നഗരമൊരു
നീണ്ട സ്വപ്നം പോലെ,
തിരക്കിന്റെ
നിഴൽ പുതച്ച്
ശബ്ദത്തിന്റെ
ചുഴികളിൽ മുങ്ങിയൊരു
സ്വപ്നം !!
വെളിച്ചം വിളക്കുകളിൽ
കുരുങ്ങി,
ഇരുട്ട് സ്വപ്നങ്ങളെ
വിഴുങ്ങി
തെരുവുകൾ
താണ്ടുന്ന
വേഗത്തിന്റെയും
വ്യഗ്രതയുടെയും സംഗീതം ;
മാനം മുട്ടെ വളർന്ന
പരസ്യങ്ങളുടെ
വർണ്ണപ്പൊലിമകൾ
വായനക്ക്
ഗ്രഹിക്കാനാവാത്ത
കരാർപത്രങ്ങളിൽ
മനുഷ്യരുടെ
സ്വപ്നങ്ങൾ
പണയത്തിലാക്കുന്നു ;
മതിലുകൾ
ഉയർന്നിടത്ത്
വാതിലുകൾ
കൊട്ടിയടഞ്ഞു,
ജനാലകൾ ചിരികൾ
മറച്ച
ഹൃദയങ്ങൾ
മൗനത്തിന്റെ ചെരുപ്പെടുത്തണിഞ്ഞ്
അകലേക്ക്
നടന്നു പോകുന്നു ;
കൈകൾ
സ്പർശിക്കാതെ,
മിഴികൾ ഉടക്കാതെ,
വാക്കുകൾ
ഒഴുകാതെ,
ഒരേ നഗരത്തിലെ
വഴികളിലൂടെ
പല വഴികൾ
തേടുന്നവർ
അവർ മനുഷ്യരിലെ
മനുഷ്യനെ തിരഞ്ഞു കൊണ്ടേയിരിക്കുന്നു ;
പ്രതീക്ഷകൾ !!
ഒരു മഴത്തുള്ളി
വീണ് മണ്ണിന്റെ
മണം പരക്കുമോ !
ഒരു പരിചിത
ചിരിയിൽ നഗരം
പൂത്തു തളിർക്കുമോ !
അപരിചിതമായ
ഒരു നോട്ടത്തിൽ
മറന്നുപോയ
സൗഹൃദത്തിന്റെ
വിത്ത് മുളയ്ക്കുമോ !