Image

സൗഹൃദവും പ്രണയവും ഒരുമിക്കുന്ന 'മേനേ പ്യാര്‍ കിയ'- റിവ്യൂ

സ്വന്തം ലേഖകന്‍ Published on 13 September, 2025
 സൗഹൃദവും പ്രണയവും ഒരുമിക്കുന്ന 'മേനേ പ്യാര്‍ കിയ'- റിവ്യൂ

സൗഹൃദങ്ങളുടെ കഥ പറയുന്ന മലയാള ചിത്രങ്ങള്‍ എല്ലാക്കാലവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അവര്‍ തമ്മിലുളള ഇണക്കങ്ങളും പിണക്കങ്ങളും അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന പ്രണയങ്ങളുമൊക്കെ ഏറെ രസകരമായിരിക്കുകയും ചെയ്യും. ഈ ഓണക്കാലത്തും അങ്ങനെയൊരു സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് 'മേനേ പ്യാര്‍ കിയ'. ഫൈസല്‍ ഫസലുദ്ദീന്‍-ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥ റൊമാന്റിക്-കോമഡി ട്രാക്കിലൂടെ സഞ്ചരിച്ച് പിന്നീട് ത്രില്ലര്‍ മൂഡിലേക്ക് മാറുന്ന വിധമാണ് ഒരുക്കിയിട്ടുള്ളത്.

ഉണ്ണിക്കുളമെന്ന ഗ്രാമത്തിലെ ചില ചെറുപ്പക്കാരും അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളും അവര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും അതിനെ അവര്‍ അതിജീവിക്കുന്ന രീതിയുമൊക്കെയാണ് ചിത്രം പറയുന്നത്. ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന യുവാവാണ് ആര്യന്‍(ഹൃദു ഹാറൂണ്‍). അയാളുടെ കോളേജ് വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്. കക്ഷിക്ക് അതില്‍ നല്ല വിഷമമുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ഭാവി ജീവിതം എങ്ങനെ കരുപ്പിടിപ്പിക്കുമെന്നുള്ള ആശങ്ക അയാള്‍ക്കുണ്ട്. ആകെയുള്ള ആശ്വാസം കൂട്ടുകാരാണ്. അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ മനോഹരമായ ഇഴടടുപ്പം വ്യക്തമാക്കുന്ന അനേകം രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അങ്ങനെ കൂട്ടുകാര്‍ക്കൊപ്പം സന്തോഷകരമായി കഴിഞ്ഞു പോകുന്നതിനിടെയാണ് ആര്യന്റെ ജീവിതത്തിലേക്ക് നിധി എന്ന പെണ്‍കുട്ടി കടന്നു വരുന്നത്.

തമിഴ് നാട്ടുകാരിയാണ് നിധി. അവളുമായി പ്രണയബന്ധം തുടരുന്നതിന് ആര്യന് ധൈര്യം പകരുന്നത് സുഹൃത്തുക്കളാണ്. ആര്യന്റെ പ്രണയത്തിനൊപ്പം സുഹൃത്തുക്കളുടെ പ്രണയവും ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ പ്രണയത്തിനായുള്ള പൊരുതലാണ് ചിത്രം. അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ചിട്ടും സ്വന്തമാക്കാന്‍ കഴിയാതെ പരസ്പരം വിട്ടുകൊടുത്ത് ഹൃദയം നിറയെ ആ സ്‌നേഹവുമായി കഴിയുന്നവരുമുണ്ട്. നിവൃത്തികേടു കൊണ്ട് പാതിവഴിയില്‍ ഉപേക്ഷിക്കുന്ന ചില പ്രണയ ബന്ധങ്ങളെയും ചിത്രം കാട്ടിത്തരുന്നുണ്ട്.  

കേരള-തമിഴ് നാട് സംസ്ഥാനങ്ങളിലെ ഗുണ്ടാപ്പകയും അവര്‍ക്കിടയിലെ പോരും വഴക്കും ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. സദാചാര ഗുണ്ടായിസത്തെ സമൂഹം എങ്ങനെ നേരിടണമെന്നും കൈകാര്യം ചെയ്യണമെന്നു കൂടി ചിത്രം വ്യക്തമാക്കുന്നു. ആര്യന്റെ പ്രണയജീവിതം വിവരിക്കുന്നതിനൊപ്പം മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന അയാളുടെ  കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെയും ചിത്രം അനാവരണം ചെയ്യുന്നു. 
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്ത 'മേനേ പ്യാര്‍ കിയ' യിലെ ഗാനങ്ങളും മനോഹരമാണ്. പ്രേക്ഷകന് ഒരു സര്‍പ്രൈസ് നല്‍കാന്‍ കാമിയോ റോളും പ്രത്യക്ഷപ്പെടുന്നു. അസ്‌കര്‍ അലി, മീദൂട്ടി, ശ്രീകാന്ത് വെട്ടിയാര്‍, റെഡിന്‍ കിങ്ങ്സ്ലി, ജിയോ ബേബി, മൈം ബേബി, തൃക്കണ്ണന്‍, ബോക്‌സര്‍ ദീന, ജീവിന്‍ റെക്‌സ, ബിബിന്‍ പെരുമ്പള്ളി, ജെറോം, മുസ്തഫ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡോണ്‍പോള്‍ പിയുടെ ഛായാഗ്രഹണം ചിത്രത്തിന് മുതല്‍ക്കൂട്ടായി. ആക്ഷന്‍ രംഗങ്ങളെല്ലാം അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കെലെ കിങ്ങ്‌സണിന്റെ കിടിലന്‍ സംഘട്ടന രംഗങ്ങള്‍ യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മോഹന്റെ എഡിറ്റിങ്, രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈന്‍, മിറാജ് ഖാലിദിന്റെ പശ്ചാത്തല സംഗീതം എന്നിവയെല്ലാം ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്. സൗഹൃദവും പ്രണയവും ചേര്‍ന്ന യുവതയുടെ ആഘോഷമാണ് 'മേ നേ പ്യാര്‍ കിയ'. തിയേറ്ററില്‍ കാണുന്നത് തന്നെയാണ് രസകരം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക