കൈരളി കരയുന്നൂ, കണ്ണുനീർ പൊഴിക്കുന്നു
കൈതവം തെല്ലുമേശാ കാരുണ്യ സ്വരൂപിണി!
കേരള മക്കൾക്കെന്നും മാതാവാണവൾ, സദാ
കേരവൃക്ഷം പോലല്ലോ നന്മ പേറുന്നു തന്നിൽ!
കൽപ്പനയ്ക്കതീതമാം കല്പവൃക്ഷമാണവൾ
കാമധേനുവാണവൾ, ചിന്താമണിയാണവൾ!
അക്ഷരപുഷ്പങ്ങളാൽ അഴകിൽ കൊരുത്തൊരാ
അക്ഷയഹാരം തന്റെ കണ്ഠത്തിലണിയുന്നോൾ!
സ്വരങ്ങൾ അവളുടെ മണിവേണുവിൽ മേവും
സ്വർഗ്ഗകന്യകൾ രാഗ വിസ്മയം വിരചിപ്പോൾ!
വാചസ്പതി തൻ പുത്ര പത്നിയാണവൾ സദാ,
വാഗ്ദേവതയായി ധരയിൽ വിരാജിപ്പോൾ!
പണ്ഡിതസദസ്സിലെ, സംഗീത വിദ്വാന്മാരിൽ
പാണ്ഡിത്യം വിളിച്ചോതും ഗീതമായ് വിലസുന്നോൾ!
ഭക്തരാം പ്രഭാഷക വൃന്ദത്തിൻ കണ്ഠങ്ങളിൽ
ശക്തമാം അമേയമാം വാക്സ്രോതസ്സരുളുന്നോൾ!
മൂകാംബികയാണവൾ, കോലാസുരനെ, യൊരു
മൂകാസുരനായ്, തന്റെ ഭക്തനായ് മാറ്റിയവൾ!
സരസ്വതിയാണവൾ സരസവാണിയവൾ
സന്തതം ജിഹ്വാഗ്രത്തിൽ സ്വരമായ് വർത്തിപ്പവൾ!
ഹസ്താമലകനു തൻ വാഗ്വിലാസവും നൽകി
വിസ്മയഭരിതമാം വാഗ്മിയുമാക്കി ദേവി!
ആശയവിനിമയം ചെയ്യുവാൻ സർവ്വർക്കുമേ
ആശ്രയമായല്ലയോ വർത്തിപ്പൂ, നിരന്തരം!
കല്പവൃക്ഷമാണവൾ!ചിന്താമണിയാണവൾ
അല്പത്വമേശാതെന്നും സർവ്വർക്കു മന്നം നൽകും,
അക്ഷയപാത്രമവൾ, വിദ്യാധനം നേടുവാൻ
അക്ഷര സൗഭാഗ്യവും, നിർല്ലോഭം നല്കുന്നവൾ!
കൈതവമല്പം പോലും ഏശാത്ത പരിശുദ്ധ
ചൈതന്യം തുളുമ്പുന്ന വദനാംബുജം, അതിൽ
ദുഗ്‌ദ്ധതുല്യമാം മന്ദഹാസവും പ്രകാശവും
സിദ്ധിച്ച ദേവി! മമ സാഷ്ടാംഗ നമസ്കാരം!
എന്നാളും മഹിതയായ് വർത്തിക്കും മഹേശ്വരി,
എത്രയോ യുഗങ്ങളായ് ഏവർക്കും ശരണം നീ!
എന്താണു മാതേ, നിന്റെ സന്താപ ഹേതു ചൊല്ക,
ഏറുന്നനുനിമിഷം ജിജ്ഞാസ, യറിഞ്ഞാലും!”
“പറയാം മമ ഭക്താ, വത്സലാ, സകലരും
പറയുന്നില്ലേ, ശ്രേഷ്ഠ ഭാഷയെ വളർത്തുവാൻ?
എന്നിട്ടു പിന്നെന്തിനീ ചിഹ്നങ്ങൾ പ്രയോഗിപ്പൂ,
എനിക്കു പകരം വയ്ക്കാൻ ആകുമോഇവറ്റയ്ക്ക്?
കൂപ്പു കൈകളും ചൂണ്ടു വിരലും കൈപ്പത്തിയും
ചൂണ്ട പോൽ ചുരുട്ടിയ കരാംഗുലികളും ഹോ!
ഹൃദയം നീറുന്നെത്ര വിങ്ങുന്നു, നിജം ചെന്നാൽ
നിർദ്ദയം! നിൽക്കുന്നു ഞാൻ ബോൺസായ് മരം പോലെ!*
ആലസ്യം മൂത്തിട്ടൊന്നും എഴുതാൻ തുനിയാതെ,
ആവതും ചിഹ്നങ്ങളാൽ ആശയം കൈമാറുന്നു!
എന്നു മാനവൻ പേർത്തും എഴുതാൻ തുടങ്ങുന്നോ
അന്നു താൻ വളരും ഞാൻ, വടവൃക്ഷം പോൽ വീണ്ടും”!
*---------------------*
15-5-25
Bonsai is seen in California in U S A. Bonsai is a potted plant dwarfed by pruning and trained to an artistic shape.
*ബോൺസായ്” എന്നാൽ കാലിഫോർണിയായിൽ പൂച്ചട്ടിയിൽ വളർത്തുന്ന ഒരു ചെടിയാണ്. എന്നും അതിന്റെ ചില്ലികൾ മുറിച്ചു അതിന്റെ വളർച്ചയെ മുരടിപ്പിച്ചു ഒരു കാഴ്ച വസ്തുവായി പൂച്ചട്ടിയിൽ വളർത്തുന്നു.
വളരാൻ അനുവദിച്ചാൽ ഒരു വടവൃക്ഷം പോലെ വളർന്നു പന്തലിക്കേണ്ടതാണ്. അതിനെയാണ് വളരാനനുവദിക്കാതെ ഒരു പൂച്ചട്ടിയിൽ ചെടിയായും കാഴ്ച വസ്തുവുയും മനുഷ്യൻ മാറ്റുന്നത്.
അത് തന്നെയാണ് കൈരളി അഥവാ, മലയാള ഭാഷയുടെയും ഗതിയെന്നു സാരം
…………………………….
കുറിപ്പ്
വാചസ്പതി -മഹാവിഷ്ണു എന്നും പര്യായം
പ്രജാപതി -മഹാവിഷ്ണു എന്നും അർത്ഥം
ഉദാ: വിഷ്ണുസഹസ്രനാമം ശ്ലോകങ്ങൾ 8, 21,61
പ്രജാപതി - ബ്രഹ്മാവ് സൃഷ്ടികർത്താവ് {ശബ്ദതാരാവലി നോക്കുക}
മഹാവിഷ്ണുവിന്റെ പുത്രൻ
മഹാവിഷ്ണുവിന്റെ നാഭീകമലത്തിൽ ഇരിയ്ക്കുന്നവൻ
ബൃഹസ്പതി -ദേവന്മാരുടെ ആചാര്യൻ
ശുക്രാചാര്യ -അസുരന്മാരുടെ ആചാര്യൻ
സരസ്വതി – ബ്രഹ്മാവിന്റെ ധർമ്മപത്നി. മൂകാംബികയായി നിത്യവും പ്രഭാതത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പ്രദോഷ ശേഷം ചോറ്റാനിക്കരയമ്മയായി ചോറ്റാനിക്കരയിലും പ്രത്യക്ഷപ്പെടുന്നെന്നു വിശ്വാസം!
സരസവാണി- ദേവിയാണ് സർവ്വജ്ഞപീഠ പരീക്ഷയിൽ
ശങ്കരാചാര്യരുടെ മുമ്പിൽ മണ്ഡന മിശ്രയുടെ കൂടെ പ്രത്യക്ഷപ്പെട്ടതും അപേക്ഷ പ്രകാരം ശങ്കരാചാര്യരെ കേരളത്തിലേക്ക് അനുഗമിച്ചു യാത്രാമദ്ധ്യേ, കൊല്ലൂരിൽ നിന്നതും[തിരിഞ്ഞു നോക്കരുതെന്നു പറഞ്ഞിട്ടും ആചാര്യൻ തിരിഞ്ഞു നോക്കി] പിന്നീട് മൂകാംബികയായി അവിടെ കുടികൊണ്ടതും ആ കഥകളെല്ലാം ഏല്ലാവർക്കും
സുപരിചിതമാണല്ലോ.
ചിഹ്നങ്ങൾ
🙏👏🏻👍🤞🏻👌👆🌺🌸💐🌷♥️🍎🍏🍐🍊💐😂😳🥲😃😂 🖐🏻💪🏽🫵🤙🖐🏻
😇😌😃😁😕😒😁☺️😆