Image

പ്രണയമനോഹരതീരം (നോവല്‍ 17- അവസാന ഭാഗം: ജോണ്‍ ജെ. പുതുച്ചിറ)

Published on 09 September, 2025
പ്രണയമനോഹരതീരം (നോവല്‍ 17- അവസാന ഭാഗം: ജോണ്‍ ജെ. പുതുച്ചിറ)

പതിനേഴ്

സ്പീഡ് ബോട്ടിന്റെ വേഗത പെട്ടെന്നു കുറച്ചു.
കനാലില്‍ നിന്ന് കൈക്കുമ്പിളില്‍ അല്പം വെള്ളം കോരി മുഖത്തു തളിച്ചപ്പോള്‍ ശോഭ മോഹാലസ്യത്തില്‍ നിന്ന് വിമുക്തയാവുകയും ചെയ്തു.
''ബോട്ടിന്റെ സ്പീഡും കനാലിലൂടെയുള്ള യാത്രയും എല്ലാംകൂടി ആയപ്പോള്‍ അല്പം ആലസ്യം തോന്നിച്ചതാണ്.'' ശോഭ തെല്ലു ക്ഷമാപണസ്വരത്തിലാണ് അതു പറഞ്ഞത്.
''എങ്കില്‍ സ്പീഡ് ബോട്ട് ഇനി വേഗത കുറച്ചു പോകട്ടെ. നമുക്ക് കരയിലേയ്ക്കു മടങ്ങുകയും ചെയ്യാം.'' ഗോപാലകൃഷ്ണന്‍ പറഞ്ഞു.
എല്ലാവരും അതിനോടു യോജിച്ചു.
പരമാവധി വേഗം കുറച്ചാണ് ആ ബോട്ട് പിന്നീട് കരയിലേയ്ക്കുള്ള അതിന്റെ പ്രയാണം തുടര്‍ന്നത്.
ശോഭ പറഞ്ഞതുപോലെ കായലിലെ യാത്രയോ ബോട്ടിന്റെ സ്പീഡോ ആയിരിക്കില്ല അവളുടെ മോഹാലസ്യത്തിന് കാരണമെന്ന് മധുവിനും ഗോപാലകൃഷ്ണനും അറിയാമായിരുന്നു.
മായുന്ന നിലാവിനെ നോക്കി ഒരു പ്രണയനായകന്‍ പാടിയ ശോകഗാനം അകലെ എവിടെ നിന്നോ മുഴങ്ങിക്കേള്‍ക്കുന്നു.
തന്റെ പ്രിയപ്പെട്ടവള്‍ ഈ സുരഭില ലോകത്തു നിന്നും മെല്ലെ മെല്ലെ നടന്നു മറയുകയാണെന്ന് മധുവിന് മനസ്സിലായി...
മായല്ലേ-പോവല്ലേ-എന്ന് അവന്റെ മനസ്സ് അവളോടു കെഞ്ചി.
എന്റെ ഇണക്കിളീ, ഈ ജീവിതയാത്രയില്‍ എന്നെ തനിച്ചാക്കി മായല്ലേ-പോവല്ലേ-
അവന്റെ മനസ്സിന്റെ മൗനനൊമ്പരങ്ങള്‍ വായിച്ചറിഞ്ഞിട്ടെന്നവണ്ണം അവള്‍ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു.
ഹോട്ടലില്‍ ചെന്ന് അവര്‍ ഒരു മണിക്കൂര്‍ നേരം വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.
അനന്തരം രാത്രിയില്‍ത്തന്നെ നാട്ടിലേയ്ക്കുള്ള മടക്കയാത്ര ആരംഭിച്ചു.
കൊടൈക്കനാലിലെ അവളുടെ ജീവിതത്തിന് വെറും ഒരു ദിവസത്തിന്റെ ആയുസ് മാത്രം.
എന്നാല്‍ അവിടുത്തെ ഓരോ പൂവും പുല്‍ക്കൊടിയും അവളുടെ ചങ്ങാതിമാരായി മാറിയിരിക്കുന്നു... ആ ചെടികളും പൂവുകളും അവളോടു ചൊല്ലുന്നു: പോവല്ലേ...
വളവുകളും തിരിവുകളും പിന്നിട്ട് അവര്‍ സഞ്ചരിച്ചിരുന്ന ആ വാഹനം കൊടൈക്കനാലിനോടു യാത്ര ചൊല്ലുകയാണ്. ആ സ്വപ്നഭൂമിയില്‍ നിന്ന് അകന്നകന്നു പോവുകയാണ്...
ആരും ഒന്നും സംസാരിച്ചില്ല. വളരെ പ്രിയപ്പെട്ടതായതെന്തോ ഉപേക്ഷിച്ചു പോരുന്നതുപോലത്തെ അനുഭവം.
റേഡിയോയില്‍ നിന്ന് ഒരു ശോകഗാനം.
''നീ മായും നിലാവോ
എന്‍ ജീവന്റെ കണ്ണീരോ...''
ജീവിതത്തില്‍ നിന്ന് വിട ചൊല്ലാനൊരുമ്പെടുന്ന പ്രിയപ്പെട്ടവളുടെ സമീപത്തിരുന്ന് ഒരു കാമുകന്‍ പാടുന്ന ശോകഗാനം.
അതു താന്‍ തന്റെ പ്രിയപ്പെട്ട ശോഭയെക്കുറിച്ച് ഈ വേളയില്‍ പാടേണ്ട ഗാനമാണെന്ന് മധുവിനു തോന്നി. അവന്റെ ഹൃദയം തേങ്ങി.
പ്രിയപ്പെട്ട മാമലകളെ, ഹരിതവനങ്ങളെ, പുഷ്‌പോദ്യാനങ്ങളെ വിട... വിട... വിട... അവളുടെ മനസ്സു മന്ത്രിച്ചു. ഈ സ്വപ്നഭൂമിയില്‍ താന്‍ ആദ്യമായും അവസാനമായും വന്നുപോവുകയാണ്. ഇനിയൊരു യാത്ര ഈ വഴികളിലൂടെ ഇല്ല. പ്രിയപ്പെട്ട നാടിന് വിട...
വിമൂകമായ ഒരു യാത്ര...
നാടെത്തുവോളം വീടെത്തുവോളം അവര്‍ മൂവരും ശോകമൂകരായിരുന്നു...
യാത്രാക്ഷീണം അകറ്റുവാന്‍ അവര്‍ ഒരുനാള്‍ വിശ്രമിച്ചു.
പിറ്റേന്ന് മധു പറഞ്ഞു:
''ശോഭയുടെ മരുന്നൊക്കെ തീരാറായല്ലോ. അവള്‍ക്ക് ഇടയ്ക്കിടയ്ക്ക് ആലസ്യം അനുഭവപ്പെടുന്നുമുണ്ട്. നമുക്ക് അവളെയും കൊണ്ട് ഇന്നൊന്ന് ഹോസ്പിറ്റലില്‍ പോയാലോ?''
''ഇക്കാര്യം ഞാനങ്ങോട്ടു പറയാനിരിക്കയായിരുന്നു. തീര്‍ച്ചയായും നമുക്ക് ഇന്നു തന്നെ അങ്ങോട്ടു പോകാം.''
''പക്ഷെ ശോഭ എന്തെങ്കിലും എതിരു പറയുമോ? അവള്‍ക്കെന്തെങ്കിലും സന്ദേഹം തോന്നുമോ?''
''അതിന് നമുക്കവളോട് എന്തെങ്കിലും നുണ പറയാം.''
അവര്‍ രണ്ടാളും കൂടിയാണ് ശോഭയുടെ പക്കല്‍ ചെന്ന് ആശുപത്രിയില്‍ പോകുന്നതിനെക്കുറിച്ചു പറഞ്ഞത്.
''കൊടൈക്കനാലില്‍ വച്ച് തലകറക്കമൊക്കെ ഉണ്ടായതാണല്ലോ. അതുകൊണ്ട് നമുക്ക് ഒരിക്കല്‍ക്കൂടി ഹോസ്പിറ്റലില്‍ പോയി ഒരു ചെക്കപ്പ് നടത്തിക്കളയാം. ഡോക്ടര്‍ എന്തു പറയുന്നുവെന്ന് അറിയാമല്ലോ.''
പ്രതീക്ഷിച്ചതുപോലെ അവള്‍ എതിരു പറഞ്ഞില്ല. സമ്മതഭാവത്തില്‍ തലയാട്ടിയതേയുള്ളൂ. അതില്‍ അവര്‍ രണ്ടാള്‍ക്കും ആശ്ചര്യം തോന്നി. അത് ശോഭയ്ക്കും മനസ്സിലായി. അവള്‍ മെല്ലെ പറഞ്ഞു:
''എനിക്കെല്ലാമറിയാം... എന്റെ രോഗമെന്താണെന്ന്... എന്റെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന്... നിങ്ങളിനി ഒന്നും എന്നോട് ഒളിച്ചുവയ്‌ക്കേണ്ട...''
''ശോഭേ...'' അവര്‍ ഇരുവരും അമ്പരപ്പോടെ നൊമ്പരത്തോടെ വിളിച്ചു.
''ഞാനീ വിവരം എങ്ങനെ അറിഞ്ഞുവെന്നായിരിക്കും... അന്നു രാത്രിയില്‍ ഇറക്കിവിട്ട മധുവേട്ടന്‍ പിറ്റേന്ന് അതിരാവിലെ തിരിച്ചെത്തിയപ്പോള്‍ നിങ്ങള്‍ രണ്ടാളും കൂടി നടത്തിയ സംഭാഷണമുണ്ടല്ലോ, അതു ഞാന്‍ കേട്ടു... എനിക്കെല്ലാമറിയാം...''
''എന്റെ മോളേ...'' ഗോപാലകൃഷ്ണന്‍ സഹോദരിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
മധുവിന്റെയും കണ്ണുകള്‍ നിറഞ്ഞു.
അവര്‍ മൂവരുംകൂടി അല്പനേരത്തിനുള്ളില്‍ ആശുപത്രിയിലേക്കു യാത്രയായി.
ഡോക്ടര്‍ ഒരിക്കല്‍ക്കൂടി അവളെ ചെക്കപ്പുകള്‍ക്ക് വിധേയയാക്കി. പിന്നീട് ഗോപാലകൃഷ്ണനോടും മധുവിനോടും മാത്രമായി പറഞ്ഞു:
''ശോഭയുടെ അസുഖം ചികിത്സിച്ചു ഭേദമാക്കാവുന്ന ഘട്ടം കഴിഞ്ഞിരിക്കുന്നു. ഇനി നമുക്ക് അവള്‍ക്ക് നല്‍കാനാവുന്നത് അധികം വേദനയില്ലാത്ത ആയാസമില്ലാത്ത ഒരു മരണം-അത്ര മാത്രം.''
ഗോപാലകൃഷ്ണന്‍ ഡോക്ടറുടെ മുന്നിലിരുന്ന് തേങ്ങി. മധു ചങ്ങാതിയേയും കൂട്ടിക്കൊണ്ട് പുറത്തേയ്ക്കു പോന്നു.
ശോഭ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. അവള്‍ക്ക് ചോദിക്കാനോ പറയുവാനോ ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ മുഖഭാവത്തില്‍ നിന്ന് അവള്‍ക്ക് എല്ലാം മനസ്സിലാകുമായിരുന്നു....
അവര്‍ മൂവരും കൂടി ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു മടങ്ങി.
ഒരൊറ്റ ദിവസം കൊണ്ട് ആ വീട്ടിലെ കളിയും ചിരിയുമെല്ലാം അവസാനിച്ചു.
ഒറ്റനോട്ടത്തില്‍ ഒരു പ്രേതാലയം പോലെ...
അതിനുള്ളില്‍ വേദനിക്കുന്ന മൂന്നു മനുഷ്യജീവികള്‍...
കളിയില്ല; ചിരിയില്ല.
ചോദ്യമില്ല; ഉത്തരമില്ല.
ആകെയുള്ളത് കുറെ നെടുവീര്‍പ്പുകള്‍ മാത്രം.
ആ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കണമെന്ന് മധുവിനും ഗോപാലകൃഷ്ണനും ആഗ്രഹമുണ്ട്. അഭിനയിച്ചിട്ടാണെങ്കിലും കുറെ ചിരിയും കളിയും സന്തോഷവുമൊക്കെ സൃഷ്ടിച്ചെടുക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ സാധിക്കുന്നില്ല...!!
ശോഭ കൂടുതല്‍ ക്ഷീണിതയായി. അത് അവളുടെ വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കുകയും ചെയ്തു.
ഒരു ദിവസം അവള്‍ അടുക്കളയില്‍ ഇരിക്കെ ഗോപാലകൃഷ്ണനും മധുവും അവിടേയ്ക്കു കടന്നു ചെന്നു.
''ഇനിയിപ്പോ കഞ്ഞിവയ്ക്കാനും കറിവയ്ക്കാനുമൊക്കെ നിന്റെ കൂടെ ഞങ്ങളും കൂടാം.''
''വേണ്ട വേണ്ട. എനിക്ക ആരോഗ്യവും ആയുസ്സും ഉള്ള കാലത്തോളം അതുവേണ്ട.'' അവള്‍ എതിര്‍ത്തു.
എന്നാല്‍ അവളുടെ ആരോഗ്യം അനുദിനം അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കയായിരുന്നു.
ഒരു പ്രഭാതത്തില്‍ അവള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റതു തന്നെ ഏറെ ആയാസപ്പെട്ടാണ്.
ഒരു വിധത്തില്‍ ഒരു കട്ടന്‍കാപ്പി മാത്രം തയ്യാറാക്കിയിട്ട് അവള്‍ വീണ്ടും കിടക്കയില്‍ പോയി കിടന്നു.
''മോളേ ശോഭേ, എന്തുപറ്റി?'' ഗോപാലകൃഷ്ണന്‍ ആകുലതയോടെ അവളുടെ കിടക്കയില്‍ ചെന്നിരുന്നു.
''ഒരു ദിവസം പാചകം ചെയ്യാന്‍ നിങ്ങള്‍ രണ്ടാളും കൂടി എന്നെ സഹായിക്കാന്‍ വന്നില്ലേ. ഇനി അതായിക്കൊള്ളൂ. എനിക്കു വയ്യ...'' അവള്‍ തേങ്ങി.
മധുവിന്റെ മനസ്സില്‍ ഒരു ഇടിവെട്ടി.
മനസ്സില്‍ എന്തൊക്കെയോ അശുഭ സൂചനകള്‍.
തന്റെ ജീവിതത്തിലെ മൂന്നാമത്തെ പെണ്‍കുട്ടി.
ഊര്‍മ്മിള-
ലക്ഷ്മി-
ഇപ്പോഴിതാ ശോഭയും-
യാത്രയാവുകയാണ്...
പോവല്ലേ-പോവല്ലേ-അവന്റെ മനസ്സു തേങ്ങി.
''ഞാന്‍ ഡോക്ടറെ ഒന്നു കണ്ട് വിവരം പറഞ്ഞിട്ട് വേഗം വരാം.'' ഗോപാലകൃഷ്ണന്‍ ആശുപത്രിയിലേക്ക് ഓടി.
മധു അവളുടെ കിടക്കയ്ക്കരുകില്‍ ചെന്നിരുന്നു. അവള്‍ മെല്ലെ അവന്റെ കരം ഗ്രഹിച്ചു.
''മധുവേട്ടാ-വിഷമിക്കരുത്-കരയരുത്-സന്തോഷത്തോടെ എന്നെ യാത്രയാക്കണം.'' അവള്‍ മെല്ലെ പറഞ്ഞു.
''ശോഭേ, അങ്ങനെയൊന്നും പറയരുത്. നീ ഒരിടത്തു പോവില്ല. നീ എന്നും എന്നോടൊത്തുണ്ടാവും.'' മധു തേങ്ങലടക്കി പറഞ്ഞു.
''ഉവ്വ്, ഈ തൊടിയില്‍ ഞാന്‍ നട്ടുനനച്ച ചെടികളെയും പൂക്കളെയും എനിക്ക് എന്നും തലയണയ്ക്കാന്‍ ഇടം തന്ന ഈ വീടിനെയും, എന്നെ ഒത്തിരി ഒത്തിരി സ്‌നേഹിക്കുന്ന ചേട്ടന്മാരെയും വിട്ട് മറ്റൊരു ലോകത്തേക്കു പോകാന്‍ എനിക്ക് ഒട്ടും ഇഷ്ടമില്ല... പക്ഷെ ദൈവഹിതം മറ്റൊന്നാണ്... പോയേ തീരൂ...'' അവള്‍ തേങ്ങി.
നീ മായും നിലാവോ
എന്‍ ജീവന്റെ കണ്ണീരോ-
അവന്‍ തേങ്ങി.
പോവല്ലേ... പോവല്ലേ...
''ഞാന്‍ യാത്രയായിക്കഴിഞ്ഞാല്‍ രാത്രി കാലങ്ങളില്‍ മധുച്ചേട്ടന്‍ ആകാശത്തേയ്ക്കു നോക്കണം. അവിടെ ഒരു പുതിയ നക്ഷത്രം ഉദയം ചെയ്തിരിക്കുന്നതു കാണാം. അതു ഞാനായിരിക്കും... എന്നെ കാണണമെന്നു തോന്നുമ്പോള്‍ രാത്രികാലങ്ങളില്‍ ആകാശത്തോട്ടു നോക്കിയാല്‍ മതി. എന്നോടു വല്ലതും പറയാനുണ്ടെങ്കില്‍ ആ നക്ഷത്രത്തെ നോക്കി പറഞ്ഞാല്‍ മതി.'' അവള്‍ വേദനയൂറുന്ന ഒരു മന്ദഹാസത്തോടെ പറഞ്ഞു.
''എന്റെ ഓമലേ, അങ്ങനെയൊന്നും പറയല്ലേ...'' അവന്‍ കരഞ്ഞു.
''വിവാഹനിശ്ചയം വരെ കഴിഞ്ഞവരല്ലേ നമ്മള്‍ രണ്ടാളും... അതുകൊണ്ട് ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍ കണ്ടുപോയി... ഞാന്‍ മൂലം മധുവേട്ടന് മോഹഭംഗം ഉണ്ടാകുന്നുവെങ്കില്‍ എന്നോടു ക്ഷമിക്കണം...''
''ശോഭേ, ദൈവം എന്തോ ഒരു അത്ഭുതം പ്രവര്‍ത്തിക്കും.... നിന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരും... നാമൊരുമിച്ചു ജീവിക്കും...''
''ആശകള്‍ക്ക് അതിരുകളില്ല അല്ലേ മധുവേട്ടാ.'' അവള്‍ വീണ്ടും വേദനയോടെ മന്ദഹസിച്ചു.
വീണ്ടും അകലെനിന്ന് ആ ശോകഗാനം:
''നീ മായും നിലാവോ
എന്‍ ജീവന്റെ കണ്ണീരോ...''
അവള്‍ വീണ്ടും വിളിച്ചു:
''മധുവേട്ടാ-''
''ശോഭേ-''
അവന്റെ കരത്തിലെ അവളുടെ പിടുത്തം മുറുകി.
''അവസാനമായി ഒരു... ഒരേയൊരാഗ്രഹം...''
അത് എന്താണെന്ന് അവള്‍ പറഞ്ഞില്ല. അതിനുമുമ്പ് അവന്‍ കുനിഞ്ഞു അവളുടെ അധരത്തില്‍ ചുംബിച്ചു. ഒപ്പം അവന്റെ കണ്ണുകളില്‍ നിന്ന് നീര്‍ത്തുള്ളികള്‍ ധാരധാരയായി അവളുടെ മുഖത്തേക്ക് ഒഴുകി വീഴുകയും ചെയ്തു.
അപ്പോഴും അവന്റെ മനസ്സു കേണു:
''പോവല്ലേ... പോവല്ലേ...''
വീണ്ടും അവന്റെ കരത്തിന്മേലുള്ള അവളുടെ പിടുത്തം മുറുകി:
''മധുവേട്ടാ, ഞാന്‍ യാത്രയാവുകയാണ്... ചേട്ടന്‍ വരാന്‍ വൈകിയാല്‍ ഈ അനുജത്തിയുടെ ഒത്തിരിയൊത്തിരി സ്‌നേഹം അറിയിക്കണം. എന്നെയോര്‍ത്ത് കരയരുതെന്നും പറയണം... നിങ്ങളാരും എന്നെയോര്‍ത്ത് കരയരുത്...''
പെട്ടെന്ന് അവനെ മുറുകെപ്പിടിച്ചിരുന്ന അവളുടെ കരം മെല്ലെ മെല്ലെ അയഞ്ഞു തുടങ്ങി. വാടിയ ഒരു ചേനത്തണ്ടുപോലെ അതു താഴേയ്ക്കു പതിച്ചു.
വാതില്‍ക്കല്‍ ഒരു മിന്നല്‍പ്പിണര്‍പോലെ പാഞ്ഞെത്തിയ ഗോപാലകൃഷ്ണനെ അവള്‍ ഒരു നോക്കു കണ്ടുവോ?
ആ കണ്ണുകള്‍ അടഞ്ഞു.
ഒപ്പം രണ്ടു യുവാക്കളുടെ കണ്ഠങ്ങളില്‍ നിന്ന് ഒരുമിച്ച് ഒരു നിലവിളിയും ഉയര്‍ന്നു.
-അങ്ങ് ദൂരെ ദൂരെ ഹിമഗിരികള്‍ക്കപ്പുറത്ത് അതിരുകളില്ലാത്ത പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്ക് ഞാന്‍ പറന്നുയരുന്നു; മേഘങ്ങള്‍ക്കു പിന്നില്‍ മറഞ്ഞു പോകുന്ന പര്‍വ്വത നിരകള്‍; നിശബ്ദതയുടെ സമുദ്രത്തില്‍ മുങ്ങുന്ന താഴ്‌വരകള്‍; വിസ്മൃതിയിലേക്ക് ലയിക്കുന്ന പാതകളും വീടുകളും, വെണ്‍മയാര്‍ന്ന രൂപങ്ങള്‍ക്കു പിന്നില്‍ അദൃശ്യമാകുന്ന മൈതാനങ്ങളും വയലേലകളും; തിരകളുടെ സംഗീതവും അരുവികളുടെ സങ്കീര്‍ത്തനവും ചിതറി നിശബ്ദതയില്‍ മുങ്ങുന്നു. ഇവിടെ കാതുകള്‍ കൊതിക്കുന്ന നിത്യതയുടെ സംഗീതം മാത്രം; വെണ്‍മയാര്‍ന്ന എന്നില്‍ നിറയുന്നത് സൗഖ്യവും സമാധാനവും മാത്രം...
വിട... വിട...
**                               **                      **
അന്ന് ശോഭയുടെ സഞ്ചയനനാള്‍ ആയിരുന്നു.
ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോള്‍ മധു തന്റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
''മധൂ, എന്നെ തനിച്ചാക്കി നീയും പോവാണോ?'' ഗോപാലകൃഷ്ണന്‍ ദയനീയ സ്വരത്തില്‍ ചോദിച്ചു.
''പോകണം പോയേ തീരൂ, ശോഭയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ദേശത്തുനിന്ന് എനിക്ക് ഒരു മോചനം കൂടിയേ കഴിയൂ... ഗോപാലകൃഷ്ണന്‍ എന്നോടു ക്ഷമിക്കണം.''
അവന്‍ യാത്രയായി.
കുറെ ദൂരം ഗോപാലകൃഷ്ണനും അവനെ അനുധാവനം ചെയ്തു.
രണ്ടുപേരും വിമൂകരായിരുന്നു.
ഓര്‍മ്മകള്‍ കൊണ്ട് രണ്ടുപേരുടേയും മനം വിങ്ങിപ്പൊട്ടുകയായിരുന്നു.
''ഗോപാലകൃഷ്ണന്‍ മടങ്ങിക്കൊള്ളൂ. ഇനിയുള്ള എന്റെ യാത്ര തനിച്ചാവട്ടെ.'' ഒരുമിച്ചുള്ള അല്പനേരത്തെ പ്രയാണത്തിനുശേഷം മധു പറഞ്ഞു.
ആ നിമിഷം ഗോപാലകൃഷ്ണന്‍ തന്റെ നടത്തം നിറുത്തി.
''പോവുകയാണ്. ജീവിച്ചിരുന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഞാനീ വയനാടന്‍ ഗ്രാമത്തിലെത്തും.'' മധു പറഞ്ഞു.
പിന്നീട് ഒരക്ഷരം പോലും പറയാതെ അവന്‍ മുന്നോട്ടുള്ള തന്റെ പ്രയാണം തുടര്‍ന്നു.
മലകളേയും പുഴകളേയും താഴ്‌വാരത്തെയും പിന്നിട്ട് മുന്നോട്ട്...
മുന്നോട്ട്... മുന്നോട്ട്... മുന്നോട്ട്...

(അവസാനിച്ചു)

Read More: https://www.emalayalee.com/writer/304

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക