ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാമത്തെ ചിത്രം 'ലോക-ചാപ്റ്റര്‍ വണ്‍ ചന്ദ്ര' വിദേശ ബോക്‌സ് ഓഫീസില്‍ മിന്നല്‍ കുതിപ്പ് തുടരുന്നു. വിദേശത്തു നിന്നും 100 കോടിയിലധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് 'ലോക'. 200 കോടി ആഗോള കളക്ഷന്‍ നേടിയിരിക്കുന്ന ലോക മലയാളത്തില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമാണ്. യൂണിവേഴ്‌സില്‍ ഇനി വരാനുളള 'മൂത്തോന്‍' എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരം അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു. അഞ്ചു ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഫാന്റസിയുടെ ഭ്രമാത്മക ലോകം തുറന്നിടുമെന്നുറപ്പാണ്.
റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ടു തന്നെ 'ലോക' 100 കോടി ക്‌ളബ്ബില്‍ ഇടം പിടിച്ചിരുന്നു. പാന്‍ ഇന്‍ഡ്യന്‍ തലത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം അതിഗംഭീര പ്രേക്ഷക പിന്തുണയോടെ റെക്കോഡ് കുതിപ്പ് തുടരുകയാണ്. നായികാ പ്രാധാന്യമുള്ള ഒരു ചിത്രം തെന്നിന്ത്യയില്‍ നിന്നും ഇത്രയധികം കളക്ഷന്‍ വാരിക്കൂട്ടുന്നത് ഇതാദ്യമാണ്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ അതിഥിതാരങ്ങളും ഏറെയുണ്ട്. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് 'ലോക' ഈ നേട്ടം കൈവരിച്ചത്. മലയാളത്തിലെ ഓള്‍ ടൈം ബ്‌ളോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ രചനയും സംവിധാനവും ഡൊമിനിക് അരുണ്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.