അദ്ധ്യായം - 17
'അസലാം അലൈയ്ക്കും'
' തീവ്രവാദികള്‍ എന്നു മുദ്രകുത്തപ്പെട്ടവരുടെ ഗണത്തില്‍പ്പെട്ടവളാണ് ഞാനെന്ന് ഇതിനകം അറിഞ്ഞു കാണുമല്ലോ. തീവ്രവാദികള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയവും വിദ്വേഷവും വരിക സാധാരണം. എന്നാല്‍ വിചാരിക്കുന്നതുപോലെ ദുഷ്ടന്മാരല്ല എല്ലാ തീവ്രവാദികളും. ഒരു കാര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും, വിശ്വസിക്കുന്ന കാര്യത്തിനായി ആത്മാര്‍ത്ഥതയോടെ നിലകൊള്ളുകയും ചെയ്യുന്നവരെയാണ് ലോകം തീവ്രവാദികള്‍ എന്നു പേരിട്ടു വിളിക്കുന്നത്. മറിച്ച് മിതവാദികളാകട്ടെ പുറമേ സൗമ്യതയും സൗഹൃദവും നടിക്കുകയും ഉള്ളില്‍ കാപട്യം ഒളിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു.'
'ഒരു റോഡ് നിര്‍മ്മിക്കുമ്പോള്‍ ഇരു വശങ്ങളിലുമായി പോകുന്ന കമിതാക്കളെ കുറിച്ച് കവിതയെഴുതുന്ന നാട്ടില്‍ നിന്നാണല്ലോ അങ്ങയുടെ വരവ്. ഒരു മിതവാദിയുടെ കപടതയുടെ മുമ്പില്‍, ആഗ്രഹ സഫലീകരണത്തിനായി, അധികാരലബ്ദിക്കായി സ്വന്തം നാടു തന്നെ കീറിമുറിക്കപ്പെട്ട പതിനായിരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. നാടു മാത്രമല്ല ; വീടും കുടുംബവും. തീവ്രമായി ശരിയ്ക്കു വേണ്ടി വാദിക്കേണ്ട, സത്യത്തിനു വേണ്ടി വാദിക്കേണ്ട, ന്യായത്തിനു വേണ്ടി വാദിക്കേണ്ട അവസരത്തില്‍ സ്വന്തം താല്പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടു മൗനം പാലിച്ചവരല്ലേ നിങ്ങളുടെ രാഷ്ട്രശില്പികള്‍? അഹിംസയുടെ പതാക വാഹികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കപടതയുടെ പര്യായങ്ങള്‍?'
'ഇപ്പോഴിതാ തീവ്രവാദത്തെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെടുത്തി തങ്ങളാണ്, തങ്ങള്‍ മാത്രമാണ് സംസ്‌കാരത്തിന്റെ, മതേതരത്വത്തിന്റെ, സദാചാരത്തിന്റെ രക്ഷകര്‍ എന്നു വീമ്പിളിക്കുന്നു അവര്‍! എല്ലാം സ്വന്ത കാര്യപ്രാപ്തിക്കുവേണ്ടി മാത്രം!'
'ഒന്നറിഞ്ഞോളു, നിങ്ങള്‍ വിചാരിക്കുന്നതിനപ്പുറം സംസ്‌കാരമുള്ളവരാണ് ഞങ്ങള്‍ രജൗറിക്കാര്‍. രജൗറി മുന്‍പ് രാജവരി എന്നറിയപ്പെട്ടിരുന്നു. അതിനും വളരെ മുന്‍പ് അതു രാജപുരിയായിരുന്നു. അതേ ദ്രൗപതിയുടെ സ്വന്തം നാട്, പഞ്ച പാണ്ഡവരുടെ കുടുംബിനി. പഞ്ചല്‍ ദേശം ഭരിച്ചിരുന്ന ശ്രീ പഞ്ചന്‍ നരേശിന്റെ പുത്രി. മഹത്തായ ആ സ്ത്രീരത്‌നത്തിന്റെ പിന്‍ഗാമികളാണ് ഞങ്ങള്‍ എന്നു പറയുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അതേ; ഞാനും അതേ വംശത്തില്‍ ജനിച്ചവളാണ്. പിന്നെങ്ങനെ മുസ്ലീം ആയി എന്നായിരിക്കും താങ്കള്‍ സംശയിക്കുന്നത്. മുഗല്‍ ചക്രവര്‍ത്തിയുടെ പടയോട്ടത്തില്‍ നിര്‍ബന്ധിതരായി പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് ഞങ്ങളുടെ പൂര്‍വ്വികര്‍. നിവൃത്തികേടു കൊണ്ട്. സംസ്‌കാരത്തിന്റെ മൊത്ത കച്ചവടക്കാര്‍ എന്നവകാശപ്പെടുന്ന ഇവര്‍ എവിടെ പോയിരുന്നു അന്ന്? നൂറു കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും ശത്രുക്കളുടെ മുന്‍പില്‍ നിസ്സഹായരായി നിന്നപ്പോള്‍ ഒരു ചെറിയ ചെറുത്തു നില്‍പ്പിനു പോലും ആരും ഉണ്ടായിരുന്നില്ല.'
'രജപുത്രര്‍ എന്നതില്‍ ഞങ്ങള്‍ ഇപ്പോഴും അഭിമാനിക്കുന്നു. അതുകൊണ്ടു തന്നെയാണല്ലോ മതം മാറിയിട്ടും ഞങ്ങള്‍ സംസ്‌കാരം പിന്‍തുടരുന്നത്. രണ്ടു തരത്തിലുള്ള രജപുത്രര്‍ ഇവിടെ നിലനില്‍ക്കുന്നത്. ഹിന്ദു രജപുത്രരും മുസ്ലീം രജപുത്രരും.
'തീവ്രവാദവും ദേശ സ്‌നേഹവുമെല്ലാം ഇവിടെ ഒരു സംഘടിത വ്യവസായമായി മാറിയിരിക്കുന്നു. അവിചാരിതമായി ആ മേഖലയിലേക്കുള്ള എന്റെ വരവ് ധാരാളം പേരുടെ ജീവന്‍ എടുത്തു കഴിഞ്ഞു. ഞാന്‍ കാരണം സുഹറും നിഷ്‌കളങ്കരായ അയാളുടെ ഭാര്യയും മക്കളും തീവ്രവാദികളുടെ പ്രതികാരത്തിനിരയായി. ഇനിയും ഞാനിവിടെ നിന്നാല്‍ നിരപരാധികള്‍ പലരുടേയും ജീവന്‍ നഷ്ടപ്പെട്ടേക്കാം. ഞാന്‍ പോവുകയാണ് എന്നെ ഇങ്ങോട്ടേക്കു അയച്ചവരുടെ അടുത്തേക്ക്. ബലഹീനയായി കീഴടങ്ങാനായല്ല, മരണം വരെ പോരാടാനായി. എന്തായാലും ഒന്നുറപ്പ് തരുന്നു. താങ്കള്‍ക്ക് മകളെ ജീവനോടെ തിരിച്ചു കിട്ടും. എന്റെ ജീവന് വേണ്ടിയാണു അവര്‍ ദിയയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്.'
'ജീവിതം അവസാനിക്കുന്ന ഈ നിമിഷത്തിലും വെറുതെ ഒന്നാഗ്രഹിച്ചു പോകുന്നു. ഒരിക്കലും ലഭിക്കില്ല എന്നു ഞാനുറപ്പിച്ചിരുന്ന കുടുംബ ജീവിതത്തിന്റെ ഊഷ്മളത എനിക്കു ഇവിടെ നിന്നും ലഭിച്ചു. അങ്ങയുടെ മകളെ ഞാനേറെ സ്‌നേഹിച്ചു. അങ്ങയേയും.'
'ഐതിഹത്തിലെന്നവണ്ണം സ്വയംവരത്തിനു എനിക്കൊരവസരം ലഭിച്ചാല്‍ ദക്ഷ രാജാവിന്റെ മകള്‍ ദാക്ഷായണി സ്വയംവര പന്തലില്‍ തന്റെ ഇഷ്ട ദേവനായ ശിവനെ വിളിച്ചപേഷിച്ചു കൊണ്ട് ചെയ്തത് പോലെ ഞാനും എന്റെ മാല ആകാശത്തേ ക്കെറിയും. ആ സമയം എന്റെ മനസ്സ് അങ്ങയെ ഓര്‍ത്തു കേഴുകയായിരിക്കും.'
ഫാത്തിമ
അദ്ധ്യായം - 18
സംഭവങ്ങളുടെ ഗതിവേഗം കാലചക്രത്തിന്റെ സഞ്ചാരത്തെ അതിജീവിക്കുന്നതായിരുന്നു. എഴുത്തിന്റെ അന്തഃസത്ത് മുഴുവനും ഉള്‍ക്കൊള്ളുന്നതിനു മുന്‍പായി ഹോട്ട്‌ലൈനില്‍ ബ്രിഗേഡിയര്‍ രാജുവിന്റെ ശബ്ദം കേട്ടു തുടങ്ങി.
'ജോസ് -താങ്കളുടെ വ്യക്തിപരമായ പ്രശ്‌നത്തില്‍ ഞാനും ദു:ഖിക്കുന്നു. അതൊഴിച്ചാല്‍ കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ തന്നെയാണ്.ടോമിന്റെയും അസര്‍ഖാന്റെയും ജയില്‍ ചാട്ടം നമ്മള്‍ ആസൂത്രണം ചെയ്തതു തന്നെയാണ്. അവരുടെ ഓരോ നീക്കവും അപ്പപ്പോള്‍ തന്നെ നമുക്കു ലഭിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ രജൗറിയിലെ തീവ്രവാദികളുടെ സംഘത്തിലേക്ക് അവര്‍ നമ്മെ നയിക്കും എന്നു തന്നെയാണ് ക്യാപ്റ്റന്‍ ജയകുമാര്‍ വിശ്വസിക്കുന്നത്. താങ്കളുടെ മകളും അവിടെ ആ സ്ഥലത്തു തന്നെയായിരിക്കും എന്നാണ് നമ്മള്‍ ഊഹിക്കുന്നത്.'
രക്ഷപ്പെട്ട ഖാന്റെ ഓരോ ചലനവും കൂടെയുള്ള ടോമില്‍ നിന്നും ജയകുമാറിനു ലഭിച്ചിരുന്നു. ഇതിനോടകം തീവ്രവാദികളുമായി സഹകരിക്കുന്ന ഏതോ നാട്ടുകാരന്റെ വീട്ടില്‍ അഭയം പ്രാപിച്ചിരുന്നു അവര്‍. രക്ഷപ്പെടാനുപയോഗിച്ച ജീപ്പും മിലിട്ടറി യൂണിഫോമും ഉപേക്ഷിച്ച് സാധാരണ വേഷത്തില്‍ പിന്നെയും യാത്ര തുടരും എന്നാണ് ടോം അറിയിച്ചത്. ധനിധാര്‍ കോട്ടയാണ് ലക്ഷ്യം എന്ന സൂചനയും ജയകുമാറിനു നല്‍കിയിരുന്നു. ജയില്‍ ചാട്ടത്തിനു മുമ്പ് ടോം അസര്‍ ഖാന് വെടിയേല്‍ക്കാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് എന്നു പറഞ്ഞു ഒരു രക്ഷാകവചം നല്‍കിയിരുന്നു. ടോമും ഒരെണ്ണം ധരിച്ചിരുന്നു. എന്നാല്‍ മിലിട്ടറി യൂണിഫോം മാറ്റിയ സമയം ടോം അത് അഴിച്ചു മാറ്റി. ഖാനാകട്ടെ അതു നിലനിര്‍ത്തിക്കൊണ്ടാണ് സാധാരണ വസ്ത്രങ്ങള്‍ ധരിച്ചത്.
അതു ബുള്ളറ്റ് പ്രൂഫ് കവചം അല്ല മറിച്ച് അതിന്റെ രൂപത്തില്‍ ഉണ്ടാക്കിയ അതിശക്തമായ ബോംബ് ആണെന്നുള്ള വസ്തുത ജഹാംഗീര്‍ ഖാന് അറിവില്ലായിരുന്നു. അതിന്റെ റിമോര്‍ട്ട് ആകട്ടെ ടോമിന്റെ കൈയിലും.
ഇതിനകം തങ്ങള്‍ പോകുന്നതു ധനിധാര്‍ കോട്ടിയിലേക്കാണെന്നും മറ്റു തീവ്ര
വാദികള്‍ അവിടെയുണ്ടെന്നും ഉള്ള വിവരം ടോം സ്ഥിരീകരിച്ചു. ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി ക്യാപ്റ്റന്‍ ജോസ് അവിടെ നന്നും ധൃതിയില്‍ പുറത്തിറങ്ങി. പോകരുത് എന്ന് ജയകുമാര്‍ കേണു പറഞ്ഞെങ്കിലും തന്റെ മകളുടെ രക്ഷ ഒന്നു മാത്രമാണ് ക്യാപ്റ്റന്റെ മനസ്സില്‍ നിറഞ്ഞിരുന്നത്.
പുറത്തിറങ്ങിയ ക്യാപ്റ്റന്‍ ഡ്രൈവര്‍ ദിനേശിനോട് ഉടന്‍ തന്നെ ഒരു ട്രാക്ടര്‍ ഏര്‍പ്പാടാക്കാന്‍ പറഞ്ഞ ശേഷം തന്റെ വസതിയിലേക്കു നടന്നു. ധനിധാര്‍ കോട്ടയും ചുറ്റുപാടും കൈവെള്ളയിലെന്നവണ്ണം അറിവുള്ള ക്യാപ്റ്റന് ഒരു കാര്യം തീര്‍ച്ചയായിരുന്നു. രജൗറി നഗരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ആ കോട്ടയുടെ പ്രധാന കവാടത്തില്‍ നിന്നും നോക്കിയാല്‍ നഗരവും കോട്ടയിലേക്കുള്ള റോഡും വ്യക്തമായി കാണാന്‍ കഴിയും. അതുകൊണ്ടു തന്നെ കുന്നിന്‍ മുകളിലുള്ള കോട്ടയിലേക്കുള്ള റോഡ് തിരഞ്ഞെടുക്കുന്നത് അപകടമാണ്. കാവലിനും നിരീക്ഷണത്തിനുമായി കവാടത്തില്‍ അവരുടെ ആള്‍ കാണും. അയാളെ കബളിപ്പിച്ചു മാത്രമേ കോട്ടയുടെ മറു വശത്തേക്കു പോലും പോകാനാവുകയുള്ളു.
യൂണിഫോം മാറി പരമ്പരാഗത കാശ്മീരി വേഷവും ധരിച്ച് അത്യാവശ്യം ആയുധങ്ങളുമെടുത്ത് തയ്യാറായപ്പോളേക്കും ദിനേശ് ട്രാക്ടറുമായി എത്തിയിരുന്നു. ദിനേശിനോട് അവിടെ തന്നെ കാത്തിരിക്കാന്‍ പറഞ്ഞ ശേഷം ട്രാക്ടറില്‍ കയറി കോട്ടയുടെ ദിശയിലേക്ക് ക്യാപ്റ്റന്‍ യാത്രയായി.
ബ്രിഗേഡിയര്‍ രാജു താനുദ്ദേശിക്കുന്ന തന്ത്രം ജയകുമാറിനോട് വിവരിച്ചു. തൊട്ടടുത്ത യൂണിറ്റിലെ എണ്‍പതോളം പട്ടാളക്കാര്‍ നാലു ട്രക്കുകളിലായി ഉടനെയെത്തും. അവരെ ധനിധര്‍ കോട്ടയുടെ ചുറ്റും വിന്യസിച്ച് അകത്തുള്ളവരെയെല്ലാം വകവരുത്തുക. രണ്ടോമൂന്നോ ദിവസമെടുത്താണെങ്കില്‍ കൂടി. ജയകുമാറാകട്ടെ കാര്യങ്ങളുടെ മാനുഷിക വശം കൂടി കണക്കിലെടുക്കണമെന്നപേക്ഷിച്ചു. പട്ടാളക്കാരുടെ അനക്കം കണ്ണില്‍ പെട്ടാല്‍ ജോസിന്റെ മകളെ അവര്‍ വകവരുത്തിയേക്കും. കോട്ടയ്ക്കുള്ളില്‍ ഒരു പക്ഷേ വിരലിലെണ്ണാവുന്ന തീവ്രവാദികളേ കാണുകയുള്ളു. മാത്രവുമല്ല, അസര്‍ഖാനോടൊപ്പം ടോം അവിടെയെത്തുകയാണെങ്കില്‍ തീര്‍ച്ചയായും മുന്‍തൂക്കം നമുക്കു ലഭിക്കും. അതുകൊണ്ട് ഒരു തുറന്ന യുദ്ധത്തിനേക്കാള്‍ ഒളിച്ചുള്ള പോരാട്ടമാണ് എന്തുകൊണ്ടും നല്ലത് എന്ന് നിര്‍ദ്ദേശിച്ചു. പക്ഷേ ബ്രിഗേഡിയര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അതു നടപ്പാക്കുവാന്‍ കര്‍ശന നിര്‍ദ്ദേശത്തോടെ ഹോട്ട്‌ലൈന്‍ ഓഫാക്കി.
ജയകുമാറാകട്ടെ ബ്രിഗേഡിയറുടെ ഓര്‍ഡര്‍ നിരാകരിച്ചു കൊണ്ട് തന്നോടൊപ്പമുള്ള 'ഗ2' സംഘത്തിലെ രണ്ടു പേരുമായി കോട്ടയിലേക്കു യാത്രയായി. ക്യാപ്റ്റന്‍ ജോസ് ചെയ്തതു പോലെ പ്രഛന്ന വേഷരായി കുന്നിന്റെ പുറകില്‍ നിന്നാണ് ഇവര്‍ ഓരോരുത്തരായി കയറി തുടങ്ങിയത്. അപ്പോഴും കോട്ട വാതില്‍ക്കലില്‍ രജൗറി നഗരത്തില്‍ നിന്നു വരുന്ന റോഡിലേക്കു നോക്കി നില്‍ക്കുന്ന കാവല്‍ക്കാരന്‍ ഉണ്ടായിരുന്നു.
കോട്ടയിലേക്കുള്ള കയറ്റം പകുതിയായപ്പോഴാണ് അന്തരീക്ഷം നടുക്കുമാറ് ഒരു സ്‌ഫോടന ശബ്ദം കോട്ടയില്‍ നിന്നും ഉയര്‍ന്നത്. ടോം പണി പറ്റിച്ചു കാണും. ജയകുമാര്‍ ചിന്തിച്ചു. ശരിയാണ്. ദീര്‍ഘനാള്‍ ജയിലില്‍ കഴിഞ്ഞിരുന്ന അസര്‍ഖാനെ കണ്ട സന്തോഷത്താല്‍ തീവ്രവാദികളുടെ തലവന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യാനായി മുന്നോട്ടു വന്ന ആ നിമിഷം ടോം തന്റെ റിമോര്‍ട്ട് അമര്‍ത്തിയിരുന്നു.
സ്‌ഫോടനത്തോടു കൂടി നിര്‍ത്താതെയുള്ള വെടിയൊച്ചയും കോട്ടയില്‍ നിന്ന് കേള്‍ക്കാമായിരുന്നു. അവര്‍ കുന്നിന്‍ മുകളിലെത്തുമ്പോഴേക്കും എല്ലാം ശാന്തമായിരുന്നു.
കോട്ടവാതില്‍ വഴി അകത്തു കടന്ന ജയകുമാറിനും സംഘത്തിനും ചിതറികിടക്കുന്ന ശവശരീരങ്ങളെയാണ് കാണാനായത്. അതിലൊന്ന് ടോമിന്റേതാണെന്ന സത്യം ജയകുമാര്‍ മനസ്സിലാക്കി. ഒരു കോണില്‍ നേരിയ അനക്കം കണ്ട് അങ്ങോട്ടേക്കു നീങ്ങിയപ്പോള്‍ ഫാത്തിമയുടെ മടിയില്‍ തലവെച്ച് കിടക്കുന്ന ക്യാപ്റ്റന്‍ ജോസിനെയാണ് കാണാന്‍ കഴിഞ്ഞത്. അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ജോസിന് സംസാരിക്കാന്‍ പോലും ഉള്ള ശക്തിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മകളാകട്ടെ കാര്യങ്ങളുടെ ഗൗരവം തിരിച്ചറിയാതെ അടുത്തു തന്നെയുണ്ട്. അടുത്തെത്തിയ ജയകുമാറിന്റെ കരം തന്റെ കൈകളില്‍ ചേര്‍ത്തു കൊണ്ട് ചിതറിയ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു.
'ഇവരെ ഞാന്‍ താങ്കളെയേല്‍പ്പിക്കുന്നു.'
ഫാത്തിമയുടെയും ദിയയുടെയും കരങ്ങള്‍ ഒരുമിച്ച് ജയകുമാറിന്റെ കരവുമായി ഗ്രഹിപ്പിച്ച ആ നിമിഷം ക്യാപ്റ്റന്‍ ജോസിന്റെ അവസാനത്തെ ദൗത്യം പൂര്‍ണമായിരുന്നു.
ഉപസംഹാരം
കുട്ടികളുള്ള മറ്റേതൊരു വീട്ടിലേയുംപോലെ പ്രഭാതത്തില്‍ അവരെ ഒരുക്കി സ്‌കൂളിലേക്കു വിടാനുള്ള തത്രപ്പാടിലായിരുന്നു അവിടെയും. ഒരുക്കമെല്ലാം കഴിഞ്ഞ് യൂണിഫോമും ധരിച്ച് പോകാനുള്ള ഓട്ടോറിക്ഷയും കാത്തിരിക്കുമ്പോള്‍ പെട്ടെന്നോര്‍ത്തെടുക്കുന്നതു പോലെ പേരക്കുട്ടി നാനിയോട് തലേന്നു കേട്ട കഥയുടെ ബാക്കി ചോദിച്ചു. ആദ്യം അവള്‍ക്ക് അറിയേണ്ടത് ക്യാപ്റ്റന്റെ മകള്‍ ദിയായ്ക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു. പിന്നേയും ഏറെ ചോദ്യങ്ങളുണ്ടവള്‍ക്ക് ചോദിക്കാന്‍. ഫാത്തിമയെ അറസ്റ്റ് ചെയ്‌തോ? ക്യാപ്റ്റന്‍ ജയകുമാറിന് ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചുവോ? ചെറുപ്പമെങ്കിലും സമകാല വാര്‍ത്തകളുമായി താതാത്മ്യം പ്രാപിച്ചിരുന്നു ആ പൈതല്‍. നാനി പറഞ്ഞ കാര്യങ്ങള്‍ അവള്‍ ഊഹിച്ചതിനു വിപരീതമായിരുന്നു. ക്യാപ്റ്റന്‍ ജോസ് ഊട്ടയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിനും തന്റെ സഹപ്രവര്‍ത്തകരെ കുരുതി കൊടുത്തതിനുമുള്ള ശിക്ഷയായി ജയകുമാറിനെ പട്ടാളത്തില്‍ നിന്നും പിരിച്ചു വിട്ടുവത്രേ. ഒരു പക്ഷേ ഇന്‍ഡ്യന്‍ ആര്‍മിയിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ കോര്‍ട്ട്മാര്‍ഷല്‍. അതിനു കാരണമായത് യാതൊരു കുറ്റവും അയാള്‍ നിഷേധിക്കാതിരുന്നതും. പിന്നീട് നാനി പറഞ്ഞ കാര്യം അവള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. മരണ ശയ്യയില്‍ ക്യാപ്റ്റന്‍ ജോസ് ആവശ്യപ്പെട്ടതുപോലെ ജയകുമാര്‍ ഫാത്തിമയെ വിവാഹം ചെയ്തു- ദിയായെ മകളായി സ്വീകരിച്ചുകൊണ്ട്!. ഓട്ടോറിക്ഷയുടെ ഹോണ്‍ താഴെ മുഴങ്ങി തുടങ്ങി. പക്ഷേ കഥാപാത്രങ്ങളുടെ നിലവിലെ സ്ഥിതിയും അറിഞ്ഞേ അടങ്ങൂ എന്ന വാശിയിലാണ് അവള്‍. ക്യാപ്റ്റന്‍ ജയകുമാര്‍ ഇപ്പോളെവിടെ എന്ന ചോദ്യത്തിന് ഭിത്തിയില്‍ തൂക്കിയിട്ട തന്റെ മുത്തച്ഛന്റെ ഫോട്ടോയിലേക്ക് നാനിയുടെ കണ്ണൂകള്‍ പതിഞ്ഞത് അവള്‍ മനസ്സിലാക്കി. 'ഔര്‍ ദിയാ?' എന്ന ചോദ്യത്തിന് എപ്പോഴും മുറിയിലെ കസേരയിലിരുന്നു അനന്തതയിലേക്ക് നോക്കി ചിരിക്കുന്ന നാനി കി ഛോട്ടി ബഹന്റെ ദിശയിലേക്ക് കൈ ചൂണ്ടി. കാര്യങ്ങള്‍ അപഗ്രഥിക്കാനായി ഒന്നു രണ്ടു മിനിറ്റുകള്‍ വേണ്ടി വന്നു അവള്‍ക്ക്. തന്നെ തേടി മുകളിലെത്തിയ ഓട്ടോ ഡ്രൈവറുടെ കൈകള്‍ തട്ടി മാറ്റി അവള്‍ നാനിയുടെ മടിയില്‍ തലവെച്ചു.
'ഫാത്തിമാ- തും!'
ഒരിക്കലും പിടിവിടാത്ത വിധം രണ്ടു കൈകളും കൊണ്ട് നാനിയെ കെട്ടിപ്പിടിച്ചിരുന്നു അവള്‍. പിടി വിടുവിച്ചുകൊണ്ട് ഓട്ടോഡ്രൈവര്‍ അവളെ സ്‌കൂളിലേക്കു കൊണ്ടു പോകുമ്പോഴും അത്ഭുതത്തോടെ അവള്‍ നാനിയെ നോക്കിക്കൊണ്ടേയിരുന്നു. അതില്‍ സ്‌നേഹവും ആരാധനയും എല്ലാം കലര്‍ന്നിരുന്നു.
ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടു വന്നതിനു ശേഷം അവള്‍ പതിവില്ലാതെ നാനി കി ഛോട്ടി ബഹന്റെയടുത്തു പോയി കുശലം ചോദിച്ചു. ഊണും ഉറക്കവുമെല്ലാം കഴിഞ്ഞതിനു ശേഷം വൈകുന്നേരം പതിവുപോലെ അവളുടെ കൂട്ടുകാര്‍ വന്നപ്പോള്‍ ആ വീട് ശബ്ദകോലാഹലത്താല്‍ ജീവന്‍ വച്ചു. വേള്‍ഡ്കപ്പ് ക്രിക്കറ്റ് തുടങ്ങുന്ന അന്ന് എന്തുകൊണ്ടോ, കളി കാണാം എന്ന് ആരോ പറഞ്ഞപ്പോള്‍ അവള്‍ അതുസമ്മതിച്ചില്ല. പകരം മറ്റൊരു കളി അവള്‍ മുന്നില്‍ വെച്ചു. പഴയ കാലത്തെ കള്ളനും പോലീസും എന്ന മാതിരി 'മാര്‍ഖോര്‍' എന്ന കളി. കളിക്കു വേണ്ടുന്ന കഥാപാത്രങ്ങളേയും അവള്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. മാര്‍ഖോര്‍ എന്ന ഒളിപ്പോരാളി, മാര്‍ഖോറിന്റെ സഹായി, പ്രാദേശിക കോണ്‍ടാക്ട്, പിന്നെ പട്ടാളത്തിലെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍- ക്യാപ്റ്റന്‍, കേണല്‍, ശിപായി ഒടുവില്‍ സാധാരണ പൗരന്‍ വരെ ഈ കളിയിലെ വേഷക്കാരായി മാറി.
മാര്‍ഖോറിന്റെ വേഷം തനിക്കു വേണമെന്ന് അവള്‍ക്കു നിര്‍ബന്ധമാണ്. മാര്‍ഖോറിന്റെ സഹായിയായ ടെററിസ്റ്റ് കോണ്‍ടാക്റ്റ് ആയി നാനിയേയും അവള്‍ തീരുമാനിച്ചു. കളിയുടെ നിയമങ്ങള്‍ ഇങ്ങനെയാണ്. വിവിധ സ്ഥലങ്ങളില്‍ ഒളിച്ചിരിക്കുന്നവരെ മാര്‍ഖോര്‍ തന്റെ കളിത്തോക്കു കൊണ്ടു വെടിവെക്കും. ലോക്കല്‍ കോണ്‍ടാക്റ്റ് അവളെ തന്റെ കണ്ണുകള്‍ കൊണ്ട് സഹായിക്കും. അങ്ങനെ ഓരോരുത്തരേയും വകവരുത്തി മുന്നേറുന്ന മാര്‍ഖോറിനെ തിരിച്ചു വെടിവെക്കുവാന്‍ ക്യാപ്റ്റനും, കേണലിനും മാത്രമേ അധികാരമുള്ളു. ക്യാപ്റ്റനും കേണലും അടക്കം മറ്റു കളിക്കാരുടെയും വ്യക്തിത്വം അറിയാതെയുള്ള ഈ കളി തികച്ചും സംഭ്രമജനകമായി മാറി. കളി തുടങ്ങാന്‍ തീരുമാനിച്ച ശേഷമാണ് പെട്ടെന്നോര്‍ത്തെടുത്തതു പോലെ അവള്‍ ഉറക്കെ ചിന്തിച്ചത്. നമ്മള്‍ മിലിട്ടറി ഇന്റലിജന്‍സ് പോസ്റ്റില്‍ ആരേയും നിയമിച്ചില്ലല്ലോ? പെട്ടെന്നു അവള്‍ അതിനു പരിഹാരവും കണ്ടു. മിലിട്ടറി ഇന്റലിജന്‍സിന്റെ റോളില്‍ നാനി കി ഛോട്ടി ബഹന്‍!
നിമിഷങ്ങള്‍ക്കകം തന്നെ 'മാര്‍ഖോര്‍' എന്ന കളി കുട്ടികള്‍ക്കിടയില്‍ വന്‍ ഹിറ്റായി. ഓരോ കളിക്കു ശേഷവും റോളുകളില്‍ മാറ്റം വരുത്തിയെങ്കിലും മൂന്നു പേര്‍ തങ്ങളുടെ ആദ്യത്തെ റോളുകളില്‍ തന്നെ തുടര്‍ന്നിരുന്നു. സീക്രട്ട് ഏജന്റ് മാര്‍ഖോറും അവരുടെ ലോക്കല്‍ കോണ്‍ടാക്റ്റും, പിന്നെ മിലിട്ടറി ഇന്റലിജന്‍സും. ഇതിനിടയില്‍ ക്രിക്കറ്റ് കളിയെക്കുറിച്ചൊക്കെ അവര്‍ മറന്നിരുന്നു. കളിയില്‍ പൂര്‍ണ്ണമായും ലയിച്ചിരുന്നു അവര്‍. തങ്ങളുടെ വിശ്രമ സമയം പിന്നിട്ടതും സ്റ്റഡിടൈം വന്നതൊന്നും തന്നെ അവര്‍ അറിഞ്ഞിരുന്നില്ല. ഒരു പക്ഷേ അറിഞ്ഞെങ്കിലും ഇന്നൊരു ദിവസം തങ്ങളുടെ പുതിയ കളിയുടെ ത്രില്ലില്‍ ആ നിയമങ്ങളൊക്കെ അവര്‍ ലംഘിച്ചു.
സന്ധ്യ കഴിഞ്ഞ് രാത്രിയായി. പെട്ടെന്നാണ് കോളിംഗ് ബെല്‍ മുഴങ്ങിയത്. ഓഫീസില്‍ നിന്നും തിരികെയെത്തിയ തന്റെ അമ്മയാണ് അതെന്നു തിരിച്ചറിഞ്ഞ കുട്ടി, എല്ലാ സുഹൃത്തുക്കളോടും പുസ്തകമെടുത്തു പഠിക്കുന്നതുപോലെ പല സ്ഥലങ്ങളില്‍ ഇരിക്കുവാനായി ആംഗ്യം കാട്ടി. അവളും സ്വീകരണ മുറിയില്‍ തന്റെ ഏതോ ഒരു ടെക്സ്റ്റ് ബുക്കും തുറന്നു ഗാഢ വായനയിലെന്നുള്ള പ്രതീതിയിലിരിപ്പായി. നാനി തുറന്നു കൊടുത്ത വാതിലിലൂടെ അവളുടെ അമ്മ അകത്തു കയറി. തീര്‍ത്തും നിശബ്ദമായ അന്തരീക്ഷം അവരില്‍ സംശയമുളവാക്കി. എന്തുപറ്റി ഇന്ന് കുട്ടികള്‍ക്ക്. ക്രിക്കറ്റ് കളി കാണാതെ പതിവില്ലാതെ കുത്തിയിരുന്നു പഠിക്കുന്നു? ഇതിനിടയില്‍ മിലിട്ടറി ഇന്റലിജന്‍സ് റോളിലഭിനയിച്ചു കൊണ്ടിരുന്ന നാനി കി ഛോട്ടി ബഹന്‍ അക്ഷമയോടെ എന്തൊക്കെയോ ആംഗ്യങ്ങള്‍ കാണിക്കുന്നത് 'മാര്‍ഖോര്‍' കണ്ടു. കള്ളത്തരം പിടിക്കാനായി തെളിവുകള്‍ തേടുന്ന അമ്മ അടുത്തു വരുമ്പോഴേക്കും നാനി കി ഛോട്ടി ബഹന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം മാര്‍ഖോറിനു മനസ്സിലായി. തല കീഴായി പിടിച്ചിരുന്ന അവളുടെ ടെക്സ്റ്റ് ബുക്ക് തക്ക സമയത്തു തന്നെ അവള്‍ നേരെ പിടിച്ചു. മകളുടെയും കൂട്ടുകാരുടെയും പ്രവൃത്തിയില്‍ അസ്വാഭാവികത തോന്നിയെങ്കിലും പ്രവൃത്തിയില്‍ കള്ളത്തരം ഒന്നും കാണാത്തതിനാല്‍, അവര്‍ തന്റെ മുറിയിലേക്കു കയറി. ഇന്റലിജന്‍സിന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ച നാനി കി ഛോട്ടി ബഹനെ നോക്കി നന്ദി സൂചകമായി അവള്‍ തന്റെ കൈ വിരല്‍ ഉയര്‍ത്തി തംസ് അപ് ആംഗ്യം കാണിച്ചു. ചുണ്ടില്‍ ഇതുവരെയില്ലാത്ത ഒരു മന്ദസ്മിതം പേറി നാനി കി ഛോട്ടി ബഹന്‍ തന്റെ തള്ള വിരല്‍ ഉയര്‍ത്തി അവളെ തിരിച്ച് അഭിവാദ്യം ചെയ്തു. അവരുടെ കണ്ണുകള്‍ വീണ്ടും വിദൂരതയിലേക്കു തിരിയുകയും ചെയ്തു.
അകലെ പീര്‍ബാദേശ്വര്‍ ക്ഷേത്രത്തിനു സമീപം തൂക്കിയിരുന്ന മണികള്‍ കാറ്റത്തുലഞ്ഞ് ശബ്ദിച്ചു കൊണ്ടേയിരുന്നു. ആയിരക്കണക്കിനു വരുന്ന അതിലൊന്നില്‍ 'ദിയാ ജോസ് ' എന്ന് കൊത്തിയ മണിയും ഉള്‍പ്പെട്ടിരുന്നു.
Read More: https://www.emalayalee.com/writer/243