ന്യൂയോർക്: ചൈന, അഫ്ഗാനിസ്താൻ, ഇന്ത്യ, പാകിസ്താൻ എന്നിവ പ്രധാന മയക്കുമരുന്ന് ഉൽപാദന, കടത്തു രാജ്യങ്ങളെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസിനും യു.എസ് പൗരന്മാർക്കും ഭീഷണിയാകുംവിധം നിയമവിരുദ്ധ മയക്കുമരുന്ന് കടത്തുന്ന 23 രാജ്യങ്ങളിലാണ് ഇന്ത്യയെയും അയൽക്കാരെയും ട്രംപ് ഉൾപ്പെടുത്തിയത്. ബൊളീവിയ, ബർമ, കൊളംബിയ, മെക്സികോ, പെറു, പാനമ, കൊസ്റ്ററീക തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.
മയക്കുമരുന്നിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ അഫ്ഗാനിസ്താൻ, ബൊളീവിയ, ബർമ, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങൾ ദയനീയമായി പരാജയപ്പെട്ടെന്നും യു.എസ് കോൺഗ്രസിന് സമർപിച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നിയമവിരുദ്ധമായ ഫെന്റാനിൽ ഉൽപാദനത്തിന് ആവശ്യമായ രാസവസ്തുക്കൾ ഏറ്റവും കൂടുതൽ കടത്തുന്ന സ്രോതസ്സ് ചൈനയാണെന്നും അഫ്ഗാനിൽ പുതിയ താലിബാൻ ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് മയക്കുമരുന്ന് കടത്ത് തടയുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.