ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രക്ക് കോടതി അനുമതി നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ മാസം 19 മുതൽ അടുത്ത മാസം 18 വരെ യാത്ര ചെയ്യാൻ അനുമതി നൽകിയത്. യാത്ര കഴിഞ്ഞ് പാസ്‌പോർട്ട് തിരികെ കോടതിയിൽ സമർപ്പിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി.
വിദേശത്ത് സിനിമ ഷൂട്ടിങ്ങിലും മറ്റ് പരിപാടികളിലും പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് കോടതിയെ സമീപിച്ചത്. യു.എ.ഇ., ഖത്തർ എന്നിവിടങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഈ മാസം 19 മുതൽ 24 വരെ യു.എ.ഇ.യിലും ഒക്ടോബർ 13 മുതൽ 18 വരെ ഖത്തറിലുമായിരിക്കും സിദ്ദിഖ്.
ഒരു യുവനടിയെ സിനിമ ചർച്ചകൾക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് സിദ്ദിഖ് നടപടികൾ നേരിടുന്നത്. ഈ കേസിൽ ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നുവെങ്കിലും സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടുകയായിരുന്നു.
English summary:
Rape case: Court grants actor Siddique permission to travel abroad.