പതിവു പോലെ രാവിലെ കട തുറക്കാൻ എത്തുമ്പോൾ അയാൾ അത് ശ്രദ്ധിച്ചില്ല. എന്നത്തെയും പോലെ അന്നും യാന്ത്രികമായി കട തുറന്നു. കടയുടെ ഓരം ചേർന്നു നിൽക്കുന്ന ചെറുപ്പക്കാരിയെയും കുഞ്ഞിനെയും എന്തു കൊണ്ടാണ് അയാൾ കാണാതെ പോയതെന്നറിയില്ല.. അവളാകട്ടെ എത്ര നേരമായി അയാളെ കാത്ത് നിന്നെന്നതു പോലെ അസ്വസ്ഥയുമായിരുന്നു. കടയുടെ അടുത്ത് ഒരാൾ നിൽക്കുമ്പോൾ ആരും ഒന്നു നോക്കേണ്ടതാണ്,അതും ഒരു പെൺകുട്ടിയും കുഞ്ഞും.
റോഡിൽ നിന്നും അധികം ദൂരെയല്ലായിരുന്നു അയാളുടെ കട. കല്യാണ--അടിയന്തിര ആവശ്യങ്ങൾക്ക് കസേരകളും പാത്രങ്ങളുമൊക്കെ വാടകയ്ക്ക് കൊടുക്കുന്ന ഒരു ഇടത്തരം കട..അത്ര തിരക്കൊന്നും ഉണ്ടാകാറില്ല.പ്രധാനമായും കല്യാണ സീസണുകളിലാണ് തിരക്ക്. അതിനായി രണ്ടു സഹായികളെയും അയാൾ നിർത്തിയിട്ടുണ്ട്.കല്യാണത്തിന് ഇപ്പോൾ എല്ലാവർക്കും ഓഡിറ്റോറിയം മതിയല്ലോ,അതിനാൽ ഇപ്പോൾ ആ തിരക്കും കുറഞ്ഞ് വരികയാണ്...
അന്നാകട്ടെ തിരക്കുമുള്ള ദിവസവുമായിരുന്നില്ല. അതു കൊണ്ട് തന്നെ വലിയ ടെൻഷനൊന്നുമുണ്ടായില്ല. കട തുറന്ന് കഴിഞ്ഞ് കസേര നീക്കിയിട്ട് പത്രം നിവർത്തുമ്പോഴേക്കും അയാൾ വിചാരിച്ചു,ഇനിയാണ് ടെൻഷൻ.അത്രയും സംഘർഷം നിറഞ്ഞ വാർത്തകളാണല്ലോ പത്രത്തിൽ എന്നുമുള്ളത്.
പത്രത്തിലൂടെ കടന്നു പോകുന്നതിന്റെ ഇടവേളയിലാണ് അയാൾ തലയുയർത്തി നോക്കുന്നതും അവളെ കാണുന്നതും. പത്രത്തിനും അവൾക്കുമിടയിൽ ഒരു നിമിഷം അയാളുടെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു, ഇത്രയും നേരം ഇവൾ ഇവിടെ നിൽക്കുകയായിരുന്നോ? ഒട്ടൊരത്ഭുതത്തോടെ ,തെല്ലു കൗതുകത്തോടെ കടയുടെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരിയെ അയാൾ നോക്കി.എന്തിനായിരിക്കണം അവൾ ഇവിടെ നിൽക്കുന്നത്?
പൊതുവെ സ്ത്രീകൾ കയറാറുള്ള സ്വർണ്ണക്കടയോ തുണിക്കടയോ ഫാൻസി സ്റ്റോറോ ബ്യൂട്ടിപാർലറോ ഒന്നുമല്ല തന്റെ കട, തികച്ചും നിരുപദ്രവകരമായ വെറുമൊരു വാടകക്കട. സ്ത്രീകൾ അങ്ങനെ വാടക സാധനങ്ങൾ വാങ്ങാൻ വരാറുമില്ല..പിന്നെ എന്തിനായിരിക്കണം അവൾ വന്നത്..അധികം വൈകാതെ അയാളുടെ സംശയങ്ങൾക്ക് വിരാമമിട്ട് കൊണ്ട് അവൾ കടയിലേക്ക് കയറി വന്നു. അവളുടെ കയ്യിലിരുന്ന കുഞ്ഞ് അസ്വസ്ഥതയോടെ കരഞ്ഞു..
‘’ചേട്ടാ , ഒരു നൂറ് രൂപ എനിക്ക് തരുമോ?’’ തികച്ചും അപ്രതീക്ഷിതമായ അവളുടെ ചോദ്യം കേട്ട് അയാൾ അമ്പരന്നു..അയാൾ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി..അലസമെങ്കിലും, മാന്യമായ വേഷം, ഒരു ബാഗ് തോളിലുണ്ട്..കണ്ടിട്ട് തട്ടിപ്പുകാരിയാണെന്ന് തോന്നുന്നില്ല. സൗന്ദര്യം നിറഞ്ഞ അവളുടെ മുഖത്ത് ദു;ഖത്തിന്റെ ഏതോ കനലുകൾ നിറഞ്ഞു കിടക്കുന്നതു പോലെ തോന്നി..
‘’ രാവിലെ വന്ന് പൈസ ചോദിച്ചാൽ എങ്ങനെയാ..’’ അയാൾ പോക്കറ്റിൽ കയ്യിട്ട് അതു പോലെ തന്നെ തിരികെ എടുത്തിട്ട് ചോദിച്ചു..’’ഇപ്പോൾ എല്ലാം ഗൂഗിൾ പേയുടെ കാലമല്ലേ, ആരാ കയ്യിൽ കാശ് കൊണ്ട് നടക്കുന്നത്..എന്തിനാ കാശിന് ഇത്ര ആവശ്യം..’’
‘’ചായ കുടിക്കാനാണ്..’’ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
‘’ നേരെ കാണുന്ന ആ കടയിൽ കയറി കഴിച്ചോ, ഞാൻ വിളിച്ചു പറഞ്ഞോളാം..’’
എതിരെ കാണുന്ന ഹോട്ടലിലേക്ക് അയാൾ കൈ ചൂണ്ടി..അവൾ കൈക്കുഞ്ഞിനെയുമെടുത്ത് അങ്ങോട്ട് നടന്നു..കടയിലേക്ക് ആരോ വന്നതിനാൽ അൽപ്പം കഴിഞ്ഞാണ് അയാൾ അങ്ങോട്ട് ചെന്നത്..
‘’മഹേഷേ, ഇപ്പോൾ ഒരു അമ്മയും കുഞ്ഞും കൂടി ചായ കുടിക്കാൻ വന്നില്ലേ, അതിന്റെ കാശ് എത്രയായി?’’
അയാൾ ചോദിച്ചു..
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അയാൾ പറഞ്ഞു..’’ അതിന്റെ കാശ് ചേട്ടൻ തരേണ്ട..’’
ആകാംക്ഷയോടെ അയാൾ നോക്കിയപ്പോൾ മഹേഷ് പറഞ്ഞു.
‘’ചേട്ടൻ എന്റെ കൂടെ വാ,’’
ഏറ്റവും പുറകിലെ സീറ്റിൽ ചെന്നിട്ട് അവൻ മേശപ്പുറത്തേക്ക് ചൂണ്ടി..
‘’ഇത് അവർ ഓർഡർ ചെയ്തതാണ്,..’’
പ്ലെയ്റ്റിലെ പൊറോട്ടയും കറിയും അതു പോലെ തന്നെ ഇരിക്കുന്നു.. ഒരു ഗ്ളാസ്സിൽ ചായയും ഒരു ഗ്ളാസ്സിൽ പാലും പകുതി ബാക്കിയിരിക്കുന്നു.. പൊറോട്ടയിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി..
‘’ഇതെന്താ, നനഞ്ഞു കുതിർന്നിരിക്കുന്നത്.., വെള്ളം വീണതാണോ?.’’
സംശയത്തോടെ അയാൾ ചോദിച്ചു.
‘’വെള്ളമൊന്നും വീണതല്ല, അവർ കരഞ്ഞതാണ്, പൊറോട്ട എടുത്ത് ആ കുഞ്ഞിന് അൽപ്പം വായിൽ വെച്ചു കൊടുത്തു, പാലും കൊടുക്കുന്നതു കണ്ടു , പിന്നെ അവർക്ക് ഇരിക്കാൻ പറ്റിയില്ല..ഒന്നും മിണ്ടാതെ ഏങ്ങലടിച്ച് കരഞ്ഞു കൊണ്ട് എഴുന്നേറ്റു പോകുന്നതു കണ്ടു..ചോദിച്ചിട്ട് ഒന്നും പറഞ്ഞതുമില്ല ‘’
എന്തോ സംശയത്തോടെ അയാൾ പുറത്തേക്കിറങ്ങി. അവിടെ നിന്നാൽ അകലെ പാലവും കായലും കാണാം..അൽപ്പം അകലെ ആൾ കൂടി നിൽക്കുന്നത് കണ്ട് അയാൾ അങ്ങോട്ട് നടന്നു..ബഹളം വെക്കുന്ന ആളുകൾക്കിടയിലൂടെ അയാൾ എത്തി നോക്കി. ആരോ കായലിൽ ചാടിയിട്ടുണ്ടെന്ന് തോന്നുന്നു..
’’സാറേ, ഞാൻ മീൻ പിടിക്കാൻ വലയിട്ടു കൊണ്ടിരിക്കുകയായിരുന്നു, ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു അമ്മയും കുഞ്ഞും കൂടി കായലിലേക്ക് എടുത്തു ചാടുന്നത് കണ്ടു, ‘’ചാടല്ലേ ‘’ എന്ന് പറഞ്ഞ് ഞാൻ ഓടി എത്തുമ്പോഴേയ്ക്കും അവർ ചാടിക്കഴിഞ്ഞു..’’
അത് കണ്ടതിന്റെ ഞെട്ടൽ മാറാതെ വിറയ്ക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു..
ആ ഞെട്ടൽ അയാളിലേക്കും പടർന്നു.. രാവിലെ അവൾ കാശ് ചോദിച്ചു വന്നപ്പോൾ വിവരങ്ങൾ ചോദിച്ചറിഞ്ഞ് അവളെ സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..അല്ലെങ്കിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ എന്താണ് കരയുന്നത് എന്ന് ചോദിച്ചിരുന്നെങ്കിൽ..ഒരു പക്ഷേ, അവളെയും കുഞ്ഞിനെയും രക്ഷിക്കാൻ കഴിയുമായിരുന്നോ…
എല്ലാം ഒരു നിമിഷത്തെ തോന്നൽ…ദൈവം തന്ന ജീവിതം സ്വയഹത്യയിലൊടുക്കാൻ തീരുമാനിക്കുന്നത് എന്തിന്റെ പേരിലായാലും അതിനോട് അയാൾക്ക് യോജിക്കാൻ കഴിഞ്ഞില്ല,,ചിലർ ജീവൻ നില നിർത്താൻ എന്ത് മാത്രം കഷ്ടപ്പെടുന്നു..ചിലർ കിട്ടിയ ജീവിതം അവസാനിപ്പിക്കാൻ കഷ്ടപ്പെടുന്നു..ഒരിക്കലും നിർവചിക്കാൻ കഴിയാത്ത മനുഷ്യമനസ്സ് ഒരു പ്രഹേളികയായി അയാൾക്ക് തോന്നി. അല്ലെങ്കിലും ഇക്കാലത്ത് ഒരു കാരണം പോലും വേണ്ട ആൾക്കാർക്ക് ജീവിതം അവസാനിപ്പിക്കാൻ.
മനസ്സിൽ നിറഞ്ഞ വേദനയോടെ അയാൾ കായലിലേക്ക് നോക്കി..അതിനുള്ളിലെവിടെയോ താഴ്ന്നു പോയ അമ്മയുടെയും കുഞ്ഞിന്റെയും നൊമ്പരങ്ങൾ ഗദ്ഗദമായി ഉയർന്നു കേൾക്കുന്നതു പോലെ..യാന്ത്രികമായി തിരിഞ്ഞു നടക്കുമ്പോൾ അയാൾ കണ്ടു, കായൽക്കരയിൽ പാലത്തിൽ വെച്ചിരിക്കുന്ന അവളുടെ ബാഗും മൊബൈൽ ഫോണും. അനാഥമായ സ്വപ്നങ്ങൾ പോലെ അത് കിടക്കുന്നത് കണ്ടപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു, യാന്ത്രികമായി അയാൾ കടയിലേക്ക് തിരികെ നടന്നു..