Image

ഓണവും നബിദിനവും ഒരുമിച്ചു വരുമ്പോൾ (ഷുക്കൂർ ഉഗ്രപുരം)

Published on 01 September, 2025
ഓണവും നബിദിനവും ഒരുമിച്ചു വരുമ്പോൾ (ഷുക്കൂർ ഉഗ്രപുരം)

കേരളത്തിന്റെ ദേശീയോത്സവമായ ഓണം, ഓരോ വർഷവും കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പുതിയ പുതിയ മാനങ്ങൾ കൈവരിക്കുന്നുണ്ട്. ഒരർത്ഥത്തിൽ ഓണം കാത്തിരിപ്പിൻ്റെയും ശുഭപ്രതീക്ഷയുടേയും ഓർമ്മയെ തട്ടിയുണർത്തുന്നതോടൊപ്പം ഗതകാല പ്രതാപങ്ങളേയും ഓർമപ്പെടുത്തുന്നുമുണ്ട്. സമത്വസുന്ദരമായിരുന്ന ഒരു മഹിതമാനവ സമൂഹം ഇവിടെ നിലനിന്നിരുന്നുവെന്നും നീതിമാനായ ഒരു ഭരണാധികാരി  തൻ്റെ പ്രജകൾക്കായി ജീവിതം സമർപ്പിച്ചിരുന്നു എന്ന ഐതിഹ്യം ഒരു ആചാരാനുഷ്ടാനമായി മാറുമ്പോൾ  ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് ഓണം നൽകുന്ന ഒരു സന്ദേശമുണ്ട്. അത് തികച്ചും സാമൂഹികവും രാഷ്ട്രീയവും പൗരസംബന്ധിയുമാണ്. ഏത് ചവിട്ടി താഴ്ത്തപ്പെട്ടവനും ഒരുനാൾ ഉയിർത്തെഴുന്നേറ്റു വരുമെന്ന ഒരു സന്ദേശവും അതുൾക്കൊള്ളുന്നുണ്ട്.

ഇത്തവണ ഓണവും നബിദിനവും ഒരുമിച്ചാണ് വരുന്നത്. അതുകൊണ്ട് തന്നെ പ്രവാചക സന്ദേശവും ഉൾപ്പെടുന്നതാണ് നമ്മുടെ ഇത്തവണത്തെ ഓണം.

നീഗ്രോ അടിമായിയിരുന്ന ബിലാൽ പ്രവാചകൻ്റെ പ്രത്യയ ശാസ്ത്ര പ്രബോധനത്തിൽ ആകൃഷ്ടനായി പ്രവാചകൻ്റെ കൂടെചേരുകയും മരിക്കുന്ന കാലത്ത് അദ്ദേഹം ചരിത്ര പ്രസിദ്ധമായ ഷാമിൻ്റെ ഗവർണ്ണറുമായിരുന്നു. നിരവധി സമുന്നത ഗോത്ര വിഭാഗങ്ങളുണ്ടായിട്ടും ബിലാൽ വംശീയമായതോ ഗോത്രസംബന്ധിയായതോ ആയ യാതൊരു വിവേചനത്തിനും വിധേയമാകാതെ ഉന്നത സ്ഥാനമാനങ്ങളിൽ അവരോധിതനായി എന്നത് വലിയ സന്ദേശം നൽകുന്നുണ്ട്. ഒസ്സാൻ വിഭാഗത്തോട് ചില പ്രദേശങ്ങളിലെ മുസ്ലിംകളെങ്കിലും അവഗണനയോടെ സമീപിക്കുന്നത് പ്രവാചക സന്ദേശമനുസരിച്ച് കൊടും പാതകമാണ്.

പ്രളയവും മഹാമാരിയും പോലുള്ള പ്രതിസന്ധികളെ അതിജീവിച്ച കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഓണാഘോഷങ്ങൾ, ഈ ഉത്സവത്തിന്റെ യഥാർത്ഥ സന്ദേശത്തെ വിസ്മരിക്കാതെ എത്രത്തോളം അവ പ്രസക്തമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമ്മ പുതുക്കലിനപ്പുറം, ഓണം ഇന്ന് മാനവികതയുടെയും അതിജീവനത്തിന്റെകൂടി പ്രതീകമാണ്.

സമത്വത്തിന്റെ ഓർമ്മപ്പെടുത്തൽ

മാവേലി തമ്പുരാൻ്റെ ഭരണകാലത്തെക്കുറിച്ചുള്ള ഐതിഹ്യം, ജാതി-മത ഭേദങ്ങളില്ലാതെ എല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു സുവർണ്ണ കാലഘട്ടത്തെയാണ് ഓർമ്മിപ്പിക്കുന്നത്. 'മാനുഷരെല്ലാരുമൊന്നുപോലെ' എന്ന ആശയം, വർഗ്ഗ-വർണ്ണ-രാഷ്ട്രീയ വ്യത്യാസങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. സമൂഹത്തിൽ അസമത്വങ്ങൾ വർദ്ധിക്കുമ്പോൾ, മാവേലിയുടെ കാലത്തെ സമത്വസുന്ദരമായ ലോകം ഒരു സ്വപ്നമായി നിലകൊള്ളുന്നു. ഓണം ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്.

പ്രളയകാലത്ത് ഏറ്റവും വലിയ സാമ്പത്തിക സഹായവുമായി കേരളത്തോടൊപ്പം കട്ടക്ക് നിന്നതിൽ അറേബ്യൻ രാജ്യങ്ങൾ മുൻപന്തിയിലായിരുന്നു. കുവൈത്തിനെ പോലുള്ള രാജ്യങ്ങൾ അന്നു പറഞ്ഞത് ഞങ്ങളുടെ നാട്ടിൽ ഞങ്ങൾക്കായി സേവനം ചെയ്ത കേരളത്തിലെ സഹോദരങ്ങളെ ഞങ്ങൾ കൈവിടില്ലെന്നായിരുന്നു. ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് പ്രവാചക അധ്യാപനങ്ങൾ മനസ്സിലാക്കിയവർക്ക് ഗ്രഹിക്കാനാവും.

ഓണാഘോഷത്തിൽ പങ്കാളിയാവരുതെന്നും ഓണസദ്യ കഴിക്കരുത് എന്നുമൊക്കെ പറയുന്നത് പ്രവാചക ചര്യകളേയും മതവിശ്വാസത്തിൻ്റെ പൊരുളിനേയും വിസ്മരിക്കുന്നത് കൊണ്ടുമാത്രമാണ്. അനുവദനീയമായ ഏതു ഭക്ഷണവും കഴിക്കുന്നതിനോ സ്നേഹ സൗഹൃദത്തോടെ മുസ്ലിമേതര സഹോദരങ്ങളുടെ മതാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനോ യാതൊരു വിലക്കും പ്രവാചക പ്രത്യയശാസ്ത്രം ഏർപ്പെടുത്തുന്നില്ല എന്നു മാത്രമല്ല തൻ്റെ അയൽവാസികളോടും സമൂഹത്തോടുമുള്ള കടപ്പാട് പൂർത്തീകരിക്കണമെന്നും, അങ്ങനെയല്ലാത്ത കാഴ്ച്ചപ്പാടുകൾ ശരിയല്ല എന്നും പ്രവാചകൻ പഠിപ്പിക്കുന്നു. നജ്റാനിലെ ക്രിസ്ത്യൻ പുരോഹിതർ പ്രവാചക സന്നിധിയിൽ വന്നപ്പോൾ അവർക്ക് പ്രാർത്ഥനക്കായി പ്രവാചകൻ നൽകിയത് തിരുനബി സാഷ്ടാംഗം പ്രണമിക്കുന്ന മസ്ജിദ് തന്നെയായിരുന്നുവെന്ന് നാം വിസ്മരിക്കരുത്.

പ്രവാചകൻ്റെ ഏറ്റവും അടുത്തുള്ള അയൽവാസി ഒരു അമുസ്ലിമായിരുന്നു. പ്രവാചകൻ എത്രമേൽ സ്നേഹത്തോടെയായിരുന്നു ആ മനുഷ്യനോട് വർത്തിച്ചിരുന്നത് എന്ന് മനസ്സിലാകണമെങ്കിൽ ഒരു ചരിത്ര ശകലം വായിച്ചാൽ മതി - പ്രവാചകൻ്റെ ഈ അയൽവാസി അദ്ദേഹത്തിൻ്റെ വീട് വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ അന്നത്തെ മാർക്കെറ്റ് വിലയുടെ ഇരട്ടിയാണ് അദ്ദേഹം ആവിശ്യപ്പെട്ടത്. അതിന് അദ്ദേഹം കാരണം പറഞ്ഞത് -  ആ വീടിൻ്റെ അയൽക്കാരൻ നല്ലവനായ മുഹമ്മദ് ആണെന്നായിരുന്നു. പ്രവാചകൻ മരിക്കുന്ന സമയത്ത് തിരുനബിയുടെ പടയങ്കി ഒരു ജൂതമതക്കാരൻ്റെ കയ്യിൽ പണയത്തിലായിരുന്നു. ഇതിൽനിന്നെല്ലാം എന്ത് സന്ദേശമാണ് നാം ഉൾക്കൊള്ളേണ്ടത്. അവനവൻ ജീവിക്കുന്ന സമൂഹത്തോട് ചേർന്നാണ് നാം ജീവിക്കേണ്ടത് എന്നല്ലെ? പ്രവാചകന്റെ ജീവിത കാലത്ത് തന്നെ നബി സന്ദേശവുമായി കേരളത്തിൽ പ്രവാചക അനുചരൻമാർ എത്തിയിട്ടുണ്ട്. കോഴിക്കോട് പന്തലായനി കൊല്ലത്താണ് അവർ വന്നിറങ്ങിയത്. അവിടെ ഒരു പഴയ മസ്ജിദുണ്ട്. വിഖ്യാദമായ ആ പള്ളി ഓണക്കാലത്ത് കുരുത്തോലയും മറ്റും തൂക്കി അലങ്കരിക്കാറുണ്ടായിരുന്നു എന്ന് ഇബ്നുബത്തൂത്ത എഴുതിയ യാത്ര വിവരണത്തിലുണ്ട്.  അന്നത്തെ പ്രവാചക അനുയായികളും ലോകോത്തര പണ്ഡിതൻമാരായിരുന്ന ശാലിയാത്തിയെ പോലുള്ള പലരും ഇവിടുത്തെ സമൂഹത്തോട് ചേർന്ന് അവരോട് ഇടപഴകി ജീവിച്ച് സാഹോദര്യം നിലനിർത്തിയ പാരമ്പര്യം ഉണ്ടായിരിക്കെ യാതൊരു  പ്രവാചക പ്രത്യയ ശാസ്ത്ര പിൻബലവുമില്ലാതെ നിലവിലെ സാമൂഹിക ശാസ്ത്രമറിയാത്ത അൽപൻമാർ ഇവിടുത്തെ സാമൂഹികോദ്ഗ്രഥനം താറുമാറാക്കാൻ നിദാനമാകുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടത് സാമൂഹിക ബോധമുള്ള പണ്ഡിതൻമാരാണ്.


അതിജീവനത്തിന്റെ ആത്മവിശ്വാസം

കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ നമ്മൾ നേരിട്ട പ്രളയവും കോവിഡും പോലുള്ള ദുരന്തങ്ങൾ, ഓണാഘോഷങ്ങളുടെ രീതി മാറ്റിമറിച്ചു. വലിയ ആഘോഷങ്ങൾ ഒഴിവാക്കി, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നമ്മൾ കൈകോർത്തപ്പോൾ ഓണം യഥാർത്ഥത്തിൽ ഒരു മാനുഷിക ഉത്സവമായി മാറി. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ, പരസ്പരം താങ്ങും തണലുമായി നിന്ന മലയാളികളുടെ കൂട്ടായ്മ ഓണത്തിന്റെ ഐക്യ സന്ദേശത്തെ കൂടുതൽ ആഴത്തിലാക്കി. ദുരന്തങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ഒരു സമൂഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി ഓണം മാറി.


പ്രകൃതിയുമായുള്ള ബന്ധം


ഓണം എന്നത് കാർഷികോത്സവം കൂടിയാണ്. പൂക്കളമിടുന്നതും, വിളവെടുപ്പ് നടത്തുന്നതുമെല്ലാം പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. എന്നാൽ ആധുനിക ജീവിതശൈലിയിൽ പ്രകൃതിയിൽ നിന്നും നമ്മൾ അകന്നുകൊണ്ടിരിക്കുന്നു. നാമൊക്കെ മണ്ണിൽ ദേഹം തൊട്ട കാലമേ മറന്നവരാണ്. ചെരിപ്പ് ധരിക്കാതെ ദിവസവും അൽപ സമയം മനുഷ്യൻ മണ്ണിൽ ചവിട്ടിനടക്കണമെന്ന് പ്രവാചകൻ പറയുന്നു. ഇങ്ങിനെ മനുഷ്യന് നടക്കാനെങ്കിലും കഴിഞ്ഞാൽ അത്തരം മനുഷ്യരുടെ ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതി കാണാൻ കഴിയും. കാലാവസ്ഥാ വ്യതിയാനങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ഗുരുതരമാകുന്ന ഈ സാഹചര്യത്തിൽ, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓണം നമ്മെ ഓർമ്മിപ്പിക്കുന്നു.

സമ്പത്തിന്റെയും സമൃദ്ധിയുടെയും ബാഹ്യപ്രകടനങ്ങൾക്കപ്പുറം, ഓണം ഇന്ന് സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കരുതലിന്റെയും പ്രതീകമാണ്. അത് അങ്ങിനെത്തന്നെ നിലനിർത്തുകയും വേണം. ഓരോ ഓണക്കാലത്തും നമ്മൾ പാടുന്നത് ഐക്യത്തിന്റെയും സമത്വത്തിന്റെയും ഗീതങ്ങളാണ്. മാവേലിയെ വരവേൽക്കാൻ പൂക്കളമൊരുക്കുമ്പോൾ, നമ്മൾ യഥാർത്ഥത്തിൽ പ്രതീക്ഷിക്കുന്നത് മാനവികതയുടെയും തുല്യതയുടെയും മനോഹരമായ ഒരു ലോകത്തെയാണ്. ഈ ഓണം നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാനുള്ള ശക്തിയും പ്രചോദനവും നൽകട്ടെ.

ഒരു മുസ്ലിം അധ്യാപികയുടെ ഒറ്റപ്പെട്ട ഓണാഘോഷ വിമർശനത്തെ പരിധിയിലധികം സാത്താനിക വൽക്കരണത്തിനുപയോഗിച്ച് ഒരു സമുദായത്തെ ഒറ്റപ്പെടുത്തുന്ന സമീപനം ആധുനിക സമൂഹത്തിന് ചേർന്നതല്ല എന്ന് ഇടതു സംഘടക്കാരുൾപ്പെടെ മനസ്സിലാക്കേണ്ടതുണ്ട്.

നിൻ്റെമ്മയുടെ കാൽക്കീഴിലാണ് സ്വർഗ്ഗമെന്നും, അച്ഛനും അമ്മയും പ്രായാധിക്യം ബാധിച്ച് പിച്ചും പേയും പറയുകയും കിടന്നകിടപ്പിൽ അവിടെത്തന്നെ മലമൂത്ര വിസർജനം  നിർവ്വഹിക്കുകയും ചെയ്യുന്ന അവസ്ഥയിലായാൽ പോലും അവരോട് നീ

'ഛെ' എന്ന ഒരു പദം പോലും പറയാതെ അവരെ നീ ക്ഷമയോടെയും സ്നേഹത്തോടെയും പരിചരിക്കണമെന്ന് പഠിപ്പിച്ച തിരുമേനിയുടെ സന്ദേശം ഇത്തരുണത്തിൽ പ്രധാനമാണ്.  ഭൂമിയിലുള്ളവരോട് നീ കരുണ കാണിച്ചാലെ ആകാശത്തിലുള്ളവൻ  (സർവ്വേശ്വരൻ) നിന്നോട് കരുണ കാണിക്കൂ എന്നും തിരുനബി പഠിപ്പിക്കുന്നു.  

സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സ്നേഹത്തിൻ്റെയും സന്ദേശമാണ് ഈ ആഘോഷ നാളുകളും നമുക്ക് നൽകുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക