ്സിൽ ഉണ്ടായി. മറ്റൊരാളുടെ ആപത്തിൽ സഹായിക്കാനോ, ചേർത്ത് പിടിക്കാനോ ഒരുക്കമില്ലാത്ത ആ മനസ്സിനോട് ഒരു നീരസം.
അധികം താമസിക്കാതെ, ഉദ്യോഗം രാജി വെച്ച് മൈക്ക് കൊളറാഡോ സ്പ്രിങ്‌സിലേക്കു പോയി. അവിടെ പുതുതായി വാങ്ങിയ ഫാമിലേക്ക്. മൈക്കിൻറെ സെൻറ് ഓഫ് പാർട്ടിയിൽ വെച്ച് തൻറെ പുത്തൻ വിലാസം കുറിച്ച കാർഡ് ലിസയ്ക്ക് നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു:
'കം. വെൻ എവർ യു വാണ്ട് .'
'ങ്ങും... ഐ വിഷ്. പക്ഷെ, നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് തനിക്കുള്ള സമ്പത്തൊന്നും ഇല്ല. ജോലി ചെയ്തേ ജീവിക്കാൻ പറ്റൂ.'
മൈക് മറുപടി പറഞ്ഞില്ല, അവളുടെ കണ്ണുകളിലേക്കു നോക്കി ചിരിച്ചതല്ലാതെ. പിന്നെയുള്ള ദിവസങ്ങളിൽ വല്ലപ്പോഴും വരുന്ന ഫോൺ കോളിലേക്കും, ടെക്സ്റ്റ് മെസേജുകളിലേക്കും , വിശേഷാവസരങ്ങളിൽ കൈമാറുന്ന കാർഡുകളിലേക്കും ഒതുങ്ങി അവരുടെ സൗഹൃദം.
എങ്കിലും ലിസ അയാളെ മറന്നില്ല.
ഓഫീസിലെ എല്ലാ തിരിവിലും അവൾ അയാളെ കണ്ടു. ഒന്നിന് പുറകെ ഒന്നായുള്ള മീറ്റിംഗുകളിലും, ഡിസ്ക്കഷനുകളിലും അവൾ അയാളുടെ ശബ്ദം കേട്ടു . റിപ്പോർട്ടുകളുടെയും ഡ്രോയിങ്ങുകളുടെയും ഡെഡ്‌ലൈനുകളിൽ പെട്ടുഴറുമ്പോൾ സഹായിക്കാൻ അയാൾ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചു. ഓഫീസ് പാർട്ടികളും ഗെറ്റ് ടുഗെതറും മുഷിപ്പനായി. എന്തെങ്കിലും കാരണങ്ങൾ കണ്ടു പിടിച്ച് അതിൽ നിന്നെല്ലാം ഒഴിവാകുന്നത് പതിവായി. ജോലിക്കു പോകുന്നത് തന്നെ ഭാരമായി തോന്നിത്തുടങ്ങി. ഒരു ആവശ്യം വന്നാൽ സഹായിക്കാൻ ആരുമുണ്ടാവില്ലല്ലോ എന്നവൾ കുണ്ഠിതപ്പെട്ടു.
ആകെ ഒരു ഉന്മേഷമില്ലായ്മ.
മാഗിയും റിച്ചാർഡും എന്ന് വേണ്ട, ഓഫീസിലെ സഹപ്രവർത്തകർ പലരും ചോദിച്ചു:
'എന്താടോ, എന്ത് പറ്റി തനിക്കു?'
'ഏയ് നതിങ്...'
'എവെരിതിങ് ഓകെ അറ്റ് ഹോം? '
'യെസ് ' ലിസ പ്രതിവചിച്ചു .
പക്ഷെ, വീട്ടിൽ എല്ലാം അത്ര നന്നായിരുന്നില്ല.
ഓഫീസിൽ മാത്രമായിരുന്നില്ല ലിസയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ. എന്തിനും ഏതിനും ദേക്ഷ്യം. അല്ലെങ്കിൽ മുഷിച്ചിൽ. സുന്ദരമായി എന്നും അലങ്കരിച്ചിട്ടിരുന്ന വീട് അലങ്കോലമായിട്ടും അവൾ അതൊന്നും ശ്രദ്ധിച്ചതേയില്ല.
എറിക് പലപ്രാവശ്യം ചോദിച്ചു: ‘നിനക്ക് ഇത് എന്ത് പറ്റി?’
‘ഏയ്. ഒന്നുമില്ല. എനിക്ക് ഇത്തിരി സ്വൈര്യം തരൂ.' അവൾ എറിക്കിനോട് പറഞ്ഞു.
'അസുഖം വല്ലതും ആണോ? ഡോക്ടറെ കാണണോ?'
വേണ്ടെന്ന് ലിസ ചുമൽകുലുക്കി .
'ദിവസങ്ങൾ കഴിയുംതോറും ആ മടുപ്പും വിരസതയും എറിയേറി വരികയായിരുന്നു. ഒന്നിനോടും ഒരു താല്പര്യം ഇല്ലായ്മ. കൂടുതൽ സമയവും അവൾ തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടു. ആരുടേയും സാമീപ്യം ഇഷ്ടപ്പെടാതെ.
ദിവസങ്ങളും, ആഴ്ചകളും കഴിഞ്ഞപ്പോൾ എറിക് ചോദ്യങ്ങൾ നിർത്തി. അവളെ അവളുടെ വഴിക്കു വിട്ടുകൊണ്ട് അയാൾ അയാളുടെ ജീവിതത്തിൽ മുഴുകി. ഓഫീസിൽ നിന്ന് അയാൾ അയാളുടെ സുഹൃത്തുക്കൾക്കൊപ്പം ക്ലബിലേക്കു പോയി, വാരാന്ത്യങ്ങളിൽ ഗോൾഫ് കളിയ്ക്കാൻ പോയി. അത്താഴസമയം ആയാലും വീട്ടിലേക്കു പോകാതെ ആയി. ചില ദിവസങ്ങളിൽ വീട്ടിലേക്കു പോയതേയില്ല. എപ്പോഴോ അയാൾ ഒരു പുതിയ കൂട്ടുകാരിയേയും കണ്ടെത്തി. ഓഫീസിൽ സുഹൃത്തുക്കൾ തെളിഞ്ഞും മറഞ്ഞും അവൾക്കു മുന്നറിയിപ്പ് നൽകി: എറിക്കിൻറെ പോക്കത്ര ശരിയല്ലെന്ന്.
ലിസ അതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ലായിരുന്നു. അവർ ഓരോരുത്തരും അവരവരുടേതായ സ്വന്തം ലോകത്തായിരുന്നു.
ഒരു ദിവസം, വളരെ നിർബന്ധിച്ചാണ് മാഗി അവളെ ലഞ്ചിന് കൂട്ടിക്കൊണ്ടു പോയത്. മിണ്ടാതെയിരുന്നു ഭക്ഷണം കഴിക്കുന്ന ലിസയോട് മാഗി ചോദിച്ചു:
'യു മിസ് ഹിം?' അതൊരു ചോദ്യമായിരുന്നില്ല; മാഗി ഉറപ്പിച്ചു പറയുകയായിരുന്നു.
‘എത്ര നാൾ നീ നിന്നെ തന്നെ കബളിപ്പിക്കും ‘. ഞെട്ടലോടെ ലിസ മുഖം ഉയർത്തി. ആ ചോദ്യം അവളിൽഎന്തുകൊണ്ടാണ് എന്നറിയില്ല ഒരു വല്ലാത്തൊരു നടുക്കമാണ് ഉണ്ടാക്കിയത്. മനസ്സിൽ മുളപൊട്ടുന്ന അസുഖകരമായ വിശദീകരണങ്ങൾക്കു ചങ്ങലയിട്ടുകൊണ്ടു, വേഗം ഭക്ഷണം കഴിക്കുന്നത് നിർത്തി, പണം കൊടുത്തതിനു ശേഷം അവർ ഓഫീസിലേക്ക് മടങ്ങി.
അന്ന് വീട്ടിലെത്തിയിട്ടും, മാഗിയുടെ ചോദ്യം ലിസയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
'എന്താണ്, എന്താണ് എനിക്ക്?' അവൾ അവളോട് തന്നെ ചോദിച്ചു.
ശരിയാണ്, മൈക് ഒരു നല്ല സുഹൃത്തായിരുന്നു. എന്തും പറയാനും ചോദിക്കാനും ഉള്ള ആത്മാർത്ഥ സുഹൃത്ത്. ‘മൈ ബെസ്റ്റി’, അവൾ അവളോട് തന്നെ പറഞ്ഞു.
എത്രയോ പ്രാവശ്യം അയാളുടെ അഭാവം തന്നെ വിഷമിപ്പിച്ചിരിക്കുന്നു. ജോലികാര്യങ്ങളിൽ മാത്രമല്ലാ, ജീവിതത്തിൻറെ എല്ലാ തുറയിലും ആ അസാന്നിധ്യം തുറന്നിരിക്കുന്ന ഒരു മുറിവ് പോലെ അവളെ അസ്വസ്‌ഥയാക്കി. ചിലപ്പോഴൊക്കെ അയാളുടെ നനുത്ത ചിരിയുടെ ഓർമയിൽ അവൾ പുഞ്ചിരിച്ചു. അയാൾ സ്‌ഥിരമായി പറയാറുണ്ടായിരുന്ന തമാശകൾ ഓർത്തു പൊട്ടിച്ചിരിച്ചു. പിന്നെ, അയാൾ അടുത്തില്ലല്ലോ എന്നോർത്ത് കണ്ണുകൾ നനഞ്ഞു.
അയാൾ തനിക്ക് ആരായിരുന്നു? അവൾ തന്നോടുതന്നെ ചോദിച്ചു.
ഒരു സുഹൃത്ത് മാത്രമായിരുന്നോ അയാൾ ? അതോ അതിലുപരി എന്തെങ്കിലും ഒക്കെ ആയിരുന്നോ? എറിക് എന്ന ബന്ധനത്തിൽ കുടുങ്ങി കിടന്ന നാളുകളിൽ അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന, സദാചാരത്തിൻറ വേലിക്കെട്ടുകൾ പൊട്ടിക്കാൻ വിസമ്മതിച്ച മനസ്സിൻറെ കപട നിലപാടായിരുന്നുവോ അയാളെ 'ബെസ്റ്റി ' എന്ന് ഓമനപ്പേരിട്ട് വിളിക്കാൻ പ്രേരിപ്പിച്ചിരുന്നത്? ആരുമറിയാതെ, താൻ പോലും സ്വയം അംഗീകരിക്കാതെ, ഉള്ളിൽ അടക്കി വെച്ചിരുന്നതെന്തൊക്കെയോ കെട്ട് പൊട്ടിച്ചു പുറത്തേക്കു തുള്ളിത്തെറിക്കുന്നതുപോലെ ...
‘എത്ര നാൾ നീ നിന്നെ തന്നെ കബളിപ്പിക്കും?’ ആരോ അവളുടെ ഉള്ളിൽ ഇരുന്നു അവളോട് തന്നെ ചോദിച്ചു.
ഡെബിയുടെ ക്രുദ്ധമായ ചോദ്യം അവളുടെ ഉള്ളിൽ മുഴങ്ങി : 'യു ഡോണ്ട് നോ?'
എറിക്കിൻറെ ദേക്ഷ്യവും, അവജ്ഞ നിറഞ്ഞ വാക്കുകളും : 'ബെസ്ററ് ഫ്രണ്ട് പോലും...'
ഒപ്പം, മാഗിയുടെ,'യു മിസ് ഹിം' എന്ന പ്രഖ്യാപനവും.
ഒരു തേങ്ങൽ ചുണ്ടോളമെത്തി. ആ രാത്രി ലിസയ്ക്കു ഉറങ്ങാൻ കഴിഞ്ഞില്ല.
രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോഴും ആ അസ്വസ്‌ഥത അവളെ വിട്ടു മാറിയിരുന്നില്ല.
യാന്ത്രികം എന്ന വണ്ണം കാറിൽ കയറി സ്റ്റാർട്ട് ചെയ്തു. എതിലെയൊക്കെയോ ഓടി ആ കാർ ചെന്ന് നിന്നത് ലിസയുടെ വളരെ അടുത്ത ഒരു സുഹൃത്തിൻറെ ട്രാവൽ ഏജൻസിയുടെ മുന്പിലായിരുന്നു.
ലിസയെ കണ്ടപ്പോൾ അയാൾ ഇറങ്ങി വന്നു.
'വരൂ'. മുഖവുര കൂടാതെ അയാൾ പറഞ്ഞു. ' നിന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഒരു യാത്ര ... യു നീഡ് ദാറ്റ് .'
പല പല ടുറിസ്റ് കേന്ദ്രങ്ങളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷറുകൾ സൂക്ഷിച്ചിരുന്ന ഡിസ്പ്ലേ ബോക്സിൽ നിന്നും ഒരു ബ്രോഷർ തിരഞ്ഞെടുത്ത് അയാൾ അവളുടെ നേരെ നീട്ടി.
'കുറച്ചു നാളായി ഈ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു.' അയാൾ പറഞ്ഞു.
അയാളുടെ കയ്യിൽ നിന്നും ആ ബ്രോഷർ വാങ്ങിയ ലിസ അത്ഭുതപ്പെട്ടുപോയി.
'കൊളറാഡോ സ്പ്രിങ്സ് ...’
ഒരു മഞ്ഞു കണത്തിൻറെ കുളിർമ ആ പേരിനൊപ്പം നെഞ്ചിലേക്ക് കിനിഞ്ഞിറങ്ങി. കാലങ്ങളായി തിരഞ്ഞു നടന്ന എന്തിനെയോ കണ്ടെത്തിയ സന്തോഷം.
നീണ്ട, വളരെ നീണ്ട യാത്രക്ക് ശേഷം വീടണയുമ്പോൾ ഉണ്ടാകുന്ന ആശ്വാസം പോലെ ഒന്ന് ഉള്ളിൽ നിറയുന്നത് അവൾ അറിഞ്ഞു. ആശ്വാസത്തിൻറെ ദീർഘനിശ്വാസം അവളിൽ നിന്ന് ഉയർന്നു
ലിസ മുഖം ഉയർത്തി. ഉറപ്പിച്ച സ്വരത്തിൽ പറഞ്ഞു.
' അതെ . എനിക്ക് അവിടേക്കാണ് പോകേണ്ടത് . കൊളറാഡോ സ്പ്രിങ്സ്...
'അവിടേക്ക് ഒരു വൺ വേ ടിക്കറ്റ് ബുക് ചെയ്തോളൂ ...'