പുരുഷ സൗകുമാര്യത്തിന്റെ പ്രതീകമായിരുന്ന ഐതിഹാസിക ഹോളിവുഡ് നടൻ റോബർട്ട് റെഡ്ഫോർഡ് 89 വയസിൽ അന്തരിച്ചു. യുട്ടയിലെ പ്രോവോയിലുള്ള സ്വന്തം വീട്ടിൽ ഉറക്കത്തിലാണ് റെഡ്ഫോർഡ് മരിച്ചതെന്നു വക്താവ് പറഞ്ഞു.
Butch Cassidy and the Sundance Kid, Barefoot in the Park, The Way We Were, All the President’s Men, Out of Africa തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമൊട്ടാകെ ആരാധകരെ നേടിയ റെഡ്ഫോർഡ് രണ്ടു തവണ ഓസ്‌കർ നേടിയിരുന്നു. ആറു പതിറ്റാണ്ടു നീണ്ട അഭിനയ കളത്തിൽ അഞ്ചു ഗോൾഡൻ ഗ്ലോബുകൾ, ദ സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് ലൈഫ് അച്ചീവ്‌മെന്റ് അവാർഡ്, കെന്നഡി സെന്റർ ഓണേഴ്‌സ്, പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ എന്നിവയും നേടി.
1958ൽ ലോല വാൻ വാഗനനെ വിവാഹം കഴിച്ച റെഡ്ഫോർഡിനു നാലു മക്കൾ ജനിച്ചിരുന്നു. അതിൽ രണ്ടു പേർ ജീവിച്ചിരിപ്പില്ല.
റെഡ്‌ഫോർഡും വാഗനനും പിരിഞ്ഞതായി അറിയിപ്പൊന്നും ഉണ്ടായില്ലെങ്കിലും 2009ൽ അദ്ദേഹം ദീർഘകാലം ഗേൾ ഫ്രണ്ട് ആയിരുന്ന സിബിൽ സഗേഴ്സിനെ വിവാഹം കഴിച്ചു. അതിലും നാലു മക്കൾ ഉണ്ടായി.
1936 ഓഗസ്റ്റ് 18നു സതേൺ കാലിഫോർണിയയിൽ ജനിച്ച ചാൾസ് റോബർട്ട് റെഡ്ഫോർഡ് ചെറുപ്പത്തിൽ കായിക താരമായിരുന്നു. സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിനു സ്വന്തം വഴി കണ്ടെത്തേണ്ടത് ആവശ്യമായി. 18 വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം യൂറോപ്പിൽ പോയി ചിത്രകല പരീക്ഷിച്ചു. പിന്നീട് സിനിമയിൽ എത്തിയപ്പോഴും വിജയം കണ്ടെത്താമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല.
1959ൽ ബ്രോഡ്‍വെയിലാണ് അരങ്ങേറ്റം നടത്തിയത്. അടുത്ത വർഷം Tall Story എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി. ഒട്ടേറെ ചിത്രങ്ങളിൽ കൂടെ അഭിനയിച്ച ജെയ്ൻ ഫോണ്ട ആയിരുന്നു അതിൽ നായിക.
പിന്നീട് തുടർച്ചയായി ചിത്രങ്ങൾ വന്നു. പോൾ ന്യൂമാന്റെ കൂടെ അഭിനയിച്ച ബുച്ച് കാസിഡി തകർപ്പൻ ഹിറ്റായതോടെ റെഡ്ഫോർഡിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
1980ൽ സംവിധാനത്തിൽ കൈവച്ചു: Ordinary People. മികച്ച സംവിധായകൻ ഉൾപ്പെടെ നാലു ഓസ്കറുകളാണ് പടം കൊയ്തത്.
മെറിൽ സ്ട്രീപ്മൊത്തു ചെയ്ത Out of Africa ഏഴു ഓസ്കറുകൾ തൂത്തു വാരി.
2018ൽ അഭിനയം നിർത്തുന്നുവെന്ന് റെഡ്ഫോർഡ് പ്രഖ്യാപിച്ചു. The Old Man & The Gun ആയിരുന്നു അവസാന ചിത്രം.
Robert Redford passes away at 89