എനിക്ക് പതിമൂന്ന് വയസുള്ളപ്പോൾ എന്റെ മനസ്സിൽ ലജ്ജിപ്പിക്കുന്ന ഒരു രഹസ്യം ഞാൻ കൊണ്ടു നടന്നിരുന്നു. ഞങ്ങൾ വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞവരായിരുന്നു. പലപ്പോഴും ഞാൻ സ്‌കൂളിൽ പോയിരുന്നത് ആഹാരം ഇല്ലാതെയായിരുന്നു. ഉച്ചക്ക് എന്റെ സുഹൃത്തുക്കൾ ആപ്പിളും, സാൻഡ്വിച്ചും കുക്കീസും ഉള്ള ചോറ്റുപാത്രം തുറക്കുമ്പോൾ, എനിക്ക് വിശപ്പില്ലെന്ന് നടിച്ച് ഞാൻ ഇരിക്കുമായിരുന്നു. എന്റ ഉള്ള് ഇവിടെ വിവരിക്കാൻ കഴിയാത്തവിധം വേദനിക്കുമ്പോൾ എന്റെ ഒഴിഞ്ഞ വയറിലെ ശബ്ദം ആരും കേൾക്കാതെ ഞാൻ എന്റെ മുഖം പുസ്തകത്തിൽ ഒളിക്കുമായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി എന്നെ ശ്രദ്ധിച്ചു. വലിയ ഒച്ചപ്പാടുകൾ ഇല്ലാതെ അവളുടെ ഉച്ചഭക്ഷണത്തിന്റ പകുതി അവളെനിക്ക് നൽകി. ഇതെന്നെ വല്ലാതെ വിഷമിപ്പെച്ചെങ്കിലും, അവൾ തന്ന ഭകഷണം ഞാൻ സ്വീകരിച്ചു. അടുത്ത ദിവസവും അവൾ അതാവർത്തിച്ചു. ചിലപ്പോൾ ഒരു റൊട്ടിയുടെ കഷണമായിരിക്കും. ചിലപ്പോൾ അവളുടെ 'അമ്മ ചുട്ടുണ്ടക്കിയ കെയിക്കിന്റ കഷണമായിരിക്കും. എന്നെ സംബന്ധിച്ചടത്തോളം വളരെ നാളുകൾക്കു ശേഷം എനിക്ക് അനുഭവപ്പെട്ട ഒരത്ഭുതമായിരുന്നത്.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം അവളെ കാണാതെയായി. അവളുടെ വീട്ടുകാർ മറ്റെവിടേക്കോ മാറിപ്പോയി. പിന്നെ ഞാൻ അവളെ ഒരിക്കലും കണ്ടിട്ടില്ല. എല്ലാ ദിവസവും ഉച്ചക്ക് അവൾ ഒരു പുഞ്ചിരിയോടെ സാൻഡ്‌വിച്ചിന്റെ ഒരു കഷണവുമായി എന്റെ അരികിൽ വന്നിരിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ നോക്കിയിരിക്കും. പക്ഷെ അതൊരിക്കലും സംഭവിച്ചില്ല. എങ്കിലും അവളുടെ ആ ദയാപുരസ്സരമായ പ്രവർത്തിയുടെ ഓർമ്മകൾ ഞാൻ എന്നിൽ സൂക്ഷിച്ചിരുന്നു. ഞാനാരായിരുന്നാലും അതെന്റെ ജീവിതത്തിന്റ ഭാഗമായി. വർഷങ്ങൾ കടന്നുപോയി. ഞാൻ വളർന്നു. ജീവിതവും മുന്നോട്ടു പോയി.
പക്ഷെ ഇന്നലെ എന്നെ മരവിപ്പിച്ച ഒന്നു സംഭവിച്ചു. എന്റെ ഇളയ മകൾ സ്‌കൂളിൽ നിന്നു വന്നപ്പോൾ എന്നോട് ചോദിച്ചു. “ ഡാഡി എനിക്കുവേണ്ടി നാളെ രണ്ട് ഉച്ച ഭക്ഷണം ഉണ്ടാക്കുമോ?” “രണ്ടെണ്ണമോ, നീ ഒരിക്കലും ഒന്ന് മുഴുവനായി കഴിച്ചു തീർത്തിട്ടില്ല.” ഒരു കുഞ്ഞിന്റെ കണ്ണുകളിൽ മാത്രം കാണുന്ന ഗൗരവത്തോടെ അവളെന്നെ നോക്കി. എന്നിട്ടു പറഞ്ഞു “ അതെന്റെ ക്‌ളാസിൽ പഠിക്കുന്ന ഒരാൺകുട്ടിക്കാണ്. അവൻ ഉച്ചക്ക് ഒന്നും കഴിച്ചില്ല. എന്റെ സാൻഡ്‌വിച്ചിന്റെ പകുതി ഞാൻ അവനു കൊടുത്ത്.” ഞാൻ അനങ്ങാതെ അവിടെ നിന്നു. രോമാഞ്ചത്താൽ എന്റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നേറ്റു നിന്നു. സമയം എന്റെ മുന്നിൽ നിശ്ചലമായി നിന്ന് . എന്റെ മകളുടെ ആ ചെറിയ പ്രവർത്തിയിലൂടെ എന്റെ ചെറുപ്പകാലത്തിലെ ആ പെൺകുട്ടിയെ ഞാൻ കണ്ടു. മറ്റാരും ശ്രദ്ധിക്കാതിരുന്നപ്പോൾ എന്നെ ഉച്ചക്ക് ഭക്ഷണം ഊട്ടിയ ആ പെൺകുട്ടിയെ. ദയ എങ്ങും നഷ്ടപ്പെട്ടിട്ടില്ല! . അത് എന്നിൽകൂടി എന്റെ മകളിൽകൂടി ഇന്നും സഞ്ചരിക്കുന്നു.
ഞാൻ എന്റെ മുകപ്പിലേക്കിറങ്ങിനിന്ന് നീലാകാശത്തേക്കു നോക്കി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ വിശപ്പ്, നാണക്കേട്, ഉപകാരസ്മരണ, സന്തോഷം എല്ലാം എനിക്കാ നിമിഷം അനുഭവപ്പെട്ടു.
അവൾ ഒരിക്കലും എന്നെ ഓർത്തെന്നിരിക്കില്ല. അവൾ എന്നിൽ ഉണ്ടാക്കിയ മാറ്റത്തെകുറിച്ചവൾ ഓർത്തെന്നിരിക്കില്ല. പക്ഷെ ഞാൻ അവളെ ഒരിക്കലും മറക്കില്ല. കാരണം ഒരു ചെറിയ ദയാപുരസ്സരം ചെയ്യുന്ന പ്രവർത്തി ഒരു ജീവിതത്തെ മാറ്റിമറിക്കാൻ പോരുന്നതാണെന്ന്. ഇപ്പോൾ എന്റെ മകൾ ദയയോടെ മറ്റൊരു കുട്ടിക്കുവേണ്ടി റൊട്ടി നൽകുന്ന ഈ ചെറിയപ്രവർത്തി തുടരുന്നിടത്തോളം കാലം, ദയ എന്ന സുകുമാരഗുണം മരിക്കാതെ തുടരും.