അഗ്നിയാമക്ഷരക്കൂട്ടുകൾ ചേർത്തു ഞാൻ
അമ്പുകൾ നെയ്താവനാഴിയിലായ്
അർത്ഥഭേദങ്ങളിൽ നെഞ്ചു തുളയ്ക്കുന്നൊരായുധമായി പുറത്തെടുക്കാൻ
അൽപ്പരായ് മാറിയോരെന്നുടെ ചുറ്റിലും
അരുതിൻ്റെ വേലികൾ തീർത്തിടുമ്പോൾ
അറിയാനെനിക്കു കഴിഞ്ഞില്ലൊരാ തണൽ ശാഖിതന്നറുത്തൊരാ വേരുകൾ
അലിവെന്നു കണ്ടുഞാനൊരു പുസ്തകത്തിലെ
അടരുകൾ മുന്നിലായ് കാട്ടിയപ്പോൾ
അപഹാസ്യമായെന്തോ കണ്ടപോലന്നവർ
അറിയാതെയുള്ളിൽ ചിരിച്ചിരുന്നു
അതിശയമാണെനിക്കാദ്യമായ് തോന്നി-
യെന്നന്തരാത്മിവിലോ ചോദ്യങ്ങളും
അതുശീലമായി കഴിഞ്ഞിന്നു കാലമായി
അടവുകളല്ലോ പയറ്റി ഞാനും
അറിയാൻ ശ്രമിക്കുന്നവരുടെ ചിന്തകൾ
അംഗാരരാശിയിലെന്ന പോലെ