ഒരു അറുപത് അറുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് എന്റെ മനസ്സിലൂടെ കടന്നുവരുന്നത്. ഓണക്കാലമാകുമ്പോള്‍ കുട്ടികള്‍ക്ക് ഉത്സാഹമാണെങ്കിലും മുതിര്‍ന്നവര്‍ക്ക് മാനസിക പിരിമുറുക്കത്തിന്റെ കാലമാണ്.
ഗ്രഹനാഥന്മാര്‍ക്ക് ഓണക്കോടി, ഓണചന്ത എന്നിവക്ക പണമുണ്ടാക്കണം. സ്ത്രീകള്‍ ഓണവിഭവങ്ങള്‍ ഉണ്ടാക്കുന്ന തന്ത്രപ്പാടിലാണ്. പപ്പടമില്ലാത്ത ഓണം സങ്കല്‍പിക്കാനേ സാധിക്കില്ല. അന്നൊക്കെ നാട്ടിന്‍പുറത്ത് പപ്പടം കിട്ടാനുള്ള ഏകമാര്‍ഗം പണ്ടാരങ്ങള്‍ പപ്പടം ഉണ്ടാക്കി വീടുകളിലൂടെ നടന്നു വില്‍ക്കുകയാണ്. ഇന്നത്തെപ്പോലെ പപ്പടം ഉണ്ടാക്കുന്ന ഫാക്ടറികളോ പലചരക്കുകടയില്‍ നിന്നോ പപ്പടം കിട്ടുമായിരുന്നില്ല. ഓണത്തിന് മുമ്പേ പണ്ടാരത്തി കുഞ്ഞുലക്ഷ്മി പപ്പടവുമായി വരേണ്ടതായിരുന്നു ഇതുവരെ പണ്ടാരത്തി എത്തിയിട്ടില്ല. അമ്മയ്ക്ക് വേവലാതി ആയി. കുഞ്ഞുലക്ഷ്മിയെ കാണുന്നതുമില്ല. അങ്ങനെ ഇരിയ്ക്കുമ്പോള്‍ കുഞ്ഞുലക്ഷ്മി ഇതാ വെറും കൈയ്യുമായി പ്രത്യക്ഷപ്പെടുന്നു. വന്നപാടെ ആവലാതി പറയുന്നു പപ്പടം ഉണ്ടാക്കാന്‍ വച്ചിരുന്ന കാശ് ഭര്‍ത്താവ് ഉത്തമന്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ എടുത്തു കൊണ്ടുപോയി കള്ളുകുടിച്ചു. ഇനി ഉഴുന്ന്, പപ്പടക്കാരം, മറ്റു സാധനങ്ങള്‍ വാങ്ങാന്‍ നിവൃത്തിയില്ല. അതുകൊണ്ട് 25 രൂപാ കടമായി ചോദിക്കാന്‍ വന്നതാണ്. പപ്പടം വീറ്റ് വീട്ടിക്കോളം. കുഞ്ഞുലക്ഷ്മി പലപ്പോഴും അത്യാവശത്തിനഞ്ചും പത്തും അമ്മയുടെ കൈയ്യില്‍ നിന്നു വാങ്ങിക്കുകയും പപ്പടം തന്ന് വീട്ടുകയും ചെയ്യും. 25 രൂപാ അന്നൊക്കെ മതിയാകും കുറെ വീട്ടുകാര്‍ക്ക് പപ്പടം സപ്ലൈ ചെയ്യാന്‍.
പക്ഷേ ഒരു പ്രശ്‌നം, കാശുമായി തിരികെ പോകുമ്പോള്‍ ഉത്തമന്‍ വഴിയില്‍ പാത്ത് നിന്ന് കുഞ്ഞുലക്ഷ്മിയുടെ കൈയ്യില്‍ നിന്നും കാശു പിടിച്ചു വാങ്ങും. അതുകൊണ്ട് കുഞ്ഞുലക്ഷ്മിയെ സുരക്ഷിതമായി കടയില്‍ എത്തിക്കുക. അമ്മ വിളിച്ച് 'പാപച്ചാ, ഔസോച്ചാ ഇവളെ അടുത്ത കവലയിലെ പലചരക്കുകട വരെ കൊണ്ടു ചെന്നാക്ക് ' കൂട്ടത്തില്‍ 'ഓണത്തിന് പപ്പടം വേണമെങ്കില്‍' എന്നുൂകടി ചേര്‍ത്തു. വെറുതെ ചൊറിയും കുത്തി വീട്ടിലിരുന്നു പരസ്പരം തല്ലുകൂടി കൊണ്ടിരുന്ന ഞങ്ങള്‍ക്ക് അതായത് എനിക്കും ചേട്ടനും കുഞ്ഞുലക്ഷ്മിയെ അകമ്പടി സേവിക്കാന്‍ കിട്ടിയ അവസരം. ഞങ്ങള്‍ക്ക് അന്ന് 18, 16 വയസ്സ് പ്രായം. ചേട്ടന്‍ മുന്നിലും ഞാന്‍ പിന്നിലും കുഞ്ഞുലക്ഷ്മി നടക്കുമായി യാത്ര തുടര്‍ന്നു. തോട്ടുവക്കിലൂടെ കവല ലക്ഷ്യമാക്കി നീങ്ങി. തോട്ടുവക്കില്‍ കൂവകള്‍ വളരുന്ന ഒരു പറമ്പുണ്ട് വിജനമാണ്. അവിടെ എത്തിയപ്പോള്‍ അതാ ഉത്തമന്‍ നില്‍ക്കുന്നു. ഞങ്ങള്‍ അടുത്തെത്തിയതും ഉത്തമന്‍ കുഞ്ഞുലക്ഷ്മിയെ കടന്നു പിടിച്ച് ആക്രോശിച്ച് 'എവിടെ ടീ പൈസ താടീ' ഞങ്ങള്‍ കോറസ്സായി പറഞ്ഞു 'വിടെടാ അവളെ' ഇതന്റെ ഭാര്യയാണ് വിടെടാ എന്ന് പറയുവാന്‍ നിങ്ങളാരാണ്. ഉത്തമന് ഞങ്ങള്‍ ആരാണെന്ന് നല്ല ഉത്തമവിശ്വാസമുണ്ട് എങ്കിലും ഒന്നു വിരട്ടാന്‍ നോക്കുകയാണ്. ഞങ്ങള്‍ പറഞ്ഞു 'ചെരിപുറത്തെ പിള്ളേരാണ്.' എന്താ ചെരിപുറത്തെ പിള്ളേര്‍ക്ക് ഇത്രയും നീളമുള്ള 'കൂ-' ഉണ്ടോ. സുരേഷ് ഗോപി സ്റ്റൈയിലില്‍ വലതുകൈ ഉയര്‍ത്തി ഇടതു കൈ വലതുകൈയുടെ പകുതിക്ക് വെച്ച് ഒരടയാളം സൃഷ്്ടിച്ച് ഒരാഗ്യം കാണിച്ച് ഞങ്ങളുടെ പൗരുഷത്തെ വെല്ലുവിളിച്ചിട്ട് 'അഹങ്കാരികള്‍ ഫ' എന്നൊരാട്ടും. ഉത്തമന്‍ ഉദ്ദേശിച്ച ആസ്ഥലത്തു തന്നെ ചേട്ടന്‍ ഒരു തൊഴികൊടുത്തു നാഭിക്ക് തന്നെ. തൊഴികൊണ്ട് ഉത്തമന്‍ വീണിതല്ലോ കിടക്കുന്നു തോട്ടുവക്കില്‍. പിന്നെ നടന്നത് കുഞ്ഞുലക്ഷ്മിയുടെ ഭാഷയില്‍ 'ആണ്ടേ നാട്ടുകാരേ ഈ പിള്ളേര്‍ എന്റെ കെട്ടിയവനെ ചവിട്ടികൂട്ടിയേ'.
നാട്ടുകാരില്‍ ചിലരൊക്കെ കൂടി അവശനായി കിടന്ന ഉത്തമനെ എടുത്തുകൊണ്ടുപോയി, കരഞ്ഞുകൊണ്ട്് കുഞ്ഞുലക്ഷ്മി പുറകേയും. ഒരു കാര്യം എനിക്ക് മനസ്സിലായി ഒരിക്കലും ഭാര്യാഭര്‍ത്തൃബന്ധത്തില്‍ ഇടപെടരുത്. ആ വര്‍ഷത്തെ ഓണത്തിന് പപ്പടം ഞങ്ങള്‍ക്കും ഞങ്ങടെ അയല്‍പക്തുള്ളവര്‍ക്കും കിട്ടിയില്ലെന്ന് മാത്രമല്ല. ഞാനും ചേട്ടനും കൂടി ഓണത്തിനുള്ള സാമഗ്രികള്‍ കുഞ്ഞുലക്ഷ്മിയുടെ കുടുംബത്തിന് എത്തിച്ചുകൊടുക്കുകയും ചെയ്യേണ്ടി വന്നു. എനിക്ക് തോന്നുന്നത് ഞങ്ങളാണ് ഈ ഓണകിറ്റ് തുടങ്ങിവെച്ചതെന്നാണ്. ഈ കഥ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞതിനു ശേഷം ചോദിച്ചു.
'എടീ ഉത്തമന്‍ അന്ന് പറഞ്ഞത് നേരായിരിക്കുമോ?' അവള്‍ പറഞ്ഞു. 'ഒരിക്കലും ഇല്ല ഉത്തമന്‍ വെറുതെ പറഞ്ഞതായിരിക്കും'. എന്റെ ആ വിശ്വാസം അണഞ്ഞതുപോലെ, ഞാന്‍ പതിയെ ചോദിച്ചു. 'നീ എന്താ ഈ പറയുന്നെ' അവള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു 'അഹങ്കാരത്തിന്റെ കാര്യം'. നിങ്ങള്‍ക്ക് ഒട്ടും അഹങ്കാരമില്ല. എന്തോരാശ്വാസം!!