ഒഴുക്ക് നിലച്ചപ്പോഴാണ്
പുഴ
മീനുകളോട്
വന്ധ്യ മേഘങ്ങളുടെ
കഥ പറഞ്ഞത്
വേരറ്റു വീഴാറായപ്പോഴാണ്
ചെടി പൂവിനോട്
വസന്തത്തെക്കുറിച്ച്
പറഞ്ഞത്.
മരണം വന്ന നേരത്താണ്
ജീവിതം മനുഷ്യരോട്
സ്വപ്നങ്ങളുടെ
കഥ പറഞ്ഞത്.
കണ്ടു കൊതിതീരാത്ത
പേരക്കുട്ടികളെ
സ്വപ്‌നങ്ങളാൽ
പട്ടുസാരിയുടുപ്പിച്ചു
പാദസരങ്ങളും
പൂത്താലിലും അണിയിച്ചു.
അവർ പെറ്റിട്ട
കുഞ്ഞു കരഞ്ഞപ്പോൾ
ആയിരം പൂർണ്ണചന്ദ്രന്മാരെക്കണ്ടെന്നവർ
ആകാശം നോക്കി ചിരിച്ചു
കാലം പിന്നെയും
ഒഴുകി.
മീനുകൾ
പുഴയോടൊപ്പം
കടലിലേക്കും
പൂവുകൾ
വസന്തത്തിലേക്കും
പിന്നെയും കൺ തുറന്നു.