മഴക്കാറ്റോടിപ്പോകും മുറ്റത്ത്
നനഞ്ഞൊട്ടിപ്പകലിൻ വെട്ടം
ചിറകൊതുക്കിയിരിക്കവേ
നെറ്റിയിൽ തണുക്കുന്നു മഴ
വാനത്തിൽ നിന്ന് സ്വച്ഛമായേതോ
സ്വപ്നം കണ്ടങ്ങ് പെയ്തീടുന്നു
വിരിയും പുലരിപ്പൂപ്പാത്രത്തിൽ
ഗ്രാമം തട്ടിക്കുടഞ്ഞ കണ്ണാന്തളി,
കദളി, പൊൻചെമ്പകം
പലലോകങ്ങൾ കണ്ട്
വരുന്ന ജേമന്തികൾ
കനലിൽ തൊടുന്ന പോൽ
സൂര്യകാന്തിപ്പൂവുകൾ
വിളക്കിൽ തിരിനീട്ടിയെത്തുന്ന
വെയിൽപ്പൂക്കൾ
നാട്ടുപച്ചപ്പിൽ തൊട്ട്
വിടരും മന്ദാരങ്ങൾ
യാത്രയ്ക്ക് മുൻപേയമ്മ
നട്ടൊരു മുല്ലച്ചെടി
ഗ്രാമത്തിനില വച്ച
നഗരപ്രയാണങ്ങൾ
ഭൂമിയ്ക്ക് പൂക്കാലമായ്
പൂവൊരുക്കുന്നു സ്മൃതി
പൂവട്ടിയെടുക്കുന്നു
കാറ്റിലെയിലഞ്ഞികൾ
ഊഞ്ഞാലിനാകാശത്തിൻ
കസവിൻ തിളക്കങ്ങൾ
പാടത്ത് നെയ്താമ്പലിൻ
പട്ടുനേര്യതിൻ കര
കിളിക്കൂട്ടിലെ പക്ഷി
പാടുവാൻ തുടങ്ങുന്നു
പാട്ടിലുണ്ടുയിർക്കൊണ്ട
ഋതുക്കൾ, പുരാണങ്ങൾ
പ്രാക്തനകാലത്തിൻ്റെ
രാശി തെറ്റിയ ദിനം
മനസ്സിൽ സത്യത്തിൻ്റെ
ബ്രഹ്മാണ്ഡമഹാഗൃഹം
ശിരസ്സിൽ തട്ടിപ്പൊടിഞ്ഞടർന്ന
മണ്ണിൻ തരി
ഗൂഢമായ് നിഗൂഢമായ്
വേരിൽ നിന്നിന്നും തളിർത്താരൂഢമെന്നും
കാത്ത് നിൽക്കുന്ന തുമ്പപ്പൂവ്