മകരക്കുളിർ വീണ നാട്ടിൽ
ഇളം മഞ്ഞിൽ
മാമ്പൂ മണക്കുന്ന വീട്ടിൽ
മാവേലിയെന്ന മനുഷ്യ
സ്നേഹിക്കൊരു
മൺ സ്വർഗ്ഗമുണ്ടായിരുന്നു.
മലയാളപ്പെരുമയിൽ
മനുഷ്യാഭിലാഷങ്ങൾ
ഇതളിതളായി വിരിഞ്ഞു
അപരന്റെ വേദനയ്‌ക്കൊരു
നുള്ള് സാന്ത്വന-
മവിടെ നിറം ചൂടി നിന്നു !
അടിമകളില്ലാത്ത-
യവിടുത്തെ രാജാവ്
യജമാനനായിരുന്നില്ല,
പ്രജകളിൽ ഒരുവനായ്
സ്വയമറിഞ്ഞവരുടെ
പ്രിയ സഖാവായി നിന്നു !
ജന മനസ്സാനന്ദ നടന
ത്തിൽ ആ നാട്
പറുദീസ പോലായിരുന്നു.
മതമില്ല വെറിയില്ല
മനുഷ്യനും മനുഷ്യനും
ഒരുപോലെ തോൾ ചേർന്ന് നിന്നു !
ചതിയില്ല പൊളിയില്ല
ചെറുനാഴി യളവില്ല
കൊടി വച്ച കാറുകളില്ലാ.
ഒരുമിച്ചു നിന്നവർ
വിഭവങ്ങൾ കൊയ്തെടു -
ത്തൊരു പോലെ ജീവിച്ചു പൊന്നു..
എവിടെയും മനുഷ്യനെ
ചെറുതായി യെണ്ണുന്ന
യജമാന വർഗ്ഗപ്പുളപ്പിൽ
ഇവനാര് ? നമ്മൾക്ക്
കഴിയാത്ത കാര്യങ്ങൾ -
ക്കിവനെ യിനി മേലിൽ വേണ്ട.
തിരുമേനിമാരുടെ
തിരുസഭ ചേർന്നിടം
തൃപ്പൂണിത്തുറയായി മാറി.
അത്തമാണിന്ന്
തുടർന്നുള്ള പത്തുനാൾ
അവനെ പടിയിറക്കേണം.
മാവേലിയെ ത്തൊട്ടാൽ
മാനവർ കരയാതെ
ദൈവത്തെ ഇടയിൽ നിറുത്താം.
തൃക്കാക്കരയിലെ
അപ്പനായ് ക്ഷേത്രത്തിൽ
പുത്തൻ പ്രതിഷ്ഠ നടത്താം.
കൊട്ടാരക്കെട്ടിന്റെ
ചുറ്റു ഗ്രാമങ്ങളിൽ
മൊത്തം പടയണി വേണം.
നാലുപാടും നിന്നൊ
രാക്രമണം അതിൽ
നാട് പിടിച്ചെടുക്കേണം
വില്ലാളി വീരന്മാർ
അമ്പ് തൊടുക്കുന്ന -
തമ്പുനാട്ടിൽ നിന്ന് വേണം.
കരിവീരന്മാരുടെ
വിന്യാസ മേഖല
കരിമുകൾ എന്നറിയേണം.
മുണ്ടനാം വാമനൻ
വന്നതാൽ ആ നാട്
മുണ്ടനാടെന്നറിയേണം.
ദേവന്റെ കാൽ വച്ചിട -
ത്തിനെ ഭക്തിയാൽ
തേവയ്ക്കൽ എന്നും വിളിക്കാം
പത്തുദിനം കൊണ്ട്
പദ്ധതി പൂര്ത്തിയായ്
യൂദ്ധം തുടങ്ങുവാനെത്തി
കരണമുണ്ടത്
നിന്റെ ഭരണത്തിൽ
നാണം കെടുന്നവർ ഞങ്ങൾ
സത്യവും നീതിയും
കൊണ്ടൊരു നാടിനെ
സ്വർഗ്ഗമായ് മാറ്റി നീ പക്ഷെ,
ഒട്ടും പൊറുക്കുവാ -
നാകില്ല ഞങ്ങൾക്ക്
രക്‌തപ്പുഴയൊഴുക്കേണം
ഞെട്ടിത്തരിച്ചൂ മഹാബലി
ഇല്ലഞാൻ
രക്തച്ചൊരിച്ചിലിന്നില്ല
നിത്യ നരകങ്ങൾ
തീർക്കുമധികാര
രത്നകിരീടങ്ങൾ വേണ്ട..
എന്റെയീ നാട്ടിലെ
പിഞ്ചുബാല്യത്തിന്റെ
പുഞ്ചിരിപ്പൂവിതൾ ചോപ്പിൽ
എന്നും പ്രഭാതത്തുടി -
പ്പുകൾ ചാലിച്ചീ
മണ്ണിനേ ധന്യമാക്കേണം.
ആയതിനായി ഞാൻ
കയ്യൊഴിയുന്നതീ
രാജ സുഖത്തിന്റെ മായ
ചോരപ്പുഴകളൊഴുക്കാതെ
യെൻ പ്രജാ
പാലനം വിട്ടൊഴിയുന്നു.
കീഴടങ്ങുന്നു ഞാൻ
നിങ്ങൾ പഠിപ്പിച്ച
വാമന പാഴ് കഥ പാടാം.
പാവം ജനങ്ങളറിയാതെ
എന്റെയീ
ജീവനെടുത്തു കൊള്ളേണം..
ജീവനെടുക്കുകയില്ല
നീ ദൂരത്തോ
രേകാന്ത വാസ തടവിൽ
പാതാളമെന്ന സ്ഥലത്ത്
നരകിച്ച്
പീഡനം പേറി മരിക്കും. .
നീതിമാന്മാരെ
കുരിശിച്ച മാനവ
നീതിശാസ്ത്രങ്ങളിൽ ഒന്നായ്
വാമന വിഷ്ണു
പുരാണങ്ങളിൽ ഒരു
വേദനയാണീ ദുരന്തം.
ആരും ചോദിച്ചില്ല
മാവേലി ചെയ്തൊരു
പാതകം എന്തെന്ന് പോലും
മേധാവികൾ ചൊന്ന
ദൈവം പിണങ്ങിയാൽ ?
പാവം ജനങ്ങൾ ഭയന്നു.
ഓരോ വസന്തത്തിലും
വന്നു പോകുവാൻ
കാരുണ്യം നേടിയാ ശുദ്ധൻ
ഓണം ഗതകാല
സൗഭാഗ്യ ദൂതുമായ്
നീതിമാൻ വന്നു പോകുന്നു
…………………………..,
സൂചിക:
തൃക്കാക്കര കേന്ദ്രമാക്കി സദ്ഭരണം കാഴ്ചവച്ച ഒരു മനുഷ്യസ്നേഹി ആയിരുന്നിരിക്കണം മഹാബലി. അമ്പുനാട്കരിമുകൾ മുണ്ടനാട് തേവയ്ക്കൽ മുതലായ പ്രദേശങ്ങൾ തൃക്കാക്കരയ്ക്കു ചുറ്റുമായി സ്ഥിതി ചെയ്യുന്നു. ഇവിടങ്ങളിലെ സൈനിക വിന്യാസം കൊണ്ട് തൃക്കാക്കരയെ വളഞ്ഞ് കീഴ്‌പ്പെടുത്തി ഭരണംപിടിച്ചെടുക്കാനായിരുന്നു ഗൂഢാലോചന. സവർണ്ണ മേധാവികളുടെ ചതിക്കുഴിയിൽ അകപ്പെടുമ്പോൾ തന്റെപ്രജകളുടെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ മഹാബലി ചെങ്കോലും കിരീടവും വച്ചൊഴിഞ്ഞിരിക്കാം . നിരുപാധികമായ ഈ കീഴടങ്ങലിനെയാവാം പാതാള ( പാതാളം എറണാകുളം വടക്കൻ പറവൂർ റോഡ്സൈഡിലുള്ള ഒരു കുഗ്രാമം. ) ത്തിലേക്കു ചവിട്ടി താഴ്ത്തിയതായി കഥയുണ്ടാക്കിയത്. കഥയിൽചോദ്യമുണ്ടാവില്ല എന്ന് കരുതിയ മേധാവികൾക്ക് തെറ്റി. വാമനാവതാരത്തിനു ശേഷം യുഗങ്ങൾ കഴിഞ്ഞാണ്'അമ്മ രേണുകയെ വെട്ടിക്കൊന്ന മഴുവുമായി പരശുരാമൻ വരുന്നത്. ആ പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയകേരളത്തിലാണ് മഹാബലി വാമനനാൽ ചവിട്ടി താഴ്ത്തപ്പെട്ടത് എന്ന് പണ്ഡിതർ പറയുമ്പോൾ ആ കാലഗണനയുക്തിക്കും ഭക്തിക്കും നിരക്കുന്നതാവുന്നില്ല.
കടപ്പാടുകൾ: ബഹുമാന്യരായ
1 : പ്രൊഫസർ പി. മീരാക്കുട്ടി
( ചരിത്രാന്വേഷകൻ )
2 : വി.വി.കെ. വലത്ത്
( സ്ഥലനാമ ചരിത്ര ഗവേഷകൻ )