Image

യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25% അധിക തീരുവ പിന്‍വലിച്ചേക്കുമെന്ന് ഇന്ത്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

Published on 18 September, 2025
യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25% അധിക തീരുവ പിന്‍വലിച്ചേക്കുമെന്ന് ഇന്ത്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ഡല്‍ഹി: ഇന്ത്യക്ക് മേല്‍ യുഎസ് ചുമത്തിയ 25 ശതമാനം താരിഫ് പിന്‍വലിച്ചേക്കുമെന്ന് സൂചന നല്‍കി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരന്‍. വ്യാപാര കരാറിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക സൂചനകള്‍ പുറത്ത് വരുന്നത്. നവംബറോടെ പിഴ തീരുവ പിന്‍വലിച്ചേക്കുമെന്നാണ് വിവരം.

കല്‍ക്കട്ടയിലെ മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അമേരിക്ക താരിഫ് പിന്‍വലിക്കുന്നതിനുള്ള സൂചനകള്‍ സാമ്പത്തിക ഉപദേഷ്ടാവ് പുറത്ത് വിട്ടത്. ’25 ശതമാനം തീരുവയും അതോടൊപ്പം 25 ശതമാനം പിഴ തീരുവയും പ്രതീക്ഷിച്ചതായിരുന്നില്ല. ചില സാഹചര്യങ്ങളാകാം 25 ശതമാനം പിഴ തീരുവയിലേക്ക് നയിച്ചതെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ നടന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, നവംബര്‍ 30 ന് ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അധിക തീരുവകളില്‍ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടര്‍ ചര്‍ച്ചകളെല്ലാം അത് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള പിഴ താരിഫായാണ് 25 ശതമാനം ചുമത്തിയത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കും കൂടുതല്‍ നികുതി ചുമത്തണമെന്ന് ജി7 രാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക