Image

'രജൗറിയിലെ മാർഖോർ' (നോവല്‍ ഭാഗം 13,14,15: സലിം ജേക്കബ്‌)

Published on 10 September, 2025
'രജൗറിയിലെ മാർഖോർ' (നോവല്‍ ഭാഗം 13,14,15: സലിം ജേക്കബ്‌)

അദ്ധ്യായം - 13

മകളുടെ ജന്മദിനം ആഘോഷിക്കാന്‍ ജോസ് തീരുമാനിച്ചു. ഗസ്റ്റ്ഹൗസിലുള്ള 'K2' സംഘാംഗങ്ങളെ കൂടാതെ മറ്റു സുഹൃത്തുക്കളെയും അന്നത്തെ പാര്‍ട്ടിക്ക്               ക്ഷണിച്ചു. അന്നു രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തന്റെ വീട്ടില്‍ തങ്ങാം എന്നു ഫാത്തിമ  സമ്മതിച്ചത് അദ്ദേഹത്തിന് ഏറെ ആഹ്‌ളാദം നല്‍കി.

    വിപുലമായി നടന്ന ആഘോഷങ്ങള്‍ രാത്രി വൈകുന്നതു വരെ ഉണ്ടായിരുന്നു. ബഹളങ്ങള്‍ക്കിടയില്‍ ഫാത്തിമയുമായി സംസാരിക്കാന്‍ പോലും ക്യാപ്റ്റനു     അവസരം കിട്ടിയില്ല. ജോസ് ഉണരുന്നതിനു മുമ്പ് തന്നെ ഫാത്തിമ തിരിച്ചു പോയിരുന്നു. തന്നോട് ഒന്നും പറയാതെ അവള്‍ പോയതില്‍ ജോസിനു ഖിന്നത തോന്നി. നൗഷറയില്‍ ഒരു കോണ്‍വെന്റിനോട് ചേര്‍ന്ന് ഒരു പള്ളിയുണ്ട്. അന്ന് ആ ഞായറാഴ്ച, ദൂരമേറെയുണ്ടെങ്കിലും അദ്ദേഹം മകളേയും കൂട്ടി കുര്‍ബ്ബാനയില്‍ പങ്കു ചേരാന്‍ അങ്ങോട്ടേയ്ക്കു യാത്രയായി. പോകുന്ന വഴി ജില്ലാ ജയിലിനു സമീപം ജയകുമാറിനെ കണ്ട് ജീപ്പ് നിര്‍ത്തി. അന്നത്തെ തങ്ങളുടെ മെഡിക്കല്‍ ക്യാംപ്               ജയിലിനകത്താണെന്ന് ജയകുമാര്‍ പറഞ്ഞു. ജയിലിനുള്ളിലായി കൂട്ടം കൂടി നില്‍ക്കുന്ന 'K2' സംഘാംഗങ്ങളെ അദ്ദേഹം കണ്ടു. മിലിട്ടറി യൂണിഫോറം ധരിച്ചു നിന്ന സൂസനെ അദ്ദേഹം വീണ്ടും ശ്രദ്ധിച്ചു. യൂണിഫോമില്‍ സൂസനെ ഇതുവരെ അദ്ദേഹം കണ്ടിരുന്നില്ല. അതുകൊണ്ടാകാം യൂണിഫോമില്‍ അവള്‍ കൂടുതല്‍ സുന്ദരിയായി അയാള്‍ക്കു തോന്നി. ഷൂസു ധരിച്ചതുകൊണ്ടാകാം പൊക്കവും കൂടിയിരിക്കുന്നു.

                                                                                                                                                                                                                                                                                                  കുര്‍ബ്ബാന കഴിഞ്ഞ് കുറേ സമയം ജോസ് കോണ്‍വെന്റില്‍ ചിലവഴിച്ചു. ഉച്ചയൂണും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. തിരികെ രജൗറിയിലെത്തിയ ജോസ് വീട്ടില്‍ കയറാതെ നേരെ ധനിധാര്‍ വില്ലേജിലേക്കാണ് പോയത്. ഫാത്തിമയോട് തനിക്കുള്ള ഇഷ്ടം ഇനിയും മനസ്സില്‍ അടക്കാന്‍ അയാള്‍ക്കാവില്ലായിരുന്നു. ജീപ്പ് നിര്‍ത്തി മുന്നോട്ട് നടന്ന ജോസിന്റെയും മകളുടെയുമടുത്തേക്ക് എവിടെ നിന്നോ ഫാത്തിമ ഓടിയെത്തി.  പ്രേമപരവശനായ ക്യാപ്റ്റന്‍ ഫാത്തിമയെ തന്റെ ഇംഗിതം അറിയിച്ചു. മാത്രവുമല്ല, അന്നു തന്നെ ബാപ്പയോട് ഇതേക്കുറിച്ച് സംസാരിക്കണം എന്നു പറഞ്ഞുകൊണ്ട് ഫാത്തിമയുടെ വിട്ടിലേക്ക് പോകാന്‍ തിടുക്കം കൂട്ടി. കഴിവതും ഒഴിഞ്ഞു മാറാനായി ഫാത്തിമ ശ്രമിച്ചു. വീട്ടില്‍ അമ്മാവന്‍മാര്‍ വന്നിട്ടുണ്ടെന്നും തികച്ചും യാഥാസ്ഥിതികരായ അവര്‍ ഈ കാര്യം ഇപ്പോള്‍ അറിയേണ്ട എന്നും അവള്‍ പറഞ്ഞു. പക്ഷേ ഇതൊന്നും തന്നെ ക്യാപ്റ്റനെ പിന്തിരിപ്പിച്ചില്ല. അയാള്‍ ഫാത്തിമയുടെ വീട്ടിലേക്ക് നടന്നു.

    പ്രതീക്ഷിക്കാതെ ജയകുമാര്‍ അങ്ങോട്ട് കടന്നു വന്നു. ജോസിനേയും മകളേയും അവിടെ കണ്ടതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു.
    
    ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ ജോസ്  നിരാശനായി മകളേയും കൂട്ടി മടങ്ങി. ഫാത്തിമയുടെ മുഖത്ത് ആശ്വാസം പ്രകടമായി. കുറച്ചു നേരം ജയകുമാറുമായി സംസാരിച്ച ശേഷം തന്റെ വീട്ടിലേക്കു അവള്‍ മടങ്ങി. സവാരിയില്‍ ആത്ര പരിചയമില്ലെങ്കിലും ജയകുമാര്‍ തന്റെ കുതിര സവാരി തുടര്‍ന്നു.

     ഞായറാഴ്ച ആയിട്ടും അന്നു വൈകുന്നേരം പതിവില്ലാതെ ബ്രിഗേഡിയര്‍ രാജു  ക്യാപ്റ്റന്‍ ജോസുമായി ബന്ധപ്പെട്ടു. രജൗറിയില്‍ തീവ്രവാദികളുടെ കേന്ദ്രീകരണം നടക്കുന്നുണ്ടെന്നും ക്യാപ്റ്റന്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
    
     അതിര്‍ത്തിക്കപ്പുറത്തു നിന്നു ഇങ്ങോട്ടും ഇവിടെ നിന്നും അങ്ങോട്ടും പോയ ഉഗ്രവാദികളുടെ ആശയ വിനിമയങ്ങളില്‍ രജൗരി, മാര്‍ഖോര്‍ എന്നീ വാക്കുകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാര്‍ഖോര്‍ എന്നത് ഒരു കോഡ് ആയിരിക്കാം. രജൗരിയിലാണ് അവര്‍ കേന്ദ്രീകരിക്കുന്നത് എന്നുമാണ് മിലിറ്ററി ഇന്റെലിജെന്‍സ് സൂചിപ്പിച്ചതെന്നും പറഞ്ഞു കൊണ്ട് ബ്രിഗേഡിയര്‍ സംഭാഷണം അവസാനിപ്പിച്ചു.

അദ്ധ്യായം - 14

    ക്യാപ്റ്റന്‍ ജയകുമാറും ജോസും പോയ ശേഷം അവള്‍ തിരിഞ്ഞ് തന്റെ   ഭവനത്തിലേക്കു നടന്നു. വീട്ടില്‍ തന്നെ കാത്തിരിക്കുന്ന 'അമ്മാവന്‍മാരെ'                 എങ്ങനെ അഭിമുഖീകരിക്കണമെന്ന ചിന്തയിലായിരുന്നു അവളപ്പോള്‍. ക്യാപ്റ്റന്‍ ജോസുമായി തന്റെ ഭവനത്തിലേക്കു നടക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവള്‍ അതു ശ്രദ്ധിച്ചിരുന്നു. ഭവനത്തിന്റെ അകത്തും പുറത്തുമായി രണ്ടുപേര്‍ തോക്കു തങ്ങളുടെ നേരെ ചൂണ്ടി കാഞ്ചി വലിക്കാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. ക്യാപ്റ്റന്‍ ജയകുമാറിന്റെ പെട്ടെന്നുള്ള ആഗമനം അതുകൊണ്ടു തന്നെ അവളില്‍ ഏറെ ആഹ്‌ളാദവും ആശ്വാസവും പകര്‍ന്നു. ജയകുമാര്‍ വന്നില്ലായിരുന്നുവെങ്കില്‍ ആരുടെ ദേഹത്തായിരിക്കും ആ ബുള്ളറ്റുകള്‍ കൊണ്ടിരിക്കുക.?

    സാവധാനം അവള്‍ തന്റെ ഭവനത്തിലേക്കു കടന്നു. തികച്ചും അപരിചിതരായ രണ്ടു പേരും സുഹറും മാത്രമാണ് അവിടെയുള്ളത്. ഏകയായ തോന്നലില്‍ നിന്നും രക്ഷ നേടാനായി അവള്‍ സുഹറിന്റെ ഭാര്യയേയും മക്കളേയും തിരഞ്ഞു. അവരെയെല്ലാം തന്നെ അവിടെ നിന്നും എങ്ങോട്ടോ മാറ്റിയിരുന്നു എന്നവള്‍ക്കു മനസ്സിലായി. ഫാത്തിമ അകത്തു വന്നതോടെ ആ സംഘത്തിന്റെ നേതാവെന്നു തോന്നിക്കുന്നയാള്‍ സുഹറിനെ വീടിനു പുറത്തേക്കു കടക്കുവാനായി ആംഗ്യം കാണിച്ചു. സുഹര്‍ മുറി വിട്ട് തന്റെ ഭവനത്തിന്റെ കാവല്‍ക്കാരനായി നിലയുറപ്പിച്ചു.

    ഫാത്തിമയെ ചുമതലയേല്‍പ്പിച്ചിരുന്ന രണ്ടു ഓപ്പറേഷനുകളും പരാജയപ്പെട്ടതിലുള്ള തികഞ്ഞ അതൃപ്തി തലവന്‍ രൂക്ഷമായ ഭാഷയില്‍ അറിയിച്ചു. ഒരു സ്ത്രീയുമായി ഈ വക കാര്യങ്ങള്‍ പങ്കു വെക്കുന്നതിലെ അസഹിഷ്ണുത അയാളില്‍ നിറഞ്ഞു നിന്നു. അയാളുടെ ആക്രോശം ഒന്നു ശമിച്ചപ്പോള്‍ സാവധാനം ശബ്ദം താഴ്ത്തി ഫാത്തിമ തന്റെ ഭാഗം അവതരിപ്പിച്ചു.

    തന്നെ ഇവിടെ വിടുമ്പോള്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്നും ചില കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ക്യാപ്റ്റന്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ രംഗപ്രവേശനമാണ്. സ്‌കൂളിലെന്നപോലെ, പാലത്തിലും 'നമ്മുടെ' പദ്ധതി പൊളിച്ചത് ഇവരാണ്. രണ്ടു സ്ഥലത്തും ഈ കൂട്ടര്‍ വരേണ്ട കാര്യമേ ഇല്ല. ബോംബ് കൃത്യമായി ക്ലാസ്സിനുള്ളില്‍ തന്നെ വെക്കുന്നതില്‍ താന്‍ വിജയിച്ചിരുന്നു. പക്ഷേ ജയകുമാറും കൂട്ടരും അതു കണ്ടുപിടിച്ചെടുത്തു ഒരു കിണറ്റിലിടുകയാണുണ്ടായത്. പാലത്തിലാകട്ടെ, വെടിയൊച്ച കേട്ടിട്ടും ക്യാപ്റ്റന്‍ ജയകുമാര്‍ തന്റെ കൈയ്യെത്തും ദൂരത്തുണ്ടായിട്ടും താന്‍ റിമോട്ട് കൃത്യമായി അമര്‍ത്തിയിരുന്നു. പക്ഷേ ബോംബ് ഉദ്ദേശിച്ച സ്ഥലത്തു വെക്കുന്നതില്‍ മരിച്ചുപോയവര്‍ വിജയിച്ചിരിക്കില്ല. അതുകൊണ്ടാണല്ലോ ബോംബ് പൊട്ടിയിട്ടും പാലത്തിനൊട്ടും തന്നെ നാശനഷ്ടമുണ്ടാകാതിരുന്നത്.

    തന്റെ അഭിമുഖക്കാരെ നോക്കിക്കൊണ്ടു തന്നെ ഇത്രയും പറഞ്ഞ അവള്‍   അവരുടെ അഭിപ്രായത്തിനായി സംസാരം നിര്‍ത്തി.

    'നമ്മുടെ പദ്ധതി' എന്ന ഉപയോഗവും പറഞ്ഞതിലെ യുക്തിയും ഫാത്തിമയെക്കുറിച്ചുള്ള സംശയത്തിന്റെ അളവ് ഏറെക്കുറെ ഇല്ലാതാക്കി. പക്ഷേ തലവന്‍ പിന്നേയും ഫാത്തിമയില്‍ കുറ്റം കണ്ടെത്തുവാന്‍ കാരണങ്ങള്‍ തിരയുകയായിരുന്നു. അതു സാധിച്ചെടുക്കുവാനെന്നവണ്ണം അയാള്‍ അടുത്ത ചോദ്യം ഉന്നയിച്ചു. ക്യാപ്റ്റന്‍ ജോസിനെ വകവരുത്തുകയാണ് ആത്യന്തികമായി തന്റെ ലക്ഷ്യമെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇപ്പോള്‍ അയാളെ ഇങ്ങോട്ടേയ്ക്കു കൂട്ടക്കൊണ്ടു വരാന്‍ ശ്രമിക്കാത്തത്? ഒരു പത്തുവാരകൂടി അയാളെ മുന്നോട്ടേക്കു നടത്തിയിരുന്നെങ്കില്‍ വളരെ ലാഘവത്തോടെ തങ്ങള്‍ക്ക് അതിനു കഴിയുമായിരുന്നല്ലോ? ഇത്രയും നല്ല ഒരു സന്ദര്‍ഭം ഇനിയെന്നെങ്കിലും കിട്ടുമോ? ഈ ഒരു സുവര്‍ണ്ണാവസരം അറിഞ്ഞുകൊണ്ടല്ലേ നീ ഇല്ലാതാക്കിയത്.

    ഈ ചോദ്യങ്ങള്‍ക്കെല്ലാം തന്നെ കാര്യകാരണ സഹിതം ഫാത്തിമയ്ക്ക് ഉത്തരങ്ങളുണ്ട്. ഇവിടെ വച്ചൊരു കൊലപാതകം നടന്നാല്‍ സുഹറിനു നമ്മോടുള്ള അനുഭാവം പ്രത്യക്ഷത്തിലെല്ലാവരും മനസ്സിലാക്കും. പിന്നെ നിങ്ങള്‍ രണ്ടുപേരുടേയും ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ട്. മൂന്നാമത് എന്റെ വ്യക്തിത്വവും തുറന്നു കാട്ടപ്പെടും. കാരണം ക്യാപ്റ്റന്‍ ജയകുമാര്‍ ഇവിടുന്ന് പോയിട്ട്  മിനിറ്റുകള്‍ മാത്രമല്ലേ ആയിട്ടുള്ളു. വെടിയൊച്ച കേട്ട് അയാളും സംഘവും തിരിച്ചു വരില്ലേ? അങ്ങനെ നമ്മളെല്ലാവരുടെയും യഥാര്‍ത്ഥ മുഖം വെളിപ്പെടില്ലേ?

    ക്യാപ്റ്റന്‍ ജോസിന്റെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും കയറിയിറങ്ങാനുള്ള സ്വാതന്ത്ര്യം ഇപ്പോളെനിക്കുണ്ട്. അതുകൊണ്ട് ജോസിനെ കൊല്ലുക എന്നെ സംബന്ധിച്ച് ഒരു കാര്യമേ അല്ല. ക്യാപ്റ്റന്‍ ജോസിന്റെ വിശ്വാസ്യത നേടിയതു വഴി എനിക്ക് അവരുടെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിയാന്‍ കഴിയും. അങ്ങനെയുള്ള ഒരു സന്ദര്‍ഭം നഷ്ടപ്പെടുത്തുന്നത് ആത്യന്തികമായി നമ്മള്‍ക്ക് നഷ്ടമേ ഉണ്ടാക്കു. ക്യാപ്റ്റന്‍ ജോസിനെ സൗകര്യമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും എനിക്ക് കൊല്ലുവാന്‍    കഴിയും. പക്ഷേ അതിലുപരി അവരുടെ നീക്കങ്ങള്‍ അറിഞ്ഞു അതു തടയിടുന്നതാണ് കൂടുതല്‍ പ്രാധാന്യമെന്ന് എനിക്കു തോന്നി. ഈ കാരണങ്ങള്‍ കൊണ്ടു മാത്രമാണ് ക്യാപ്റ്റന്‍ ജോസിനെ ഇപ്പോള്‍ വെറുതേ വിട്ടത്.  
ഫാത്തിമ പറഞ്ഞതില്‍ കാര്യമുണ്ടെന്നു മറ്റു രണ്ടുപേര്‍ക്കും സമ്മതിക്കേണ്ടി വന്നു. ഇനിയെന്താണു ചെയ്യണമെന്നുള്ള കാര്യങ്ങള്‍ ജമീല്‍ അറിയിക്കും എന്നു               പറഞ്ഞുകൊണ്ട് അവര്‍ പുറത്തേക്കു പോയി. 
    അന്ന് ആ വീട്ടില്‍ ഫാത്തിമ തനിച്ചായിരുന്നു.

അദ്ധ്യായം - 15

    നൗഷറിയിലെ മിലിട്ടറി യൂണിറ്റിലെ കമാന്റിംഗ് ഓഫീസര്‍ മലയാളിയും ജോസിന്റെ സുഹൃത്തുമാണ്. യൂണിറ്റിന്റെ ആഘോഷപരിപാടികള്‍ക്കായി ജോസിനെയും 'K2' സംഘാംഗങ്ങളേയും അദ്ദേഹം ക്ഷണിച്ചു. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ക്യാപ്റ്റന്‍ ഫാത്തിമയേയും പാര്‍ട്ടിക്ക് കൂട്ടുന്നു. സമീപ പ്രദേശങ്ങളിലെ യൂണിറ്റുകളുടെ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഇന്‍ഡ്യന്‍ ആര്‍മിയിലെ സീനിയര്‍ ഓഫീസര്‍മാരുടെ കൂട്ടായ്മയായി അതു മാറി. ഓഫീസര്‍മാരുടെയും സഹപ്രവര്‍ത്തകരുടെയും ബാഹുല്യം കാരണം ക്യാപ്റ്റന്‍ ജോസ് വളരെയധികം തിരക്കിലായിരുന്നു. അതുകൊണ്ട് ഫാത്തിമയും ദിയയും 'K2' സംഘത്തോടൊപ്പം സമയം ചിലവഴിച്ചു. എങ്കിലും ക്യാപ്റ്റന്‍ ഇടയ്ക്കിടെ ഇവരുടെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. ടോം അന്നു പതിവില്ലാതെ ഫാത്തിമയുടെ പുറകേ കൂടിയതായി തോന്നി.

    പാര്‍ട്ടിയുടെ അവസാനവേളയില്‍ അവിടെയാകെ ഇരുട്ടിലാണ്ടു. ആ ഇരുട്ടില്‍ ഒരു സ്ത്രീയുടെ നിലവിളി ഉയര്‍ന്നു. ജനറേറ്റര്‍ പ്രവൃത്തിച്ചുള്ള പ്രകാശം വന്നപ്പോള്‍ ആകെ ഉലഞ്ഞു നില്‍ക്കുന്ന ഫാത്തിമയേയാണ് കണ്ടത്. തൊട്ടടുത്ത് ടോം വിളറി  നിന്നിരുന്നു. അയാളുടെ കൈയ്യില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.

    ഫാത്തിമയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് അപ്പോള്‍ തന്നെ ടോമിനെ അറസ്റ്റ് ചെയ്തു. ഫാത്തിമയുടെ ദേഹത്ത് ഒരു കത്തി ഒളിപ്പിച്ചിരിക്കുന്നതായി കണ്ട് മറ്റാരുമറിയാതെ അതെടുത്തപ്പോഴാണ് തന്റെ കൈ മുറിഞ്ഞതെന്നും ആത്യന്തികമായി ഈ കാര്യം ചെയ്തത് ക്യാപ്റ്റന്‍ ജോസിനെ നാണക്കേടില്‍ നിന്നും രക്ഷിക്കാനായിരുന്നുവെന്നും ടോം കെഞ്ചിയെങ്കിലും അത് വിശ്വസിക്കാന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല.

    ഒന്നില്‍ കൂടുതല്‍ കമാന്‍ഡിങ് ഓഫീസര്‍മാരും മറ്റു സീനിയര്‍ ഓഫീസര്‍മാരും ഉള്‍പ്പെടുന്ന അവിടെ ഫാത്തിമ വന്നത് തന്നെ കടുത്ത സെക്യൂരിറ്റി ലംഘനമാണെന്നും മിലിറ്ററി പോലീസ് ഫാത്തിമയെ പിടി കൂടിയിരുന്നെങ്കില്‍ അതിനു ക്യാപ്റ്റന്‍ ജോസ് ഉത്തരം നല്‍കേണ്ടി വരും എന്ന് കരുതിയാണ് താന്‍ അതിനു മുതിര്‍ന്നതെന്നും ടോം വീണ്ടും ക്യാപ്റ്റന്‍ ജോസിനോട് യാചിച്ചു . പക്ഷെ ക്യാപ്റ്റന്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു. മിലിട്ടറി പോലീസു വന്നു ടോമിനെ യൂണിറ്റിലെങ്ങോട്ടോ മാറ്റി. ഖിന്നരായി ക്യാപ്റ്റന്‍ ജോസും സംഘവും രജൗറിയിലേക്കു മടങ്ങുകയും ചെയ്തു. അടുത്ത ദിവസം തന്നെ നൗഷറിയില്‍ നിന്നും ടോമിനെ രജൗറി ജില്ലാ ജയിലിലേക്കു മാറ്റി.

    വിവിധ കുറ്റങ്ങള്‍ക്കു ശിക്ഷ അനുഭവിക്കുന്നവരെല്ലാം തന്നെ ഇടകലര്‍ന്നു താമസിക്കുന്ന ഒരു രീതിയാണ് അവിടെ ഉണ്ടായിരുന്നത്. പോക്കറ്റടിക്കാരും കൊല  പാതകികളും എന്തിനേറെ കൊടും തീവ്രവാദികളുമെല്ലാം ഒരൊറ്റ കൂരക്കു താഴെ! കാശ്മീര്‍ തീവ്രവാദികളുടെ സമുന്നത നേതാവ് അസര്‍ ഖാന്‍ എന്ന പാകിസ്ഥാനി  പൗരനേയും ഇതേ  ജയിലില്‍ തന്നെയാണ് വര്‍ഷങ്ങളായി പാര്‍പ്പിച്ചിരുന്നത്. തീവ്ര വാദികള്‍ മറ്റു തടവുകാരെ സ്വാധീനിക്കാനുള്ള സാഹചര്യം പോലും അവഗണിക്കുന്ന രീതിയിലാണ് ജയില്‍ അധികൃതര്‍ പെരുമാറിയത്. നിസ്സംഗതയായിരുന്നു അവരുടെ മുഖമുദ്ര.


Read More: https://www.emalayalee.com/writer/243

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക