രജനികാന്ത് നായകനായി എത്തിയ ചിത്രമാണ് ‘കൂലി’. ലോകേഷ് കനകരാജാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 11 മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.
ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പോടെയായിരുന്നു എത്തിയത്. ഇരുപത്തിയൊന്ന് ദിവസത്തെ പ്രദർശനത്തിന് ശേഷം 282 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. രജനീകാന്തിന് പുറമെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ എത്തിയത്.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവ്വഹിച്ചത്. സ്റ്റാൻഡ് എലോൺ ചിത്രമായതുകൊണ്ട് തന്നെ എൽ.സി.യു ചിത്രങ്ങളെ പോലെ മികച്ചതായില്ല എന്നും പൊതുവെ വിമർശനമുയരുന്നുണ്ട്.