അവൾ
തീരം തേടി
തുഴഞ്ഞെത്തിയത്
ഓർമ്മകൾ
ഘനീഭൂതമായ
കാലത്തിന്റെ
പൊട്ടിപ്പൊളിഞ്ഞ
കടവിലായിരുന്നു.
അവന്റെ രാജസിംഹാസനത്തിലേക്കെത്താൻ
അവൾക്കു
പിന്നെയും
ഏറെ പടവുകൾ
പിന്നിടെണ്ടിയിരുന്നു.
അകലെയെങ്കിലും
അവർക്കിടയിലെ
ഋതുഭേദങ്ങളിൽ
പ്രണയശലഭങ്ങൾ
മധുവുണ്ണാൻ മോഹിച്ചു
പറന്നു കൊണ്ടേയിരുന്നു.
ഋതുക്കളോരോന്നും
സ്വപ്നങ്ങളാകവെ
മഞ്ഞിലെന്ന പോലെ
മഴയിലെന്ന പോലെ
മങ്ങിയൊരു നിഴലായ്
താൻ അദൃശ്യമായി
മാഞ്ഞൂ പോകുന്നത്
അവൾ മാത്രമറിഞ്ഞു.
അവളുടെ ചുംബനങ്ങളുമായി
ഒരു വെൺശലഭം മാത്രം
എന്നിട്ടും
നീലാകാശം
നീന്താനിറങ്ങിയ
അവന്റെ മിഴികളിൽ തൊട്ടു
കൺപീലികളിൽ
നിശ്ശബ്ദമായി ചിറകുരുമ്മി.
ചുറ്റിപ്പറന്നു കൊണ്ടേയിരുന്നു.