മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യരുടെ 47-ാം പിറന്നാൾ ആണിന്ന്. മഞ്ജുവിന് ആശംസയുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരിക്കുന്നത്.
അഭിനയത്തിൽ സ്വന്തമായൊരു ശൈലി സ്ഥാപിച്ച മഞ്ജുവിന്റെ ഓരോ കഥാപാത്രവും മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്തവയാണ്.
1979 സെപ്റ്റംബർ 10-ന് തമിഴ്നാട്ടിലെ നാഗർകോവിലിൽ ഒരു മലയാളി കുടുംബത്തിലാണ് മഞ്ജു വാര്യർ ജനിച്ചത്. അച്ഛൻ ടി.വി. മാധവൻ അക്കൗണ്ടന്റും അമ്മ ഗിരിജ വീട്ടമ്മയുമായിരുന്നു. സഹോദരൻ മധു വാര്യർ നടനും നിർമ്മാതാവുമാണ്.
1995-ൽ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയരംഗത്തേക്ക് കടക്കുന്നത്. എന്നാൽ ‘സല്ലാപം’ എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രമാണ് താരത്തെ മലയാളികളുടെ ഹൃദയത്തോട് ചേർത്തത്. തുടർന്ന് ‘ഈ പുഴയും കടന്ന്’, ‘തൂവൽക്കൊട്ടാരം’, ‘ആറാം തമ്പുരാൻ’, ‘കന്മദം’, ‘സമ്മർ ഇൻ ബത്‌ലഹേം’ തുടങ്ങി അനവധി ഹിറ്റുകൾ മഞ്ജു മലയാള സിനിമയ്ക്ക് സമ്മാനിച്ചു. കുറഞ്ഞ കാലയളവിൽ തന്നെ മുൻനിര നായികയായി മാറി.
1998-ൽ വിവാഹശേഷം സിനിമയിൽ നിന്ന് 16 വർഷം വിട്ടുനിന്ന മഞ്ജു, 2014-ൽ ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ അപ്രതീക്ഷിതമായി തിരിച്ചെത്തി. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ രണ്ടാം വരവിൽ പഴയതിനേക്കാൾ ശക്തിയായി വെള്ളിത്തിരയിൽ തിളങ്ങി. ‘റാണി പത്മിനി’, ‘കെയർ ഓഫ് സൈറാ ബാനു’, ‘ഉദാഹരണം സുജാത’, ‘പ്രതി പൂവൻകോഴി’, ‘ആയിഷ’ എന്നിവയിലെ വേഷങ്ങൾ മഞ്ജുവിന്റെ പ്രകടന വൈവിധ്യത്തിന് തെളിവുകളായി. എഴുത്തുകാരി മാധവിക്കുട്ടിയായി ‘ആമി’യിൽ നൽകിയ പ്രകടനം വലിയ പ്രശംസ നേടി. ‘ലൂസിഫർ’ പോലുള്ള മാസ്സ് ചിത്രത്തിലും ശക്തമായ കഥാപാത്രത്തെ അനായാസം കൈകാര്യം ചെയ്തു.