Image

എന്റെ ഓണക്കാലം ഒരോർമ്മയിൽ (ബാബു കുരൂര്‍, ഹൂസ്റ്റണ്‍)

Published on 02 September, 2025
എന്റെ ഓണക്കാലം ഒരോർമ്മയിൽ (ബാബു കുരൂര്‍, ഹൂസ്റ്റണ്‍)

പുലർകാലപുലരി 
തൻ കിരണങ്ങൾ 
ആ തൈമാവിൻ 
ഈറനിൽക്കുതിർന്ന 
നനുത്തിലകൾ 
ക്കുള്ളിലൂടൂർന്നിറങ്ങി
ചേലായ് മിനുക്കിയ 
പൂക്കളത്തിന്നരികിലെ 
നാലിളം കൈകളും 
വിടർന്നുല്ലസിക്കും 
രണ്ടിണക്കണ്‍കളും 
മൃദുസ്മന്ദേരം പൊഴി-
ക്കുന്നൊരിണയധരങ്ങളും
ഇളം കാറ്റിൻ കുസൃതിയാൽ 
താലോലിക്കും മേനിയും 
എത്തിനോക്കി.

പൂക്കുടതനുള്ളിലെ പൂവുകൾ 
ഒന്നൊന്നായ് കളത്തിൽ 
അടർന്നു വീഴവേ 
വൃത്തമായ് 
മാനത്തെ മഴവില്ല് 
മുറ്റത്ത് വിരിയുന്നിതോ .
നോക്കുന്നു ഒട്ടുദൂരത്തായ്
മാറിനിന്നാ ചന്തം 
രസിക്കവെ,

നേരമായ് കുളത്തിൽ 
ചാടിതിമിർക്കുവാൻ 
കേൾക്കുന്നു അയലത്തെ 
കൂവലിൻ ധ്വനികൾ
തീർന്നല്ലോ, പൂക്കളം 
പൂവിട്ടു, പൂവിട്ടു

ഇനി 
ഓണത്തപ്പന് 
ചൂടണം നെറുകയിൽ 
പാലതൻ പൂവ് 
ഒരു കുടയായ്ത്തീരണം

പൊന്നോണ നാളിൻ
ഒർമ്മകളെന്നിൽ 
ആലോലം, താലോലം 
ആടുന്നനേരം 
വാനിലെൻ മോഹങ്ങൾ 
പാറിപ്പറക്കുന്നു
വിഹായസ്സിൽ വെളളി-
മേഘങ്ങൾപോലെ
ഓണത്തിനുല്ലാസം
തിരയിളക്കുന്ന
ഓണപ്പൊൻതുമ്പികൾ
പാറിക്കളിപ്പൂ

ആതുമ്പിതൻ ചിറകിൽ 
മുറുകെ പിടിച്ചീ 
ഞാനും 
ഒരുനാൾ കല്ലെടുപ്പിനാൽ 
എൻസോദരൻ കൈതട്ടീ 
വാനിൽ പറത്തി 
ആ തുമ്പിയെ പാറിക്കളിപ്പാൻ വിട്ടു.

പാറിപ്പറന്നുപോം 
തുമ്പിയെനോക്കി 
വാവിട്ടുകരഞ്ഞോടി 
എൻ അമ്മതൻ ചാരെ

ചുണ്ടിൽ വിരിഞൊരാ 
പുഞ്ചിരി തൂകി 
അമ്മയെൻമേനിയെ 
തലോടിച്ചൊല്ലി, 
ഊട്ടണം ജ്യേഷ്‌ഠനെ 
വിളക്കിൻ്റെ മുമ്പിൽ 
ഉറക്കണം ജ്യേഷ്‌ഠനെ 
വിളക്കണച്ച്

ആനന്ദമോടെ ഞാൻ 
കൈകൊട്ടി, പിന്നെ 
കൊഞ്ഞനം കുത്തി 
ചിരിച്ചു ചെമ്മേ..

ഓണങ്ങൾ പലതും 
കൊഴിഞ്ഞു മെല്ലെ
കാലങ്ങൾ മാറി 
എൻ ബാല്യം മാറി


കൗമാര കാലത്തിൻ
ഓണക്കളിക്കുളി 
മറക്കില്ലൊരു നാളുമെൻ 
മരണം വരെ 
ഹൃദയത്തിനാഘാത
മേറ്റതാകാം 
ശ്വാസത്തിൻ പഴുതോ
അടഞ്ഞതാകാം
വെളളത്തിൽ മുങ്ങി
കളിക്കുന്ന നേരത്ത്
ഭൂതത്തിന്‍ കൈകളിൽ
പെട്ടതാകാം
നേരം കഴിഞ്ഞിട്ടും
കാണായ്കയാൽ ഞങ്ങൾ
സോദരരും പല
തോഴർകളും
വാവിട്ടലറിക്കൂവി
മാലോകരേയെല്ലാം
കൂട്ടുവാനായ്
അഗാധത്തിൽ മുങ്ങി
ത്തപ്പുവാനായ്

ചേതനയറ്റൊരെൻ
സോദരൻ മേനിയെ
പുൽകിഞാനേറ്റം
കരഞ്ഞനേരം 
ഇനി എന്നു ഞാൻ നിന്നെ
കാണുമെൻസോദരാ

ഇനി എനിക്കാരുണ്ട്
ജ്യേഷ്‌ഠനായി.

ആഴികളേഴും ഞാൻ 
നീന്തിക്കടക്കുമ്പോൾ 
ദുഃഖത്തിൻ  നീരാളി 
പിമ്പേ ഗമിക്കുന്നു 
സോദരൻ വേറിട്ടു 
പോയൊരെന്നോണം 
ചിത്തത്തിൽ ദുഃഖത്തിൻ 
തിരയിളക്കുന്നു

കൊഴിഞ്ഞല്ലോ എന്നോണ 
നാളുകളെല്ലാം 
ഓണപ്പുലരികൾ എനി-
ക്കിന്നന്യമല്ലോ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക