പഴയൊരു പൂക്കുടയിൽ പൂക്കളുമായ് ഓർമ്മയുടെ ചാരത്തണഞ്ഞു പൊന്നോണം വീണ്ടും വീണ്ടും,
ഒരുമയും സ്നേഹവും മനുഷ്യമനസ്സുകളിൽ വറ്റിയനാളുകൾ ഇന്നേറെയും ആഘോഷങ്ങൾ പെരുമ്പറയായ് ആടിത്തിമർക്കവേ,
ഓരോ മനസ്സും പാടുന്ന ഓണപ്പാട്ടിൻ ഈരടികൾ കേൾക്കുന്ന മാത്രയിൽ ആർത്തിരമ്പി എത്തുന്നു ഓർമ്മകളായ് മാവേലിയും വാമനനും,
വീണ്ടുമിതാവന്നെത്തിയിരിക്കുന്നു ഈ ഭൂലോക സാമ്രാജ്യത്തൽ പൂവും പൂക്കളും ഓണവും ഐതിഹ്യവും,
തൊടികൾ തോറും പുഞ്ചിരിയുമായ് നിറയുന്ന മുക്കുറ്റിയും തുമ്പയും സൗന്ദര്യത്തിൻ നിറപ്പകിട്ടായ്പൊന്നോണ വേളയിൽ തിളങ്ങവേ,
ഓണനിലാവിലെ നിലാകാശ പരപ്പിൽ മിന്നുന്ന നക്ഷത്രങ്ങൾ പൂക്കളെപ്പോലെ ചിരിതൂകവേ,
ഓർമ്മകളിൽ നിറയുന്ന നെൽപ്പത്തായങ്ങളും നിറനാഴിയും ആടുവാനായ് ആവണി പൊന്നൂഞ്ഞാലും, കോടിയും, സദ്യയും കളികളും എന്നെന്നും ദേശീയ ഉത്സവവുമായ് കേരളക്കരയിൽ നിറയട്ടെ.