Image

ആഴങ്ങളിലേക്കൊരു കുഞ്ഞ് (ചിഞ്ചു തോമസ്)

Published on 29 September, 2025
ആഴങ്ങളിലേക്കൊരു കുഞ്ഞ് (ചിഞ്ചു തോമസ്)

അമ്മേ.. അമ്മക്ക്‌ എന്നെ വേണ്ടായിരുന്നോ?എനിക്ക് വിശന്നിട്ടല്ലേ രാത്രി കരയുന്നത്.അമ്മ തരുന്ന ഇച്ചിരി ഇച്ചിരി പാൽ കുടിച്ചെല്ലേ ഞാൻ ഉറങ്ങുന്നത്.അമ്മേടെ ചൂട് തട്ടിയല്ലേ എന്റെ കണ്ണുകൾ ഉറങ്ങാൻ പോകുന്നത്.അമ്മയല്ലാതെ വേറെ വേറെ ആരെടുത്താലും എനിക്ക് കരച്ചിൽ വരും.എനിക്ക് അമ്മയുടെ മുഖം എന്റെ മുന്നിൽനിന്നും മാറ്റപ്പെടുന്നത് ഇഷ്ട്ടമല്ലാഞ്ഞിട്ടാകുമത്.അതോ അമ്മേ.. എന്നെ ആരോ എടുക്കുന്നുവെന്ന് പറയുന്നതുമാകാം.ഞാൻ അപ്പോൾ പൊട്ടിക്കരയും.

എനിക്ക് രണ്ടര വയസ്സായില്ലേ.ഇനി ഒരു വർഷം കൂടെ കഴിഞ്ഞാൽ എനിക്ക് സ്കൂളിൽ പോകാം.അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് ഞാൻ പതിയെ നടക്കാൻ തുടങ്ങും.ഈ ലോകത്ത് ജീവിക്കാൻ പാകത്തിന് ഞാൻ ഓരോന്ന് പഠിക്കാൻ തുടങ്ങും.രാത്രിയിൽ ക്ഷീണിച്ച് ഉറങ്ങും.വയർ നിറയെ ചേച്ചി കഴിക്കുമ്പോലെ ഭക്ഷണം കഴിക്കും.ഞാൻ പതിയെ പതിയെ വളർന്ന് വലിയ കുട്ടിയാകും.

അമ്മ ഇപ്പോൾ എന്നോട് ക്ഷമിക്ക്.അമ്മയെന്നെ പിച്ചുമ്പോൾ എനിക്ക് സങ്കടം കൂടുന്നേയുള്ളൂ.ഞാൻ രാത്രിയിൽ പാല് ചോദിക്കുന്നതുകൊണ്ടാണോ അമ്മക്ക്‌ എന്നോട് വെറുപ്പ്‌?അമ്മയെന്നെ സ്നേഹത്തോടെ ചുംബിച്ചിട്ടുണ്ടോ? അമ്മാവനെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ.എന്റെ വാ തുറന്ന് അമ്മയുടെ മുഖത്ത് പ്രദക്ഷിണം ചെയ്യുന്നത് എനിക്ക് അമ്മയോടുള്ള  സ്നേഹം അടക്കാൻ കഴിയാഞ്ഞിട്ടാണ്.അതാണ് ഞാൻ അമ്മക്ക്‌ തരുന്ന അടങ്ങാത്ത സ്നേഹത്തിന്റെ ഉമ്മ.

അമ്മേ എന്നെ കെട്ടിപ്പിടിച്ച് ഓമനിക്കാമോ?എന്റെ പൊന്നോമനയെ ഞാൻ ആർക്കും കൊടുക്കില്ലയെന്നുപറഞ്ഞ് എന്റെ വയറ്റിൽ മുഖം വെച്ച് ഇക്കിളി കൂട്ടാമോ?എന്റെ അമ്മ എനിക്കിത്തിരി മധുരം വായിൽ വെച്ചു തെരാമോ?അമ്മേ ഞാൻ കരയുമ്പോൾ എന്റെ കണ്ണുനീർ തുടച്ച് സാരമില്ല..പോട്ടെയെന്ന് പറയാമോ?എന്റെ ഉണങ്ങിയ ദേഹത്ത് എണ്ണ പുരട്ടി കുളിപ്പിക്കാമോ?

അമ്മേ അമ്മാവൻ എന്നെ ദേഷ്യത്തോടെ തള്ളിയിടുന്നു പലപ്പോഴും. അമ്മയെന്താ അതുകണ്ടിട്ടും എന്നെ വാരിയെടുക്കാതെ അമ്മാവനെ കെട്ടിപ്പുണരുന്നത്?അമ്മയെന്താ അമ്മാവനോട് എന്റെ കുഞ്ഞിനെ തൊടരുതെന്ന് പറയാത്തത്? അമ്മക്ക്‌ എന്നെ വേണ്ടായിരുന്നോ?അമ്മേ ചേച്ചിയെപ്പോലെ ഞാനും വല്യതാകുമ്പോൾ ഒറ്റക് കഴിക്കുകയും കുളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്‌തോളാം.പക്ഷേ അമ്മേ ഇപ്പോൾ ഇച്ചിരി നേരം ഞാൻ അമ്മയുടെ വയറിൽ ഒട്ടി കിടന്നോട്ടെ?എനിക്ക് അമ്മയുടെ ശരീരത്തിലെ നേർത്ത ചൂടില്ലാതെ ഉറങ്ങാൻ കഴിയില്ല അമ്മേ.എനിക്ക് ഇടയ്ക്കിടയ്ക്ക് പേടി തോന്നുമ്പോൾ അമ്മിഞ്ഞപ്പാൽ നുണയാതെ ഉറങ്ങാൻ അറിയില്ല അമ്മേ.അമ്മയുടെ മൊബൈൽ വെട്ടം എന്നെ ഉണർത്തുന്നു.അമ്മ എന്റെ കൈകൾ മാറ്റി എന്നെ തള്ളി നീക്കുമ്പോൾ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.അമ്മക്ക്‌ എന്നെ വേണ്ടായിരുന്നോ?ഞാൻ അമ്മയുടെ വയറ്റിൽനിന്നും ഒരിക്കലും പുറത്തു വരാതെയിരുന്നെങ്കിൽ അമ്മ വയറിൽ തലോടുമ്പോളെങ്കിലും ഞാൻ ആ കൈകളുടെ മാധുര്യം അറിഞ്ഞു സുഖമായി ഉറങ്ങിയേനെ.

അമ്മേ..എന്നെ ആരോ എടുത്തുകൊണ്ടു പോകുന്നു..അമ്മേ..ആരോ എന്റെ വാ പൊത്തുന്നു..അമ്മേ എനിക്ക് നനയുന്നു.ഇവിടെ തണുപ്പാണ്..അമ്മേ എനിക്ക് പേടിയാകുന്നു.എന്റെ കൈയ്യും കാലും തളരുന്നു.അമ്മേ  എന്നെ വാരിയെടുത്തു മാറോടു ചേർക്കുമോ?എന്റെ പൊന്നിനെ ആർക്കും കൊടുക്കില്ലയെന്ന് പറയുമോ?അമ്മേ..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക