Image

നിലാവ് സാക്ഷി നക്ഷത്രങ്ങളും (കഥ:എം ജി വിനയചന്ദ്രൻ)

Published on 04 September, 2025
നിലാവ് സാക്ഷി നക്ഷത്രങ്ങളും (കഥ:എം ജി വിനയചന്ദ്രൻ)

 ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിയ്ക്കുന്നതിന് ഒരു മാസം മുമ്പാണ് രവിപ്രകാശ്, അച്ഛൻ ഉപയോഗിച്ചിരുന്ന ചാര്കസേര പുതുക്കിയെടുത്ത് പ്രധാനമുറിയിൽ പ്രതിഷ്ഠിച്ചത്.
അതിൽ ഇരുന്നിട്ടില്ല.
കള്ളം.
അടിത്തൂൺപറ്റി അടുത്ത ദിവസം, ഒരുച്ചമയക്കം, ഉണർന്നപ്പോൾ ഉന്മേഷമല്ല തളർച്ചയാണ് തോന്നിയത്. 
ശരീരത്തിനൊ മനസ്സിനൊ ?
രണ്ടും അംഗീകരിക്കാൻ രവിപ്രകാശ് തയ്യാറല്ലായിരുന്നു. 
ചാര്കസേര വയോധികർക്കുള്ളതാണ്!
പിന്നീട് ഇരുന്നിട്ടില്ല.
ഉച്ചക്ക് കിടന്നുറങ്ങിയിട്ടുമില്ല.
ഇപ്പോൾ അറുപത് പിന്നിട്ട ഈ വേളയിൽ അച്ഛൻ്റെ മണമുള്ള ആ കസേരയിൽ, അയാളെ കൊണ്ടിരുത്തിയിരിക്കുന്നു, കാലം. കാലിലെ ഒടിവിന് പ്ലാസ്റ്ററിട്ട്, 
ഒരു ചെറുകാലത്തെ വിശ്രമത്തിന്.
മകനോട് പറഞ്ഞ്ചാരുകസേര വായനാമുറിയിലേക്ക് മാറ്റിയിട്ടു.
പുസ്തകങ്ങൾ അടുക്കി വച്ചിട്ടുള്ള കണ്ണാടി അലമാരക്ക് അഭിമുഖമായി അയാൾ ഇരുന്നു.
പ്രിയപ്പെട്ട എഴുത്തുകാർ രവിപ്രകാശിനെ നോക്കി മന്ദഹസിക്കുന്നുവോ?
അതോ ഗൂഡമായി ചിരിക്കുന്നുവോ?
പലപ്പോഴായി പല പുസ്തകോത്സവങ്ങളിൽ നിന്ന് സ്വന്തമാക്കിയ പുസ്തകങ്ങൾ. വായിച്ചതും വായിക്കാത്തതുമുണ്ട്.
വിരമിച്ചതിന് ശേഷം വായിക്കാമെന്നുറപ്പ് പറഞ്ഞതും പാലിക്കാൻ കഴിഞ്ഞില്ല.
ഇപ്പോൾ ഇതാ അവർക്കൊപ്പം കൂട്ടായി കൂടിയിരിക്കുന്നു. വാക്ക് പാലിക്കാത്ത വായനക്കാരനെ ആവാഹിച്ചെടുത്ത് പുസ്തക കൂട്ടിലടച്ചിരിക്കുന്നു. 
എഴുത്ത്കാർ എല്ലാവരും കൂടി.
രവിപ്രകാശിന് ആശ്വാസമായി, പുറം സഞ്ചാരം തടസ്സപ്പെട്ട നിരാശ ഇഷ്ട പുസ്തകങ്ങൾക്കൊപ്പം 
ചിലവിട്ട് മറക്കാം.
പുനർവായന ആരിൽ നിന്ന് തുടങ്ങണo,
പ്രിയപ്പെട്ട മാധവിക്കുട്ടിയിൽ നിന്ന് അതോ എം ടി. അയാൾ ഒരു നിമിഷം ചിന്തിച്ചു.ശരീരം പ്രതിക്ഷേധിച്ചിരിക്കുന്ന ഈ നാളുകളിൽ ഔഷധമാവട്ടെ നീർമാതളം, രവി പ്രകാശ് ഉറപ്പിച്ചു.
വായനയുടെ മായിക
പ്രപഞ്ചത്തിലൂടെയുള്ള തീർത്ഥാടനം.
കാല്പനികതയുടെ വർണ്ണവിതാന-
ങ്ങളിലൂടെയുള്ള യാത്ര. 
വിസ്മയ തുമ്പത്തേക്ക് ആരോ ചരടിൽ കോർത്ത് വലിക്കുന്നു.
തുടർച്ചയായ വായനയുടെ ആലസ്യത്തിൽ രവിപ്രകാശ് പുസ്തകം മടക്കി. 
ധ്യാനനിമഗ്നനായി കണ്ണുകൾ അടച്ചിരുന്നു.
വിശ്രാന്തിയുടെ നിമിഷങ്ങൾ.
അയാളുടെ സ്വപ്നത്തിലേക്ക്, ഓർമ്മകളുടെ തിരശ്ശീല നീക്കി, മൂന്നര പതിറ്റാണ്ടിനപ്പുറത്ത് നിന്ന് ഇവരൊക്കെ ഭാവവേഷഭൂഷാദികളണിഞ്ഞ് ഒളിമങ്ങാതെ എപ്പോഴാണ് കടന്ന് വന്നത്.
പ്രകാശ് ഉണർവോടെ ഉണർന്നു.
സർഗാത്മകതയുടെ വിത്തുകൾ  ഉൾക്കരുത്തോടെ ഉയിർ കൊള്ളുന്നത് അയാൾ തിരിച്ചറിഞ്ഞു.
മുൻപ് പല സന്ദർഭങ്ങളിലും പ്രചോദിതനായെങ്കിലും ഏതോ സങ്കോചത്താൽ പിൻതിരിഞ്ഞത് 
അയാൾ മനപ്പൂർവ്വം മറന്നു.
ചിന്തയിൽ ഉദ്ദീപനത്തിൻ്റെ വേലിയേറ്റം.
മഷി ചുരത്തിയ തൂലിക തുമ്പിൽ പ്രകാശിൻ്റെ വിരലുകൾ തൊട്ടു.
ഓർമ്മകൾ നിത്യ സർഗസാന്നിദ്ധ്യമായി അയാളിൽ എപ്പോഴും ഉണ്ടായിരുന്നു.
യൗവ്വനം, അശുഭ ചിന്തകളുടെ വേനൽ ചൂടിൽ അധികം നിന്ന് വിയർക്കാതെ, തണൽമരത്തണലിലേക്ക് ആരോ കൈ പിടിച്ച് കയറ്റിയതു പോലെ കൈവന്ന സർക്കാർ ജോലി, മത്സര പരിക്ഷയിലൂടെ നേടിയെടുത്തിൻ്റെ അഭിമാനത്തോടെ, വീട്ടിൽ നിന്നും നാട്ടിൽ നിന്നും അകലെ തുഞ്ചൻ്റെ മണ്ണിലേക്ക് കുടിയേറ്റം.
കയ്പ്പില്ലാത്ത കാഞ്ഞിരത്തില രുചിച്ച സന്തോഷത്തോടെ.
വാസസ്ഥലമായി ചെന്ന് കയറിയത്, അവിവാഹിതരുടെ താവളത്തിൽ, ''കൂടാരം ". കൂട്ടത്തിൽ ഒരാൾ മാത്രം ഗൃഹസ്ഥൻ. പിള്ളസാർ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ബാലഗോപാലപിള്ള.
ആദ്യ ദിവസം ആദ്യം പരിചയപ്പെട്ടതും അദ്ദേഹത്തേയാണ്.
ഓഫിസിൽ നിന്നും ആ വൈകുംന്നേരം  നാട്ടുകാരനായ മുതിർന്ന സഹപ്രവർത്തകൻ റഹിംസാറിനൊപ്പം കൂടാരത്തിലേക്കുള്ള ആദ്യ യാത്ര. 
ചെറുപട്ടണത്തോട് ചേർന്ന് കിടക്കുന്ന തനിനാട്ടിൻപുറം.
പച്ചപ്പണിഞ്ഞ മണ്ണ്.
അപരിചിതമായ പാതയിലൂടെ പരിചിതനെപ്പോലെ റഹിംസാറിനൊപ്പം നടന്നു.
അന്യനാട്ടിലെതാമസസ്ഥലത്തേ -
ക്കുറിച്ചുള്ള പ്രകാശിൻ്റെ വേവലാതിൽ തനിയെ ഇടപെട്ട് പരിഹാരം നിർദ്ദേശിച്ച സഹായ മനസ്ക്കനായ മനുഷ്യൻ. 
അദ്ദേഹത്തിൻ്റെ വീട് ആ വഴിക്കാണ്. അവർ നാട്ടുവഴിയിൽ നിന്നും പാടവരമ്പത്തേക്കിറങ്ങി.
അവർ വന്ന വഴിയിലൂടെയും കൂടാരത്തിലേക്ക് എത്താം. അത് കുറച്ച് അധികം ചുറ്റിക്കറങ്ങണം.
" നമ്മക്ക് ഈ വഴി പോകാം, ദൂരം കമ്മിയായിരിക്കും " മുന്നേ നടന്ന് കൊണ്ട് റഹിംസാർ പറഞ്ഞു.
കൊയ്ത്ത് കഴിഞ്ഞ വിശാലമായ നെൽപ്പാടം. ചില കണ്ടങ്ങളിൽ എള്ളും, ചിലതിൽ പച്ചക്കറികളും കൃഷി ചെയ്തിരിക്കുന്നു. പശുക്കളും കിടാങ്ങളും മേയുന്ന ചിലയിടങ്ങളിൽ കൊറ്റികളെയും കാണാം.
സന്ധ്യമയങ്ങുന്നു.
രാവിൻ്റെ കവിളിൽ പകലിൻ്റെ ചുംബനം.
ഇളം കാറ്റേറ്റ് അവർ മെല്ലെ നടന്നു.
നടവരമ്പ് കടന്ന് ചെമ്മൺപാതയിലെക്ക് അവർ കയറി.
ചേക്കേറുന്ന പക്ഷിക്കൂട്ടങ്ങൾ -
സന്ധ്യാoബരത്തിൽ ഛായാചിത്രങ്ങൾ പോലെ പ്രത്യക്ഷമായി.
റഹിംസാർ വിരൽ ചൂണ്ടി,
" അതാണ് ഞാൻ പറഞ്ഞ പൊര"
പ്രകാശ് നോക്കി, മുന്നിൽ മൂന്ന് തട്ടുകളായി കിടക്കുന്ന പറമ്പ്. 
നിറയെ കായ്ഫലമുള്ള തെങ്ങുകൾ കൂട്ടത്തിൽ കവുങ്ങുകളും.
മുകൾത്തട്ടിലെ പറമ്പിൽ അയാൾ കണ്ടു, കാലപ്പഴക്കമുള്ള ഓട് മേഞ്ഞ വീട്. മുന്നിൽ മുനിഞ്ഞ് കത്തുന്ന ഫിലമെൻ്റ് ബൾബ്. ദൂരകാഴ്ചയിൽ വിശാലമായ ഒരു തെങ്ങിൻ തോപ്പിനു നടുവിൽ ഒറ്റപ്പെട്ടൊരുവീട്. 
അല്പം അകലെ മറ്റൊരു വീട്.
അവർ, അങ്ങിങ്ങായി പൊട്ടിയ കൽപ്പടവുകൾ കയറി.
ഒരോ തട്ടിൻ്റെ നിരപ്പിൽ നിന്ന്, അടുത്ത് കൊണ്ടിരുന്ന വീടും പരിസരവും 
രവി പ്രകാശ് ശ്രദ്ധിച്ചു നോക്കി. 
പറമ്പിൽ നിറയെ ഉണങ്ങി വീണ തെങ്ങോലകൾ കൂടി കിടക്കുന്നു, കവുങ്ങിൻ പാളകളും, 
ഒരു മൂലയിൽ വള്ളിപ്പടർപ്പുകൾ നിറഞ്ഞ് പലതരം മരങ്ങൾ ഇടതൂർന്ന് വളർന്ന് നിൽക്കുന്നു, കാവ് പോലെ.
ഇരുണ്ട് ശാന്തമായ അന്തരീക്ഷം നേരിയ ഭീതി ജനിപ്പിച്ചുവെങ്കിലും പ്രകാശ് അതു മായി പൊരുത്തപ്പെടാൻ ശ്രമിച്ചു.
ഇരുൾ മൂടിക്കൊണ്ടിരുന്നു.
അവർ മണ്ണുറഞ്ഞ മുറ്റത്തെത്തി നിന്നു.
വരാന്തയിൽ മങ്ങിയ വെളിച്ചത്തിൽ ഒരാൾ ഇരിക്കുന്നു.
റഹിംസാർ പരിചിതനെപ്പോല 
സംസരിച്ചു.
"പിള്ളസർ നിങ്ങള് ഒറ്റക്ക് കുത്തിയിരിക്കയാ "
ആഗതനെ തിരിച്ചറിഞ്ഞ പിള്ളസർ അകത്തേക്ക് ക്ഷണിച്ചു.
പിന്നിൽ നിന്ന രവിപ്രകാശിനെ റഹിം മുന്നിലേക്ക് നിർത്തി,  പിള്ളസാറിന് പരിചയപ്പെടുത്തി.
" ഇത് രവിപ്രകാശ്, ഓഫിസിലെ പുതിയ സ്റ്റാഫ്,ങ്ങ്ടെ രാജ്യക്കാരനാ തെക്കൻ " 
കൂടാരത്തിലെ അംഗവും സംഘടനാ നേതാവും സുഹൃത്തുമായ സുരേഷുമായി സംസാരിച്ച് അവിടെ ഒരാൾക്ക് കൂടി ഇടമുണ്ടെന്ന് അറിഞ്ഞിട്ടാണ് പ്രകാശിനെ കൂട്ടിക്കൊണ്ട് വന്നതെന്ന് റഹിം
പിള്ളസാറിനെ ധരിപ്പിച്ചു. 
" സുരേഷ് പറഞ്ഞിരുന്നു"
പിള്ളസർ മുന്നോട്ട് വന്നു. 
അല്പം കുംഭയുള്ള, നരച്ച് തുടങ്ങിയ തലമുടി ചീകിയൊതുക്കി, കാഴ്ച്ചയിൽ ദൃഢഗാത്രനായ മനുഷ്യൻ, നിരയൊത്ത പല്ലുകൾ കാട്ടി ചിരിച്ചു.
രവിക്ക് സമാധാനമായി, സന്തോഷവും.
പിള്ള സർ പ്രകാശിനെ കൈ കൊടുത്ത് സ്വീകരിച്ചു.
റഹിം തിരിച്ച് പോയി.
പിള്ള, പ്രകാശിനെ വീടിനുള്ളിലേക്ക് കൂട്ടികൊണ്ട് പോയി.
"പേര് എന്തെന്നാ പറഞ്ഞത് "
പിള്ള സാറിൻ്റെ ചോദ്യത്തിന് മറുപടിയായി
" രവിപ്രകാശ് "
പേരിനൊപ്പം നായരൊ, പിള്ളയോ അങ്ങനെ ഉണ്ടെന്നാണല്ലോ സുരേഷ് പറഞ്ഞത്.
" നായർ " രവി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
"അല്ല, അങ്ങനെ പ്രത്യേക ഉദ്ദേശ്യത്തിലൊന്നുമല്ല ഞാൻ ചോദിച്ചത് "
പിള്ള നിസ്സാരമായി ഒഴിഞ്ഞ് മാറി.
പുറത്ത് നിന്ന് കാണുന്നതിനെക്കാൾ വിശാലമായ വീട്. തടിയുടെ മച്ചിട്ട വലിയ മുറികൾ. ചെറിയ ജനാലകൾ.
" ആ മുറിയിലാണ് ഇടമുള്ളത് "
ആ വീട്ടിലെ ഏറ്റവും ചെറിയ മുറി കാണിച്ച് പിള്ള സർ പറഞ്ഞു.
സഹമുറിയൻ ദിനേശൻ, തെക്കനല്ല, അടുത്ത ജില്ലക്കാരൻ. മെഡിക്കൽ റെപ്.
സഹവാസികളിൽസർക്കാരുദ്യോഗസ്ഥ-
നല്ലാത്ത ഒരേ ഒരാൾ. അതും പിള്ള സർ വിശദമാക്കി.
ഇരുട്ട് കറുത്ത് നിറഞ്ഞു.
അന്തേവാസികൾ എത്തിതുടങ്ങി.
പല വകുപ്പ്കളിലായി ജോലി ചെയ്യുന്നവരുടെ ആവാസസ്ഥലം സജീവമായി.
പിള്ള സർ എല്ലാവരെയും പ്രകാശിനെ പരിചയപ്പെടുത്തി.
ദിനേശൻ സന്തോഷത്തോടെ തൻ്റെ സഹമുറിയനെ സ്വാഗതം ചെയ്തു.
അവസാനം എത്തിയത് അച്ചായൻ എന്ന് വിളിക്കുന്ന കോശിയാണ്. ക്രോണിക്ക് ബാച്ച്ലർ. പെണ്ണ് കാണൽ ചടങ്ങിൽ ഇഷ്ടം പറഞ്ഞ പെൺകുട്ടി മനസമ്മത ദിവസം എതിർപ്പ്  പറഞ്ഞതിൽ പിന്നെ ഒറ്റയാനായി നടക്കുന്ന കൃശഗാത്രൻ. മുറ്റത്ത് നിന്ന്, പുകച്ചിരുന്ന സിഗറ്റ് തീർത്ത്, അണച്ചിട്ടാണ് അകത്തേക്ക് കയറിയത്.പാചകക്കാരി മുത്തശ്ശി വരാത്ത ദിവസം അച്ചായനാണ് അടുക്കളക്കാരൻ.
രവിപ്രകാശ് പരിചയപ്പെട്ടു.
കൈ പിടിച്ച് അരുകിലേക്ക് വന്നപ്പോൾ മദ്യം മണത്തോ?
അടുക്കളയോട് ചേർന്ന ഊണ് മുറിയിലും വരാന്തയിലെ അരഭിത്തിയിലുമായിരുന്ന് എല്ലാവരും അത്താഴം കഴിച്ചു. ശേഷം,
നാലഞ്ച്പേർ ചീട്ട്കളിക്കാനിരിന്നു. 
രണ്ട് പേർ പത്രം വായിച്ചു.സുരേഷ് ഏതോ പുസ്തകം വായിച്ചിരുന്നു.
ദിനേശൻ പ്രകാശിനെ വിളിച്ച് പുറത്തേക്ക് വന്നൂ .കൽപ്പടവിൻ്റെ കൈവരിയിൽ ഇരുന്നു. സിഗററ്റ് കവർ പ്രകാശിന് നീട്ടി. അയാൾ നിരസിച്ചു.
"എനിക്ക് ഭക്ഷണം കഴിഞ്ഞാൽ ഒന്ന് പുകയ്ക്കണം. പിള്ള സാറിന് ഇഷ്ടമല്ല പുകയുടെ മണം,അതാ പുറത്തേക്ക് വന്നത്. വലിയ വലിക്കാരനായ അച്ചായനും വീടിനത്ത് കയറിയാൽ വലിക്കില്ല" 
ദിനേശൻ പരിചിതനേപ്പോലെ സംസാരിച്ച് തുടങ്ങി. പ്രകാശിനെ കുറിച്ച് വിശദമായി ചോദിച്ചു.വീട്, നാട്, പഠനം, കൂട്ടത്തിൽ ഉള്ളിലൊരു പെണ്ണുണ്ടോ എന്നും.
അവർ പെട്ടെന്ന് സുഹൃത്തുക്കളായി.
പല സമയങ്ങളിലായി എല്ലാവരും ഉറങ്ങാൻ കിടന്നു.
അടുത്ത ദിവസം ഞായറാഴ്ച.
അവധിയുടെ ആഘോഷ ദിവസം.
ഹെൽത്ത് ഇൻസ്പെക്ടറായ 
കോശിച്ചായൻ്റെ പചകക്കാരനായുള്ള വേഷപ്പകർച്ച, പ്രകാശ് കൗതുകത്തോടെ നോക്കി നിന്നു. ഒറ്റമുണ്ട് മാത്രമുടുത്ത് തലയിൽ തോർത്ത് കെട്ടി, ഇറച്ചിയും, കപ്പയും പാചകം ചെയ്യുന്ന തിരക്കിലാണ് അച്ചായൻ.
"വാ, അനിയാ ഒന്ന് സഹായിച്ചേ, ഇന്ന് ഉച്ചമുതൽ നമുക്ക് ആഘോഷമാണ് ,കൂടണം കേട്ടൊ "
നോക്കി നിൽക്കുന്ന പ്രകാശിനെ അച്ചായൻ ക്ഷണിച്ചു.
പ്രകാശ് സഹായിച്ചു, മറ്റുള്ളവരും 
ഒപ്പം കൂടി .
ഉച്ചയായപ്പോൾ അച്ചായൻ നിരത്തിവച്ച ഭക്ഷണം നിറച്ച പാത്രങ്ങൾക്കൊപ്പം, ചില്ല് ഗ്ലാസ്കളും വട്ടത്തിൽ വച്ചു. ഭിത്തിയല -
മാരയിൽ നിന്നെടുത്ത സ്പടിക്കുപ്പിയിൽ തലോടി മൂടി തുറന്നു.ഗ്ലാസ് കളിലേക്ക് തുല്യ അളവിൽ പകർന്നു.
" ഒപ്പം കൂടുകയല്ലെ "
പ്രകാശിനെ നോക്കി അച്ചായൻ ചോദിച്ചു.
" കൂട്ടത്തിൽ കൂടാം"
പ്രകാശിൻ്റെ മറുപടി അച്ചായന് രസിച്ചു.
ഗ്ളാസ്കളിലൊന്നിൽ കൂടുതൽ വെള്ളം ഒഴിച്ച് പിള്ള സറിന് നീട്ടി.
എല്ലാവരുടെയും ഗ്ളാസുകൾ പരസ്പരം ചുംബിച്ചു. പിന്നെയും പലരുടെയും ഗ്ളാസ്കൾ പലവട്ടം നിറഞ്ഞു. 
പിള്ള സാറിൻ്റത് ഒരിക്കൽ കൂടി മാത്രം. "രണ്ട് പെഗ്ഗ് അതാ പതിവ്, അദ്ദേഹത്തിനത് മെഡിസിനാണത്രേ!" ദിനേശൻ പ്രകാശിനോട് പതിയപ്പറഞ്ഞു.
മുഷ്ടാന്നം ഭക്ഷിച്ച എല്ലാവരും ഉച്ചമയക്കത്തിലെക്ക് വീണു.
രവി പുറത്തേക്കിറങ്ങി.
നിറഞ്ഞ് നിൽക്കുന്ന തെങ്ങോലകൾ ഉച്ചവെയിലിൻ്റെ ചൂട് അകറ്റി.
തണൽ പരന്ന കൽപ്പടവുകളിലൊന്നിൽ അയാൾ ഇരുന്നു. ഇതു വരെയുള്ള ജീവിതത്തിൽ നിന്നും തികച്ചും വെത്യസ്തമായ ഒരു പകൽ.
പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ നാളുകളുടെ തുടക്കം. വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഏറെ അകലെയെങ്കിലും ഗൃഹാതുരത്വത്തിൻ്റെ നൊമ്പരമില്ലാത്തതിൽ അയാൾ സ്വയം അതിശയിച്ചു.
മനസ്സിലൊരു പെണ്ണുണ്ടോ എന്ന ദിനേശൻ്റെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി.ഇഷ്ടം തോന്നാതിരുന്നിട്ടല്ല. പറഞ്ഞില്ല എന്നതാണ് സത്യം, പറഞ്ഞാൽ പാഴ് വാക്കാകരുത് അത് നിർബന്ധം. ഇപ്പോൾ മനസ്സിനും വാക്കിനും ഉറപ്പേറിയിരിക്കുന്നു.  
ആ പെൺമുഖം മെല്ലെ തെളിഞ്ഞുവന്നു.
താഴെ ഗേറ്റിൽ ആരോ തട്ടി വിളിക്കുന്നു.
ഒരു ഭിക്ഷാടകനാണ്.പ്രകാശ് കണ്ടു.
അയാളോട് അവിടെ നിൽക്കാൻ ആഗ്യം കാട്ടിയിട്ട് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ, പിന്നിൽ നിന്ന് പിള്ള സാറിൻ്റെ ശബ്ദം,
"ഇല്ല, ഇല്ലാ ഇവിടെ ഒന്നുമില്ല, പൊയ്ക്കോ"
പ്രകാശിനെ നോക്കി പ്രതീക്ഷയോടെ നിന്ന യാചകനോട് പിള്ള  അല്പം ദേഷ്യത്തോടെ ഉച്ചത്തിൽ 
" പോകാനല്ലേ പറഞ്ഞത് "
യാചകൻ നടന്നകന്നു.
" ഭിക്ഷക്കാർ, രോഗികൾ, വികലാംഗർ ഇവർക്കൊന്നും സഹായം ചെയ്യരുത്. അത് അവരുടെ ദുർവിധിയാണ്. ശപിക്കപ്പെട്ടർ.സഹായിച്ചാൽ ദൈവം നമ്മോട് കോപിക്കും." 
രവിപ്രകാശിനോട്  പിള്ള സാറിൻ്റെ 
ആദ്യ ഉപദേശം.
"എനിക്കതിന് കഴിയില്ല സർ, എൻ്റെ മുന്നിൽ കൈ നീട്ടുന്ന ആരെയും ഞാൻ ഉപേക്ഷിക്കാറില്ല " 
രവി പ്രകാശിൻ്റെ മറുപടിയിൽ അതൃപ്തി തോന്നിയിട്ടാവണം പിള്ള കൂടുതൽ വിശദീകരിക്കാതെ വിഷയം മാറ്റി. സംസാരം തുടർന്ന് കൊണ്ട് അവർ ഗേറ്റിനരുകിലെക്ക് നടന്നു. സംസാരത്തിനിടയിൽ, മുന്നിലെ വഴിയിലൂടെ നടന്ന് പോയ സുന്ദരിയായ യുവതിയെ അടിമുടി നോക്കുന്ന പിള്ള സാറിനെ രവി ശ്രദ്ധിച്ചു. കണ്ടോളൂ എന്ന മട്ടിൽ പിള്ള രവിയോട് കണ്ണ് കൊണ്ട് 
ആഗ്യം കാട്ടി. അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ഒരു നയന സുഖത്തിൻ്റെ സംതൃപ്തിയോടെ പിളള രവിയെ നോക്കി
"ആ വീട്ടിലെ സ്ത്രീയാണ് നമ്മുടെ അയൽക്കാരിയെന്ന് പറയാം, ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയാണ്, കണ്ടാൽ പറയുമോ "
ഇല്ല എന്നർഥത്തിൽ രവി തലയാട്ടി.
" രവി, സ്ത്രീ സാമുദ്രിക ശാസ്ത്രം വായിച്ചിട്ടുണ്ടോ " പിള്ള സാറിൻ്റെ അടുത്ത ഉപദേശം
" കേട്ടിട്ടുണ്ട് " രവിയുടെ മറുപടിയിൽ തൃപ്തനാകാതെ,
" അതു പോരാ വായിക്കണം, പഠിച്ചാൽ ഏത് സ്ത്രീയും ഏത് ഗണത്തിൽപ്പെടു-
മെന്ന് നമുക്ക് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം" 
പിള്ള സർ വിശദികരിച്ചു.
" അതു കൊണ്ടെന്ത് നേട്ടം" 
രവി മനസിൽ പറഞ്ഞു, പുറമേ ഒരു മൂളലോടെ സമ്മതിച്ചു.
ഇദ്ദേഹം ഒരു വിചിത്രമനുഷ്യനാണെന്ന് പിറകെ മനസ്സിലാകുമെന്ന് ദിനേശൻ പറഞ്ഞത് വെറുതെയല്ല!
അടിത്തൂൺ പറ്റാൻ ഒരു വർഷം മാത്രം അവശേഷിക്കുന്ന, വാർദ്ധക്യം ആവേശിച്ചു തുടങ്ങിയ ഒരു പുരുഷൻ്റെ നീരിളക്കമായി കണ്ട് രവി ,പിള്ളസാറിനെ നോക്കി മന്ദഹസിച്ചു, അതിലെ പരിഹാസം ഗ്രഹിക്കാതെ പിള്ള അയൽക്കാരിയുടെ അംഗപ്രത്യഗ-
വർണ്ണന തുടർന്നു, രവിയിലെ തീഷ്ണയൗവ്വനത്തെ അത് ചെറുതായെങ്കിലും ത്രസിപ്പിച്ചു, അയാൾ ആസ്വദിച്ചു.
പകലോൻ പടിയിറങ്ങിയ 
ആ വൈകുന്നേരം,കൂടാരത്തിലെ അന്തേവാസികൾ ഒറ്റക്കും കൂട്ടായും പുറത്തേക്ക് പോയി.
പിള്ള സർ വെറുതെ നടക്കാനിറങ്ങി. അയലത്തെ വീടിന് മുന്നിലൂടെ! പട്ടണത്തിലേക്ക് പോയ രവിയും ദിനേശനും സിനിമ കണ്ടിറങ്ങി നടക്കുമ്പോഴാണ് അയാൾ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, കൂടെ ഒരു സ്ത്രീയും മുറുക്കി ചുവപ്പിച്ച് തലയിൽ പൂവ് ചൂടിയവൾ.ദിനേശൻ അവരുമായി 
അല്പം അകലേക്ക്മാറിനിന്നു,
സംസാരത്തിനിടയിൽ സ്ത്രീ, ദിനേശൻ്റെ കവിളത്ത് നുള്ളുന്നത് രവി ശ്രദ്ധിച്ചു. അവരെ ഒഴിവാക്കി ദിനേശൻ 
തിരികെ വന്നു,
"അത് ബഷീർക്ക ഒരു പരോപകാരിയാണ്, അത്യാവശ്യം വന്നാൽ പറഞ്ഞാൽ മതി, ഏത്..." 
ദിനേശൻ രവിയെ നോക്കി ഗൂഢമായി ചിരിച്ചു. 
അവർ കൂടാരത്തിലെക്കുള്ള വഴിയെ നടന്നു. ഗേറ്റ് കടന്ന രവി തിരിഞ്ഞ് നോക്കുമ്പോൾ ദിനേശൻ അപ്രത്യക്ഷനായിരിക്കുന്നു. 
ഒന്നും മിണ്ടാതെ ! 
അല്പനേരം കാത്തു നിന്ന രവി കൂടാരത്തിലെത്തി പിള്ള സാറിനോട് വിവരം പറഞ്ഞു. 
അദ്ദേഹം അർഥഗർഭമായി ചിരിച്ചു. 
''അവനിങ്ങ് വരും രവി സമാധാനിക്ക് "
രവിക്ക് ഒന്നും മനസ്സിലായില്ല. അയാളുടെ ആകാംഷയ്ക്ക് വിരാമമിട്ടു കൊണ്ട് അല്പസമയത്തിനു ശേഷം ദിനേശൻ പ്രത്യക്ഷപ്പെട്ടു. ഒരു കള്ളച്ചിരിയോടെ മുറിക്കുള്ളിലേക്ക് കയറിപ്പോയി. 
രവി, പിള്ളസാറിനെ സന്ദേഹത്തോടെ നോക്കി.
" അവൻ തന്നെ രവിയോട് പറയും, രക്തം തണുക്കുമ്പോൾ "
പിള്ളയുടെ വാക്കുകൾ രവിയുടെ ആകാംഷ കൂട്ടി.
രാത്രിയിൽ അത്താഴം കഴിച്ച് പുറത്ത് പുകവലിച്ചിരിക്കുമ്പോൾ ദിനേശൻ രവിയുടെ ഉത്കണ്ഠ തീർത്ത് കൊടുത്തു.
അയലത്തെ ചേച്ചിയുടെ കുളിസീൻ കണ്ട ദിനേശൻ്റെ വിവരണം കേട്ട് രവി തരിച്ചിരുന്നു പോയി.
പഴയ കാല വീടുകൾക്ക് പുറത്താണ് ഓട് മേഞ്ഞ കുളിപ്പുര. രാത്രിയിൽ കുളിക്കുന്ന ചേച്ചി അറിയുന്നില്ല, എത്തിവലിഞ്ഞ് രണ്ട് കണ്ണുകളുടെ ഒളിഞ്ഞ് നോട്ടം.
രവി അതിശയത്തോടെ ദിനേശനെ നോക്കി മൗനമായി ഇരുന്നു. ഉച്ചക്ക് കണ്ട അയൽക്കാരിയുടെ മോഹനരുപം അയാളുടെ മനസ്സിൽ തെളിഞ്ഞു.
"സുഹൃത്തിൻ്റെ മനസ്സിലിപ്പോഴെ -
ന്താണെന്ന് എനിക്കറിയാം" 
ദിനേശൻ്റെ ശബ്ദം കേട്ട് രവി ബോധത്തിലേക്ക് വന്നു.
" ഈ അണിഞ്ഞൊരുങ്ങി പോകുമ്പോഴുള്ള സൗന്ദര്യം, കുളിമുറിയിൽ കണ്ടാൽ ഞെട്ടും,എല്ലാം വെച്ച് കെട്ടാണന്നെ, നീണ്ട തലമുടിയും, പിന്നെ എനിക്കിതൊരു നേരം പോക്ക് "
ദിനേശൻ്റെ നിരാശ കലർന്ന വാക്കുകൾ കേട്ട് രവി അറിയാതെ ചിരിച്ചു, എങ്കിലും ഇരുട്ടത്ത് ദിനേശൻ്റെ സാഹസത്തെ 
രവി നമിച്ചു!
അവർ മുറിയിലേക്ക് പോയി.
ദിനേശൻ ഉറങ്ങാൻ കിടന്നു.
രവി കത്ത് എഴുതാനിരുന്നു.
വീട് വിട്ട് വന്നിട്ട് ആദ്യത്തെ കത്ത്.
ഓഫിസിലെ ആദ്യ ദിനം, മോഹസാഫല്യത്തിൻ്റെ സുന്ദര നിമിഷങ്ങൾ, ഹാജർ പുസ്തകത്തിൽ ഒപ്പ് വച്ച് പേന മടക്കിയപ്പോൾ അനുഭവിച്ച ആനന്ദം, നിർവൃതി ആ വികാരം കത്തിലെഴുതാൻ കഴിയില്ലല്ലോ? 
ഓഫിസ്, താമസം, ഭക്ഷണം, സഹപ്രവർത്തകർ, സഹവാസികൾ എല്ലാവരെക്കുറിച്ചും വിശദമാക്കി, സുഖം, സന്തോഷം എന്നെഴുതി അവസാനിപ്പിച്ചു. 
അടുത്ത ദിവസം തിങ്കളാഴ്ച.
ഓഫിസിലെ ഏകസ്ത്രീ സാന്നിദ്ധ്യം, അനുരാധ, രവിയുടെ ഇരിപ്പിടം അവർക്ക് വലത് വശമാണ്.രണ്ടാമത്തെ പ്രസവാവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ചിട്ട് മൂന്ന് മാസം കഴിയുന്നു.
ശിപായി കൃഷ്ണൻ്റെ അഭിപ്രായത്തിൽ, പോയതിനേക്കാൾ സുന്ദരിയായിട്ടാണ് അനുരാധ തിരിച്ച് വന്നിരിക്കുന്നത്. ഉടയാത്ത ഉടലും പ്രേമം നിറച്ച മനസുമായി.അപരിചിതത്വത്തിൻ്റെ മൗനം ആദ്യം ഭേദിച്ചത് അനുരാധ തന്നെയാണ്. സഹപ്രവർത്തകൻ എന്ന സമ്പൂർണ്ണ പരിഗണയിൽ രവി പ്രകാശിനോട് വിശദമായി സംസാരിച്ചു. അത് ശ്രദ്ധിച്ച കൃഷ്ണൻ്റെ കള്ളച്ചിരിയുടെ അർഥം പിന്നീട് അയാൾ തന്നെ പറഞ്ഞപ്പോഴാണ് രവിക്ക് മനസ്സിലായത്.
ഉച്ചയൂണ് സമയത്ത് കൃഷണൻ രഹസ്യമായിട്ടാണത് പറഞ്ഞത്,
"നാളെ രാവിലെ അനുരാധ സാറ് വരുമ്പോൾ രവി സാറിന് മിഠായി തരും തന്നാൽ ഉറപ്പിച്ചോ അത് സാറിനുള്ള പച്ചക്കൊടിയാണ്"
കൃഷ്ണൻ്റെ പ്രവചനം തെറ്റിയില്ല, അനുരാധ വന്നൂ രവിക്ക് മിഠായി നീട്ടി. അയാൾ സ്വീകരിച്ചു. കൃഷ്ണൻ വീണ്ടും കള്ളച്ചിരി ചിരിച്ചു. അനുരാധ സാധാരണ പോലെജോലിആരംഭിച്ചു.രവിശ്രദ്ധിച്ചു,
ഇടക്ക് മിഠായി നുണയുന്നത് അനുരാധയുടെ ശീലമാണ്. അടുത്ത ദിവസവും അനുരാധ, രവിക്ക് മിഠായി നീട്ടി, അയാൾ വാങ്ങി, വീണ്ടും ഒരെണ്ണം കൂടി,രവി ചിരിയോടെ അതും സ്വീകരിച്ചു, അവരുടെ വിരലുകൾ പരസ്പരം സ്പർശിച്ചു.അനുരാധയുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരിയിൽ വശ്യത നിറഞ്ഞിരുന്നുവോ? രവിക്ക് തോന്നി. രവിയുടെ മാദക സ്വപ്നങ്ങളിൽ ഒരു സ്ത്രീ മുഖം കൂടി.
ആഴ്ചകൾ കടന്ന് പോയി.
മോഹിച്ച് കിട്ടിയ ജോലി, ഓഫീസിലും താമസസ്ഥലത്തുംഎല്ലാവരുമായി രവി അനുരഞ്ജനത്തിലും 
സൗഹൃദത്തിലുമായി.അനുരാധയുടെ കൈകൾ മിഠായിയുമായി രവി പ്രകാശിന് നേരെ നീണ്ടു കൊണ്ടിരുന്നു. 
അവളുടെ വിരൽ സ്വർശനത്തിനുമപ്പുറം മോഹിക്കുവാൻ രവി ധൈര്യം സംഭരിച്ചു കൊണ്ടിരുന്നു.
ദിനേശൻ ആത്മസുഹൃത്തായി.
അന്നൊരു രണ്ടാം ശനിയാഴ്‌ചയായിരുന്നു.
കൂടാരത്തിൽ രവിയും ദിനേശനും മാത്രം.
മറ്റുള്ളവർ വീടുകളിൽ പോയ അവധിദിവസം.
ദിനേശന് പ്രവർത്തി ദിവസമായിരുന്നു. സന്ധ്യക്ക് ദിനേശൻ എത്തിയത് അതീവ സന്തോഷത്തോടെയായിരുന്നു. കൈയ്യിൽ ഒരു കടലാസ് പൊതിയുമുണ്ടായിരുന്നു. 
കാരണം തിരക്കിയ രവിയോട് അയാൾ ഒരു മുഖവുരയോടെ പറഞ്ഞു
"ഞാൻ പറയാൻ പോകുന്നത് ആദ്യം കേൾക്കുക, എന്നിട്ട് സമ്മതമാണെങ്കിൽ  സഹകരിക്കാം, അല്ലെങ്കിലും സഹകരിക്കാം മൗനം പാലിച്ച് കൊണ്ട്, പറയട്ടെ "
ചിലകാര്യങ്ങളിൽ ആകാംഷ സൃഷ്ടിക്കുക ദിനേശൻ്റ ശീലമാണ്,
''നീ പറയ്" രവി അനുവദിച്ചു.
" ഇന്ന് രാത്രിയിൽ ഇവിടെ ഒരു പെൺകുട്ടി വരും, അല്ല കൊണ്ടുവരും. ആദ്യമായിട്ടാണവൾ... അവളെ കൊണ്ട് വരുന്ന ആൾക്ക് നിർബന്ധം, ഞാനായിട്ട് തുടങ്ങി വയ്ക്കണമെന്ന് "
രവി ശാന്തനായിരുന്നു.
ആരുമില്ലാത്ത ചില അവധി ദിവസങ്ങളിൽ ദിനേശന് ഇങ്ങനെയൊരു ചുറ്റിക്കളിയുണ്ടെന്ന് അറിഞ്ഞിരുന്നു.
ഇപ്പോഴിത് കന്യകയായ ഒരു പെൺകുട്ടി!
"എന്താ നീ ആലോചിക്കുന്നത്, സഹകരിക്കാൻ താല്പര്യമെങ്കിൽ ആദ്യ അവസരം നിനക്ക്, എനിക്ക് സമ്മതം"
ദിനേശൻ വളരെ ലാഘവത്തോടെ പറഞ്ഞത് ഒരു പെൺകുട്ടിയെ വഴി തെറ്റിക്കുന്ന കാര്യമാണ്.
" ഇല്ല, ഒരു പെൺകുട്ടിയുടെ ദുർനടപ്പിലേക്കുള്ള വഴിയിൽ ഒരിക്കലും നിമിത്തമാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട് "
രവി സംശയാതീതമായി പറഞ്ഞു,
" വേണ്ട, നല്ല തീരുമാനം, അല്ല നീ ഇപ്പോഴും ഒരു വെർജിൻ യൂത്ത്?' " ദിനേശൻ്റെ പരിഹാസച്ചുവയുള്ള ചോദ്യത്തിന് മൗനമായിരുന്നു രവിയുടെ മറുപടി.
ദീർഘനിശ്വാസത്തിൽമുങ്ങിയമൗനം.
നവയൗവ്വനത്തിൻ്റെ ത്രസിപ്പിക്കുന്ന നാളുകളിൽ, ആദ്യ സമാഗമത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഒരു ഇരുപത്തിഒന്ന്കാരൻ്റെ ഭോഗതൃഷ്ണക്ക് മേൽ ഭയം നേടിയ വിജയമായിരുന്നു. തന്നെക്കാൾ പത്ത് പന്ത്രണ്ട് വയസ്കൂടുതലുള്ള വീട്ടമ്മയുടെ പുഞ്ചിരിയിലും,കൺമുനകളിലും,
ഉന്മാദം നിറഞ്ഞ് നിന്നത് കണ്ടിട്ടും, സ്വയം സംശയിച്ചു. ചിരപരിചിതയായ, ഒട്ടും പ്രതീക്ഷിക്കാത്ത പക്ഷത്ത് നിന്നും ഇങ്ങനെ! 
വീണ്കിട്ടിയ അവസരങ്ങളിലൊന്നും കാമിനിയുടെ അറപ്പുര വാതിലിൽ മുട്ടാനോ, ഇരുട്ടിൻ്റ മറവിലേക്ക് ക്ഷണിക്കാനോ അവൻ്റെ അധൈര്യം അനുവദിച്ചില്ല, അതോ അഭിമാനബോധമോ?
പിഴച്ച് പോയത് തൻ്റെ ചിന്തകൾ മാത്രമാണെങ്കിലോ? 
ഇന്നിപ്പോൾ ഉള്ളിൽ മദം കൊണ്ട 
മോഹാവേശത്തിനു മേൽ മനസാക്ഷിയുടെ കടിഞ്ഞാൺ.
കുളി കഴിഞ്ഞ് വന്ന ദിനേശൻ, കടലാസ് പൊതി അഴിച്ചെടുത്ത് പൂവൻപഴവും, ആപ്പിളും തൻ്റെ മുറിയിലെ ചെറിയ മേശപ്പുറത്ത് നിരത്തി വച്ചു.
" ഒരു ഗ്ലാസ് പാൽ കൂടി വച്ചിരുന്നെങ്കിൽ എല്ലാം പൂർത്തിയാകുമായിരുന്നു "
രവിയുടെ പരിഹാസം നിറഞ്ഞ പ്രതികരണം കേട്ട ദിനേശൻ  ഗൗരവഭാവത്തിൽ പറഞ്ഞു,
"അവൾ ആദ്യമായിട്ടല്ലെ അല്പം സന്തോഷിക്കട്ടെ എന്ന് കരുതിയിട്ടാ ഇത് "
"എന്ത് സന്തോഷിക്കാൻ. ഈ വഴിയിലേക്ക്, ഒരു പെൺകുട്ടിയും സമ്മതത്തോടെയാവില്ല വരുന്നത്, ഭീഷണിയുടെ സ്വരത്തിലുള്ള പ്രലോഭനം, പിന്നെ സാഹചര്യങ്ങളുടെ സമ്മർദ്ദം, അവർ പെട്ടുപോകുന്നതാണ് "
രവിയുടെ വാദം ദിനേശ് അംഗീകരിച്ചു.
" ആവാം, പിള്ള സർ പറയുന്നത് പോലെ അതവളുടെ ദുർവിധി, ഞാനൊഴിഞ്ഞാൽ മറ്റൊരാൾ "
"അതുകൊണ്ട്?, നീ തന്നെ അതിന് നിമിത്തമാകണോ, ആ ശാപം നിൻ്റെ മേൽ വീഴണോ "
രവിയുടെ വാക്കുകളിലെ ദുസൂചന ഇഷ്ടപ്പെടാത്ത ദിനേശൻ്റെ പ്രതികരണം രവിയെ വീണ്ടും നിശബ്ദനാക്കി.
"നീ എൻ്റെ മൂഡ് കളയരുതെ, പോയിക്കിടന്നുറങ്ങ് "
ദിനേശൻ്റെ വിജ്റുoഭിതമായ ആകാംഷ അവസാനിപ്പിച്ചു കൊണ്ട് താഴെ ഗേറ്റിനരുകിൽ ടോർച്ച് തെളിഞ്ഞു.
ദിനേശൻ മുറ്റത്തേക്കിറങ്ങി.
നറുനിലാവ് പെയ്തിറങ്ങിയ രാത്രി .
നക്ഷത്രങ്ങൾ വാരി വിതറിയ ആകാശം.
രവി വരാന്തയിലെ കൽതൂണിന -
രുകിലായി നിന്നു. മൂകസാക്ഷിയായി.
മുന്നേ നടക്കുന്ന പുരുഷനു പിന്നിലായി അവൾ കൽപ്പടവുകൾ കയറി വന്നു.
പാവാടയും,ബ്ലൗസും,ദാവണിയുമണിഞ്ഞ
അനാഘ്രാതയായ നാടൻ പെണ്ണ്.
രാത്രിയുടെ നിശബ്ദതയിൽ അവളുടെ വെള്ളിക്കൊലുസിലെ മണിമുത്തുകളുടെ തേങ്ങൽ!
നിലാവെളിച്ചത്തിൽ വിളങ്ങുന്ന മുഖം. ഇരുവശങ്ങളിലായി ഇഴപിന്നികെട്ടിയ മുടിയിൽ,കൊരുത്തമുല്ലപ്പൂക്കൾ.
ദേവാംഗനയെപ്പോലെ നടന്നടുത്ത പെൺകുട്ടിയെ, കണ്ണിമവെട്ടാതെ ദിനേശൻ നോക്കി നിന്നു. 
മുറ്റത്തെ ബൾബിൻ്റെ വെളിച്ചത്തിലേക്ക് അവർ വന്ന് നിന്നപ്പോൾ കൂടെ വന്ന പുരുഷനെ രവി തിരിച്ചറിഞ്ഞു, 
ബഷീർ ! 
ദിനേശൻ പറഞ്ഞ പരോപകാരി.
"ഞാൻ പോയിട്ട് വരാംമോളെ " 
സൗമ്യ ശബ്ദത്തിൽ ഒളിപ്പിച്ച ക്രൗര്യം ബഷീർ തിരികെ പോകുമ്പോൾ പെൺകുട്ടിയുടെ നേർക്കുള്ള നോട്ടത്തിൽ തെളിഞ്ഞു കണ്ടു.
നിശബ്ദമായ ശാസന പോലെ.
പരൽമീൻ പിടക്കുന്ന അവളുടെ മനോഹരമായ കണ്ണുകളിലേക്ക് ദിനേശൻ നോക്കി. 
ഭീതിനിഴലിച്ച മുഖം താഴ്ത്തി അവൾ നിന്നു.ദിനേശൻ പെൺകുട്ടിയെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. 
തന്നെ കടന്ന് പോയ പെൺകുട്ടിയുടെ കരിമഷികലങ്ങിയ കണ്ണുകൾ രവിയുടെ മനസ്സിൽ തൊട്ടു.
ഇത്രയും ശാലീന സുന്ദരിയായ ഒരു പെൺകുട്ടിയെ ഇങ്ങനെ ദുഷിച്ച ഒരു സാഹചര്യത്തിൽ, രവിക്ക് വിശ്വസിക്കാനായില്ല. 
ഇവളെ രക്ഷിക്കാൻ ആരുമുണ്ടായില്ല! 
രവി വല്ലാതെ പരിതപിച്ചു.
രവിക്ക് ദിനേശനോട് ആദ്യമായി 
വിദ്വേഷം തോന്നിയ നിമിഷങ്ങൾ.
ദിനേശൻ മുറിയുടെ കതകടച്ചു.
രവിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
അയാൾ മുറ്റത്തിറങ്ങി നടന്നു.
പേടിച്ച മാൻപേടയെപ്പോലെ അകത്തേക്ക് പോയ ആ പെൺകുട്ടി വിലപിടിച്ച ഒരു ഭോഗവസ്തുവായി 
എത്ര പേർക്ക് മുന്നിൽ ഇനി കാഴ്ചവെയ്ക്കപ്പെടും. അതിൽ എത്ര വിടന്മാർ, എത്ര വൈകൃതം ബാധിച്ചവർ !
നോവുള്ളചിന്തകൾ രവിയുടെ മനസ്സിൽ അസ്വസ്ഥയുടെ ഭാരം നിറച്ചു.
രവി കിടന്നില്ല. അതിന് കഴിഞ്ഞില്ല!
വരാന്തയിലെ കസേരയിൽ അലസമായി ഇരുന്നു. എപ്പോഴോ മയങ്ങി.
ആരൊ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്.
മുന്നിൽ ദിനേശൻ ഒപ്പം ചേർന്ന് 
ആ പെൺകുട്ടിയും. 
അവളുടെ തെളിഞ്ഞ് വിടർന്ന മുഖം. ഉടയാത്ത വസ്ത്രം, ഉലയാത്ത മുടി, വാടാത്ത പൂക്കൾ!
" ഇത് പൂർണ്ണിമ, ഞാനിവളെ കൊണ്ട് പോകുകയാണ്, എൻ്റെ ജീവിത സഖിയായി. നാളെ ഇവൾക്ക് ഞാൻ താലിചാർത്തും."
രവി അത്ഭുതാദരവോടെ ദിനേശനെ ചേർത്ത് പിടിച്ചു.
" ബഷീർ തിരികെ വരും മുമ്പ് ഞങ്ങൾക്ക് പോകണം. രണ്ടാനമ്മയാണ് ഇവളെ അണിയിച്ചൊരുക്കി, ഭീഷണിപ്പെടുത്തി അയാൾക്കൊപ്പം വിട്ടത്, മദ്യപനായ അച്ഛൻ്റെ അറിവോടെ."
അവർ കൈകൾ കോർത്ത് പിടിച്ച് മുറ്റത്തേക്കിറങ്ങി ,ഒപ്പം രവിയും. 
ദിനേശനും പൂർണ്ണിമയും മുറ്റം കടന്ന് നടന്നു.
അവളുടെ വെള്ളിക്കൊലുസുകൾ പൊട്ടിച്ചിരിച്ചു! 
കള്ളനെപ്പോലെ കടന്ന് വന്ന കാറ്റിന് കള്ളിപ്പാലകൾ പൂത്ത സുഗന്ധം, താഴെ പറമ്പിലെ കാവിൽ നിന്നാകണം.
ദിനേശനും പൂർണ്ണിമയും പടവുകൾ ഇറങ്ങി നിറനിലാവിലലിഞ്ഞു! 
രവിയും നക്ഷത്രങ്ങളും നോക്കി നിന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക