Image

മുട്ടത്തു വർക്കിയുടെ ഓർമകൾ പേറുന്ന സ്വർണപ്പതക്കം മലയാള സർവകലാശാലയ്ക്ക്

പ്രദിപ് പയ്യോളി Published on 12 September, 2025
മുട്ടത്തു വർക്കിയുടെ ഓർമകൾ പേറുന്ന സ്വർണപ്പതക്കം മലയാള സർവകലാശാലയ്ക്ക്

തിരൂർ: മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ എഴുത്തുകാരനായ മുട്ടത്തു വർക്കിക്ക് 1968-ൽ ലഭിച്ച സ്വർണപ്പതക്കം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സ്വന്തമാകുന്നു.
മലയാളത്തിൽ ജനപ്രിയ നോവൽ ശാഖയ്ക്കുതന്നെ തുടക്കമിട്ട 'പാടാത്ത പൈങ്കിളി' നോവൽ രചിച്ചതിന് മുട്ടത്തുവർക്കിക്ക് ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേണലിസ്റ്റ്സ് ഫെലോഷിപ്പ് ആയി ലഭിച്ചതാണ് സ്വർണപ്പതക്കം. പാടാത്ത പൈങ്കിളി  പ്രസിദ്ധീകരണത്തിൻ്റെ 70-ാം വാർഷികമാണ് ഇപ്പോൾ. ആ സുവർണസ്മാരകം 16-ന് സർവകലാശാലയ്ക്കു സമർപ്പിക്കും. സ്വർണപ്പതക്കത്തിന് 9.270 ഗ്രാം തൂക്കമുണ്ട്. ഇപ്പോൾ സ്വർണവിലതന്നെ ഒരു ലക്ഷത്തോളം വരും.
മുട്ടത്തുവർക്കി, മരുമകളായ അന്നാ മുട്ടത്തിനു സ്നേഹപൂർവം നല്ലിയതാണ് സ്വർണപ്പതക്കം. വർഷങ്ങളായി ന്യു യോർക്കിലെ റോക്ക് ലാൻഡിൽ താമസിക്കുന്ന  അന്നാ മുട്ടത്ത്  ആ പതക്കം ഒരു സർവകലാശാലയ്ക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. അമേരിക്കയിൽ തെക്കനേഷ്യൻ ഭാഷകൾ പഠിപ്പിക്കുന്ന ഏതെങ്കിലും യൂണിവേഴ്‌സിറ്റിക്ക് മെഡൽ നൽകാം എന്നായിരുന്നു അവരുടെ തീരുമാനം.

ചിക്കാഗോയിൽ താമസിക്കുന്ന  എഴുത്തുകാരിയും മനുഷ്യാവകാശപ്രവർത്തകയുമായ അഡ്വ. രതീദേവിയോട് അവർ ഇക്കാര്യം പറഞ്ഞു. എന്നാൽ, പതക്കം തിരൂരിലുള്ള മലയാള സർവകലാശാലയ്ക്ക് സമർപ്പിക്കുന്നത് കൂടുതൽ ഉചിതമായിരിക്കുമെന്ന് രതീദേവി അഭിപ്രായപ്പെട്ടു. അന്ന മുറ്റത്ത് അത് സ്വാഗതം ചെയ്തു.

അഡ്വ. രതീദേവി ഷിക്കാഗോയിൽനിന്ന് ന്യൂയോർക്കിൽപ്പോയി  മെഡൽ സ്വീകരിച്ചു.  തുടർന്ന്  വൈസ് ചാൻസലറായിരുന്ന ഡോ. എൽ. സുഷമയുമായും അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി. ഗണേഷുമായും ഇതേപ്പറ്റി ആശയവിനിമയം  നടത്തി.

കഴിഞ്ഞ മേയിൽ രതീദേവിയും അന്ന മുട്ടത്തും ഇന്ത്യയിലെത്തി, മലയാള സർവകലാശാലയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, അന്ന മുട്ടത്തിന്  വരാൻ കഴിയാത്തതിനാൽ അഡ്വ. രതീദേവി ആ ദൗത്യവുമായി എത്തിയിരിക്കുകയാണ്. സ്വർണപ്പതക്കസമർപ്പണച്ചടങ്ങ് ജനപ്രിയ സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചാ സമ്മേളനമായി നടത്താനാണ് വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദിൻ്റെ തീരുമാനം. സർവകലാശാലയിൽ സാഹിത്യരചനയിലെ മികവിന് മുട്ടത്ത് വർക്കി ഗ്ലോബൽ അവാർഡായി അയ്യായിരം രൂപയും പ്രശസ്തിപത്രവും നൽകുന്നുണ്ട്. അന്ന മുട്ടത്ത്  എഴുതിയ മുറ്റത്ത് വർക്കിയെപ്പറ്റിയുള്ള ഓർമക്കുറിപ്പും ചടങ്ങിൽ പ്രകാശനം ചെയ്യും.

(കടപ്പാട് മാതൃഭൂമി)

മുട്ടത്തു വർക്കിയുടെ ഓർമകൾ പേറുന്ന സ്വർണപ്പതക്കം മലയാള സർവകലാശാലയ്ക്ക്
Join WhatsApp News
Jayan varghese 2025-09-12 05:02:21
ചൊവ്വാദോഷം ആരോപിക്കപ്പെട്ട സുന്ദരിയായ പെണ്ണിനെപ്പോലെയാണ് അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ അവസ്ഥ. നാട്ടിൽ നിന്നു പെണ്ണുകാണാൻ വരൂന്ന വായനക്കാരായ വരന്മാർക്ക് പെണ്ണിനെ വല്ലാതെ ബോധിക്കുന്നുണ്ട്. പക്ഷേ മൂരാച്ചികളായ അവരുടെ തന്തപ്പടിമാർ കെട്ടാൻ സമ്മതിക്കില്ല. ഇവിടെയുള്ള അയൽക്കാരായ ആണും പെണ്ണും കേട്ടവർക്ക് അമ്മുക്കുട്ടിയെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്.. പക്ഷെ പുറത്തറിയരുത്. അതിനായി പാത്തും പതുങ്ങിയും വേലിപ്പുറത്തൊക്കെ വരെ വന്ന് “അമ്മജുക്കുട്ടിയേ ബീഡിയുണ്ടോ ഒരു തീപ്പെട്ടി വലിക്കാൻ ” എന്നൊക്കെ ഇടയ്ക്കിടയ്ക്ക് ചോദിച്ചിട്ടു പോകും ? ജയൻ വർഗീസ്.
Jayan Varghese 2025-09-12 11:16:33
പതക്കം കൊടുത്താലൊന്നും ഒരു പ്രയോജനവുമില്ല. അവഗണിക്കാനാവാത്ത രചനകൾ സൃഷ്ടിക്കാൻ നോക്ക്. അരസിക രചനകൾ നൂറ് ലോക കേന്ദ്രങ്ങളിൽ വച്ച് പ്രകാശനം നടത്തിയിട്ടും കാര്യമില്ല. മുമ്പൊക്കെ നല്ല സൊയമ്പൻ സാധനവും മൺചട്ടിയിൽ വറ്റിച്ച കിങ്ഫിഷ് കറിയും നയാഗ്രാ വാട്ടർഫാളും ഒക്കെ പ്രയോജനം ചെയ്തിരുന്നു. ഇപ്പോൾ ഇരിക്കുന്നവർക്ക് അതിലൊന്നും വലിയ ആർത്തി ഇല്ലാത്തതു കൊണ്ട് ആ വഴിയിലും രക്ഷയില്ല. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക