ആയുസ്സിൻ പുസ്തകത്താളിലെന്താണെന്ന്
ആരും പറഞ്ഞ് തന്നില്ല
കാറ്റും, വെളിച്ചവും, കാടും മരങ്ങളും
കൂട്ടത്തിലുണ്ടായിരുന്നു
കൂട്ടത്തിലല്പം ഇരുട്ടും, ദു:സ്വപ്നവും
കാട്ടുതീക്കാലവും, മുള്ളും
കാട്ടെരിക്കിൻ കയ്പുപാത്രവും, കല്ലിൻ്റെ
കൂർത്ത നോവിക്കുന്ന ചീളും
തീപ്പെട്ട നോവും, തിരക്കിട്ട പട്ടണ-
ക്കോട്ടയെ ചുറ്റും വിലങ്ങും
പാട്ടായപാട്ടുകൾ കേട്ടിരിക്കുമ്പോഴും
പാട്ടിൻ്റെയീണങ്ങൾ തെറ്റാം
കൂട്ടിൽ നിന്നെന്നും പറന്നുയിർക്കൊള്ളുന്ന
ദേശാടനക്കിളിക്കൂട്ടം
കൂട്ടിലായ് തൂവൽ കൊഴിഞ്ഞ് വീഴാം
പാട്ട് നേർത്ത് നേർത്തില്ലാതെയാവാം
ദൂരെ പെരുങ്കടൽത്തീരങ്ങളിൽ നിന്ന്
നാവികർ വന്ന് പോയേക്കാം
ഫീനിക്സുകൾ ചിതക്കുയ്ള്ളിൽ നിന്നായുസ്സിൻ
പാഠം പകർന്ന് പോയേക്കാം
പ്രാണൻ്റെ കൂട്ടിൽ ഋതുക്കളോന്നിച്ച്
ഭൂമി പൂക്കാലമേകുമ്പോൾ
കൂട്ടിയും, വീണ്ടും ഹരിച്ചും, ഗണിച്ചുമാ-
രാശിചക്രത്തിൻ്റെ മദ്ധ്യേ
ആയുസ്സിൻ പുസ്തകം നീട്ടിയിട്ടാക്കിളി-
ക്കൂട്ടം പതിഞ്ഞ് പാടുമ്പോൾ
പാട്ടിലുണ്ടാകാം സ്വരം തെറ്റുമോർമ്മകൾ
നീർക്കണം പോലുള്ള സത്യം
പാട്ടിലുണ്ടാകാം ചിരിക്കനൽത്തുമ്പിലായ്
ചേർത്ത് മായിച്ചൊരാ നോവ്
പാട്ടിലുണ്ടാകാം കനത്ത മൗനത്തിൻ്റെ
ഭാഷ പോലായിരം വാക്ക്
പാട്ടിലുണ്ടാകാമൊരേകപ്രപഞ്ചത്തി-
നാശ്വാസമേകുന്ന മണ്ണ്..