Image

നടക്കാനിറങ്ങിയ കവിത (ജോസഫ് നമ്പിമഠം)

Published on 04 October, 2025
നടക്കാനിറങ്ങിയ കവിത (ജോസഫ് നമ്പിമഠം)

പേരില്ലാ ഗ്രാമത്തിൽ
ആളില്ലാ ഗ്രാമത്തിൽ 
അനേകകാലത്തെ വിദേശ വാസത്തിനുശേഷം 
ജനിച്ച ഗ്രാമത്തിലൂടെ അയാൾ നടക്കാനിറങ്ങി
ഓർമ്മകളിൽ ജീവിക്കുന്ന മനുഷ്യരുടെ മായക്കാഴ്ചകളിലൂടെ
നിശബ്ദ നിഴൽരൂപങ്ങളുടെ നെടുവീർപ്പുകളിലൂടെ
*കൊമാലയിലെത്തിയ വാൻ പ്രസിയാദോയെപ്പോലെ

പട്ടണത്തിൽ വണ്ടിയിറങ്ങി നാട്ടുന്പുറത്തേക്ക്..
നാട്ടുവെളിച്ചം മാത്രമുള്ള പൊടിമൺ വഴികളിലെ ഇരുട്ടിലൂടെ..
മൗനനിശബ്ദതയും നിഴലുകളും നെടുവീർപ്പുകളുമുയരുന്ന   
പൊടിമൺ പാതയുള്ള ഗ്രാമവഴിയിലൂടെ

പട്ടണചന്തയിൽ നിന്ന് ഗ്രാമത്തിലേക്ക് വണ്ടിക്കാരനില്ലാത്ത
വളവരയുള്ള ഒരു കാളവണ്ടി മെല്ലെ മടക്കയാത്ര ചെയ്യുന്നുണ്ട്
വഴിയറിയുന്ന കാളകൾ ലാടമടിച്ച കുളന്പുകൾ പൊടിമണ്ണിലാഴ്‌ത്തി   
പൂഴിമണ്ണിൽ ചവിട്ടി ശബ്ദ രഹിതമായി മുന്നോട്ടു പോകുന്നുണ്ട്
ഗ്രാമത്തിൽ നിന്ന് കൊണ്ടുപോയ വിഭവങ്ങൾ വിറ്റഴിച്ചശേഷം
മടങ്ങുന്ന വണ്ടിയിൽ ഗ്രാമത്തിലെ കടകൾക്കു വേണ്ട വിഭവങ്ങൾ നിറച്ചിട്ടുണ്ട്

ചന്തയിലെ ഷാപ്പിൽ നിന്നു കുടിച്ച കള്ളിന്റെ ലഹരിയിൽ 
വണ്ടിക്കാരൻ ഇരിപ്പിടത്തിൽ പുറകോട്ടു ചാഞ്ഞുവീണു കിടന്നുറങ്ങുന്നുണ്ട്     
കയ്യിൽ നിന്നൂർന്നു വീണ ചാട്ട അരികിലായി കിടക്കുന്നുണ്ട്
വണ്ടിയുടെ കീഴിൽ തൂങ്ങിയാടുന്ന റാന്തൽവിളക്കിന്റെ നാളങ്ങൾ
ഇരു വശവുമുള്ള പുല്ലു കയ്യാലകളിൽ നിഴൽ ചിത്രങ്ങൾ തീർക്കുന്നുണ്ട്

(നിഴലുകളും മർമരങ്ങളും നിശബ്ദ നെടുവീർപ്പുകളും നിറഞ്ഞ,
നരകത്തേക്കാൾ ചൂടുള്ള കൊമാലയിലേക്കുള്ള യാത്രയിൽ
വാൻ പ്രസിയാദോ ആദ്യം കണ്ടത് കഴുതപ്പുറത്തു സഞ്ചരിക്കുന്ന
അബുണ്ടിയോയെ ആയിരുന്നല്ലോ!)

ഗ്രാമാതിർത്തിക്കു മുന്പേയുള്ള ചെത്തിക്കടവിൽ 
ഭാരം കൊണ്ട് നിറഞ്ഞ തൊണ്ടുവള്ളങ്ങൾ 
മുങ്ങാറായപോലെ പടിഞ്ഞാറോട്ടു പോകാൻ
നിരനിരയായി കാത്തുകിടക്കുന്നുണ്ട്
നീണ്ട കഴുക്കോലുകൾ പിടിച്ച മെലിഞ്ഞ ഊന്നൽക്കാർ
മരപ്പാവകളെപ്പോലെ ചലനമില്ലാതെ
ശ്വാസമില്ലാതെ അമരത്തു നിൽപ്പുണ്ട്
ഇരുട്ടിന്റെ മറവിൽ കൊല്ലപ്പെട്ടവരുടെ മൗനഗദ്ഗദങ്ങൾ
വിജനമാക്കി വിസ്മൃതിയിലാണ്ട തൊണ്ടു കച്ചവടക്കടവ്‌!

തിരുഹൃദയപ്പള്ളിയുടെ പടിഞ്ഞാറേ എടുപ്പിൽ
വലതുകരമുയർത്തി ക്രിസ്‌തുരാജപ്രതിമ
പടിഞ്ഞാറോട്ടു നോക്കി നിൽക്കുന്നുണ്ട്
കറുത്ത മേഘങ്ങൾ ചലനമറ്റ് മുകളിലൊരു
മുത്തുക്കുട തീർത്തിട്ടുണ്ട്

ഗ്രാമത്തിലേക്കുള്ള വഴിയിലെ കൊല്ലന്റെ ആലയിൽ
തീ കെട്ടടങ്ങി ചാരം മൂടി കിടക്കുന്ന ഉലയുടെ അടുത്ത് 
ഇരുന്പു ദണ്ഡ്  ഉലയിലേക്ക് വെച്ചുകൊണ്ട് കൊല്ലപ്പണിക്കനും
ഉലയുടെ നീണ്ട കൈപ്പിടിയിൽ കൈവെച്ചുകൊണ്ട് കൊല്ലപ്പണിക്കത്തിയും
മെഴുകുപ്രതിമകൾ പോലെ, ഓലമേഞ്ഞ ആലയിൽ കുത്തിയിരിപ്പുണ്ട്

ഗ്രാമാതിർത്തിക്കു മുന്പുള്ള പതിനെട്ടാംപടി കുന്നിൽ
ഇല്ലിപൂത്തു നിശ്ചലമായി നിൽപ്പുണ്ട്
ഇല്ലിക്കാട്ടിലും പൂഴിമണ്ണിലും അന്തരീക്ഷത്തിലും   
സർപ്പഗന്ധം ഇഴഞ്ഞു പരക്കുന്നുണ്ട്
ഇല്ലിമുളങ്കാട്ടിലിരുന്നു കൂമന്മാർ കണ്ണുരുട്ടി പേടിപ്പിക്കുണ്ട്

ആശാനില്ലാത്ത കളരിയിൽ നിന്നും
അക്ഷരങ്ങളുടെ കോറസ് ഉയർന്നു പൊങ്ങുന്നുണ്ട്
തോർത്തുടുത്തു കോണക വാലാട്ടി നിദ്രാടനത്തിലെന്നപോലെ
ആശാൻ നടന്നു പോകുന്നുണ്ട്‌, മുറുക്കാൻ കടയിലേക്ക്.
ആശാനില്ലാത്ത കളരിയിൽ കുട്ടികൾ
പൂഴിമണ്ണിൽ വിരിച്ച കൊച്ചു തഴപ്പായകളിലിരുന്ന്,
ആശാൻ നാരായം കൊണ്ട് പനയോലയിലെഴുതിയ അക്ഷരങ്ങൾ
ചെന്പരത്തിപ്പൂ തേച്ചു തെളിയിച്ചെടുക്കുന്നുണ്ട്
ഉറക്കെ വായിച്ചു പഠിക്കുന്നുണ്ട്

ഗ്രാമാതിർത്തിയിലെ ഇടുങ്ങിയ കൈത്തോടിന്റെ കരകളിൽ
കൈതപ്പൂമണം ഒഴുകിപ്പരക്കുന്നുണ്ട്.
ശംഖുപുഷ്‌പങ്ങളും ചെണ്ടുമല്ലികളും പൂത്തു നിൽക്കുന്നുണ്ട്   
പുന്ന മരങ്ങളിൽ കറുത്ത വാവലുകൾ തൂങ്ങിയാടുന്നുണ്ട്
മിന്നാമിനുങ്ങിൻ കൂട്ടം കൈതോലകളിൽ താരാപഥം തീർത്തിട്ടുണ്ട്

കാത്തിരുന്ന ആളെ കണ്ടതുപോലെ
മിന്നാമിനുങ്ങിൻ കൂട്ടം ഒന്നായിച്ചേർന്ന്
ഗ്രാമത്തിൽ നടക്കാനിറങ്ങിയകവിതയെ പൊതിയുന്നുണ്ട്
വഴികാട്ടാനോ വെളിച്ചമാകാനോ?
നിഴലുകളും മർമ്മരങ്ങളും നെടുവീർപ്പുകളും മാത്രമുള്ള
ഗ്രാമത്തിലെ പൊടിമൺ പാതയിലൂടെ
പ്രേതങ്ങളുടെ ഗ്രാമത്തിലെത്തിയ പുത്തൻപ്രേതം പോലെ
മിന്നാമിനുങ്ങുകൾ പൊതിഞ്ഞ ആൾരൂപം
പൊടിമണ്ണ് നിറഞ്ഞ വെട്ടുവഴിയിലൂടെ
പടിഞ്ഞാട്ടേക്കുള്ള വഴിയിലൂടെ നടന്നു പോകുന്നുണ്ടിപ്പോൾ

പാതിവഴിയിൽ വെച്ചു വൃത്തമായി വളഞ്ഞു 
വീണ്ടും മുകളിലേക്ക് വളരുന്ന തെങ്ങിൻ തലപ്പത്തെ
തെങ്ങോലത്തുന്പിൽ കുരുവിക്കൂടുകൾ കാറ്റിലാടുന്നുണ്ട്
വയൽ ചേറിൻ പശമണ്ണിൽ ഒട്ടിയിരിക്കും മിന്നാമിനുങ്ങുകൾ
കുരുവിക്കൂടുകളിൽ നുറുങ്ങു വെട്ടം പരത്തുന്നുണ്ട്

പുറംപോക്കിലെ മൺകുടിലിൻ മുറ്റത്തു കൂട്ടിപ്പുലയൻ
പാതിമയക്കത്തിൽ കുത്തിയിരുന്നു ബീഡിവലിക്കുന്നുണ്ട് 
പുലയക്കിടാങ്ങൾ ചേറുനിറമുള്ള തോർത്തിനാൽ
തോട്ടുവെള്ളത്തിലെ കലക്കവെള്ളത്തിൽ നിന്നു മീൻ കോരുന്നുണ്ട്
മാനത്തുകണ്ണിയും വട്ടാനും പൊടിമീനുകളും
അതിൽ ഇളകിക്കളിക്കുന്നുണ്ട്

ഗ്രാമത്തിൽ നിന്ന് പടിഞ്ഞാറേക്ക് തിരിയും മൂലയിൽ
നാട്ടിലെ പണ്ടാരത്തിയുടെ ഭർത്താവായ ശില്പി നിർമ്മിച്ച
പുറന്പോക്കിലെ കാണിക്ക മണ്ഡപത്തിന്റെ താഴത്തെ തട്ടിൽ
വെരൂർ ശാസ്താവ് പീഠത്തിൽ സൗമ്യനായി കുത്തിയിരിപ്പുണ്ട്
മുകളിലെ തട്ടിൽ ജഡാവൽക്കലധാരിയായി
തലയിൽ സർപ്പധാരിയായ ശിവൻ
കണ്ണടക്കാതെ ഗ്രാമത്തെ കാക്കുന്നുണ്ട്

പുറന്പോക്ക് വാസിയായ പണിക്കൻ പുലയൻ
കൈയിൽ അരിവാളും സ്വയം വെട്ടിയ മുറിവിൽ നിന്നും
നീണ്ട മുടിയിലൂടെ അരിച്ചിറങ്ങുന്ന ചോരയും   
നീണ്ടു പുറത്തേക്കു ചാടിയ ചോപ്പൻ നാവുമായി 
പൂരപ്പാട്ടു പാടി കലിതുള്ളി നടക്കുണ്ട്

ഗ്രാമക്കവലയിലെ പീടികത്തിണ്ണയിൽ
ക്ഷയം പിടിച്ചു മരിച്ച ചക്രപാണിച്ചോവൻ
സ്വപ്നത്തിലെന്നപോലെ ഇരിക്കുന്നുണ്ട് 
പുണ്യാളന്റെ തലയിലെ വലയം പോലെ തലക്കു ചുറ്റും
ചുവന്ന ഒരു പ്രഭാവലയവും അതിൽ അരിവാൾ ചുറ്റികയും
കറങ്ങി ചലിക്കുന്നുണ്ട്.

ഇല്ലാത്ത ഒരു കത്രിക
വായുവിൽ ചുറ്റിത്തിരിയുന്നുണ്ട്
കൈ ചലിപ്പിക്കുന്ന ക്രമത്തിൽ മുറത്തിൽ
വെട്ടിയ ഇലകൾ നിറയുന്നുണ്ട്
താനെ ഇലകൾ ചുരുണ്ടു പുകയിലയാൽ നിറയുന്നുണ്ട് 
ചുവന്ന നൂലുകൊണ്ട് താനെ കേട്ട് വീഴുന്നുണ്ട് 
വലിയ ബീഡിയും ചെറിയ ബീഡിയുമായി
മടിയിലെ മുറത്തിൽ നിറയുന്നുണ്ട്

വട്ടനടിമ എന്ന് വിളിക്കപ്പെടുന്ന അബ്ദൂട്ടി
പട്ടാളച്ചിട്ടയിൽ ഗ്രാമ കവലയിൽ കവാത്തു നടത്തുന്നുണ്ട്
ഇല്ലാത്ത തോക്കു കയ്യിലുള്ളതുപോലെ കൈകൾ പിടിച്ചാണ് കവാത്ത്

മാടക്കടക്കാരൻ കൃഷ്‍ണൻ നായർ
ഫ്രീസ്സ് ചെയ്‌തു നിർത്തിയ ചലച്ചിത്ര റീൽ പോലെ
ഇല്ലാത്ത സൈക്കിൾ പന്പ് കൊണ്ട് പഞ്ചറായ ടയറിൽ കാറ്റടിക്കുന്നുണ്ട്
മീൻകാരി മീനാക്ഷിച്ചോവത്തി മീൻകുട്ട മുന്നിൽ വെച്ച്
മീൻകണ്ണിളക്കി വഴിയേ പോകുന്നവരെ മാടിവിളിക്കുന്നുണ്ട്
കൃഷ്‍ണൻ നായർ അവരെ കണ്ണിറുക്കി കാട്ടുന്നുണ്ട്
മാടക്കടയുടെ പിന്നിലെ മുറിയിലേക്കുള്ള ക്ഷണമാണത്

ചായക്കടക്കാരൻ രായപ്പൻറെ ചില്ലലമാരയിൽ
ബോണ്ടയും ബോളിയും പരിപ്പുവടയും ഉറക്കമിളച്ചിരിക്കുന്നുണ്ട്
കൈയിൽ ഓരോ കുഞ്ഞു കിങ്ങിണി വിരലുകൾ അധികമുള്ളവർ 
അയാളുടെ രാത്രിസഞ്ചാരങ്ങളിൽ
പിറന്ന അവിഹിത സന്തതികളാണത്രേ!

ചേറു മണമുള്ള  തോർത്തുടുത്ത പാക്കരൻ ഒരു ജോഡി പോത്തുകളെ
കാഞ്ഞിരവടി കാട്ടി തെളിച്ചുപോകുന്നുണ്ട് വയലിലേക്ക്
അച്ഛൻ ചെല്ലൻ പിള്ളയുടെ ഉഴവുപോത്തുകളാണവ

അലക്കുകാരി മണ്ണാത്തിയുടെയും തെങ്ങുകയറുന്ന മണ്ണാൻ ശങ്കരന്റെയും
സുന്ദരികളായ വെളുത്ത പെൺമക്കളുടെ 
തിരുവാതിരപ്പാട്ട് അകലെ നിന്നും നേർത്ത ശബ്ദത്തിൽ
എങ്ങു നിന്നോ ഒഴുകിവരുന്നുണ്ട്.

പപ്പടമുണ്ടാക്കുന്ന പണ്ടാരത്തി
തലയിൽ വെച്ച പപ്പടക്കുട്ടയുമായി
സ്‌കൂളിലേക്കുള്ള വഴിയിൽ
നിന്നു കൊണ്ട് മൂത്രമൊഴിക്കുന്നുണ്ട്
സ്‌കൂൾ പിള്ളേർ കൂവി വിളിച്ച്‌ ആർത്തു ചിരിക്കുന്നുണ്ട്

വയറ്റാട്ടി ഉണ്ണൂലിച്ചോത്തി  മാറുമറച്ച ഒറ്റമുണ്ട്
മാറിൽ നിന്ന് ഊർന്നു വീഴാതെ പിടിച്ചു കൊണ്ട്
പടിഞ്ഞാറോട്ട് ഓടുന്നുണ്ട്
ഗ്രാമത്തിൽ ആർക്കോ പേറ്റുനോവ് കിട്ടിയിട്ടുണ്ട്

വല്യമ്മ മാമ്മിപ്പെന്പിള
വലിയ കുണുക്കിട്ട കാതുകളാട്ടി
വെള്ളച്ചട്ടയും പിന്നിൽ വിശറിപോലെ ഞൊറിയിട്ട മുണ്ടുമുടുത്ത്
ഉപ്പും കുരുമുളകും പൊടിച്ചു ചേർത്ത ഉമിക്കരിയും
കീറിയ പച്ച ഈർക്കിലിയുമായി പല്ലുതേച്ചുകൊണ്ടേയിരിക്കുന്നുണ്ട്

കടിച്ച പാന്പിനെ വരുത്തി വിഷമിറക്കുന്ന വല്യപ്പൻ ചിന്നാൻ മാപ്പിള
വിഷക്കല്ലും വിഷമരുന്നുകളും വിഷചികിത്സയെപ്പറ്റിയുള്ള
*താളിയോലക്കെട്ടുകളുമുള്ള തകരപ്പെട്ടിയുമായി
ചാരുകസേരയിൽ ഉറക്കത്തിലെന്നപോലെ ചാരിക്കിടപ്പുണ്ട്.
വിഷം തീണ്ടി കൊണ്ടുവന്നവൻ അർദ്ധമയക്കത്തിൽ
നിന്നെന്ന പോലെ ഉണർന്നു വരുന്നുണ്ട്
കടിച്ച പാന്പ് വല്യപ്പന്റെ കാൽചുവട്ടിൽ ചുരുണ്ടു കൂടി
ചത്തു കിടപ്പുണ്ട്

ഗ്രാമ സ്‌കൂളിന്റെ കയ്യാലപ്പുറത്തു നിന്ന് 
ആൺകുട്ടികൾ താഴേക്ക് മൂത്രമൊഴിക്കുന്നുണ്ട്
ടീച്ചേർസ് റൂമിൽ അപ്പൻ ദേവസ്യസാറും, ഔസേപ്പുസാറും, 
നെറ്റിയിൽ വലിയ പൊട്ടുള്ള പാർവതി റ്റീച്ചറും 
നാട്ടിലെ തട്ടാന്റെ ഭാര്യ തട്ടാത്തി ജാനകി ടീച്ചറും
ഇടത്തോട്ട് മുണ്ടുടുത്ത ഖാൻ സാറും സൊറ പറഞ്ഞിരിപ്പുണ്ട്

ഒന്നാം ക്‌ളാസിലെ ബെഞ്ചിൽ
ആശാൻ കളരിയിൽ നിന്നെത്തിയ കുട്ടികളോടൊപ്പം
വള്ളിനിക്കറിട്ടു, കൈയിൽ സ്ലേറ്റും കല്ലുപെൻസിലും
പുല്ലു വളരുന്ന കയ്യാലയിൽ നിന്ന് ഓടിച്ചെടുത്ത
അക്ഷരങ്ങൾ മായിക്കാനുള്ള  മഷിത്തണ്ടുമായി
തെക്കേയറ്റത്തെ സ്‌കൂൾ ഷെഡിൽ സാറിനെ
കാത്തിരിക്കുന്ന കുട്ടികളുടെ ഇടയിൽ ഞാനുമുണ്ട്

'പേപ്പട്ടി'എന്നു നാട്ടുകാർ വിളിക്കുന്ന ഹെഡ്മാസ്റ്റർ നീലാണ്ടൻ നായർ
പട്ടണച്ചന്തയിൽ, ഉപേക്ഷിച്ച പച്ചക്കറികൾക്കിടയിൽ നിന്നും
കൊള്ളാവുന്നവ തുണി സഞ്ചിയിൽ പെറുക്കിക്കൂട്ടി നടക്കുന്നുണ്ട്.
പട്ടണത്തിലെ ചന്ത ദിവസങ്ങളിൽ അങ്ങേർ സ്‌കൂളിലെത്താൻ വൈകും.

അന്പലത്തിലെ പൂജാരിയുടെ ഇല്ലത്തിന്റെ പടിപ്പുരവാതിലിൽ
വള്ളികൾ പടർന്നു കേറി, ഇലകളും പൂക്കളും ചീഞ്ഞളിഞ്ഞു വീണ്
ഇടിഞ്ഞു പൊളിയാറായി കിടക്കുന്നുണ്ട്

അന്പല മുറ്റത്തേ കൂറ്റൻ അരയാലിൻ കൊന്പിൽ
തലകീഴായി തൂക്കി പുകയിട്ടു കൊന്ന ബ്രാഹ്മണന്റെ ജഡം
പുറത്തേക്കു ചാടിയ നാവുമായി വാവൽ പോലെ തൂങ്ങിയാടുന്നുണ്ട്

അന്പല വഴക്കിൽ തലയറുക്കപ്പെട്ട മൂന്നു നായന്മാർ 
തലയില്ലാതെ, അന്പലക്കുളത്തിന്റെ കൽപ്പടവിൽ
കാലുകൾ താഴേക്ക് തൂക്കിയിട്ടുകൊണ്ട്
വർത്തമാനം പറഞ്ഞിരിപ്പുണ്ട്

ഗ്രാമ വായനശാലയിലെ കെടാവിളക്കിൻ മുന്പിൽ
അജ്ഞാത ലിപിയിലെഴുതിയ, ആരും വായിച്ചിട്ടില്ലാത്ത
ബൃഹദ് ഗ്രന്ഥം അജ്ഞാതനായ വായനക്കാരനെയും കാത്ത്
കാലങ്ങളായി മലർക്കെ തുറന്നിരിപ്പുണ്ട്

നടക്കാനിറങ്ങിയ കവിത
വായനശാലയുടെ പടികൾ താണ്ടി
കെടാവിളക്കിന്റെ മുന്നിൽ
അജ്ഞാത ലിപിപികളിൽ എഴുതിയ
തുറന്നു വെച്ചിരിക്കുന്ന ഗ്രന്ഥത്തിനു മുന്പിൽ
ധ്യാനനിമഗ്നനായി നിന്നു

പുസ്തകത്തിലെ ലിപികൾ
ആശാൻ കളരിയിലെ എഴുത്തോലയിൽ, ചെന്പരത്തിപ്പൂ
തേച്ചു തെളിയിടുത്ത അക്ഷങ്ങൾ പോലെ
നിറമാർന്നു തെളിഞ്ഞു നിന്നു
വായനശാലയുടെ പടികളിറങ്ങി അയാൾ
പടിഞ്ഞാറോട്ടു നടന്നു

ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിർത്തി മുറിച്ചു 
തെക്കോട്ടു പോകുന്ന ആളില്ലാത്ത റെയിൽവേ ക്രോസ്സ്...
നടക്കാനിറങ്ങിയ കവിത ആരെയോ കാത്തെന്നപോലെ അവിടെ നിന്നു
മിന്നാമിനുങ്ങിൻ കൂട്ടം പൊതിഞ്ഞതിനാൽ
ദീപങ്ങൾ കൊണ്ട് തെളിച്ച കാവടി പോലുള്ള ആൾരൂപം!  

വടക്കുനിന്നെത്തിയ ആളില്ലാത്ത തീവണ്ടി
പാളത്തിലൂടെ ചീറിപ്പാഞ്ഞു വരുന്നുണ്ട്
മിന്നാമിനുങ്ങുകൾ പൊതിഞ്ഞ ആൾരൂപത്തെക്കണ്ടു
ചങ്ങല വലിച്ചപോലെ തീവണ്ടി നിശ്ചലമായി

അയാൾ തീവണ്ടിയിലേക്ക് കാൽവെച്ചതും
മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ
കിഴക്കേ ഗ്രാമാതിർത്തിയിലേക്കു
തിരികെപ്പോയി കൈതയോലകളിൽ ചേക്കേറി

കൽക്കരി കനലുകൾ വായുവിൽ തീപ്പൊരി വിതറി,
ഉരുക്കു ചക്രങ്ങൾ പാളങ്ങളിൽ തീ പറത്തി
തെക്കോട്ടുള്ള വണ്ടി യാത്ര തുടർന്നു

മൂന്നു കടലുകൾ ഒന്നിക്കുന്ന,
കടൽത്തിരകൾ ആഞ്ഞടിക്കുന്ന തെക്കേ മുനന്പിലേ 
പാറപ്പുറത്തു മലർന്നു കിടന്നു, നടക്കാനിറങ്ങിയ കവിത
തിരികെ പോകാനുള്ള പേടകം കാത്ത്..  

അജ്ഞാത ലിപിയിൽ എഴുതപ്പെട്ട
ആരും വായിച്ചിട്ടില്ലാത്ത പുസ്തകത്തിലെ
വരികൾ മനസ്സിൽ തെളിഞ്ഞു..

അജ്ഞാത ലിപിയിലെഴുതപ്പെട്ട ഗ്രന്ഥം വായിക്കാൻ കഴിയുന്ന
ഒരുവൻ വരും, അതു തുറന്നു വായിക്കും, അന്ന്  ഗ്രാമത്തിന്റെ ശാപം തീരും
അവിടെ നിന്നും ഗ്രാമത്തിന്റെ പേര് വാനോളം ഉയർത്തുന്ന
മഹാത്മാക്കൾ ഉണ്ടായിവരും, പ്രേതാത്മാക്കൾക്കു മോചനമുണ്ടാകും
എന്ന ഗ്രന്ഥത്തിലെ എഴുത്ത്  പൂർത്തീകരിച്ചിരിക്കുന്നു!  

ബ്രാഹ്മണഹത്യയുടെ പാപത്താൽ ശാപം കിട്ടിയ
ഗ്രാമമാണ് അതെന്നും, അവിടെ നിന്നും ആരും ഒരിക്കലും
ജീവിത വിജയം കാണുകയില്ലെന്നും
മരിച്ചവരുടെ ആത്മാക്കൾ മോചനം കിട്ടാതെ
അവിടെ അലഞ്ഞു നടക്കുമെന്നും
അവർ കാലാകാലങ്ങളായി വിശ്വസിച്ചു പോന്നിരുന്നു
മോക്ഷം തേടുന്ന ആത്മാക്കളുടെ വാസസ്ഥലമത്രെ ഈ ഗ്രാമം

*മക്കോണ്ടോയിലൂടെ കടന്നു പോയത്
സംഹാരിയായ കാറ്റായിരുന്നെങ്കിൽ
കവിത നടന്ന വഴികളിൽ വീശിയത്
മോചനത്തിന്റെ കാറ്റായിരുന്നു

യുഗങ്ങളായി ഗ്രാമം കാത്തിരുന്ന രക്ഷകൻ
ഗ്രാമത്തിൽ വന്നതും അതിലെ നടന്നു പോയതുമറിയാതെ
പ്രേതാത്മാക്കൾ നിദ്ര വിട്ടുണരും
ഗ്രാമത്തിൽ വീണ്ടും ജീവൻ തുടിക്കും
ഗ്രാമം ശാപമോക്ഷം നേടും!

പ്രപഞ്ചത്തിന്റെ ഏതോ കോണിലെ അജ്ഞാത ഗ്രഹത്തിലെ
നരകവാസികൾക്കായി ഒരുക്കപ്പെട്ട ഇടമായിരുന്നോ ഈ ഗ്രാമം?
ഇവിടെ ശുദ്ധി ചെയ്‌ത്‌ ശാപ മോക്ഷം ലഭിച്ച്
മറ്റൊരു ഗ്രഹത്തിൽ മറ്റൊരു രൂപത്തിലോ
രൂപമില്ലാത്തവരായോ, അതിമാനുഷരായോ
അവർ പുനർജനിക്കുമോ?

ജനനവും മരണവുമില്ലാത്ത, ആദിയും അന്തവുമില്ലാത്ത
ചക്രചലനമാണോ ഓരോ ജന്മവും?
ജനി മൃതികളിലൂടെ, ജന്മാന്തരങ്ങളിലൂടെ
കടന്നുപോകുന്നവരാണോ
ആകാശത്തു മിന്നുന്ന നക്ഷത്രങ്ങൾ?

ഇനി എവിടേക്ക്? 
അടുത്ത ഗ്രാമത്തിലേക്ക്?
അടുത്ത രാജ്യത്തിലേക്ക്?
അടുത്ത ഗ്രഹത്തിലേക്ക്   
പ്രപഞ്ചത്തിന്റെ മറ്റൊരു കോണിലേക്ക്?   
രൂപമുള്ളവനായോ ഇല്ലാത്തവനായോ?

ഈ ഭൂമിയിലേക്ക് ആദ്യം വന്നതും
ഒരു കൊച്ചു പേടകത്തിലായിരുന്നല്ലോ! 
ഗർഭപാത്രം എന്ന കൊച്ചു പേടകത്തിൽ
ഒരു കുഞ്ഞു മാനത്തുകണ്ണിയുടെ രൂപത്തിൽ.

എത്രയോ തരം വാഹനങ്ങളിലേറിയാണ്
ജനന മരണ ജന്മാന്തര യാത്രകൾ?

നടക്കാനിറങ്ങിയ കവിത
അതിന്റെ ദൗത്യം പൂർത്തിയാക്കിയിരിക്കുന്നു
തന്നെ കൊണ്ടുപോകാൻ വരുന്ന അജ്ഞാത പേടകം കാത്ത്
ആകാശം നോക്കി, പാറപ്പുറത്തു മലർന്നു കിടന്നു
കൂമൻ കാവിൽ ബസ്സു കാത്തു കിടന്ന *രവിയെപ്പോലെ  


പിൻകുറിപ്പ്
നടക്കാനിറങ്ങിയ കവിത വായിച്ച ശേഷം ഒരു നോവലിനുള്ള ഇതിവൃത്തം  ഇതിലുണ്ട് എന്നാൽ ഇത് നോവലല്ല, ഇത് ഒരു കഥയല്ല കവിതയുമല്ല എന്നൊക്കെ തോന്നിയാൽ ഞാൻ കൃതാർഥനായി. കാരണം അതു തന്നെയാണ് ഞാൻ പ്രതീക്ഷിച്ചതും. രൂപ, ഭാവ, ഭാഷ,ഘടനാ സങ്കൽപ്പങ്ങളുടെ കുറ്റിയിൽ കെട്ടാത്ത ഒരു രചനാ ശ്രമം. "കവിത നിറഞ്ഞ ഗദ്യം ഗദ്യമല്ല പദ്യം തന്നയാണ്" എന്ന് പ്രശസ്ത എഴുത്തുകാരൻ സക്കറിയാ പറഞ്ഞതും  ഇവിടെ സ്മരിക്കുന്നു. നടക്കാനിറങ്ങിയത് കവിതയാണോ അയാളാണോ എന്ന് സംശയിക്കുന്നവരോട്. അയാൾ തന്നെ കവിത, കവിത തന്നെ അയാൾ. അല്ലെങ്കിൽ സയാമീസ് ഇരട്ടകൾ പോലെയോ സരൂപ ഇരട്ടകൾ (identical twins)പോലെയോ ഉള്ള ബന്ധമാണ് അവർക്കുള്ളത്.

*കൊമാല - 1955 ൽ പ്രസിദ്ധപ്പെടുത്തിയ വാൻ റൂൾഫോയുടെ പെഡ്രോ പരാമോ (Pedro Paramo) എന്ന നോവലിലെ സാങ്കൽപ്പിക പട്ടണം. മാജിക്കൽ റിയലിസത്തിന്റെ  മുന്നോടികളിലൊന്നായി ഗണിക്കപ്പെടുന്ന ഈ നോവൽ, മാർക്കേസിനെയും, ഓ വി വിജയനെയും അവരുടെ ക്‌ളാസ്സിക്ക്‌ രചനകളിൽ സ്വാധീനിച്ചിട്ടുണ്ട്. ഈ കവിതയുടെ രചനയിലും ആ സ്വാധീനമുണ്ട്.

*മക്കോണ്ടോ - 1967 ൽ പ്രസിദ്ധപ്പെടുത്തിയ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ ശതവത്സരങ്ങൾ (One Hundred Years Of Solitude) എന്ന നോവലിന്റെ കഥാഭൂമിക

*കടിച്ച പാന്പിനെ വരുത്തി വിഷമിറക്കുന്ന വിഷചികിത്സയെപ്പറ്റി കേട്ടിട്ടുണ്ട്. വല്യപ്പൻ പേരുകേട്ട വിഷഹാരിയായിരുന്നു. മന്ത്രവാദത്താലാണ് അങ്ങിനെ ചെയ്യുന്നത് എന്നാരോപിച്ച്‌ പള്ളിക്കാർ, അമൂല്യങ്ങളായ വിഷ ചികിത്സയെപ്പറ്റിയുള്ള താളിയോല ഗ്രന്ഥങ്ങൾ   എടുത്തുകൊണ്ടുപോയി തീയിട്ടു നശിപ്പിച്ചു എന്നാണ് കേട്ടിട്ടുള്ളത്

*രവി - 1968 ൽ പ്രസിദ്ധീകരിച്ച ഒ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാനായകൻ. മലയാള നോവൽ ചരിത്രത്തിൽ ഇന്നോളം  പകരം വെക്കാൻ ഇല്ലാത്ത രചനാ വിസ്‌മയം

ഈ കവിതയിലെ കഥാപാത്രങ്ങൾ സാങ്കല്പികമാണ്. ജീവിച്ചിരുന്നവരോ മരിച്ചവരോ ആയി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം. ജാതി ചേർത്തുള്ള വിളിപ്പേരുകൾ അന്നു പൊതുവെ ഉപയോഗിച്ചിരുന്നു. ജാതിപ്പേരുകൾ പേരിനൊപ്പം ഉപയോഗിക്കുന്നത് സർവ സാധാരണമായിരുന്നു. മുസ്ലിം മതവിശ്വാസികളെ തുലുക്കന്മാർ, മേത്തന്മാർ എന്നൊക്കെയാണ് ഗ്രാമക്കാർ വിളിച്ചിരുന്നത്. 
 

Join WhatsApp News
Thampi Mathew 2025-10-04 05:04:02
ഈ കവിത സാറ് ഇതിനുമുമ്പ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നത് ആണോ?. പുതിയതായി ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് ആണോ. ? എവിടെയോ ഇത് വായിച്ചതായി എനിക്കൊരു ഓർമ്മ. രണ്ടായാലും എനിക്ക് കുഴപ്പമൊന്നുമില്ല ഒന്ന് ചോദിച്ചു എന്ന് മാത്രം.
Kavi Korappan 2025-10-05 18:47:26
സാർ കേമൻ ആണല്ലോ?. നടക്കാൻ ഇറങ്ങുമ്പോൾ കവിത വരും, അല്ലേ?. എന്നും നടക്കാൻ ഇറങ്ങുമോ? അപ്പോഴെല്ലാം കവിത വരുമോ?. ഭാഗ്യവാൻ. എനിക്ക് കവിത വരുന്നത് കക്കൂസിൽ പോകുമ്പോഴാണ്. " മൂകാ വല മുഖലാ ' മുഖ ബല എന്ന ആ ഏ ആർ റഹ്മാൻ സിനിമ ഗാനങ്ങൾ കേട്ടിട്ടില്ലേ? അത്തരം കവിതകൾ എനിക്ക് വരുമ്പോൾ ഞാൻ മുക്കി മുക്കി .. വൈറ്റിൽ നിന്ന് എന്റെ നിറ കക്കൂസിലേക്ക് മെല്ലെ മെല്ലെ ഒഴിക്കും. ഒരു തമാശ പറഞ്ഞു എന്ന് മാത്രം ഗൗരവമായി എടുക്കരുത് കേട്ടോ. ഇനിയും ധാരാളമായി നടക്കുക നടന്നാൽ കവിത ആരോഗ്യവും വർധിപ്പിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക