
സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും, ലൂട്ടൻ ഹോക്‌സ് എലൈറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ തണ്ടേഴ്സ് ഫാൽക്കൺസ്, ലൂട്ടൻ ചാമ്പ്യന്മാരായി. സ്റ്റീവനേജിൽ ആദ്യമായി നടത്തപ്പെട്ട ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ടും, അമ്പയറും, മികച്ച ബൗളറുമായ ജോബിൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ജോബിൻ ജോർജ്ജ് ടൂർണമെന്റ് അതിഥി അപ്പച്ചൻ കണ്ണഞ്ചിറക്ക് ബൗൾ ചെയ്തുകൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.

വെടികൊട്ട് ബാറ്റിങ്‌കൊണ്ടും, കൃത്യമായ ബൗളിങ്ങും, ഫീൽഡിങ്ങുമായി ടൂർണമെന്റിലെ ഇഷ്‌ട ടീമായി മാറിയ തണ്ടേഴ്സ് ഫാൽക്കൺസ്, വിജയികൾക്കുള്ള ആയിരത്തി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും കരസ്ഥമാക്കി. റണ്ണറപ്പായ നോർവിച്ചിൽ നിന്നുള്ള 'നാം' അഞ്ഞൂറ്റി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും നേടി.

അത്യാവേശകരമായ സെമി ഫൈനൽ മത്സരത്തിൽ നടന്ന ത്രസിപ്പിച്ച പ്രകടനത്തിൽ പത്തോവറിൽ നാലു വിക്കറ്റിന് 200 റൺസ് അടിച്ചുകൂട്ടിയ തണ്ടേഴ്സ് ഫാൽക്കൺസ് , ലൂട്ടൻ ടസ്‌ക്കേഴ്‌സിനെ 74 റണ്ണിന് ഓൾഔട്ടാക്കി ഫൈനലിലേക്കുള്ള എൻട്രി നേടുകയായിരുന്നു. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ്, പത്തോവറിൽ എട്ട് വിക്കറ്റിന് 95 റൺസെടുത്തപ്പോൾ, 'നാം നോർവിച്ച്' ആറു വിക്കറ്റ് നഷ്‌ടത്തിൽ ഒമ്പതാം ഓവറിൽത്തന്നെ സ്‌കോർ മറി കടന്ന് ഫൈനലിലേക്ക് ഉള്ള ബർത്ത് ഉറപ്പിക്കുകയായിരുന്നു.

ആവേശം മുറ്റി നിന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത തണ്ടേഴ്സ് ഫാൽക്കൺസ് പത്തോവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ 124 റൺസ് നേടി.

സ്പിൻ മാന്ത്രികതയിലും, കൃത്യതയാർന്ന ഫീൽഡിങ്ങിലും, മികച്ച ബൗളിങ്ങിലും തങ്ങളുടെ വരുതിയിലാക്കിയ മത്സരത്തിൽ തണ്ടേഴ്സ് ഫാൽക്കൺസ്, നാം നോർവിച്ചിനെ പത്തോവറിൽ ഒമ്പതു വിക്കറ്റെടുത്ത് 49 റൺസിൽ തളക്കുകയായിരുന്നു.
