ഓണത്തിരക്കിന്റെ ബഹളങ്ങളിലേക്ക് പിച്ച വെച്ച് തുടങ്ങുകയാണ് നഗരം. റോഡിനിരു വശവും കച്ചവടക്കാർ നിരന്നു കഴിഞ്ഞു..ഇടയ്ക്ക് മാവേലി വേഷം കെട്ടി നിൽക്കുന്ന ആളുടെ കൈ പിടിക്കാൻ തിരക്കു കുട്ടുന്ന കുട്ടികൾ. അവർക്ക് അത്ഭുതമായിരികും..കൊല്ലത്തിലൊരിക്കൽ ഇങ്ങനെ തെരുവിലും തുണിക്കടകളുടെ മുന്നിലും കാണുന്ന വേഷങ്ങൾ മാത്രമാണ് അവർക്ക് മാവേലി..പണ്ട് ഓണക്കാലത്തെ കളികളും ഊഞ്ഞാലാട്ടവും തിരുവാതിരയും ഓണക്കളികളുമൊക്കെ അവർക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുന്ന ഓർമ്മകൾ മാത്രം. മൊബൈൽ കളികളിലേക്ക് ലോകം വലുതാകുകയോ ചെറുതാകുകയോ ചെയ്തു. കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കേണ്ട അമ്മൂമ്മമാരെയും അപ്പൂപ്പൻമാരെയും മക്കൾ സൗകര്യാർത്ഥം വൃദ്ധസദനങ്ങളിൽ താമസിപ്പിച്ചിരിക്കുന്നു,
‘’ചേട്ടാ, ഇവിടെ ഇങ്ങനെ കറങ്ങി നടന്നാൽ ശരിയാകില്ല., നമുക്ക് ഡ്രെസ്സ് എടുക്കാനുള്ളതാ, പതിനായിരം രുപയ്ക്ക് എടുത്താൽ പത്ത് ശത്മാനം ഡിസ്ക്കൗണ്ട്, കാറിനുള്ള കുപ്പൺ … എല്ലാം ഇന്നു കൂടി മാത്രമേയുള്ളു..
അപ്പോഴാണ് ഞാനുമോർത്തത് രാവിലെ പത്രത്തോടൊപ്പം ഡിസ്കൗണ്ട് നോട്ടീസ് കണ്ടതു കൊണ്ടാണല്ലോ ഇങ്ങനെയൊരു യാത്രയ്ക്ക് ഇറങ്ങി പുറപ്പെടാൻ തന്നെ കാരണം.
‘നമ്മൾ റിട്ടയറായിട്ട് വീട്ടിലിരിക്കുന്നവർ ഇനി എന്ത് ഡ്രസ്സ് എടുക്കാനാ..’’
ഞാൻ ആദ്യം ഒരെതിർപ്പ് പറഞ്ഞു നോക്കി..
‘’ഓ, അല്ലെങ്കിലും ചേട്ടനുള്ളതാ, എന്തു കാര്യം പറഞ്ഞാലും ആദ്യം ഒരെതിർപ്പ്.. മക്കൾക്കും പേരക്കുട്ടികൾക്കുമൊക്കെ എടുക്കാമല്ലോ?’’
എതായാലും ഓണമൊക്കെയല്ലേ ഒന്ന് പുറത്തിറങ്ങിയിട്ട് വരാം എന്ന് ഞാനും വിചാരിച്ചു. എന്തിനും എതിരു പറയുന്നയാൾ എന്ന ലേബലും മാറുന്നെങ്കിൽ മാറിക്കോട്ടെ. എങ്കിലും പതിനായിരത്തിന്റെ ടാർജറ്റിലെത്താൻ എന്തൊക്കെ വാങ്ങിക്കും എന്നതിൽ എനിക്ക് ഒരു പിടിയും കിട്ടിയില്ല.
തുണിക്കടയിൽ ഓണത്തിരക്കിന്റെ കൂടെ ഓഫർ തിരക്കും..മെഗാ പ്രൈസായ കാർ വാതിൽക്കൽ തന്നെ കിടപ്പുണ്ട്. ഭാഗ്യമുണ്ടെങ്കിൽ നാളെ ഞങ്ങൾക്കും സ്വന്തമായേക്കാവുന്ന കാർ ഞങ്ങൾ ഒന്ന് സുക്ഷിച്ചു നോക്കി..ആർക്കെങ്കിലും ഒരാൾക്ക് സ്വന്തമാകുന്നതു വരെ എല്ലാവർക്കും സ്വപ്നം കാണാമല്ലോ..
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. തുണികളുടെ ലോകത്ത് ഭാര്യ എല്ലാം മറന്നു നിൽക്കുകയാണ്. ഞാൻ വീട്ടിലേയ്ക്ക് പോകാനുള്ള ലാസ്റ്റ് ബസ്സിന്റെ സമയം ഓർമ്മിപ്പിച്ചപ്പോൾ അവൾ പറഞ്ഞു.
‘’ചേട്ടാ, ഭാഗ്യമുണ്ടെങ്കിൽ ഇതോടു കൂടി നമ്മുടെ യാത്രാ ബുദ്ധിമുട്ടൊക്കെ തീരും..പിന്നെ എവിടെ പോയാലും ഇങ്ങനെ ടെൻഷനടിച്ച് ഓടേണ്ട കാര്യമൊന്നുമില്ല..’’ പുറത്ത് കിടക്കുന്ന ബംബർ കാർ ഒന്നു കൂടി നോക്കിയിട്ട് ഭാര്യ പറഞ്ഞു.
ഇത്രയും നേരം എടുത്തിട്ടും പതിനായിരം രൂപയുടെ ടാർജറ്റ് ആയില്ല..പതിനായിരം തികഞ്ഞാലേ പത്ത് ശതമാനം ഡിസ്ക്കൗണ്ടും സമ്മാനക്കൂപ്പണും കിട്ടൂ.. ഒടുവിൽ ഞാനും കൂടി സഹായിച്ചു..ആവശ്യമുള്ളതും ഇല്ലാത്തതും കൂടി എടുത്ത് പതിനായിരത്തിന്റെ ലക്ഷ്യം പൂർത്തീകരിച്ചു. ആയിരം രൂപാ ഡിസ്ക്കൗണ്ട് കിട്ടാൻ പതിനായിരം രൂപയുടെ ഡ്രസ്സ് വാങ്ങാൻ പെടാപ്പാട് പെട്ട ഭാര്യ അപ്പോഴാണ് മനസ്സു തുറന്ന് ഒന്ന് ചിരിച്ചത്. അതു കണ്ടപ്പോൾ എനിക്കും സന്തോഷമായി. സഹകരണമാണല്ലോ ദാമ്പത്യ ജീവിത വിജയത്തിന്റെ അടിസ്ഥാനം,