ഹൃദയത്തിൽ തൊട്ടും ഇടയ്ക്ക് കണ്ണുകൾ നിറച്ചും തീർത്തും അപ്രതീക്ഷിതമായി വല്ലാത്തൊരു വിസ്മയം നൽകിയ ചിത്രം. ഹൊറർ അല്ല സസ്പെൻസ് ത്രില്ലർ അല്ല പക്ഷെ "ഹൃദയപൂർവ്വം" ഒരു നിമിഷം പോലും വിരസമായില്ല..
ഗൗരവമേറിയ രംഗങ്ങളിൽ പോലും ഇടയ്ക്ക് പൊട്ടിച്ചിരിപ്പിക്കുന്ന രസച്ചരടുകൾ കോർത്ത് കൊണ്ടു പോയ സംഗീത് പ്രതാപിന്റെ ജെറിയും മോഹൻലാലിന്റെ അനായാസമായ അഭിനയ ചാരുതയിൽ തിളങ്ങിയ സന്ദീപ് ബാലകൃഷ്ണനും ഒത്തുള്ള കൂട്ടുകെട്ട് ചിത്രത്തിന്റെ ജീവനായി നിലനിൽക്കുന്നു. കുടുംബചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ മുഖം തിരിക്കുന്ന പുതിയ തലമുറയ്ക്ക് പോലും ആസ്വദിക്കാൻ പറ്റിയ വിധത്തിൽ ചിത്രം ഒരുക്കിയത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
മനുഷ്യ ബന്ധങ്ങളിൽ കടന്നു വരുന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന വൈകാരികതലങ്ങൾ കാണികളിലും ആകാംക്ഷ നിറച്ച് മുന്നേറുമ്പോൾ ഹൃദയപൂർവ്വം എന്ന ചിത്രം ഏതു പ്രായക്കാർക്കും കണ്ട് ആസ്വദിക്കാൻ പര്യാപ്തമാകുന്നു. ഇന്നും ഗൃഹാതുരത ഉണർത്തുന്ന പഴയ ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകന്റെ പ്രതിഭ അവസാന രംഗത്തിൽ ജ്വലിച്ചു നിൽക്കുന്നു. പാട്ടിന്റെ കാര്യത്തിൽ ന്യൂ ജെൻ സംഗീതവും ഇടയ്ക്ക് മെലഡീയും ഇതിൽ കേൾക്കാൻ സാധിച്ചു..
ഓരോരുത്തരും തങ്ങളുടെ കഥാപാത്രത്തെ അതീവ സൂക്ഷ്മതയോടെ അഭിനയിച്ചു ഫലിപ്പിച്ചു. ഏറെ നാളുകൾക്കു ശേഷം ഇങ്ങനെ ഒരു നല്ല ചിത്രം സമ്മാനിച്ച സംവിധായകനും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദയപൂർവ്വം നന്ദി. വീണ്ടും വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഇത്തരം ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കാം.