എന്താണ് ജീവിത
മെന്തിനോജാഗരി
ച്ചൊന്നുമേ നേടാത്ത
പാഴ്ശ്രമങ്ങൾ ?
എന്തിനായ് ഞാനറി
യാതെ ഞാൻ മണ്ണിന്റെ
ബന്ധുരകൂട്ടിൽ
കിളിമകളായ് ?
നേരറിവിന്റ മനയോല -
യിൽ പത -
മേറിയ നാവുമായ്
ഹൃസ്വകാലം
ആരോ പഠിപ്പിച്ച
പല്ലവി പാടുന്ന
ശാരിക ത്തേങ്ങൽ
മനുഷ്യ ജന്മം !
എങ്കിലുമെങ്ങും പ്രകാശം
നിറച്ചാർത്തായ്
എന്നെ പൊതിയുന്ന
മോഹങ്ങളിൽ
പൊന്നണിഞ്ഞെത്തും
പ്രഭാതത്തുടിപ്പുകൾ
ക്കെന്തൊരു ചന്ദന
ച്ചാർ സുഗന്ധം !
ഒന്ന് പുണർന്നുറ
ങ്ങട്ടെ ഞാൻ എന്റെയീ
മണ്ണിൻ മനോഹര
സ്വപ്നങ്ങളിൽ
എങ്ങും തുടിക്കുന്ന
ജീവന്റെ താളമായ്
എന്റെയും ചുംബന
സൗകുമാര്യം ?
ഇല്ല - വിടർന്നാൽ
കൊഴിയണമെന്നതീ
മണ്ണിൻ മനം പോലെ
ന്യായ സൂത്രം
ഏതോ നിയമക
നീതി പീഠങ്ങളായ്
എന്റെയും പിന്നിൽ ഞാൻ
കണ്ടു നിന്നെ ?
കൊന്നും കൊലവിളി -
ച്ചാർത്തുമീ മണ്ണിലെ
പുണ്ണായ് വളർന്ന
തലമുറകൾ
ഒന്നൊഴിയാതെ കൊ -
ഴിഞ്ഞു ചരിത്രത്തിൻ
ഒന്നുമല്ലാതെ
മറഞ്ഞു പോകും !
ഹേ ! മൽ പ്രപഞ്ചമേ
നിന്റെ നിരാമയ
നീതിയിൽ എന്തിനീ
താളപ്പിഴ ?
ഹന്ത! പ്രപഞ്ച നിർ
മ്മാണ തന്ത്രത്തിന്റെ
ധർമ്മം പിഴച്ചതോ
ദുഖഃ കാണ്ഡം ?
ഒന്നുമില്ലായിരു -
ന്നെങ്കിലും വേണ്ടില്ല -
യെന്റെയീ മണ്ണിലെ
കുഞ്ഞുറുമ്പായ്
ഒന്നിനെ മറ്റൊന്ന്
ചേർത്തു പിടിക്കുന്ന
മണ്ണിലെ സ്വർഗ്ഗ -
മതെന്റെ സ്വപ്നം !