Image

ഒമർ ഖയ്യാമിന്റെ സന്തതികൾ (കഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 03 September, 2025
ഒമർ ഖയ്യാമിന്റെ സന്തതികൾ (കഥ: ശ്രീകുമാർ ഭാസ്കരൻ)

മാലദ്വീപിന്റെ തലസ്ഥാനമായ മലെയിൽ എന്റെ അദ്ധ്യാപന ജീവിതം പൂത്തുലഞ്ഞു തുടങ്ങിയിട്ട് ഏകദേശം രണ്ടു മാസം കഴിഞ്ഞ സമയം. എന്റെ ശമ്പളം അക്കൌണ്ടിൽ എത്താൻ വൈകിയപ്പോൾ  ഒരു ദിവസം അതന്വേഷിക്കാൻ ഞാൻ സ്കൂൾ അക്കൌണ്ടൻറ് മുസ്തഫയെ കാണാൻ ചെന്നു. 
സ്കൂളിലെ ശമ്പളത്തിന്‍റെ കണക്കുകളും മറ്റും നോക്കുന്നത് മുസ്തഫയാണ്. അതാതു മാസം ടീച്ചേഴ്സിന്റെ അക്കൗണ്ടിലേക്ക് പണം അടയ്ക്കുന്നത്, ഇന്‍സെന്റീവ്സ് ഉണ്ടെങ്കില്‍ അത് കണക്കാക്കി അക്കൗണ്ടില്‍ ഇടുന്നത്, റീഇമ്പേര്‍സ്മെന്റ് ഉണ്ടെങ്കില്‍ അത് കൊടുക്കുന്നത് എല്ലാം, മുസ്തഫയാണ്. ആ നിലയിൽ മുസ്തഫയാണ് സ്കൂളിന്റെ കുബേരൻ. 
മുസ്തഫ സംസാരമദ്ധ്യേ എന്നോട് ചോദിച്ചു.
“സാര്‍ ഇവിടെ നിന്നും പോകുവാണല്ലേ?”  
“ആരു പറഞ്ഞു” ഞാന്‍ ചോദിച്ചു.
“അങ്ങനെ പറയുന്നത് കേട്ടു” മുസ്തഫ പറഞ്ഞു. 
ആരു പറയുന്നത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം എന്‍റെ ഒരു വലിയ ആഗ്രമാണ് മുസ്തഫ പറഞ്ഞത്. മാലെയിൽ ചെന്ന അന്നുമുതൽ അവിടുന്ന് തിരിച്ചു നാട്ടിലേക്ക് ചാടാൻ ഞാൻ  ആഗ്രഹിക്കുകയായിരുന്നു. മുസ്തഫയുടെ നാക്ക് പോന്നാകട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. 
കാരണം നാട്ടിൽ വളരെ അച്ചടക്കമുള്ള വിദ്ധ്യാർത്ഥികളെ പഠിപ്പിച്ചിരുന്ന എനിക്ക്  മാലെയിലെ കുരങ്ങ് സന്തതികളോട് പൊരുത്തപ്പെട്ട് പോകാൻ കഴിയുമായിരുന്നില്ല. അച്ചടക്കം എന്ന വാക്ക് അവർക്ക് അന്യമായിരുന്നു. 
പഠനത്തിന് മാലെ സര്‍ക്കാര്‍ നല്ല സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അത് വാങ്ങിച്ചെടുക്കുക. പിന്നെ പെണ്‍കുട്ടികളുടെ പുറകെ നടക്കുക. ഇതാണ് ആണ്‍കുട്ടികളുടെ പൊതുസ്വഭാവം. 
മിക്ക പെണ്‍കുട്ടികളും സ്കൂൾ ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നത് ഈ ശുദ്ധഗതിക്കാരായ മണ്ടന്മാര്‍ ഉള്ളതുകൊണ്ടാണ്. ഒരു സുന്ദരിയെ  പരിചരിക്കാന്‍     ഒന്നിലധികം പൂവാലന്മാര്‍ ഉണ്ടാകും. അവര്‍ ഒന്നിച്ചോ ഊഴമിട്ടോ സുന്ദരിയുടെ  ഭക്ഷണവും മറ്റു ആവശ്യങ്ങളും നിറവേറ്റും. പൂവാലന്മാര്‍ ഒരേ ക്ലാസ്സിലെ തന്നെ ആയിരിക്കണമെന്നില്ല. ഒരു വിഭവം ഒന്നിലധികം പേര്‍ പങ്കുവെക്കുന്നതില്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. പെണ്‍പിള്ളാരും ഒട്ടും മോശമല്ല. ജഗ ജില്ലികളാണ്. 
                    ഒരിക്കല്‍ ഒരു പി. റ്റി. എ. മീറ്റിംഗില്‍ എന്‍റെ ക്ലാസ്സിലെ ഒരു സുന്ദരി പിതാവുമായി എത്തി. പഠനത്തെപ്പറ്റി പിതാവിന് ബോദ്ധ്യപ്പെടണം. അത്രയെ  വേണ്ടു.  ഞാന്‍ അവളെ ഒരിക്കലും എന്‍റെ ക്ലാസ്സില്‍ കണ്ടിട്ടില്ല. അവള്‍ പലപ്പോഴും സ്കൂൾ മുറ്റത്ത്‌  കറങ്ങിയടിച്ച് നില്‍ക്കുന്നത് കണ്ടിട്ടുമുണ്ട്. പൂവാല അംഗരക്ഷകരാല്‍ പരിശോഭിതയായി. അവളെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പോയില്ല. ഇത്തരം സീനുകള്‍ സ്കൂളിൽ സര്‍വ്വസാധാരണമാണ്.
പി. ടി. എ.  മീറ്റിങ്ങിനു വന്നപ്പോഴാണ് അവള്‍ എന്‍റെ സ്റ്റുഡന്റ് ആണ് എന്ന് എനിക്ക്  മനസ്സിലായത്. ഞാന്‍ അവളുടെ ഹാജർ രജിസ്റ്റര്‍ നോക്കിയപ്പോള്‍, ഒറ്റ ദിവസം അവള്‍ക്കു ഹാജര്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അത് അവളോട്‌ പറഞ്ഞു.
“നിന്നെ ഒരു ദിവസവും ഞാൻ ക്ലാസ്സില്‍ കണ്ടിട്ടില്ലല്ലോ”.
സാധാരണ നമ്മുടെ കുട്ടികളാണെങ്കില്‍ മിണ്ടാതിരിക്കും. മാലെയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു എല്ല് കൂടുതലാണ്. നല്ല കാര്യത്തിനല്ല എന്ന് മാത്രം. 
അവള്‍ എന്നോട് തര്‍ക്കിച്ചു. അവള്‍ എന്നോട് പറഞ്ഞത് ഞാന്‍ എന്നും ക്ലാസ്സില്‍ കയറും. സര്‍ മാര്‍ക്ക് ചെയ്യാത്തതാണ്‌. എനിക്ക് തമാശയാണു തോന്നിയത്. ഞാന്‍ ചോദിച്ചു.
“ഇത്രയും നാള്‍ നിന്റെ ഹാജര്‍ മാത്രം ഞാന്‍ മാര്‍ക്ക് ചെയ്യാത്തത് എന്താ. മറവി കൊണ്ടാണോ. അതോ നിന്നോട് എനിക്ക് വിരോധം വല്ലതും ഉണ്ടോ”. 
അവള്‍ അതിനു മറുപടി പറഞ്ഞില്ല. പറഞ്ഞത് ‘ഞാന്‍ എന്നും ക്ലാസ്സില്‍ കയറും’ എന്നാണ്. പറച്ചിൽ തന്നെ സമപ്രായക്കാരോട് സംസാരിക്കുന്ന പോലെയാണ്. അല്പം ബഹുമാനം കൊടുക്കേണ്ട ജീവിയാണ് അദ്ധ്യാപകന്‍ എന്ന ബോധം അവള്‍ക്കില്ല. അത് അവിടുത്തെ ഒരു പൊതുകള്‍ച്ചറിന്റെ ഭാഗമാണ്.
മാലെയില്‍, ഒരു അദ്ധ്യാപകന്‍ ക്ലാസ്സില്‍ വന്നാല്‍ വന്നു എന്ന് പോലും ആരും കണക്കാക്കില്ല. എണീക്കുന്നത് പോട്ടെ. ക്ലാസ്സ്‌ തുടങ്ങിയാലും അവര്‍ അവരുടെ ബിസ്സിനെസ്സിലായിരിക്കും. 
പേപ്പർ ചുരുട്ടി പരസ്പരം എറിഞ്ഞു കളിക്കുക. ലഘുഭക്ഷണം കൈമാറുക. അത് ക്ലാസ്സിലിരുന്നു ആട് തിന്നുന്നതുപോലെ തിന്നുക. പരസ്പരം സംസാരിക്കുക. തുടങ്ങിയവയാണ് ബിസിനസ്സ്. കൂടാതെ കുട്ടികള്‍ യാതൊരു ഉളുപ്പുമില്ലാതെ കള്ളം പറയും. അതും വളരെ സീരിയസ് ആയി. കേള്‍ക്കുന്നവന്‍ വലിയ മണ്ടനാണ് എന്ന് പരിപൂര്‍ണമായും വിശ്വസിച്ചുകൊണ്ട്. 
     ഒരിക്കല്‍ എന്‍റെ ഒരു സഹഅദ്ധ്യാപകന്‍ ക്ലാസ്സില്‍ വളരെ താമസിച്ചു കേറി വന്ന ഒരു പെണ്‍കുട്ടിയോട് എന്താ താമസിച്ചത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്. വരുന്ന വഴിക്ക്  ഒരു ഏലിയന്‍ അവളെ തടഞ്ഞു നിര്‍ത്തി എന്നാണ്. സുഹൃത്ത്‌ ഒന്നും മിണ്ടിയില്ല. പോയി ഇരിക്കാന്‍ പറഞ്ഞു. കൂടുതല്‍ ചോദിച്ചിരുന്നു എങ്കില്‍ അവള്‍ കണ്ട അന്യഗ്രഹജീവിയുടെ രൂപം വരെ അവള്‍ വിശദീകരിച്ചു കളഞ്ഞേനെ. ഇതാണ് മാലെ സുന്ദരിമാരുടെ രീതി. അത് എനിക്ക് നന്നായി അറിയാമായിരുന്നു. 
അതുകൊണ്ട് നമ്മുടെ ശിഷ്യ ഞാന്‍ എന്നും ക്ലാസ്സില്‍ കയറുമായിരുന്നു. സര്‍ അത് മാര്‍ക്ക് ചെയ്യാത്തതാണ്‌ എന്ന് പറഞ്ഞപ്പോള്‍, അല്ല എന്ന് തെളിയിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. കൂടുതല്‍ തര്‍ക്കിക്കാനും പോയില്ല. ഒരു ചോദ്യം മാത്രം അവളോട്‌ ഞാൻ ചോദിച്ചു. 
“ഞാന്‍ നിന്നെ പഠിപ്പിക്കുന്ന വിഷയം ഏതാണ്”. 
അവള്‍ക്ക് അതിനുത്തരം  ഉണ്ടായിരുന്നില്ല. 
       എനിക്ക് അത്ഭുതം തോന്നിയ കാര്യം. മാലെയിലെ മുതിര്‍ന്നവരുടെയും അവരുടെ മക്കളുടെയും സ്വഭാവത്തില്‍ യാതൊരു ബന്ധവുമില്ല എന്നതാണ്. മുതിര്‍ന്നവര്‍ ഹംബിള്‍ ആന്‍ഡ്‌ സിമ്പിള്‍ ആണ്. വളരെ മര്യാദക്കാര്‍. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിച്ച് പോലും  വഴിയാത്രക്കാര്‍ക്ക് ശല്യം ഉണ്ടാക്കാത്തവര്‍. 
പൊതുവേ മാലെയിലെ മുതിര്‍ന്നവര്‍ വളരെ ഫോര്‍മലായി ജീവിക്കുന്നവരാണ്. എന്നാല്‍ അവരുടെ സന്തതികള്‍ അങ്ങനെ അല്ല. ഒരു ജീവിതമര്യാദയും അവര്‍ക്കില്ല. ഒരുമാതിരി അലഞ്ഞു തിരിയുന്ന കാളകളെപ്പോലെ ഉള്ള  ജീവിതം.         
              പെണ്‍കുട്ടികള്‍ക്ക് മാലെയില്‍ പഠനം അല്ലാതെ വേറെ വഴിയില്ല. പഠിക്കാന്‍ പോയില്ലെങ്കില്‍ പിന്നെ ഉള്ളത് വിവാഹ ജീവിതമാണ്‌. അതും ചെറുപ്രായത്തില്‍.  വിവാഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു പരിധിവരെ  വിദ്ധ്യാഭ്യാസം അവരെ സഹായിക്കും. 
മാലെ സുന്ദരിമാർക്ക് കല്പിച്ചു കൊടുത്തിരിക്കുന്ന കളി ബാസ്ക്കറ്റ്ബോൾ ആണ്. അതിന് ചെറിയ ഗ്രൗണ്ട് മതി. പൊതുവേ സായാഹ്നത്തിലാണ് സ്ത്രീകളുടെ ബാസ്ക്കറ്റ്ബോൾ കളി നടക്കുക. ഏകദേശം ഒരു ഏഴുമണിക്ക് ശേഷം. അവരുടെ കളിക്കളത്തിന് ചുറ്റും പതിനഞ്ച് അടിയിലധികം ഉയരമുള്ള ഒരു മതിൽ പണിഞ്ഞിരിക്കുന്നു. കണ്ടാൽ ഒരു ജയിൽ ആണെന്ന് തോന്നും. ഞാൻ ആദ്യം അങ്ങനെ തന്നെയാണ് കരുതിയത്. പിന്നീടാണ് അത് വനിതാ കളിക്കളമാണെന്ന് മനസ്സിലായത്.
വൈകുന്നേരങ്ങളില്‍ അതിനകത്ത് കളിക്കുന്ന വനിതകളുടെ ബഹളം ഉയർന്നു കേൾക്കാം. എന്നാല്‍ കളിക്കുന്ന  വനിതകളെ  കാണാൻ കഴിയില്ല. സ്ത്രീകളെ അന്യപുരുഷന്മാർ കണ്ട് അങ്ങനെ  ആസ്വദിക്കണ്ട എന്ന സുന്ദരലക്ഷ്യം ആയിരിക്കും ഈ വന്മതിലിന് പിന്നിലുള്ളത്.
അത്രമാത്രം കരുതലാണ് സ്ത്രീകളുടെ കാര്യത്തിൽ അവർക്കുള്ളത്. 
ഞാൻ അക്കൌണ്ട് സെക്ഷനിൽ ചെല്ലുമ്പോൾ മുസ്തഫ കാര്യമായി എന്തോ കണക്ക് കൂട്ടികൊണ്ടിരിക്കുകയാണ്. കാൽകുലേറ്ററിൽ. മുസ്തഫയുടെ കൈവേഗത ഞാൻ ശ്രദ്ധിച്ചു. 
മുസ്തഫ വളരെ വേഗം കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കും. ഇതുപോലെ വളരെ വേഗം കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത് ചില ചൈനീസ് സുന്ദരിമാരാണ്. 
നമ്മുടെ റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോള്‍ ടിക്കറ്റെടുക്കാന്‍ ചെന്നാല്‍, സ്പോട്ട് ടിക്കറ്റ് കൌണ്ടറിലെ ചില പ്രായമായ താപ്പാനകള്‍ ടിക്കറ്റ് വളരെ വേഗം അടിച്ചു തരും. അല്പവും തെറ്റാതെ. 
മുസ്തഫയുടെ അതിവേഗ കാല്‍ക്കുലേറ്റര്‍ ഉപയോഗ വൈദഗ്ധ്യത്തെപ്പറ്റി  ഒരിക്കല്‍ ഞാന്‍ എന്റെ സഹഅദ്ധ്യാപകൻ സാബുവിനോട് പറഞ്ഞു. അപ്പോൾ സാബു ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.
“അവനൊരു മോഴയാ. മിക്കവാറും മാസങ്ങളില്‍ പാവപ്പെട്ടവന് ശമ്പളം കിട്ടാറില്ല”
“അതെന്താ” ഞാന്‍ ചോദിച്ചു.
“അവന്റെ കാര്യക്ഷമത തന്നെ കാരണം”. സാബു പറഞ്ഞു. 
“എല്ലാ മാസവും ആരുടെയെങ്കിലും ഒക്കെ അക്കൗണ്ടിലേക്ക് അവൻ തുക കൂടുതല്‍ ഇട്ടുകൊടുക്കും. കണക്കു തെറ്റി. അത് തിരിച്ചറിഞ്ഞു വരുമ്പോഴേക്കും തുക കിട്ടിയവര്‍ ചിലവാക്കിയിരിക്കും. ചിലവാക്കിയ തുക തിരിച്ചു ചോദിക്കാനും പറ്റത്തില്ല. പിന്നെ സ്കൂൾ എന്തുചെയ്യും. മുസ്തഫയുടെ ശമ്പളത്തിൽ നിന്ന് ആ തുക കട്ട് ചെയ്യും. അങ്ങനെ ആ പാവപ്പെട്ടവന് മിക്ക മാസങ്ങളിലും വേണ്ടത്ര ശമ്പളം കിട്ടാറില്ല. ഒരു അക്കൗണ്ടിലേക്ക് ക്യാഷ് ശരിയായ രീതിയിൽ ക്രെഡിറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അവനിപ്പോഴും അറിഞ്ഞുകൂടാ.”  സാബു പറഞ്ഞു.
“കണ്ടാല്‍ അങ്ങനെ തോന്നില്ല” ഞാന്‍ പറഞ്ഞു.
“ഗജഗംഭീരൻ ആയി തോന്നുന്ന മുസ്തഫ അടിസ്ഥാനപരമായി ഒരു മോഴയാണ്. കഴിയുമെങ്കിൽ മുസ്തഫയുടെ അരികിൽ ചെന്ന് സാമ്പത്തിക കാര്യത്തില്‍ ഒരുപാട് കണക്കുകൾ പറയരുത്. പറഞ്ഞാൽ പാവപ്പെട്ടവന്റെ ശമ്പളത്തിൽ നിന്ന് ആ മാസം അത്രയും തുക നഷ്ടപ്പെട്ടു എന്ന് കരുതിയാൽ മതി.” സാബു എന്നെ ഉപദേശിച്ചു. 
പക്ഷെ മുസ്തഫയ്ക്ക് ഒന്നിലും ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഇതൊക്കെയായിട്ടും യാതൊരു പരാതിയും പരിഭവങ്ങളും ഇല്ലാതെ മുസ്തഫ അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും സ്കൂളിനു നല്‍കിക്കൊണ്ടിരുന്നു.    
ഞാന്‍ ശമ്പളക്കാര്യം സംസാരിക്കാൻ മുസ്തഫയുടെ അടുത്ത് ചെല്ലുമ്പോള്‍, അവിടെ ഒരു പയ്യൻ നിൽക്കുന്നുണ്ടായിരുന്നു. മുടി നീട്ടിവളർത്തി മെലിഞ്ഞ ഒരു പയ്യൻ. അവൻ എന്നെ കണ്ടപാടെ ഒന്ന് പരുങ്ങി. അപ്പോള്‍ മുസ്തഫ എന്നോട് പറഞ്ഞു. 
“ഇവനെ സാറിന് അറിയില്ലേ. സാറിന്റെ ക്ലാസിലാണ് ഇവന്‍. എന്‍റെ ബന്ധുവാണ്.”  
ഇവനെ പ്രത്യേകം ഒന്ന് ശ്രദ്ധിക്കണം എന്നുള്ള ഒരു റെക്കമെന്റേഷൻ കൂടിയുണ്ടായിരുന്നു ആ പറച്ചിലില്‍. പക്ഷേ ഞാൻ അത്ഭുതപ്പെട്ടുപോയി. അവൻ എൻറെ സ്റ്റുഡൻറ് ആണെന്നും എൻറെ ക്ലാസിലാണെന്നും ഞാൻ അപ്പോഴാണ് തിരിച്ചറിയുന്നത്. ഒരിക്കലും ഞാൻ അവനെ എൻറെ ക്ലാസിൽ കണ്ടിട്ടില്ല. ആ പയ്യനാകട്ടെ എന്റെ മുഖത്ത് നോക്കാതെ നിന്നു വിയർക്കുകയായിരുന്നു. 
ഞാൻ അവനെ ഒന്ന് ശ്രദ്ധിച്ചു. പെട്ടെന്ന് എനിക്കു ചില കാര്യങ്ങൾ ഓർമ്മ  വന്നു. 
ഞാൻ ഒരു ബിൽഡിങ്ങിന്റെ ആറാമത്തെ നിലയിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഞാൻ മുകളിലേക്ക് കയറുമ്പോൾ, അഞ്ചാമത്തെ നിലയില്‍ നിന്ന് പെട്ടെന്ന് മൂർഖൻ ചീറ്റുന്നത് പോലെ ഒരു ചീറ്റൽ. ഞാൻ നിന്നു. അത്ര ഉയരത്തിൽ ഒരു പാമ്പ് വരാനുള്ള സാഹചര്യം ഇല്ല. മാത്രമല്ല മാലെ മിക്കവാറും പാമ്പ് വിമുക്തമാണ് താനും.  പിന്നെങ്ങനെ.... 
ഞാന്‍ സംശയിച്ചു നില്‍ക്കുമ്പോള്‍ വീണ്ടും ആ ചീറ്റൽ. ഒന്നല്ല തുടര്‍ച്ചയായി.  അതിനോട് അനുബന്ധിച്ച് മറ്റു ചില ശബ്ദങ്ങളും ഞാൻ കേട്ടു. ഞാൻ പതുക്കെ കയറി നോക്കുമ്പോൾ ഒരു പ്രണയരംഗം ആവേശപൂർവ്വം അരങ്ങേറുകയാണ്. അഞ്ചാമത്തെ നിലയിലെ ഫ്ലാറ്റിന്‍റെ അടഞ്ഞ ഡോറിനു മുന്നിൽ. അവിടെ ഒരു ആണും പെണ്ണും ആക്രാന്തപ്പെട്ട് പ്രണയിക്കുകയാണ്. 
അപ്പോള്‍ റോബര്‍ട്ട്‌ സ്റ്റേണ്‍ബര്‍ഗിന്റെ ലവ് ത്രയാംഗിൾ തിയറി ഞാന്‍ ഓര്‍ത്തു. അതില്‍ പറയുന്ന ഇറോട്ടിക് ലവ് ആണ് തൊട്ടു മുന്നില്‍ അരങ്ങേറുന്നത്. കുമാരനാശാന്റെ ഭാഷയിൽ  പറഞ്ഞാൽ  മാംസനിബദ്ധമായ രാഗം. 
അത്തരത്തിലുള്ള ഒരു ആക്രാന്തപ്രണയമാണ് മുന്നിൽ നടക്കുന്നത്. സ്ത്രീപീഢനത്തിന്റെ അതിർവരമ്പുകളെ ചുംബിക്കുന്ന പരാക്രമം. പ്രകൃതി പരമാവധി ശില്പവേലകൾ ചെയ്തിട്ടുള്ളത് സ്ത്രീ ശരീരത്തിലാണല്ലോ. അത് അത്രയും ഊറ്റിക്കുടിക്കാനുള്ള വെമ്പൽ ആ പരാക്രമത്തിലുണ്ട്.  ‘ജീവിക്കുക. സുഖിക്കുക. അതാണ് നയം.
‘ഒമർ ഖയ്യാമിന്റെ സന്തതികൾ.’ ഞാൻ മനസ്സിൽ പറഞ്ഞു.
ആ പ്രണയലീല കഴിയുന്നതു വരെ കാത്തു നിന്നാൽ, സന്ധ്യവരെ അവിടെ നിൽക്കേണ്ടി വരുമെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ഉച്ചയ്ക്ക് ഒന്നര വരെ ക്ലാസ്സെടുത്തതിന്റെ ക്ഷീണമുണ്ട്. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. 
റൂമിൽ പോയി ആദ്യം ഒന്ന് കുളിക്കണം. ഭക്ഷണം കഴിക്കണം. പിന്നെ നന്നായി ഒന്ന് ഉറങ്ങണം. ഇതായിരുന്നു എൻറെ പ്ലാൻ. കാത്തു നിന്നാൽ ആ പ്ലാൻ ഒക്കെ തെറ്റും. മുകളിലത്തെ ആക്രാന്തം ഉടൻ തീരാനുള്ള ലക്ഷണവും കാണുന്നില്ല.  
പെട്ടെന്ന് എന്നിലെ അധ്യാപകൻ ബുദ്ധിപരമായി ഉണർന്നു പ്രവർത്തിച്ചു. ഞാൻ പത്തു സ്റ്റെപ്പ് താഴേക്ക് ഇറങ്ങി. പിന്നെ മുകളിലേക്ക് ചുമച്ചുകൊണ്ട് കയറിവന്നു. പെട്ടെന്ന് പൊട്ടലും ചീറ്റലും നിലച്ചു. 
പിന്നാലേ മിന്നായം പോലെ ഒരുത്തൻ താഴോട്ട് ഓടിയിറങ്ങിപ്പോയി. റോക്കറ്റിനെ വെല്ലുന്ന വേഗതയിൽ. 
ഞാൻ മുകളിലേക്ക് കയറി. പെട്ടെന്ന് അഞ്ചാംനിലയിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്നടഞ്ഞു. അതിൻറെ അകത്തേക്ക് ഒരു വെളുത്ത മിന്നായം പാഞ്ഞു പോകുന്നത് കണ്ടു. രണ്ടുപേരും സ്കൂൾ യൂണിഫോമിലായിരുന്നു. രണ്ടുപേരും എൻറെ സ്കൂളിലെ വിദ്യാർഥികൾ തന്നെ. എന്റെ സ്കൂളിന്റെ  യൂണിഫോം വെള്ളയാണ്. 
ഞാൻ ആ സംഭവം വിട്ടു. അതിനെപ്പറ്റി പിന്നീട് കൂടുതൽ ചികഞ്ഞു നോക്കാൻ ഞാൻ                മെനക്കെട്ടില്ല. അവരായി അവരുടെ പാടായി. 
അന്നത്തെ ആ താരമാണ് ഇപ്പോൾ എൻറെ മുന്നിൽ നിന്ന് വിയർക്കുന്നത്. ഞാന്‍ അവനെ മുന്‍പ് കണ്ട പരിചയം കാണിച്ചില്ല. 
അപ്പോൾ മുസ്തഫ എന്നോട് പറഞ്ഞു.
“സാര്‍ താമസിക്കുന്ന ബില്‍ഡിംഗില്‍ എന്‍റെ സഹോദരിയുടെ കുടുംബം താമസിക്കുന്നുണ്ട്.”
“എത്രാമത്തെ ഫ്ലോർ?” ഞാൻ ചോദിച്ചു.
“അഞ്ചാമത്തെ ഫ്ലോർ.” മുസ്തഫ പറഞ്ഞു.
അപ്പോൾ എനിക്ക് ചിത്രം വ്യക്തമായി. 
“എന്‍റെ സഹോദരിയുടെ മകള്‍ സുല്‍ഫി സാറിന്റെ ക്ലാസ്സിലാണ്. ഇവനൊപ്പം. സാര്‍ ഒരുപക്ഷെ അവളെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.” മുസ്തഫ പറഞ്ഞു.
ശരിയാണ് ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. പിന്നെ ശ്രദ്ധിച്ച കാര്യം മുസ്തഫയോടൊട്ടു പറയാനും പറ്റത്തില്ല. 
‘അപ്പോള്‍ സഹോദരീമകള്‍ സുല്‍ഫിയാണ് അന്നത്തെ നായിക’. ഞാന്‍ മനസ്സില്‍ പറഞ്ഞു.
അന്ന് സുൽഫിയുടെ ആക്രാന്തപ്രണയസീനിലേക്കാണ് ഞാൻ ചെന്നു കയറിയത്. എന്തായാലും ഞാന്‍ അവളുടെ മുഖം വ്യക്തമായി കണ്ടില്ല. പിന്നീടും സുൽഫിയെ  ക്ലാസ്സിൽ തിരയാന്‍ ഞാന്‍ ശ്രമിച്ചില്ല. 
സദാചാരബോധം സ്വയം ഉണ്ടാകേണ്ടതാണ്. അല്ലാതെ അടിച്ചേല്‍പ്പിക്കേണ്ടതല്ല.
‘മനുഷ്യകുലത്തിന്റെ സദാചാരധർമ്മം കപികുലത്തിൽ പ്രതീക്ഷിക്കരുത് രാമാ’. 
നെഞ്ചിൽ അസ്ത്രമേറ്റ് വീണുകിടക്കുന്ന ബാലി രാമനെ ഉപദേശിച്ചതാണത്. 
‘എന്തിന് മറഞ്ഞിരുന്ന് അസ്ത്രമയച്ചു’ എന്ന് വീണുകിടക്കുന്ന ബാലി രാമനോട് ചോദിച്ചു. 
അപ്പോൾ രാമൻ പറഞ്ഞു. ‘സ്വസഹോദര ഭാര്യ രുമയെ നീ ബലാൽ സ്വന്തമാക്കിയിരി ക്കുകയാണ്. സ്വസഹോദര ഭാര്യ സഹോദരിക്ക് തുല്യമാണ്. നീ അത് മറന്നു. നീ അധർമ്മം പ്രവർത്തിച്ചു. അതിനാലാണ് ഞാൻ അസ്ത്രമയച്ചത്’. 
അപ്പോഴാണ് ബാലി രാമനെ ഉപദേശിച്ചത്. ‘കപികുലത്തിൽ ആണും പെണ്ണും മാത്രമേയുള്ളൂ. മറ്റ്  ബന്ധങ്ങൾ ഇല്ല’. 
ഈഡിപ്പസ് കോംപ്ലക്സിന്റെ തിരശ്ശീല അനാവരണം ചെയ്യുകയായിരുന്നു ബാലി. കുട്ടിക്കുരങ്ങനി ൽ നിന്നും രൂപപ്പെട്ട മനുഷ്യൻ കപികുല സംസ്കാരത്തിൽ നിന്നും ഒട്ടും പിന്നിലല്ല എന്ന സത്യം ഞാൻ  ഓർത്തു. അതിന്റെ റിഹേഴ്സലാണ് അന്ന് എന്റെ മുന്നിൽ നടന്നത്.  
‘കാമത്തിന് പരിധികളില്ല’ എന്നു പറഞ്ഞത് യയാതിയാണ്. അകാലത്തിൽ വൃദ്ധനാകേണ്ടി വന്ന  യയാതി.  
തന്റെ ഭാര്യാപിതാവിന്റെ ശാപം ഏറ്റുവാങ്ങേണ്ടി വന്ന യയാതി. 
തന്റെ മകൾ ദേവയാനിയെ വഞ്ചിച്ചു എന്ന കുറ്റം ആരോപിച്ച് ശുക്രാചാര്യർ യയാതി മഹാരാജാവിനെ ശപിച്ചു. ‘അകാലത്തിൽ വാർദ്ധക്യം സംഭവിക്കട്ടെ’ എന്നായിരുന്നു ശാപം. പിന്നീടാണ് യൗവനയുക്തയായ ദേവയാനി എന്ന തൻറെ മകളുടെ വിവാഹജീവിതത്തെപ്പറ്റി ശുക്രാചാര്യർ ചിന്തിച്ചത്. അദ്ദേഹം ഉടൻ ഒരു ശാപമോക്ഷവും യയാതിക്ക്  കൊടുത്തു. ‘നിൻറെ വാർദ്ധക്യം സ്വമനസ്സാലെ ഏറ്റെടുത്ത് തന്റെ യൗവ്വനം തരാൻ ആരെങ്കിലും തയ്യാറായാൽ നിനക്ക് തുടർന്നും യൗവ്വനജീവിതം ആസ്വദിക്കാം.’ 
യയാതിക്ക് താൽപര്യം ദേവയാനിയോട് ആയിരുന്നില്ല. ദേവയാനി തോഴിയാക്കിയ ശർമിഷ്ഠയെന്ന രാജകുമാരിയോടായിരുന്നു. ദേവയാനി അറിയാതെ യയാതി ശർമിഷ്ഠയെ ഗാന്ധർവ്വ വിധിപ്രകാരം വിവാഹം കഴിച്ചിരുന്നു. അതിൻറെ പ്രതികാര നടപടിയായിരുന്നു ശുക്രാചാര്യരുടെ ശാപം. 
യയാതി തന്നെ നാല് ആൺമക്കളെ അടുത്ത് വിളിച്ച് ഓരോരുത്തരോടായി അദ്ദേഹം അവരുടെ യൗവനം ആവശ്യപ്പെട്ടു. മൂത്ത മൂന്ന് മക്കളും അദ്ദേഹത്തിൻറെ ആവശ്യം നിരാകരിച്ചു. എന്നാൽ നാലാമനായ പൂരു അദ്ദേഹത്തിൻറെ ആവശ്യം സ്വീകരിച്ച് തന്റെ യൗവ്വനം അദ്ദേഹത്തിന് കൊടുത്തു. 
പിന്നീട് അദ്ദേഹം സുന്ദരിയും യൗവനയുക്തയുമായ ശർമിഷ്ഠയുമായി ഏറെക്കാലം രമിച്ചു ജീവിച്ചു. ഏറെക്കാലത്തിനു ശേഷം യയാതിക്ക് തിരിച്ചറിവുണ്ടായി.
അദ്ദേഹം പൂരുവിനെ വിളിച്ച് യൗവനം മടക്കി നല്കാൻ താല്പര്യപ്പെട്ടു. അപ്പോൾ പൂരു പറഞ്ഞു ‘അങ്ങേക്ക് മതിയാവുന്നത് വരെ എൻറെ യൗവ്വനം ഉപയോഗിച്ചു കൊള്ളു’. 
ഉടൻ യയാതി മകനോട് പറഞ്ഞു. ‘കാമം എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്. അതിന് അന്തം ഇല്ല. ഉപയോഗിക്കും തോറും അത് ആളികൊണ്ടേയിരിക്കും. അതുകൊണ്ട് എന്നിൽ നിന്നും നീ നിന്റെ ഈ യൗവ്വനം തിരിച്ച് സ്വീകരിക്കുക’. 
കാമത്തിന് അന്തമില്ല. കാമാന്ധന്‍ ചേനത്തണ്ടനേക്കാള്‍ വിഷമാണ്. ഞാൻ ചിന്തിച്ചുകൊണ്ടു നിലക്കുമ്പോൾ മുസ്തഫ പറഞ്ഞു. 
“അവൾ വളരെ റിസർവ്വിടാണ്. എന്റെ സഹോദരി വളരെ അച്ചടക്കത്തോടെയാണ് അവളെ വളർത്തുന്നത്. അടക്കവും ഒതുക്കവും പാരമ്പര്യഗുണമായി അവളിൽ നന്നായിട്ട് ഉണ്ട്.”
മുസ്തഫ തന്റെ സഹോദരീപുത്രിയുടെ ഗുണഗണങ്ങൾ എന്നെ പാടിക്കേൾപ്പിക്കുകയാണ്. 
ഞാൻ സമീപത്തു നിന്ന ഒമർ ഖയ്യാം സന്തതിയെ ഒന്ന് പാളി നോക്കി. അവൻ കർച്ചീഫെടുത്ത് തുടരെ മുഖം തുടച്ചുകൊണ്ടിരിക്കുകയാണ്. എന്റെ വായിൽനിന്നും എന്തെങ്കിലും അമിട്ട് പൊട്ടുമെന്ന് അവൻ ഭയക്കുന്നു. അത് വ്യക്തം. 
പാരമ്പര്യ സിദ്ധിയുള്ള ‘സഹോദരീപുത്രിയുടെ’ സ്വഭാവമഹിമയെപ്പറ്റി ആലോചിച്ചപ്പോൾ ഞാൻ  അറിയാതെ ചിരിച്ചുപോയി. 
“എന്താ സാർ ചിരിക്കുന്നത്”. മുസ്തഫ എന്നോട് ചോദിച്ചു. 
എങ്ങനെ ചിരിക്കാതിരിക്കും. അടക്കവും ഒതുക്കവുമുള്ള മുസ്തഫയുടെ സഹോദരീവിത്തിന്റെ  പ്രണയലീലകൾക്ക് ഞാൻ സാക്ഷിയായതാണല്ലോ. 
ഞാൻ പെട്ടെന്ന് ചിരി ഒതുക്കി. 
“പെൺകുട്ടികൾ എപ്പോഴും പാരമ്പര്യസ്വഭാവം മുറുകെപ്പിടിക്കുന്നത് വളരെ നല്ലതാണ്. ശരിയല്ലേ സർ?” മുസ്തഫ എന്നോട് ചോദിച്ചു.
“ശരിയാണ്” ഞാൻ സമ്മതിച്ചു. 
dr.sreekumarbhaskaran@gmail.com  


**********************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക