മാനവും മര്യാദയുമുള്ള ഒരു ജനപ്രതിനിധിക്ക് ചേര്‍ന്ന വര്‍ത്തമാനവും ബോഡിലാംഗ്വേജുമല്ല തന്റേതെന്ന് കേന്ദ്രമന്ത്രി പുങ്കവനായ സുരേഷ് ഗോപി പലവട്ടം തെളിയിച്ചിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇദ്ദേഹം ആവലാതി പറയാന്‍ എത്തുന്നവരുടെയും പത്രക്കാരുടെയുമൊക്കെ മേക്കിട്ടുകയറുന്നത്. ഭരത്ചന്ദ്രന്‍ ഐ.പി.എസിന്റെ കുപ്പായത്തില്‍ നിന്നിറങ്ങാതെ ഈ ജനപ്രതിനിധി ചന്ദ്രഹാസമിളക്കിക്കൊണ്ടിരിക്കുകയാണ്. ''ജനങ്ങളാണ് യജമാനന്‍മാര്‍...'' എന്ന് പണ്ട് സിനിമയില്‍ പറഞ്ഞ് കൈയ്യടി മേടിച്ച ഡയലോഗ് എല്ലാം മറന്ന് കേന്ദ്ര മന്ത്രിപദം പൊതുജനങ്ങളുടെ മേല്‍ കുതിരകയറാനുള്ള ചെങ്കോലായി എടുത്തിരിക്കുകയാണ് ഈ 'രായാവ്...'
ഇപ്പോള്‍ 'കലുങ്ക് സൗഹൃദ സംവാദം' എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ച് നാട്ടിലിറങ്ങിയിരിക്കുകയാണ് സുരേഷ് മന്ത്രി. പണ്ട് കേരളത്തില്‍ പൗരപ്രമാണിമാര്‍ നടത്തിയിരുന്ന 'നാട്ടുക്കൂട്ട'ത്തെ ഓര്‍മിപ്പിക്കുന്ന പരിപാടിയാണിത്. പൗരപ്രമാണിയെന്ന് പറയുമ്പോള്‍ ആ പ്രദേശത്തെ ഓള്‍ ഇന്‍ ഓള്‍. അയാള്‍ പറയുന്നതാണ് വേദവാക്യം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൊച്ച് രാജാവ്. ഇന്നലെ, ബുധനാഴ്ച തൃശൂര്‍ ജില്ലയിലെ പൊറത്തിശ്ശേരി കണ്ടാരംതറയില്‍ നടന്ന കലുങ്ക് സൗഹൃദ ചര്‍ച്ചയില്‍ ഈ മന്ത്രി ശരിക്കും രാജാവ് കളിച്ച് ഒരു വയോധികയോട് തട്ടിക്കയറി. സൗഹൃദ ചര്‍ച്ച അങ്ങനെ വിദ്വേഷ വാക്കുകള്‍ക്ക് വഴിമാറി.
സാമ്പത്തിക തട്ടിപ്പിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോയെന്ന് വയോധികയായ കുറ്റിപ്പുറത്തുവീട്ടില്‍ ആനന്ദവല്ലി കലുങ്ക് സഭയില്‍ വച്ച് സുരേഷ് ഗോപിയോട് ചോദിച്ചു. ''മുഖ്യമന്ത്രിയെ സമീപിക്കൂ...'' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്ന് ആനന്ദവല്ലി ചോദിച്ചതോടെ ''എന്റെ നെഞ്ചത്തോട്ട് കയറിക്കോ...'' എന്നായിരുന്നു മുഖത്തടിച്ച പോലെയുള്ള മറുപടി. ജനങ്ങളെല്ലാം കണ്ട ആ വിവാദ സംഭാഷണം ഇങ്ങനെ...
ആനന്ദവല്ലി: ''കരുവന്നൂര്‍ ബാങ്കിലിട്ട കാശ് തിരിച്ചുകിട്ടാന്‍ വല്ല വഴിയുമുണ്ടോ സാറെ..? വീട്ടുപണിക്ക് പോയി ചട്ടീം കലോം കഴുകിയുണ്ടാക്കിയ കാശാ...''
സുരേഷ് ഗോപി: ''ഇ.ഡി പിടിച്ചെടുത്ത പണം സ്വീകരിച്ച് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറ...''
ആനന്ദവല്ലി: ''മുഖ്യമന്ത്രിയുടെ അടുത്തുപോകാന്‍ പറ്റില്ല സാറെ...''
സുരേഷ് ഗോപി: ''അധികം സംസാരിക്കല്ലേ ചേച്ചീ. ഇ.ഡി പിടിച്ചെടുത്ത പണം സ്വീകരിക്കാന്‍ പറ നിങ്ങളുടെ മുഖ്യമന്ത്രിയോട്, പരസ്യമായിട്ടാണ് പറയുന്നത്...''
ആനന്ദവല്ലി: ''എങ്ങനെയാണ് കാണാന്‍ പോകാ സാറെ, എനിക്ക് അതിനുള്ള വഴിയറിയില്ല...''
സുരേഷ് ഗോപി: ''എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറ്...''
ഇതാണ് കൊട്ടിഘോഷിക്കുന്ന കലുങ്ക് സൗഹൃ സംവാദം. എന്നാല്‍ സുരേഷ് ഗോപി നല്‍കിയ മറുപടി വേദനിപ്പിച്ചെന്ന് പരിഹാസം നേരിട്ട ആനന്ദവല്ലി പറയുന്നു. ''അടുത്തൊരു വീട്ടില്‍ പണിക്ക് പോയതായിരുന്നു. സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതായിരുന്നു അവിടെ. ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് ചോദിച്ചു. പുള്ളി പറഞ്ഞത് ഇ.ഡിയെ കാണ്, മുഖ്യമന്ത്രിയെ കാണ് എന്നാണ്. നല്ലൊരു വാക്ക് പറഞ്ഞില്ല. അതിലൊരു വിഷമം ഉണ്ട്. ഞാന്‍ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. വല്ലവരുടേയും വീട്ടില്‍ പോയി കലം കഴുകിയും തുണി അലക്കിയും ഉണ്ടാക്കിയ കാശാണ്...'' ആനന്ദവല്ലി തുടര്‍ന്നു.
''തിരിച്ച് കിട്ടുമെന്ന് കരുതി ഇട്ട കാശാണ്. ഇ.ഡിയോടും മുഖ്യമന്ത്രിയോടും ഇത്രേം പേരോട് പോയി കാശ് ചോദിക്കാന്‍ പറ്റുമോ. വോട്ട് ചോദിച്ച് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു, ഞാന്‍ ജയിച്ച് വന്നാല്‍ കോര്‍പറേറ്റ് ബാങ്കിലെ കാശ് വാങ്ങാം എന്ന്. എല്ലാവര്‍ക്കും കിട്ടി. എനിക്ക് മാത്രമല്ലല്ലോ, എല്ലാവര്‍ക്കും ഉണ്ടല്ലോ. അതുകൊണ്ടാണ് ചോദിച്ചത്. നിങ്ങള്‍ക്ക് കിട്ടും എന്നൊരു നല്ല വാക്ക് പറയാമായിരുന്നു. അത് സുരേഷ് ഗോപിയുടെ കയ്യില്‍ നിന്ന് കിട്ടിയിട്ടില്ല...''
''ഒന്നേ മുക്കാല്‍ ലക്ഷം രൂപ ബാങ്കില്‍ കിടപ്പുണ്ട്. ഞാന്‍ സുഖമില്ലാത്ത ആളാണ്. മരുന്ന് വാങ്ങാന്‍ തന്നെ മാസം രണ്ടായിരം രൂപ വേണം. ഇങ്ങേരുടെ ഒരു വാക്കുണ്ടല്ലോ, അതിന്റെ പുറത്താണ് ചോദിക്കാന്‍ പോയത്. ഇവരുടെ ആരുടേയും കാല് പിടിക്കാതെ ആ കാശ് നമുക്ക് കിട്ടേണ്ടതാണ്. പക്ഷേ ആള്‍ക്കാര്‍ കട്ട് കൊണ്ട് പോയി, നമ്മളിപ്പോള്‍ എന്ത് പറയാനാണ്. കട്ട ആളെ കണ്ടിരുന്നെങ്കില്‍ എന്റെ കാശ് എങ്കിലും തരാന്‍ പറയാമായിരുന്നു...'' സങ്കടക്കണ്ണീരോടെ ആനന്ദവല്ലി പറയുന്നു.
പൊറത്തിശ്ശേരിയിലെ വിവാദ കലുങ്ക് സംവാദത്തിന്റെ വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് സുരേഷ് ഗോപിക്ക് നേരെ ഉയരുന്നത്. കലുങ്ക് സംവാദം ആളുകളെ ആക്ഷേപിക്കുന്ന പരിപാടിയായി മാറിയെന്നാണ് ജനങ്ങളുടെ ആരോപണം. അവിടെയും ഇവിടെയും നടക്കുന്ന കൈപ്പിഴകള്‍ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്ന് കൊടുങ്ങല്ലൂര്‍ എല്‍ത്തുരുത്ത് ശ്രീകുമാര സുബ്രഹ്‌മണ്യ ക്ഷേത്രാങ്കണത്തില്‍ നടത്തിയ കലുങ്ക് സൗഹൃദ സഭയില്‍ സുരേഷ് ഗോപി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പുള്ളില്‍ നടത്തിയ സഭയില്‍ കൊച്ചുവേലായുധന്റെ പരാതി സ്വീകരിക്കാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്. കൊച്ചുവേലായുധന് വീട് കിട്ടിയതില്‍ സന്തോഷം. ഇനിയും വേലായുധന്‍ ചേട്ടന്മാരെ അങ്ങോട്ട് അയക്കും. പാര്‍ട്ടി തയാറെടുത്തോളൂ. ഈ സംഗമം അസുഖമുണ്ടാക്കിയിട്ടുണ്ട്. പറ്റാത്തത് പറ്റില്ലെന്നും പറ്റാവുന്നത് പറ്റുമെന്നും പറയും. ഭരത്ചന്ദ്രന് തന്റേടം ഉണ്ടെങ്കില്‍ എനിക്കും തന്റേടവും ചങ്കൂറ്റവും ഉണ്ടാകും. സിനിമ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സിനിമയില്‍ നിന്നിറങ്ങാന്‍ പോകുന്നില്ല.
അപ്പോള്‍ അതാണ് കാര്യം. ഭരത് ചന്ദ്രനില്‍ നിന്ന് പുള്ളി പിടിവിട്ടിട്ടില്ല. ഷാജി കൈലാസിന്റെ 'കമ്മിഷണറി'ല്‍ ഭരത് ചന്ദ്രന്‍ ഐ.പി.എസായി അഭിനയിച്ച ശേഷം സുരേഷ് ഗോപി തന്റെ കാറിന്റെ പുറകില്‍ ഗ്ലാസിനോട് ചേര്‍ന്ന്, പിന്നില്‍ നിന്ന് വരുന്നവര്‍ക്ക് കാണത്തക്ക വിധത്തില്‍ ഐ.പി.എസ് എന്ന് എഴുതിയ ഒരു എസ്.പിയുടെ തൊപ്പി വച്ചിരുന്നു. കാറും തൊപ്പിയും മാറിയെങ്കിലും ആ ഹാങ് ഓവര്‍ വിട്ടുപോയിട്ടില്ല.
''ഷിറ്റ്...''