ആഗോള കളക്ഷനില്‍ 250കോടിനേടി ഒട്ടേറെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്ന 'ലോക' ആദ്യം ഏറ്റെടുക്കാന്‍ ഒരു വിതരണക്കാരും മുന്നോട്ടു വന്നില്ലെന്ന് നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. ദ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് 'ലോക'യുടെ റിലീസിന് മുമ്പ് നേരിട്ട പ്രതിസന്ധിയും അതിന്റെ വിജയത്തെ കുറിച്ചും താരം തുറന്നു പറഞ്ഞത്. താന്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രമായ 'ലോക-ചാപ്റ്റര്‍ 1-ചന്ദ്ര'യുടെ തകര്‍പ്പന്‍ വിജയത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനൊപ്പമാണ് ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം ഇതുവരെ ബോക്‌സോഫീസില്‍ നിന്നും വാരിക്കൂട്ടിയത് 250 കോടി രൂപയാണ്. താന്‍ നായകനായി എത്തിയ സിനിമകള്‍ പോലും 'ലോക'യെ പോലെ കളക്ഷന്‍ നേടിയിട്ടില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു.
''ഇതു ഞങ്ങളുടെ ഏഴാമത്തെ നിര്‍മ്മാണ സംരംഭമാണ്. എപ്പോഴും മികച്ച വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോകയെ പോലൊരു മിന്നും വിജയം മറ്റൊന്നിനും തരാന്‍ കഴിഞ്ഞിട്ടില്ല. എല്ലാത്തരം പ്രേക്ഷകരും ഇത് സ്വീകരിച്ചു. അതാണ് ഏറ്റവും ആവേശകരമായ കാര്യം.'' ദുല്‍ഖര്‍ പറഞ്ഞു.
''സത്യം പറഞ്ഞാല്‍ നഷ്ടം സംഭവിച്ചേക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. ഞങ്ങള്‍ക്ക് സിനിമയില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷേ സാമ്പത്തികമായി നേട്ടമുണ്ടാകുമോ എന്ന് ഉറപ്പില്ലായിരുന്നു. ആദ്യഘട്ടത്തില വിതരണക്കാര്‍ ആരും മുന്നോട്ടു വന്നില്ല. ഈ ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമയില്‍ നഷ്ടം സംഭവിച്ചേക്കാം എന്ന യാഥാര്‍ത്ഥ്യവുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടിരുന്നു. '' ദുല്‍ഖര്‍ പറഞ്ഞു.
അഞ്ചു ഭാഗങ്ങളുള്ള ഒരു സൂപ്പര്‍# ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സലിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്ത ചിത്രമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ചിത്രം മലയാള പ്രേക്ഷകന് നല്‍കിയത് ഹോളിവുഡ് സിനിമകളെ വെല്ലുന്ന ദൃശ്യാനുഭവമാണ്.
ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം ഫാന്റസി ത്രില്ലര്‍ ജോണറില്‍ പെടുന്ന ചിത്രമാണ്. ദുല്‍ഖര്‍, ടൊവീനോ, അന്ന ബെന്‍, സൗബിന്‍, ബാലുവര്‍ഗ്ഗീസ്, അഹാന തുടങ്ങി അതിഥി താരങ്ങളും വന്നു പോകുന്നുണ്ട്.