കള്ളവും ചതിയും ഇല്ലാത്ത നാട്ടിൽ
മാവേലി മന്നന്റെ നാട്ടിൽ
വല്ലഭൻ വാമനൻ മാവേലി മന്നനെ
മണ്ണിന്നടിയിലേയ്ക്കാഴ്ത്തി
മൂന്ന് "കാലടി " കൊണ്ട് താഴ്ത്തി.
സത്യം മരിച്ചു, കള്ളം ജയിച്ചു
കള്ളത്തരങ്ങൾ ആർത്തു ചിരിച്ചു
ഇന്ദ്രസദസ്സിലെ ദേവഗണങ്ങൾ
കണ്ണും മറച്ചന്ന് പൊട്ടിച്ചിരിച്ചു
ഒന്നുമേ കണ്ടില്ലായെന്നു നടിച്ചു
ഓണമുണ്ണാനിന്ന് മാവേലി വന്നു
മലയാള മണ്ണിൽ വിരുന്നു വന്നു
തൂശനിലയിൽ തുമ്പപ്പൂ ചോറില്ല
കാളനും ഉപ്പേരി പ്രഥമനുമിന്നില്ല
"കുഴിമന്തി" മാത്രമാണിന്നു പഥ്യം..!!
രാവണപ്രഭുക്കൾ ഭരിക്കുന്ന നാട്ടിൽ കള്ളവും ചതിയും ലഹരി കുരുതിയും
പൊള്ളത്തരങ്ങളും പൊളിവചനങ്ങളും
കാമ വെറിയരും പീഡന വ്യഥകളും
കഷ്ടമേ! ഈ നാട് ഭ്രാന്താലയം..!!
ഓലക്കുടയും കയ്യിൽ പിടിച്ച്
മാവേലി മൂകമായി തേങ്ങി നിൽപ്പൂ
ഇല്ലാ, ഈ നാട്ടിലേയ്ക്കിനിയും വരില്ല
ഒരു കാലടിമതി, താഴ്ത്തുകയെന്നെ നീ
കുമ്പിട്ടു നിന്നെന്റെ മുന്നിലായി മാവേലി.