Image

കറുപ്പിൽ കലർന്നലിഞ്ഞമർന്നത് (കഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 03 October, 2025
കറുപ്പിൽ കലർന്നലിഞ്ഞമർന്നത് (കഥ: ശ്രീകുമാർ ഭാസ്കരൻ)

ഒരു ഭൂമികുലുക്കം പോലെ അപ്രതീക്ഷിതമായിരുന്നു അത്. കാൺപൂരിനെ വിഴുങ്ങിയ കലാപത്തിന്റെ കറുത്ത ദിനങ്ങൾ. ജനജീവിതത്തെ ആകെ പിടിച്ചു കുലുക്കി അത് കടന്നുപോയി. ഒരുപാട് പേർക്ക് ദിവങ്ങൾക്കുള്ളിൽ വലിയ വേദനയും നഷ്ടങ്ങളും ഉണ്ടാക്കിവെച്ചുകൊണ്ട്. ഏതാനം ദിനങ്ങൾ മാത്രം നീണ്ടു നിന്ന ഭീകരത. അതായിരുന്നു കലാപം.
അത് അക്ഷരാർത്ഥത്തിൽ ഭീകരം തന്നെയാണ്. സിനിമയിൽ കണ്ടതും പുസ്തകങ്ങളിൽ വായിച്ചതും ആയിരുന്നില്ല യഥാർത്ഥത്തിൽ കലാപം. ഒരു കണക്കിന് പറഞ്ഞാൽ ഒരു പേപ്പട്ടി സംസ്കാരം മനുഷ്യനെ കീഴടക്കുന്ന ഭീകരമായ ഒരു അവസ്ഥയാണത്. അവിടെ ധനസ്ഥിതി പൊതുജനസമ്മതി ബുദ്ധി പാണ്ഡിത്യം പദവി കുടുംബമഹിമ വിദ്യാഭ്യാസം സംസ്കാരം ഇതൊന്നും  ബാധകമല്ല. 
കയ്യിൽ കിട്ടുന്ന എന്തും ആയുധമാക്കി പടവെട്ടുന്ന അല്ലെങ്കിൽ കൊല്ലുകയും ചാവുകയും ചെയ്യുന്ന മനുഷ്യർ മാത്രം. 
കലാപത്തിന്റെ യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമല്ല. ഒന്നോർമ്മയുണ്ട് അത് ഒരു വിന്ററിന്റെ തുടക്കമായിരുന്നു. 
ലോക്കൽദാദ ലോകേഷിന്റെ ഒരു കൈയ്യാള്‍ റഹ്മാനിയ മാർക്കറ്റിലേക്ക് പോയിടത്ത് നിന്നും തുടങ്ങുന്നു കഥകൾ. 
ലോകേഷ് ഒരു ഗാവ് ദാദ ആയിരുന്നു. അല്ലെങ്കിൽ ഒരു പ്രാദേശിക ഗുണ്ട. രാഷ്ട്രീയഗുണ്ട എന്ന് പറയുന്നതാവും കൂടുതൽ ശരി. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പലപ്പോഴും ദാദകൾക്ക് വലിയ റോളുകൾ ഉണ്ട്. ഒരു ഗ്രാമത്തിന്റെ സമ്മതീദാനാവകാശം ആർക്കു കൊടുക്കണം എന്ന് തീരുമാനിക്കുന്നത് ഇവരാണ്. ഇവർ പറയുന്നിടത്ത് കുത്തുക എന്നത് മാത്രമാണ് ജനത്തിന്റെ ഉത്തരവാദിത്വം. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം. 
ഈ ഗാവ് ദാദമാരെ നിലനിർത്തുന്നത് ബഡാ രാഷ്ട്രീയക്കാരാണ്. എം. പി. മാർ, എം. എൽ. എ. മാർ അങ്ങനെ പലരും. അവർക്കുമുണ്ട് ലക്ഷ്യങ്ങൾ. ഒരുത്തനെ പിടിച്ച് അവൻ ആവശ്യപ്പെടുന്ന പണം കൊടുത്താൽ പിന്നെ ആ ഗ്രാമത്തിലേക്ക് പ്രചരണത്തിനായി പോകേണ്ടി വരില്ല. ഗ്രാമത്തിലെ വോട്ടുകള്‍  തനിയെ അനുകൂലമായിക്കൊള്ളും. അതുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് പണത്തിന്‍റെ കുത്തൊഴു ക്കാണ്. പണം ഉള്ളവന് മാത്രമേ രാഷ്ട്രീയത്തിൽ പയറ്റാൻ പറ്റൂ. അതിന് അപവാദങ്ങളും ഉണ്ട്. അത് പ്രചുരപ്രചാരം നേടിയ രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികളാണ്. അവർ ജനത്തിന് സുപരിചിതരായിരിക്കും. 
അതൊരു ദസറ കാലമായിരുന്നു. ദസറയ്ക്ക് പല ഐതീഹ്യങ്ങളും പറയാനുണ്ട്. രാമന്റെ വിജയമായും ദുർഗ്ഗയുടെ വിജയമായും വകഭേദങ്ങളുണ്ട്. എന്തുതന്നെയായാലും തിന്മയുടെ മുകളിലുള്ള നന്മയുടെ വിജയമാണ് ദസറ. പത്ത്  ദിവസത്തെ യുദ്ധം. പത്താമുദയത്തിൽ വിജയം. നന്മയുടെ വിജയം. 
പത്താമുദയത്തില്‍ കത്തിയമരുന്നത്  രാവണന്റെ വലിയ കോലമാണ്. ചില സ്ഥലങ്ങളിൽ രാവണനോടൊപ്പം കുംഭകർണ്ണന്റെ കോലവും കത്തിക്കും. മിക്കവാറും നാല്പതു  മുതൽ എഴുപത് അടി വരെ ഉയരമുള്ള കോലമാവും കത്തിക്കുക. മൂന്നു, നാല് കിലോമീറ്റർ ദൂരെ നിന്ന് പോലും ജനത്തിന് കോലം കത്തിയരുന്നത് കാണാം. രാത്രിയിലാണ് കോലം കത്തിക്കുക. ഏകദേശം ഒന്‍പതു മണിയോടുകൂടി. 
കോലം നിറയെ പടക്കങ്ങൾ നിറച്ചിരിക്കും. അവസാനം തലയുടെ ഭാഗത്ത് വലിയ പടക്കങ്ങൾ ആയിരിക്കും നിറച്ചിരിക്കുക. അതുകൊണ്ടുതന്നെ കോലം                 കത്തിയമരുന്നതിന്റെ ആട്ടക്കലാശം ഗംഭീരമായിരിക്കും. അതിന്റെ പ്രകമ്പനം കുറച്ചുസമയത്തേക്ക് കൂടി നമ്മുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കും. 
ഉത്തരേന്ത്യയിൽ അതിഗംഭീരമായ കച്ചവടം നടക്കുന്ന സമയമാണ് ദസറ, ഹോളി മുതലായവ. ആ സമത്ത് തെരുവുകള്‍ ജനനിബിഡമായിരിക്കും. ഉത്തരേന്ത്യന്‍  സ്ത്രീ സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്ത് ആ സമയത്ത് നമുക്ക് തെരുവുകളില്‍ കാണാം. 
റഹ്മാനിയ മാർക്കറ്റ്, നഗര ഹൃദയഭാഗത്ത് ഉള്ള ഒരു തെരുവാണ്. തെരുവിന്റെ ഇരുവശത്തും അട്ടിയടുക്കിയ  പോലുള്ള കടകളും വീടുകളുമാണ്. മാർക്കറ്റിൽ കിട്ടാത്തതായി  ഒന്നുമില്ല. പ്രധാനമായും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുകൽ ഉൽപ്പന്നങ്ങൾ തുണിത്തരങ്ങൾ മുതലായവയാണ്. 
റഹ്മാനിയ മാർക്കറ്റ് പലതുകൊണ്ടും പ്രശസ്തമാണ്. അതുപോലെ തന്നെ കുപ്രസിദ്ധവും. എവിടെയെങ്കിലും ഒരു പോക്കറ്റടി നടന്നാൽ ആ സാധനം റഹ്മാനിയ മാർക്കറ്റിൽ എത്തും. നഷ്ടപ്പെട്ട പേഴ്സിൽ പണമുണ്ടെങ്കിൽ പണം ഒഴികെ ബാക്കിയെല്ലാം കിട്ടും. പണമില്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള പ്രധാനപ്പെട്ട രേഖകൾ അതിൽ ഉണ്ടെങ്കിൽ മാർക്കറ്റിലെ ദാദ ആവശ്യപ്പെടുന്ന പണം കൊടുത്ത് ഡോക്യുമെന്റ്സ് കൊണ്ടുപോകാം. 
റഹ്മാനിയ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ ലോകേഷിന്റെ കൈയ്യാൾ മടങ്ങി വന്നത് അത്യാവശ്യം നല്ല ശരീരക്ഷതത്തോടെ ആയിരുന്നു. ആരൊക്കെയോ കൈയ്യാളെ നന്നായി പെരുമാറിയിട്ടുണ്ട്. എന്താണ് കാരണം എന്ന് വ്യക്തമല്ല. ഒരു പക്ഷേ സാധനം വാങ്ങാൻ ചെന്നപ്പോൾ ഉണ്ടായ വിലപേശലിലെ അപാകത ആവാം. അല്ലെങ്കിൽ അവിടെ പോയി ദാദ കളിച്ചതാകാം. എന്തായാലും കൈയ്യാൾ നന്നായി വാങ്ങിക്കൂട്ടിയിരുന്നു.
ഇത് ലോകേഷിന് ഒരു അഭിമാനപ്രശ്നമായി. പകരം വീട്ടാൻ ലോകേഷ് ഒറ്റയ്ക്കാണ് റഹ്മാനിയ മാർക്കറ്റിലേക്ക് പോയത്. പക്ഷേ പോയ ലോകേഷ് പിന്നെ മടങ്ങി വന്നില്ല. രണ്ടുദിവസം കഴിഞ്ഞ് റഹ്മാനിയ മാർക്കറ്റിന്റെ തെരുവോരത്ത് ഒരു ടേബിളിൽ ലോകേഷിന്റെ ജഡം കാണപ്പെട്ടു. തല മുറിച്ചു മാറ്റപ്പെട്ട നിലയിൽ. അത് ഒരു തുടക്കമായിരുന്നു. 
ആ ജഡം എടുക്കാൻ പിന്നീട് റഹ്മാനിയ മാർക്കറ്റിലേക്ക് പോയത് ലോകേഷിന്റെ ഗാവിലെ നാനൂറോളം വരുന്ന യുവാക്കള്‍ ആയിരുന്നു. ബൈക്കുകളില്‍. 
അവര്‍ ഇരുനൂറ് ബൈക്കുകളില്‍ ആണ് അങ്ങോട്ട്‌ പോയത്. അവർ ജഡമെടുത്ത് ബൈക്കുകളിൽ തന്നെ വിലാപയാത്രയായി നഗരം ഒന്ന് പ്രദക്ഷിണം വെച്ചു. അത്രയും മതിയായിരുന്നു കാൺപൂർ നഗരം ഒന്ന് കുലുങ്ങാന്‍. നഗരം ഒന്നു കുലുങ്ങി.  നന്നായി കുലുങ്ങി. ആ കുലുക്കത്തിൽ എത്ര കുടിലുകൾ ആണ് കത്തിയമര്‍ന്നത്, എത്ര ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എന്തിന് വളർത്തുമൃഗങ്ങള്‍ക്കുവരെ രക്ഷ കിട്ടിയില്ല. ഇറച്ചി വെട്ടുന്ന ലാഘവത്തോടെ വളർത്തു മൃഗങ്ങളെ പച്ചയ്ക്ക് കൊത്തിയരിഞ്ഞു. 
വളർത്തുമൃഗങ്ങളും മനുഷ്യരും എല്ലാം ഒരേ രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടു. കലാപത്തിന്റെ കറുത്ത മുഖം നഗരത്തെ പൊതിഞ്ഞു. കലാപം കൈവിട്ടുപോകും എന്ന് തോന്നിയപ്പോൾ കര്‍ഫ്യു പ്രഖ്യാപിക്കപ്പെട്ടു. അപ്പോൾ കലാപം തുടങ്ങി രണ്ട് നാൾ പിന്നിട്ടിരുന്നു. 
കര്‍ഫ്യു. അതൊരു സംഭവം തന്നെയാണ്. കര്‍ഫ്യുവിന്റെ ശരിക്കുള്ള മുഖം ഒരിക്കലും നമുക്ക് പരിചിതമല്ല. നമുക്ക് ഒരിക്കലും ചിന്തിക്കാനും പറ്റില്ല.  ഇവിടെ നമ്മുടെ കർഫ്യൂ എന്ന് പറയുന്നത്  മൂന്നാൾ കൂടരുത്, രാത്രി യാത്ര പാടില്ല, പ്രകടനങ്ങള്‍ നടത്തരുത്... അങ്ങനെ പോകുന്നു. പക്ഷേ കാണ്‍പൂരെ കര്‍ഫ്യു അതായിരുന്നില്ല. കര്‍ഫ്യു അവിടെ നിയന്ത്രിക്കുന്നത്‌ പോലീസല്ല മറിച്ച് അര്‍ദ്ധ സൈനിക വിഭാഗമാണ്‌.
അതീവ പ്രശ്നമേഖലയില്‍ റൂട്ട്മാര്‍ച്ച്‌, അനൌണ്‍സ്മെന്റ്, പിന്നെ ആക്ഷന്‍, ഇതാണ് രീതി. കര്‍ഫ്യു സമയത്ത് താമസിക്കുന്ന മുറിയുടെ പുറത്തേക്കുള്ള ജനൽപാളിയോ വാതിലോ ഒന്നും തുറന്നിടാൻ പാടില്ല. തുറന്നാൽ അതിലേക്ക് വെടിയുണ്ട പതിക്കും. പിന്നെ പുറത്തിറങ്ങുന്ന കാര്യം പറയണ്ടല്ലോ. പുറത്തിറങ്ങിയാല്‍ പിന്നെ അയാളുടെ ശവസംസ്കാരത്തിന്, ശവം പോലും കിട്ടിയെന്നു വരില്ല. 
കര്‍ഫ്യു സമയത്ത്, വീടിനകത്ത് പന്ത് കളിച്ചു കൊണ്ടിരുന്ന ഒരു രണ്ടു വയസ്സുകാരൻ, പന്ത് പുറത്ത് പോയപ്പോൾ അത് എടുക്കാൻ മുറ്റത്തിറങ്ങിയതേയുള്ളൂ നിമിഷങ്ങൾക്കുള്ളിൽ വെടിയേറ്റു വീണു. മനുഷ്യത്വരഹിതമായ സംഭവം. പക്ഷേ അതാണ് കര്‍ഫ്യു. ഉത്തരേന്ത്യൻ കര്‍ഫ്യു. അത് കപ്പലണ്ടി കൊറിച്ചുകൊണ്ട് എ. സി മുറിയിൽ ഇരുന്ന് ടി. വി. യിലെ സമരപ്രഹസനങ്ങൾ നിത്യേന കണ്ടാസ്വദിക്കുന്ന നമുക്ക്  മനസ്സിലാവില്ല. 
കര്‍ഫ്യു എങ്ങനെ ജനജീവിതത്തെ ബാധിക്കുന്നു എന്നും എത്ര ഭീകരമാണ് കലാപത്തിന്റെ നാളുകൾ എന്നും. കലാപവും അതിനെ അമര്‍ച്ച ചെയ്യാനുള്ള കര്‍ഫ്യുവും എത്ര ഭീകരമെന്ന് വിവരിക്കാന്‍ ആവില്ല. അത് അനുഭവിച്ചെങ്കിലെ മനസ്സിലാകൂ. 
ഞാന്‍ താമസിച്ചിരുന്ന ഐ. ഐ. ടി. ക്യാമ്പസ് ഒരു സുരക്ഷിത മേഖലയാണ്. അവിടെ ഒരു കലാപവും ബാധിക്കാറില്ല. നഗരത്തിൽ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ കിടക്കുന്നസ്ഥലം. ധാരാളം വിദേശികൾ ഗവേഷകരായും അധ്യാപകരായും പ്രവർത്തിക്കുന്ന സ്ഥലം. അതുകൊണ്ടുതന്നെ അത് ഒരു സുരക്ഷിത മേഖലയാണ്. ഞങ്ങൾ ഐ. ഐ. ടി. പരിസരത്ത് താമസിക്കുന്നതിനാൽ ഞങ്ങളുടെ ദൈനംദിന ജീവിതത്തെ കലാപം ഒരിക്കലും ബാധിച്ചില്ല. 
കോളേജ് ദീർഘനാൾ അടച്ചിട്ടിരുന്നതിനാൽ കോളേജിൽ പോക്കും വേണ്ടിവന്നില്ല. ചുരുക്കത്തിൽ കലാപത്തിന്‍റെ ഭീകരത എനിക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്നില്ല. എന്നാൽ എൻറെ ചില സുഹൃത്തുക്കൾ കോളേജിനടുത്ത് താമസിച്ചിരുന്നതിനാൽ അതിൻറെ ബുദ്ധിമുട്ട് ശരിക്കും അവർ അനുഭവിച്ചറിഞ്ഞവരാണ്. 
കലാപത്തിന്റെ കറുത്ത ദിനങ്ങള്‍ അധികം നീണ്ടു നിന്നില്ല.  കലാപം പെട്ടെന്ന് അടിച്ചമർത്തപ്പെട്ടു. അത് നഗരത്തിന്റെ ചുറ്റുപാടിലേക്ക് വ്യാപിക്കാൻ അവസരം കൊടുത്തില്ല. വ്യത്യസ്ത മത വിഭാഗങ്ങള്‍ കോളനിയായി താമസിക്കുന്ന ഒരു രീതിയാണ് കാണ്‍പൂരില്‍ ഉണ്ടായിരുന്നത്.  ഏതാനും ആഴ്ചകൾ വേണ്ടിവന്നു ജനജീവിതം സാധാരണ നിലയില്‍ ആവാൻ. 
ക്രമേണ വാഹനങ്ങള്‍ ഓടിത്തുടങ്ങി. ആളുകള്‍ പുറത്തിറങ്ങിത്തുടങ്ങി. തൊഴില്‍ ശാലകള്‍ക്ക്  പതുക്കെ ജീവന്‍ വെച്ച് തുടങ്ങി. എങ്കിലും കലാലയങ്ങള്‍ അടഞ്ഞു തന്നെ കിടന്നു.  കാണ്‍പൂര്‍-ആഗ്ര ട്രെയിന്‍ ഓടിത്തുടങ്ങി. എങ്കിലും അതിന്റെ മുകളില്‍ പഴയപോലെ ആരും ഉണ്ടായിരുന്നില്ല. കാണ്‍പൂരില്‍ കലാപം പുത്തരിയല്ല. അത് മുൻപും പലപ്പോഴായി നടന്നിട്ടുണ്ട്. അതിനാൽ ജനത്തിന് കലാപസാഹചര്യം പരിചിതമാണ്. 
കലാപം ഒതുങ്ങിയെങ്കിലും പിന്നെയും കുറെനാൾ കഴിഞ്ഞാണ് കോളേജ് തുറന്നത്. കലാപം പൂർണമായി ഒതുങ്ങി എന്നതിൻറെ ലക്ഷണം കലാലയങ്ങൾ തുറന്നു പ്രവർത്തിച്ച്  തുടങ്ങുന്നതാണ്. കാരണം കലാപനാളുകളിൽ ആദ്യമടയ്ക്കുന്നതും അവസാനം തുറക്കുന്നതും കലാലയങ്ങളാണ്. 
കലാപത്തിന്റെ കറുത്ത നാളുകൾ ആയിരുന്നു ആ ദസറ ദിനങ്ങൾ. എനിക്കോ എൻറെ കൂട്ടുകാർക്കൊ ഒന്നും നഷ്ടപ്പെട്ടില്ല. എൻറെ ദൈനംദിന ജീവിതത്തിന് അല്പം പോലും മങ്ങല്‍ ഉണ്ടായില്ല. എന്നിട്ടും കലാപം എന്നിൽ നിറയ്ക്കുന്നത്  വേദനയാണ്. നെഞ്ചിൽ പടർന്നു കയറുന്ന വേദന. അതിന് കാരണം ജാൻസിയാണ്. ലാൽ ബംഗ്ലോവിൽ വച്ച് എന്റെ സുഹൃത്ത് മാത്യു പരിചയപ്പെടുത്തിയ ജാൻസി. 
കലാപത്തിന്റെ ഏതാനും മാസങ്ങൾക്കു മുമ്പ് ഒരിക്കൽ, ‘നല്ല മട്ടണ്‍ കറി കഴിക്കാം’ എന്ന് പറഞ്ഞ് മാത്യു ഞങ്ങളെ ലാൽ ബംഗ്ലോവിലേക്ക്  കൊണ്ടുപോയി. മാത്യുവിന്റെ പ്രാര്‍ത്ഥനാസംഘം അവിടെയായിരുന്നു. പോവുമ്പോൾ ഞാൻ എന്റെ സുഹൃത്ത് ശ്രീജിത്തിനേയും കൂടെക്കൂട്ടി. ഭക്ഷണപ്രിയനായ ശ്രീജിത്ത് വയറ് നിറച്ച് മട്ടണ്‍  കഴിച്ചോട്ടെ എന്ന നല്ല ഉദ്ദേശ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. 
കാരണം പ്രാത്ഥന കഴിഞ്ഞാൽ ഉള്ള ഭക്ഷണത്തിന് ചപ്പാത്തിയും മട്ടൺ കറിയുമാണ്. അത് വയറുനിറച്ചു കഴിക്കാം എന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മാത്യു ഞങ്ങളെ  ലാൽ ബംഗ്ലോവിലേക്ക് കൊണ്ടുപോയത്. 
നഗരത്തിൽ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്ററോളം മാറിയാണ് ലാൽബംഗ്ലോ. അവിടെ പെന്തക്കോസ്ത് സഭയുടെ പ്രാർത്ഥന പരിപാടിയിൽ പങ്കെടുക്കുവാനുള്ള യാത്രയിലാണ് ഞങ്ങൾ. മാത്യു ഇടയ്ക്ക് അവിടെ പോകും. ലക്ഷ്യം രണ്ടാണ്. ഒന്ന് മട്ടണ്‍ കറി കഴിക്കുക. രണ്ട് പ്രാർത്ഥനയ്ക്ക് വരുന്ന തരുണീമണികളെ കാണുക. മാത്യു ഒരു കൊച്ചുലോലനായിരുന്നു. തരളഹൃദയത്തിനുടമ. 
ഞങ്ങളുടെ ലക്ഷ്യം ഒന്നുമാത്രം. ഞങ്ങൾക്ക് അന്ന് സ്വപ്നം കാണാൻ മാത്രം കഴിയുന്ന മട്ടണ്‍ക്കറി വയറുനിറച്ചു കഴിക്കുക.  അതിനുള്ള ത്യാഗമാണ് പ്രാർത്ഥനയിൽ പങ്കെടുക്കുക എന്നത്.
സാധാരണ പ്രാർത്ഥന കഴിയുമ്പോൾ ഉച്ചയാവും. പിന്നെ ചപ്പാത്തിയും മട്ടണ്‍ക്കറിയും. ഇതാണ് സ്ഥിരമായി നടക്കുന്ന ലാൽബംഗ്ലോ ഭക്തിസംഗമം. 
ഞങ്ങൾ ലാൽ ബംഗ്ലോവില്‍ എത്തുമ്പോൾ പ്രാർത്ഥന തുടങ്ങിക്കഴിഞ്ഞിരുന്നു. ഏകദേശം നാല്പത്തിയഞ്ച് പേർ. ഞങ്ങളും അവർക്കൊപ്പം കൂടി. കണ്ണടച്ചിരുന്നു. പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും വരിയായി ഇരുന്നു. ഉടന്‍ ചപ്പാത്തിയെത്തി പുറകെ ഒരാൾ ഒരു സ്റ്റീൽത്തൊട്ടി നിറയെ മട്ടണ്‍ കറിയുമായി എത്തി. ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. ഒരു തൊട്ടി മട്ടണ്‍ക്കറി. 
അയാൾ ഞങ്ങളുടെ മുന്നിൽ എത്തി. തൊട്ടിയിൽ തവിയിട്ടിളക്കി കറി ചപ്പാത്തിയിലേക്ക് കോരി ഒഴിച്ചു. ആദ്യം ശ്രീജിത്തിനായിരുന്നു കറി വിളമ്പിയത്. കറി കണ്ട്  അവൻ എന്നെ അമ്പരപ്പോടെ ഒന്ന് നോക്കി. ശ്രീജിത്തിന്റെ പ്ലേറ്റിലെ ചപ്പാത്തികൾ കറിയിൽ മുങ്ങിക്കിടന്നു. പക്ഷേ ആ കറിയിൽ ഒരു ചെറിയ കഷണം മട്ടണ്‍ പോലുമുണ്ടായിരുന്നില്ല. അടുത്തത് എൻറെ പ്ലേറ്റിൽ. പിന്നെ മാത്യുവിന്റെ പ്ലേറ്റിലും. ഞങ്ങൾക്ക് ഒരാൾക്ക് പോലും ഒരു കഷണം മട്ടണ്‍ കിട്ടിയില്ല. മട്ടണ്‍ക്കറിയില്‍ മട്ടണ്‍ ഉണ്ടാവില്ല എന്ന് കരുതി ഞങ്ങള്‍ ആശ്വസിച്ചു. പക്ഷെ ഞങ്ങള്‍ക്ക് തെറ്റി. 
ഞങ്ങൾക്കപ്പുറത്തായി സ്ഥാനം പിടിച്ച തരുണീമണികളുടെ പ്ലേറ്റിൽ ചാറു മാത്രമല്ല കഷണങ്ങളും വീണു. സ്ത്രൈണതയുടെ തരളസ്വാധീനം എന്നല്ലാതെ എന്ത് പറയാന്‍. സുന്ദരിമാരുടെ പ്ലേറ്റില്‍ നിറയെ മട്ടണ്‍. 
ഞാനും ശ്രീജിത്തും ചപ്പാത്തി നിശ്ശബ്ദം കഴിച്ചു തുടങ്ങി. പക്ഷേ മാത്യുവിന് അത് ഒരു അഭിമാനപ്രശ്നമായി. അവനാണല്ലോ ഞങ്ങളെ വിളിച്ചുകൊണ്ട് വന്നത്. മാത്യു കഴിക്കുന്നത് നിർത്തി. കറി വിളമ്പിയവനോട് കയർത്തു. വലിയ ഒച്ചപ്പാടായി. വ്യക്തമായ വിവേചനം. പക്ഷപാതം. മാത്യുവിന് അത് ഉൾക്കൊള്ളാൻ പറ്റിയില്ല. ഞങ്ങൾ മാത്യുവിനെ വിലക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എല്ലാവരും കാര്യം അറിഞ്ഞു. ലിംഗവിവേചനം. സ്ത്രീകൾക്ക് മട്ടൻകഷണം പുരുഷന്മാർക്ക് ചാറു മാത്രം. ആ അനീതിയാണ് മാത്യു ചോദ്യം ചെയ്യുന്നത്. 
പ്രശ്നം കയ്യാങ്കളിയിൽ അവസാനിക്കും എന്ന് ഭയക്കുമ്പോഴാണ് മാലാഖയായി അവൾ അവതരിച്ചത്. ജാന്‍സി.  കിച്ചണിൽ നിന്നും ഒരു തൊട്ടിയുമായി അവൾ എത്തി. ഞങ്ങൾക്കെല്ലാം അതിൽ നിന്നും കറി വിളമ്പി. ആ കറിയിൽ തൃപ്തികരമായ തോതിൽ മട്ടണ്‍ ഉണ്ടായിരുന്നു. മനുഷ്യന്റെ ഹൃദയത്തിൽ എത്താനുള്ള എളുപ്പവഴി വയറ്റില്‍ കൂടിയാണെന്ന് പറയുന്നത് എത്ര ശരി. 
മട്ടണ്‍ നിറയെ വിളമ്പിത്തന്ന ആ സുന്ദരി ഞങ്ങളുടെ മാലാഖയായി. ഭക്ഷണം കഴിഞ്ഞ് നന്ദിപ്രകടനം എന്ന നിലയിൽ ആ മട്ടണ്‍ സുന്ദരിയെ ഞങ്ങൾ പരിചയപ്പെട്ടു. ജാന്‍സി, ചൌക്കമണ്ടിക്കു സമീപം താമസിക്കുന്നു. ഡിഗ്രി സെക്കൻഡ് ഇയർ ലിറ്ററേച്ചര്‍ ചെയ്യുന്നു. കൂടെ  പാർട്ട്ടൈം ജോലിയും ചെയ്യുന്നുണ്ട് വൈകുന്നേരങ്ങളില്‍. 
അങ്ങനെ ഒരു ദിവസം കണ്ടു പരിചയപ്പെട്ട് മനസ്സിൽ പതിഞ്ഞ രൂപമായിരുന്നു ജാൻസിയുടേത്. പിന്നീട് ഒരിക്കലും ഞങ്ങൾ ലാൽബംഗ്ലോവിൽ പോയില്ല. അതുകൊണ്ട് പിന്നീട് ജാൻസിയെ കണ്ടതുമില്ല. 
കലാപദിനങ്ങൾ കഴിഞ്ഞ് എല്ലാം ഏറെക്കുറെ സാധാരണ പോലെ ആയതിനു ശേഷം ഒരു ദിനം  ബഡാചൗരയിൽ നിന്നും മാത്യു ഐ. ഐ. ടി. യിലെത്തി.  അപ്പോള്‍ സമയം ആറു മണിയെ  ആയിട്ടൊള്ളൂ. ചെറിയ മൂടല്‍ ഉണ്ട്. തണുപ്പിന് കട്ടികൂടി വരുന്നു. 
ഞാൻ വീടിന്റെ ടെറസ്സിൽ നിൽക്കുകയായിരുന്നു. മാത്യു എന്റെ അരികിലെത്തി. ജാൻസിയെപ്പറ്റി പറയാനാണ് അവൻ വന്നത്. കലാപത്തിൽ ജാൻസി ഇരയായ കാര്യം പറയാൻ. കലാപത്തിന്റെ അവശേഷിപ്പിനെപ്പറ്റി പറയാൻ. 
“ജാൻസി ദരിദ്രയായിരുന്നു. അവളുടെ വീട് മണ്‍ഭിത്തി കൊണ്ടുണ്ടാക്കിയതായിരുന്നു. അതിനകത്തെ ഭിത്തിയിൽ, നിലം തൊടാതെ അവൾ തറഞ്ഞുനിന്നു. അവളുടെ നെഞ്ചിൽക്കൂടി ഒരു കഠാര  കുത്തി ഇറക്കിയിരുന്നു. ഫോട്ടോ ആണി അടിച്ചുറപ്പിച്ചതു പോലെ. അവൾ ആ   കഠാരയിൽ തൂങ്ങി നിന്നു. ഭിത്തിയോട് ചേർന്ന്, നിലം തൊടാതെ. പാവം.”
മാത്യു ശൂന്യതയിലേക്ക് നോക്കിയാണ് ഇത്രയും പറഞ്ഞത്. ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയില്ല. 
എന്തോ എന്റെ നെഞ്ചിൽ ഒരു കനം വെച്ചപോലെ. ഒരിക്കൽ മാത്രം കണ്ടു പരിചയപ്പെട്ട ആ പെൺകുട്ടിയുടെ തെളിഞ്ഞ ചിരിയായിരുന്നു എന്‍റെ മനസ്സിൽ. 
കൽക്കരിപ്പുക ഊതിത്തെറിപ്പിച്ച് ഒരു ട്രെയിൻ ഞങ്ങള്‍ക്ക് സമീപത്തു കൂടി  കടന്നുപോയി. ആരുമില്ല അതിൻറെ മുകളിലും അകത്തും. സാധാരണ സായാഹ്നങ്ങളിൽ ട്രെയിനിന് മുകളിൽ കാണുന്ന തിരക്കില്ല. എല്ലാവരും വീടുകളിലേക്ക് ഒതുങ്ങി. ഭയം സർവ്വത്ര ഭയം. 
അല്പം കഴിഞ്ഞ് മാത്യു ഒന്നും മിണ്ടാതെ ടെറസ്സിൽ നിന്നും താഴേക്ക് ഇറങ്ങി. ഞാൻ അതേപടി അവിടെത്തന്നെ നിന്നു. മനസ്സിൽ കഠാരയിൽ തറച്ചിരിക്കുന്ന ആ പെൺകുട്ടിയുടെ രൂപമാണ്. ജാൻസിയുടെ രൂപം. ഒരിക്കൽ തെളിഞ്ഞ ചിരിയിൽ മാത്രം കണ്ട രൂപം. അത് മാഞ്ഞു പോകുന്നില്ല. 
മുന്നിൽ ഇരുട്ടിന് കനം കൂടിവന്നു. ദൂരെ ഒരു മയിലിന്റെ കരച്ചിൽ ഉയരുന്നുണ്ടായിരുന്നു. തികച്ചും ദുർബ്ബലമായ പതിഞ്ഞ കരച്ചിൽ. ഐ. ഐ. ടി. ക്യാമ്പസിനുള്ളിലെ ഏതോ മരത്തിന്റെ മുകളിൽ ഇരുന്ന് അത് കരഞ്ഞുകൊണ്ടേയിരുന്നു. 
ഞാൻ ദൂരേക്ക് നോക്കി. കൺമുന്നിലെ കാഴ്ചകൾ എല്ലാം മാഞ്ഞു പോയിരിക്കുന്നു. പകരം ഇരുട്ട്. കട്ടഇരുട്ട്. ആ ഇരുട്ടിലേക്ക് ഞാൻ മിഴിച്ചു നോക്കി നിന്നു.

*****

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക