സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘പരം സുന്ദരി’. തുഷാർ ജലോട്ട ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ജോണറിൽ പുറത്തിറങ്ങുന്ന സിനിമയ്ക്ക് കടുത്ത ട്രോളുകളാണ് റിലീസിന് മുൻപ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ ദിനം ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് ബുക്കിംഗ് സൂചിപ്പിക്കുന്നത്. ഇതുവരെ 12,000 ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്.
ആദ്യ ദിനം 10 കോടിയ്ക്കും മുകളിൽ സിനിമയ്ക്ക് നേടാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ പത്ത് വർഷത്തിന് ശേഷം 10 കോടിക്ക് മുകളിൽ ആദ്യ ദിന കളക്ഷൻ നേടുന്ന സിദ്ധാർഥ് മൽഹോത്ര ചിത്രമായി പരം സുന്ദരി മാറും. 2015 ൽ പുറത്തിറങ്ങിയ ബ്രദേഴ്സ് എന്ന ആക്ഷൻ ചിത്രമാണ് സിദ്ധാർത്ഥിന്റെതായി ഇതിനുമുൻപ് വമ്പൻ ഓപ്പണിങ് നേടിയത്. 15.2 കോടിയാണ് അന്ന് സിനിമ ആദ്യ ദിനം വാരികൂട്ടിയത്. ഒരു പക്കാ റൊമാന്റിക് സിനിമയാകും ‘പരം സുന്ദരി’ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം ആഗസ്റ്റ് 29 ന് തിയേറ്ററിലെത്തും.
അതേസമയം സിനിമയുടെ ട്രെയിലറിന് വലിയ ട്രോളുകളാണ് ലഭിച്ചത്. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. ട്രെയ്‌ലറിൽ ജാൻവി സ്വന്തം പേര് പറയുന്ന ഡയലോഗുകൾ വ്യക്തമല്ലെന്നും ഒരു മലയാളിയായി നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് കമന്റുകൾ .