പതിനാറ്
ശോഭ മോഹാലസ്യപ്പെട്ടു വീഴുന്നതു കണ്ടപ്പോള്‍ ഗോപാലകൃഷ്ണന്‍ തകര്‍ന്നുപോയി.
''മോളേ ശോഭേ'' എന്നു വിളിച്ചുകൊണ്ട് അവന്‍ അവളെ താങ്ങിപ്പിടിച്ചു.
ഒരു വാടിയ ചേനത്തണ്ടുപോലെ അവള്‍ അവന്റെ മടിയില്‍ തളര്‍ന്നു കിടന്നു.
അവളെ കട്ടിലിലേക്കു കിടത്തിയിട്ട് ഗോപാലകൃഷ്ണന്‍ ഓടിപ്പോയി വെള്ളവുമായി എത്തി. അതു മുഖത്തേയ്ക്കു തളിച്ചപ്പോള്‍ ശോഭ ഞെട്ടി കണ്ണു തുറന്നു.
''ചേട്ടാ...'' അവള്‍ ദൈന്യതയോടെ വിളിച്ചു.
''മോളേ ശോഭേ, നീ വിഷമിക്കരുത്... അവന്‍ പോകട്ടെ. അവനെക്കാള്‍ നല്ല ഒരു ഭര്‍ത്താവിനെ നിനക്കു കിട്ടും.''
''സാരമില്ല ചേട്ടാ, ഞാന്‍ സഹിച്ചുകൊള്ളാം.''
അയാള്‍ അവളുടെ മുഖത്തെ കണ്ണീര്‍ തുടച്ചു.
അപ്പോഴും അവളുടെ മനസ്സിന്റെ ദുഃഖം അവന് ആ മുഖത്തുനിന്നും വായിച്ചറിയുവാന്‍ കഴിയുമായിരുന്നു.
പുറത്ത് ഇപ്പോഴും ഇടിമിന്നലും മേഘഗര്‍ജ്ജനവും പെരുമഴയും.
അത് ശോഭയെ ആശങ്കാകുലയാക്കി
''ഈ പെരുമഴയത്ത് മധുവേട്ടന്‍...''
''മോളെ, നീ ആ വിഷയം വിട്. അവനെക്കാള്‍ മിടുക്കനായ ഒരു ചെറുപ്പക്കാരനെ ഞാന്‍ നിനക്കു ഭര്‍ത്താവായി കണ്ടെത്തും.''
''ചേട്ടാ ഒരു കാര്യം പറഞ്ഞാല്‍ വിഷമിക്കരുത്...''
''എന്താണ്?''
''എനിക്കു തോന്നുന്നു എനിക്ക് കാര്യമായ എന്തോ അസുഖമുണ്ടെന്ന്!''
പുറത്ത് ഒരു വലിയ ഇടിവെട്ടി.
എവിടെയോ ഒരു വന്‍മരം പിഴുതുവീണു.
''എന്താണു ശോഭേ നീ അങ്ങനെ പറഞ്ഞത്?'' ഗോപാലകൃഷ്ണന്‍ ഉല്‍ക്കണ്ഠയോടെ തിരക്കി.
''ഡോക്ടര്‍ മധുവേട്ടനോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവണം. അല്ലെങ്കില്‍ അങ്ങേര്‍ ഇങ്ങനെയൊന്നും പറയില്ല.''
ഗോപാലകൃഷ്ണന്റെ നെഞ്ചില്‍ ഒരു ഇടിവെട്ടി.
ശോഭയുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായ വേളയില്‍ അവളെ മധു തനിച്ചാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അപ്പോള്‍ അവളുടെ അസുഖത്തെക്കുറിച്ച് ഡോക്ടര്‍ എന്തെങ്കിലും രഹസ്യമായി മധുവിനോടു പറഞ്ഞിട്ടുണ്ടാവുമോ?
''ആ ആശുപത്രിക്കു പോക്കിനുശേഷം മധുവേട്ടന്‍ എന്നും മ്ലാനവദനനായിരുന്നു...'' ശോഭ തുടര്‍ന്നു.
അതു സത്യമാണെന്ന് ഗോപാലകൃഷ്ണനും തോന്നി. അന്നത്തെ ശോഭയുടെ ആ ആശുപത്രിവാസത്തിനു ശേഷം ചിരിച്ച മുഖത്തോടെ മധുവിനെ താന്‍ കണ്ടിട്ടില്ല.
ചിന്തിക്കുമ്പോള്‍ അവനു പേടിയാകുന്നു. ശോഭയുടെ അസുഖത്തെക്കുറിച്ച് അരുതാത്തതെന്തെങ്കിലും ഡോക്ടര്‍ അവനോടു പറഞ്ഞിട്ടുണ്ടാകുമോ?
ഗോപാലകൃഷ്ണന്റെ നെഞ്ചിടിപ്പു വര്‍ദ്ധിച്ചു.
''മോളേ, നീ പറഞ്ഞതു സത്യമാണ്. കാര്യങ്ങള്‍ വിശദമായി അറിയാതെ മധുവിനെ അടിച്ചിറക്കി വിട്ടത് ശരിയായില്ലെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.''
''ഈ പെരുമഴയത്ത്... എങ്ങോട്ടു പോയിട്ടുണ്ടാകുമോ ആവോ!''
''ഈ പാതിരാത്രിക്ക് ദൂരത്തെങ്ങും പോകാന്‍ സാധ്യതയില്ല. ടൗണ്‍ വരെ ഞാനൊന്നു തിരക്കിപോയിട്ടു വരാം.''
അര്‍ദ്ധരാത്രി നേരം. തോരാതെ പെയ്യുന്ന മഴ.
ഒരു കുടയും ടോര്‍ച്ചും എടുത്തു കൊണ്ട് ഗോപാലകൃഷ്ണന്‍ അപ്പോള്‍ത്തന്നെ അടിച്ചിറക്കി വിട്ട സുഹൃത്തിനെ തേടി ഇറങ്ങി.
ആശങ്കയോടെയും മിടിക്കുന്ന ഹൃദയത്തോടെയും ശോഭ അതു നോക്കി നിന്നു.
''കതകടച്ചിട്ട് കിടന്നോളൂ.'' മുറ്റത്തേക്കിറങ്ങിയിട്ട് അവന്‍ പറഞ്ഞു.
അവന്‍ പോയതും ശോഭ കതകടച്ചു. പക്ഷെ അവളുടെ മനസ്സ് ഒരു മഹാസമുദ്രം പോലെ പ്രക്ഷുബ്ദമായിരുന്നു.
പിന്നെ ഏറെ നേരത്തിനുശേഷം ഗോപാലകൃഷ്ണന്‍ കതകില്‍ വന്നു മുട്ടുമ്പോഴാണ് അവള്‍ ആകാംക്ഷയോടെ ചാടിയെഴുന്നേറ്റത്.
സഹോദരന്റെ വിളിയൊച്ച കേട്ടതും അവള്‍ പെട്ടെന്നു തന്നെ കതകു തുറന്നു.
ഏകനായി, നിരാശനായി ഗോപാലകൃഷ്ണന്‍!
''ടൗണില്‍ മുഴുവന്‍ തിരക്കി-കണ്ടില്ല.'' അവന്‍ കുറ്റബോധത്തോടെ പറഞ്ഞു.
മനസ്സില്‍ അലയടിച്ചു വന്ന ദുഃഖത്തിരമാലകളെ അവള്‍ അമര്‍ത്തി.
''സാരമില്ല; ചേട്ടന്‍ വിഷമിക്കണ്ട.'' അവള്‍ പറഞ്ഞു.
''എനിക്കു വിഷമമുണ്ട്. അടിച്ചിറക്കി വിടുന്നതിനുമുമ്പ് മധുവിനോട് ഒരു വിശദീകരണം തേടേണ്ടതായിരുന്നു.'' ഗോപാലകൃഷ്ണന്‍ പറഞ്ഞു.
''സാരമില്ല ചേട്ടാ. രാവിലെ ഏഴുമണിക്കല്ലേ ബസ് സര്‍വ്വീസ് ആരംഭിക്കൂ. അതുവരെ ഒരിടത്തും പോവില്ല. രാവിലെ ഒന്നുകൂടി അന്വേഷിക്കാം.'' അവള്‍ സമാധാനിപ്പിച്ചു.
അവര്‍ ഉറങ്ങാന്‍ കിടന്നു.
എങ്കിലും നിദ്ര രണ്ടാളിന്റെയും കണ്ണുകളെ തലോടാന്‍ വൈകി.
അതിരാവിലെ തന്നെ ഗോപാലകൃഷ്ണന്‍ എഴുന്നേറ്റു. രാവിലെ ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിനു മുമ്പ് ടൗണിലെത്തി മധുവിനെ ഒന്നുകൂടി തിരയണം.
അവന്‍ കതകുതുറന്നു പുറത്തു കടന്നു-
പെട്ടെന്നാണ് ആ കാഴ്ച കണ്ടത്-
വരാന്തയില്‍ തണുത്തു വിറുങ്ങലിച്ച് മൂടിപ്പുതച്ച് ഒരാള്‍ ഇരിക്കുന്നു!
''മധൂ...'' ഗോപാലകൃഷ്ണന്‍ ഓടിച്ചെന്ന് അവനെ കെട്ടിപ്പുണര്‍ന്നു: ''രാത്രിയില്‍ത്തന്നെ എനിക്കു തിരിച്ചറിവുണ്ടായി. കുറ്റബോധം തോന്നി. നിന്നെ തിരഞ്ഞിറങ്ങി. പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ ഒരിക്കല്‍ക്കൂടി നിന്നെ തിരഞ്ഞിറങ്ങുകയായിരുന്നു ഞാന്‍.''
''എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഈ വയനാടന്‍ താഴ്‌വാരത്തോടു യാത്ര പറയേണ്ടവനാണ്. എങ്കിലും ഇപ്പോള്‍ ശോഭയേയും നിന്നെയും വിട്ട് അകലാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല...'' മധു പറഞ്ഞു.
''മധൂ, ശോഭ ഉറക്കമാണ്. അവള്‍ കേള്‍ക്കില്ല. അവളുടെ അസുഖത്തെക്കുറിച്ച് ഡോക്ടര്‍ നിന്നോട് എന്താണു പറഞ്ഞത്? എന്നോടു സത്യം പറയൂ...''
''അതു നിന്നോടു തുറന്നു പറയാതിരുന്ന ഞാനെത്ര മഠയന്‍. അതു നിന്നോടു പറയുവാനുള്ള ധൈര്യം എനിക്കില്ലായിരുന്നു എന്നതാണ് സത്യം.''
''മധൂ എന്താണ് എന്റെ ശോഭയ്ക്ക് അസുഖം. പറയൂ.''
''അര്‍ബുദം. ആ രോഗം അതിന്റെ പരമകാഷ്ഠയില്‍ എത്തിയിരിക്കുന്നു. അവളുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.'' മധു തേങ്ങി.
ഗോപാലകൃഷ്ണനും കരഞ്ഞുപോയി.
''ദൈവമേ, എന്നോടു നീ എന്തിനീ ചതി ചെയ്തു!''
''നീ എന്നെ തല്ലിയിറക്കി വിട്ടാലും അവള്‍ ജീവിച്ചിരിക്കുവോളം കാലം ഞാന്‍ ഈ വയനാടന്‍ താഴ്‌വാരത്തില്‍ ഉണ്ടാവും.''
''മധൂ നീ എന്നോടു ക്ഷമിക്കെടാ. നമുക്കു ശോഭയെ ഈ വിവരം അറിയിക്കണ്ട. ജീവിച്ചിരിക്കുവോളം കാലം അവളെ സന്തോഷത്തോടു കൂടി ജീവിക്കാന്‍ അനുവദിക്കണം.''
മുഖത്തെ കണ്ണീരൊക്കെ കഴുകിക്കളഞ്ഞ് പരമാവധി സന്തോഷം ഭാവിച്ചായിരുന്നു ഗോപാലകൃഷ്ണന്‍ ശോഭയെ ചെന്ന് വിളിച്ചുണര്‍ത്തിയത്.
''ശോഭേ നിനക്കിതാ ഒരു സന്തോഷവാര്‍ത്ത. നമ്മുടെ മധു തിരിച്ചെത്തിയിരിക്കുന്നു!''
''എനിക്കറിയാമായിരുന്നു മധുവേട്ടന്‍ ഈ നാടുവിട്ട് എങ്ങും പോകില്ലെന്ന്.'' അവള്‍ പ്രസന്നവതിയായി പറഞ്ഞു:
''രാത്രിയില്‍ മഴ മുഴുവന്‍ നനഞ്ഞ് പനി പിടിച്ചു കാണും. ചുക്കും കുരുമുളകുമൊക്കെയിട്ട് ഞാനൊരു ചൂടുകാപ്പി റെഡിയാക്കിത്തരാം.''
അവള്‍ ആഹ്ലാദവതിയായി അവനെ അഭിവാദ്യം ചെയ്തിട്ട് അടുക്കളയിലേക്കു പോയി.
മധുവും ഗോപാലകൃഷ്ണനും തമ്മില്‍ത്തമ്മില്‍ നോക്കി. അവരുടെ കണ്ണുകള്‍ നിറഞ്ഞു.
കാപ്പി കുടി കഴിഞ്ഞ് അവര്‍ പതിവുപോലെ പുരയിടത്തിലേക്കിറങ്ങി.
എന്നാല്‍ ജോലി ചെയ്യാന്‍ രണ്ടാള്‍ക്കും പതിവുപോലെ ഉത്സാഹമില്ല.
ഒരു പാറക്കെട്ടിലിരുന്നു ഗോപാലകൃഷ്ണന്‍ വിമ്മി വിമ്മിക്കരഞ്ഞു.
''എന്റെ അനുജത്തി... അവള്‍ പോകും... ജീവിതത്തില്‍ ഞാന്‍ ഒറ്റപ്പെടും...''
''സമാധാനമായിരിക്കൂ ഗോപാലകൃഷ്ണാ. നിന്നെപോലെ തന്നെ എന്റെ മനസ്സിലും തീ ഉണ്ട്. എങ്കിലും നാമത് പുറത്തു കാണിക്കരുത്. ഇനിയുള്ള എണ്ണപ്പെട്ട ദിവസങ്ങളെങ്കിലും ശോഭ സന്തോഷവതിയായി കഴിയാന്‍ അവസരം ഉണ്ടാക്കുകയാണു വേണ്ടത്.''
''മധു പറഞ്ഞതു സത്യമാണ്; ഇനിയുള്ള നാളുകളെങ്കിലും സന്തോഷവതിയായി ജീവിക്കാന്‍ അവളെ അനുവദിക്കണം. അവളുടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹങ്ങളുണ്ടെങ്കില്‍ അതൊക്കെ സാധിച്ചു കൊടുക്കണം.''
അന്ന് സായാഹ്നത്തില്‍ അവര്‍ ടൗണില്‍ പോയി ശോഭയ്ക്ക് കൈ നിറയെ അണിയുവാനുള്ള കുപ്പിവളകള്‍ വാങ്ങി; മുത്തുമാലകള്‍ വാങ്ങി; കേക്കും ഹല്‍വയും ഏത്തയ്ക്കാപ്പവും വാങ്ങി.
അതെല്ലാം കൂടി കണ്ടപ്പോള്‍ ശോഭയ്ക്കു ചിരി വന്നു.
''ഇതെന്താ! രണ്ടാളും കൂടിയുള്ള പിണക്കം തീര്‍ന്നതിന്റെ ആഘോഷമാണോ!''
''എന്നൊന്നുമില്ല, കല്യാണം നീട്ടിവച്ചതിന്റെ പേരില്‍ നിനക്കൊരു മോഹഭംഗമുണ്ടല്ലോ. അതു തീര്‍ക്കാന്‍ വാങ്ങിയതാണെന്നു കരുതിയാല്‍ മതി.'' ഗോപാലകൃഷ്ണന്‍ പറഞ്ഞു.
''എനിക്കങ്ങനെ മോഹഭംഗമൊന്നുമില്ല ചേട്ടാ.''
''എങ്കിലും പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ ചിലതൊക്കെ സമയമുള്ളതു കൊണ്ട് നേരത്തെ തന്നെ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിലൊന്നാണ് കൊടൈക്കനാല്‍ ടൂര്‍.''
''എന്ത്! കൊടൈക്കനാലിന് ടൂറു പോകുന്നോ!'' അവള്‍ അടക്കാനാവാത്ത ആഹ്ലാദത്തോടെ ചോദിച്ചു.
മധുവും ഗോപാലകൃഷ്ണനും ഒന്നിച്ചു തലയാട്ടി.
''അതായത് കല്യാണം കഴിഞ്ഞാല്‍ നമ്മള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍-നമ്മുടെ ഹണിമൂണ്‍-അപ്പോള്‍ ഈ ഗോപാലകൃഷ്ണന്‍ ആ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകും. അതേസമയം നേരത്തെ ഒരു ടൂര്‍ പ്ലാന്‍ ചെയ്താല്‍ ഈ ഗോപാലകൃഷ്ണനെയും നമുക്ക് ഒപ്പം കൂട്ടാം. നമുക്ക് മൂന്നാള്‍ക്കും ഒരുമിച്ച് ഉല്ലസിക്കാം.'' മധു വിശദീകരിച്ചു.
''എന്തായാലും കൊടൈക്കനാല്‍ യാത്ര എന്റെ സ്‌കൂളില്‍ പഠിച്ച കാലം മുതലുള്ള ഒരു മോഹമാണ്. അതു എത്രയും പെട്ടെന്ന് നമുക്കാവാം-'' അവള്‍ ആവേശഭരിതയായി.
വെല്‍ക്കം ടു കൊടൈക്കനാല്‍-
ആ ബോര്‍ഡു കണ്ടപ്പോഴെ ശോഭ ആഹ്ലാദം അടക്കാനാവാതെ കൈ കൊട്ടി.
''നോക്കൂ എന്തൊരു പ്രകൃതിഭംഗി. നേരത്തെ ഇതു ഞാന്‍ സിനിമയില്‍ മാത്രമെ കണ്ടിട്ടുള്ളൂ.''
വാടകക്കാറില്‍ അവളോടൊപ്പമിരുന്ന മധുവും ഗോപാലകൃഷ്ണനും ആ ആഹ്ലാദത്തില്‍ പങ്കുചേരുന്നതായി അഭിനയിച്ചു.
മരം കോച്ചുന്ന തണുപ്പ്.
അവര്‍ ഒരു ഹോട്ടലില്‍ റൂമെടുത്ത് കുളിച്ചു ഫ്രഷായി.
പിന്നീട് അവര്‍ കൊടൈക്കനാലിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി സന്ദര്‍ശിച്ചു.
ശോഭ ഒത്തിരി ആഹ്ലാദവതിയായിരുന്നു.
ഓരോ പുതിയ സ്ഥലം കാണുമ്പോഴും അതു താന്‍ ഓരോരോ സിനിമയില്‍ കണ്ടിട്ടുള്ള കാര്യം അവള്‍ അനുസ്മരിക്കുമായിരുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ സന്തോഷം പ്രകടിപ്പിക്കുമായിരുന്നു.
ഒടുവില്‍ കൊടൈക്കനാലിലൂടെയുള്ള ബോട്ടിംഗ്.
അവളുടെ ഇടവും വലവും മധുവും ഗോപാലകൃഷ്ണനും.
ബോട്ടുയാത്രയുടെ ആഹ്ലാദത്തില്‍ അവള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടുകയായിരുന്നു.
പെട്ടെന്നാണ് ശോഭ പറഞ്ഞത്:
''എനിക്കു മേല ഗോപാലേട്ടാ. ദേഹം തളരുന്നതുപോലെ.''
അടുത്ത ക്ഷണത്തില്‍ അവള്‍ ആ സ്പീഡ് ബോട്ടിനുള്ളിലേക്ക് മോഹാലസ്യപ്പെട്ടു വീണു.
(തുടരും........)
Read More: https://www.emalayalee.com/writers/304