നോക്കൂ ക്രുശഗാത്രനാമൊരു വയോവൃദ്ധനി
ന്നാര്‍ക്കുമായവനൊരു വെറും മര്‍ത്യകോലമോ
ഓര്‍ക്കുവീനതുല്യപ്രഭയാളും മഹാരഥൻ
നോക്കിനില്‍പ്പൂയീയുഗ മിപ്പൊഴുമാമര്‍ത്യനെ!
ആരാണന്നറിയണ്ടേ,ചൊല്ലിടാമറിഞ്ഞീടൂ
ധീരനാമൊരുകൂട്ടുകാരനാണവന്‍ നമു
ക്കാരിലും കനിവേറുന്നാമഹാന്‍ സാക്ഷാല്‍ മര്‍ത്യ
ഭാരതമണ്ണിന്‍ശില്‍പി ഗന്ധിജിയവന്‍ നാമം
മര്‍ത്യരെന്നഭിമാനിച്ചീടുവോര്‍ താന്താങ്ങളെ
മാത്രമേകാണാന്‍ കൂട്ടാക്കീടുള്ളു നിരന്തരം
മര്‍ത്യനല്ലവന്‍ തുലോം മര്‍ത്യനെയിപ്പാരിന്നു
സത്യമായ് കാട്ടിത്തന്ന പുണ്ണ്യവാന്‍ മഹാത്മജി!
"കണ്ടവനൊന്നായ് മര്‍ത്യകുലത്തെയീലോകത്തെ
കണ്ടവനൊന്നായെന്നും ഭാരതസാമ്പ്രാജ്യത്തെ
കണ്ടുകാരണം സ്നേഹിച്ചീടുവാന്‍ മനുഷ്യരെ
കണ്ടതില്ലൊരിക്കലും കാരണം ദ്വേഷിച്ചീടാന്‍"!
ലോകമേപിറപ്പിച്ചു മക്കളെനീ പേക്കോല
ലോകവാഴ്‌വിനോ വിനാശത്തിനോ വൈരത്തിനോ
ഏകുവാന്‍ മനുഷ്യത്വമുള്ളിലീ കോലങ്ങള്‍ക്കു
പാകുവാനതിന്‍വിത്തു വിസ്മരിച്ചതെന്തു നീ!?
കൊണ്ടുവന്നതില്ലൊരുമര്‍ത്യനു മീലോകത്തില്‍
വിണ്ടുപോയീടുംമണ്ണാം സ്വന്തദേഹമല്ലാതെ
കണ്ടിടുന്നവ പാരിലുള്ളവയെല്ലാം പണ്ടേ
ഇണ്ടല്‍പെട്ടീടേണ്ടവയോര്‍ത്തു മര്‍ത്യരാരുമേ
"സ്രുഷ്ടിചെയ്തവന്‍ പരനുണ്ടു നാമറിയേണ
മിഷ്ടനാണവന്‍ നമുക്കൊക്കെയുംചൊല്ലീ സമ
സ്രുഷ്ടരായവരെ നാമാദരിക്കേണം സ്നേഹ
പുഷ്ടരായ് വര്‍ത്തിക്കേണമാജീവനാന്തം പാരില്‍"!
ഈവകയറിഞ്ഞവനാരുതാനീലോകത്തി
ലേവമെത്തിയോന്‍ ദിവ്യനാമഹാത്മജി ഗാന്ധി
ജീവനെയമൂല്യമാം മറ്റു ജീവിതങ്ങളെ
സേവചെയ്യുവാനര്‍പ്പിച്ചാത്മശാന്തി നേടിയോന്‍!
മാനുഷ്യനല്ലാതില്ല മറ്റമൂല്യമായൊന്നും
മന്നില്‍നാം മാണിക്യത്തെ തേടിവന്നവരെന്നോ ?
വഴിപോക്കരാണുനാമബലര്‍ വഴിതെറ്റി
കുഴിയില്‍പതിച്ചെന്നാല്‍ താങ്ങണംകരങ്ങളാല്‍!
ഇന്നുവിശ്വത്തില്‍വന്നു പാര്‍ക്കുമീയതിഥിക
ളെന്നുനാമറിയേണമല്ലിതിന്നുടയവര്‍
വല്ലതുംവിശപ്പിന്നു തിന്നുദാഹവും തീര്‍ത്തു
മെല്ലവേയീയമ്പല വാസവുംവെടിയേണം!
ക്ഷമമില്ലേതുംധന്യമത്രെയീവിശ്വം നമ്മെ
ക്ഷേമമായ് പരിപാലിച്ചീടുവാന്‍ പോരുന്നതും
കൂട്ടിവയ്ക്കുവാന്‍ നിക്ഷേപങ്ങളെയന്യായമായ്
പൂട്ടിവച്ചീടാന്‍ തുനിഞ്ഞീടരുതാരും പാരില്‍!
"വഴിയില്‍കണ്ടോരെല്ലിന്‍ കഷണംചുറ്റിപ്പറ്റി
മിഴികള്‍കൂര്‍പ്പിച്ചടുത്തൊച്ചയാല്‍ കടിപിടി
കൂട്ടിടും ശുനകരെപ്പോലെയോ നരകുലം
നാട്ടിലിന്നതിനു നാമുത്തരംപറയേണം"!
നന്മചെയ്യുവാന്‍നമ്മെ പഠിപ്പിച്ചില്ലേപാരം
തിന്മയെയതിന്മൂലം വെല്ലുവാനെല്ലായ്‌പ്പോഴും
ആമഹാനരികില്‍ നിന്നേറ്റുപാടേണം നമ്മള്‍
"തമസ്സോ മ ജ്യോതിര്‍ഗ്ഗമയാ അസതോ മ സത്ഗ്ഗമയാ"!
ആമഹാത്മജിഗാന്ധി കാട്ടിയവഴിയഭി
കാമ്യമാണതിലെ നാമേവരുംനടക്കേണം
വിസ്ത്രുതംലോകം മര്‍ത്യകുലത്തെയുള്‍ക്കൊള്ളുവാന്‍
വിശ്വമെന്നെന്നുംപോരും സ്വൈരജീവിതംചെയ്‌വാന്‍!
"പൂത്തുപുഞ്ചിരിച്ചലതല്ലി സൗരഭ്യംപാരില്‍
ചേര്‍ത്തുപാര്‍ത്തഖിലര്‍ക്കു മുറ്റമിത്രമായേവം
വന്നവതാരംചെയ്ത ദിവ്യജോതിസ്സേ ഗുരോ
ധന്യയായ്‌വിശ്വം തവവന്ദ്യപാദസ്പര്‍ശത്താല്‍"!!!.
(ഒക്ടോബര്‍ ൨ ഗാന്ധിജയന്തി)