പഴയ വാടകവീട്ടിൽ
എന്നെപ്പോലൊരുവളാണിപ്പോൾ
താമസിയ്ക്കുന്നതെന്ന്
പലരും പറഞ്ഞറിഞ്ഞ
ആകാംക്ഷയാലെന്റെ
ഉള്ളം പെരുത്തു
അവരും എന്നെപ്പോലെ
പുലരികളെ പൂമൊട്ടുകളായി
വിരിയാൻ
പഠിപ്പിയ്ക്കുന്നുണ്ടാവുമോ
കിളിക്കുഞ്ഞുങ്ങൾക്കാകാശം
വരച്ച് പരിചയപ്പെടുത്തി
കൊടുക്കുന്നുണ്ടാവുമോ
അവരുടെ കിടപ്പുമുറിയിലും
കാണുമോ
ഫ്രെയിം ചെയ്തു വെച്ച
കാർമേഘങ്ങളുള്ള ആകാശം
അവരും വളർത്തുന്നുണ്ടാവുമോ
അക്വേറിയത്തിൽ
കോങ്കണ്ണൻ മീനുകളെ
അവരുടെ ഷോകെയ്സിലും
കാണുമോ
ഭസ്മം തൊട്ടു തുടയ്ക്കുമ്പോൾ
മാത്രം വെളുക്കുന്ന
ആ മൂന്ന് ദിവ്യാക്ഷരങ്ങൾ
ജനാലകളില്ലാത്ത
ആ അടുക്കള തന്നെ
ആയിരിക്കുമോ അവർക്കും
അവർക്കും കാണുമോ
നിലാവിന്റെ നനുത്ത രോമങ്ങൾ
കൊണ്ടു മൂടിയ
രഹസ്യ ഭാഗത്തെയാ
നക്ഷത്രം പോലത്തെ മറുക്
അവരുടെയും
കാൽവിരലുകളിൽ
കുരുങ്ങിക്കിടപ്പുണ്ടാവുമോ
പെയ്തു തീരാതിരുന്നെങ്കിൽ
എന്നാശിച്ചൊരാ
മഴക്കാടിൻ വള്ളികൾ...