Image

ഫൊക്കാന നടത്തിയ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും എന്ന ചർച്ച വിജ്ഞാനപ്രദം

Published on 28 September, 2025
ഫൊക്കാന നടത്തിയ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും എന്ന  ചർച്ച  വിജ്ഞാനപ്രദം

എച്ച് 1 ബി വിസയെക്കുറിച്ചും കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും ചർച്ച ചെയ്യുന്നതിന് ഫൊക്കാന സംഘടിപ്പിച്ച വെബിനാർ ഏറെ പ്രയോജനപ്രദമായി. നിലവിൽ അമേരിക്കയിൽ എച്ച് 1 ബി വിസയിലും സ്റ്റുഡന്റ് വിസയിലും വിസിറ്റിംഗ് വിസയിലും കഴിയുന്ന ഇന്ത്യക്കാർക്കും വിസ പ്രോസസിംഗ് നടക്കുന്നവർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും പുതിയ പ്രഖ്യാപനത്തോടെ ഉയർന്ന ആശങ്കകൾക്കും സംശയങ്ങൾക്കും പരിഹാരം ഒരുക്കാനാണ് വെബ്ബിനാർ സംഘടിപ്പിച്ചതെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവർ അറിയിച്ചു.

വ്യക്തത ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാതെ ഈ വിഷയത്തിൽ വിദഗ്ധരായവരെ കണ്ടെത്തി ശരിയായ അറിവ് പകരുക എന്ന ഉദ്ദേശവും ഇതിലൂടെ നിറവേറി. സുനിത ദിവാൻ (ഫൗണ്ടർ ഓഫ് ദിവാൻ ആൻഡ് അസ്സോസിയേറ്റ്സ്, 25 വർഷത്തിലേറെയായി കോർപറേറ്റ് ആൻഡ് ഫാമിലി ഇമ്മിഗ്രേഷൻ ലോ കൈകാര്യം ചെയ്യുന്നു), ഹഫീസ്‌  ഉദ്ദീൻ (മാനേജിങ് അറ്റോർണി, ദിവാൻ ആൻഡ് അസ്സോസിയേറ്റ്സ്),പൂനം ഗുപ്‌ത (കൗൺസിൽ, ദിവാൻ അസ്സോസിയേറ്റ്സ്) എന്നിവരും ഫൊക്കാനയുടെ മുതിർന്ന നേതാക്കളും,മുൻ പ്രസിഡന്റുമാരും,ഭരണസമിതി അംഗങ്ങളും ഉൾപ്പെടെ നിരവധിപേർ വെബ്ബിനറിൽ പങ്കെടുത്തു.

കുടിയേറ്റ നിയമങ്ങളിലെ ഏതൊരു മാറ്റവും വലിയ രീതിയിൽ ബാധിക്കുന്ന ഒരു സമൂഹമായി ഇന്ത്യക്കാർ,പ്രത്യേകിച്ച് മലയാളികൾ മാറിക്കഴിഞ്ഞിരിക്കുന്നതായി ആമുഖ പ്രസംഗത്തിൽ സജിമോൻ ആന്റണി സൂചിപ്പിച്ചു.ഫൊക്കാനയ്ക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ലെന്നും ആളുകളുടെ സംശയനിവാരണം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ തൊഴിലിടങ്ങളിൽ അമേരിക്കക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ ഗവണ്മെന്റ് ദിവസേന കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നതെന്ന് സുനിത ദിവാൻ അഭിപ്രായപ്പെട്ടു. 2020 മുതൽ ഈ നിയമം നടപ്പാക്കാനുള്ള ചരടുവലികൾ നടന്നിരുന്നതായും പിന്നീട് വേണ്ടെന്ന് വച്ചതാണെന്നും അവർ വിശദീകരിച്ചു.2020 ന് മുൻപ് വരെ എച്ച് 1 ബി ലോട്ടറി പോലെ നറുക്കെടുപ്പിലൂടെയാണ് അപേക്ഷകരിൽ നിന്നൊരാളെ തിരഞ്ഞെടുത്തിരുന്നതെങ്കിൽ പിന്നീടത് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിക്കൊണ്ടായി. അങ്ങനെയാണ് കൂടുതൽ കഴിവുള്ള അപേക്ഷകർ തിരഞ്ഞെടുക്കപ്പെടാതെ പോകുന്നത് ശ്രദ്ധയിൽപെട്ടത്.

സെപ്റ്റംബർ 21 ന് ശേഷമുള്ള അപേക്ഷകർക്കാണ് എച്ച് 1 ബി വിസയ്ക്ക് 100000 ഡോളർ നൽകേണ്ടി വരിക.നിലവിൽ എച്ച് 1 വിസയിൽ കഴിയുന്നവരെ ഈ മാറ്റം ബാധിക്കുകയില്ല. നഴ്സസ് ഉൾപ്പെടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ ഇത് ബാധിക്കാൻ ഇടയില്ല, ദേശീയ താല്പര്യം (നാഷണൽ ഇന്ററസ്റ്റ്) എന്ന വിഭാഗത്തിൽ ഇത് ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കി ഇനി വരുന്ന ഏതാനും ആഴ്ചകളിൽ അമേരിക്കയിൽ തന്നെ തുടരണമെന്നാണ് വിദഗ്ധർ നൽകുന്ന ഉപദേശം.ഉടനെ വരുന്ന നിയമങ്ങൾ ബാധിക്കാതിരിക്കാൻ അതാണ് ഉചിതം.എന്നാൽ,ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഭയാശങ്ക കൂടാതെ വേഗം നാട്ടിൽ പോയി വരാമെന്നും ദിവാൻ ടീം അഭിപ്രായപ്പെട്ടു.

നാൽപ്പതിൽ അധികം ചോദ്യങ്ങൾക്ക് മറുപടി നൽകി , എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് അറ്റോണിസ് മീറ്റിങ്ങ് അവസാനിപ്പിച്ചത്-  സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതവും വിമെൻസ് ഫോറം ചെയർ രേവതി പിള്ള നന്ദിയും രേഖപ്പെടുത്തി. ട്രഷർ ജോയി ചാക്കപ്പൻ ചോദ്യങ്ങൾ സമന്യയിപ്പിച്ചു അവതരിപ്പിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക