കാലത്തിന്റെ മറവിൽ
കാറ്റു വിതച്ചു
കൊടുങ്കാറ്റുകൾ
കൊയ്യുന്നവർ....!
ഓരോ മുറിവിനും
പിന്നിൽ ഒളിഞ്ഞിരിക്കും
ഒരു പറയാത്ത കഥ,
ഓരോ ചിരിയിലും
പതുങ്ങിയിരിപ്പുണ്ടാം
ഏതോ വിഷാദ നൊമ്പരം...!
മണ്ണിന്നടിയിലുറങ്ങുന്ന
വിത്തുകളെ പോലെ
നാം വിതച്ച സ്വപ്നങ്ങൾ
വേരായി വളർന്നു
പുതിയ തലമുറയുടെ കണ്ണുകളിൽ
തിളങ്ങുന്ന ജീവന്റെ അടയാളങ്ങളായി മാറുന്നു..!
കടൽത്തീരത്തെ കാല്പാടുകൾ
തിരമാലകൾ മായ്ച്ചുകളയുമ്പോഴും,
ഹൃദയത്തിന്റെ
മണൽപ്പരപ്പിലെഴുതുന്ന
സ്നേഹലിപികൾ
കാലം മായ്ക്കുന്നില്ല...!
രാവിന്റെയിരുളിമയിൽ
നക്ഷത്രങ്ങളെഴുതും
പ്രകാശ ലിപികളെപ്പോലെ
ഓരോ ആത്മാവിനും
തന്റേതായ രഹസ്യ അടയാളങ്ങളുണ്ട്,
മറ്റാർക്കും ദർശിക്കാനാവാത്ത
വ്യക്തിഗത മുദ്രകൾ...!
സ്മരണകളുടെ കണ്ണാടിയിൽ
വർഷങ്ങൾ വരച്ചുവെച്ച
അവശിഷ്ടങ്ങൾ,
മുഴുമിക്കാത്ത കവിതപോലെയും,
പാതി വരച്ച ചിത്രംപോലെയും,
പാതിവഴിയിൽവച്ചു
വിടപറഞ്ഞ മനുഷ്യരെപ്പോലെയും,
കാലത്തിൻ കരങ്ങളിൽ വിറങ്ങലിക്കുമെങ്കിലും
മരണമെന്ന വാതിൽ കടന്നാലും
അടയാളങ്ങൾ മാഞ്ഞുപോകുന്നില്ല,
കാലത്തിന്റെ വിരലുകൾ മെനഞ്ഞ
ശാശ്വത മുദ്രകളായവ
ജീവിക്കുന്നു,
കാലാന്തരങ്ങളിലൂടെ..!