സാക്ഷരതാ നിരക്കിൽ അഞ്ചു ശതമാനം പോലും (എന്റെ നിരീക്ഷണം) ഇല്ലാത്ത അമേരിക്കൻ മലയാളി വായനാസമൂഹത്തിൽ ഒരാൾക്ക് എന്തും എഴുതി വിടാം. മനോഹർ തോമസ് സ്വാതന്ത്ര്യദിനത്തിൽ കേരള സെന്ററിൽ പോയ വിവരം എഴുതിയപ്പോൾ സർഗ്ഗവേദി സന്തൂർ റെസ്റ്റാറ്റാന്റിൽ കൂടിയിരുന്നു എന്ന് എഴുതിയിരിക്കുന്നു. സത്യം സർഗ്ഗവേദി കേരള സെന്ററിലാണ് കൂടിയിരുന്നത് എന്നാണു. അവിടെ വച്ചാണ് ഒരു കവി അവിടെ വരുന്നവരെ കാലമാടൻ തല്ലിപ്പൊളി എന്നൊക്കെ അധിക്ഷേപിച്ച് കലാകൗമുദിയിൽ എഴുതിയത്. ആ സമയം ശ്രീ ഇ. എം സ്റ്റീഫൻ അദ്ദേഹത്തോട് പറഞ്ഞു ഇങ്ങനെയുള്ള ഭാഷയും പ്രയോഗങ്ങളും കേരള സെന്ററിൽ അനുവദിക്കില്ലെന്ന്. പിന്നീട് സാഹിതിസഖ്യമെന്ന പേരിൽ സന്തൂർ റെസ്റ്റാറ്റാന്റിൽ ഒരു യോഗം കൂടുകയും അദ്ദേഹം ഫ്ളോറിഡയിലേക്ക് താമസം മാറ്റും വരെ അത് തുടരുകയും ചെയ്തു. മനോഹറടക്കം ആ സംഘടനയിൽ പോയി ഇരിക്കാനും ആളുകൾ ഉണ്ടായി. അതുകൊണ്ടു അദ്ദേഹം ന്യുയോർക്ക് വിട്ടുപോകും വരെ അത് പ്രവർത്തിച്ചു.
അന്ന് വരെ സർഗ്ഗവേദിക്ക് ഭാരവാഹികൾ വേണ്ട എന്ന തീരുമാനം മാറ്റി പ്രസിഡന്റും സെക്രട്ടറിയും വേണമെന്ന തീരുമാനത്തിൽ എത്തി. പ്രശ്നങ്ങൾ ഭാവിയിൽ ആരെങ്കിലും ഉണ്ടാക്കുകയാണെങ്കിൽ അതിനെ അഭിമുഖീകരിക്കാൻ ഉത്തരവാദികൾ വേണമെന്ന തീരുമാനം. അങ്ങനെ ഡോക്ടർ എ കെ ബി പിള്ള പ്രസിഡന്റും ജോസ് ചെരിപുരം സെക്രട്ടറിയുമായി ഒരു കമ്മറ്റി രൂപം കൊണ്ടു. ഔദ്യോഗികമായ കാരണങ്ങളാൽ ഡോക്ടർ പിള്ളക്ക് തുടരാൻ കഴിഞ്ഞില്ല.പിന്നീട് ഡോക്ടർ തോമസ് പാലക്കലിന്റെ കീഴിൽ അവിരാമം, അഭംഗുരം, അനസ്യൂതം സർഗ്ഗവേദി പുഷ്ടി പ്രാപിച്ചു. ഡോക്ടർ പാലക്കൽ നാട്ടിൽ പോയപ്പോൾ ആ ഉത്തരവാദിത്തം ഏറ്റെടുത്ത മനോഹറും സർഗ്ഗവേദിയെ പൊന്നുപോലെ പരിപോഷിപ്പിച്ചു. മനോഹർ തിരിച്ചുവന്നു സർഗ്ഗവേദിക്ക് വേണ്ടി പ്രവർത്തിച്ചത് എല്ലാവര്ക്കും അറിയാം.
നമുക്ക് പ്രിയപ്പെട്ടവർ എന്തപരാധങ്ങൾ ചെയ്താലും നമുക്ക് അത് പറയാൻ വിഷമമാണ്. നമ്മൾ അതൊക്കെ മറച്ചുവച്ച് അവരെ പുണ്യാളന്മാർ ആക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. അവരുടെ തെറ്റുകുറ്റങ്ങൾ മുഴുവൻ രേഖയായി കിടക്കുമ്പോൾ വെള്ള പൂശാൻ പോയാൽ അത് ആപത്താണ്. ചരിത്രം രേഖകളോടെ സാക്ഷ്യം വഹിച്ചു നിൽക്കുന്നു
1992 ജനുവരിമാസം അഞ്ചാം തിയ്യതി എട്ടു പേര് കൂടി സർഗ്ഗവേദി എന്ന സാഹിത്യ സംഘടനക്ക് ജന്മം നൽകി. അതിൽ കവി ചെറിയാൻ കെ ചെറിയാൻ ഇല്ല.
സർഗ്ഗവേദിയുടെ ജനന രേഖകൾ അതിന്റെ തലപ്പത്തു ഇരുന്നിരുന്ന മനോഹർ തോമസ്, ഡോക്ടർ പാലക്കൽ, ഇപ്പോൾ അധികാരത്തിൽ ഉള്ള ആരായാലും അവരുടെ കൈയിൽ കാണും. പക്ഷെ അവരെല്ലാം നിശ്ശബ്ധത പാലിക്കുന്നതു കണ്ടു താഴെ പറയുന്ന രേഖകൾ വായനക്കാർക് ലഭ്യമാക്കുന്നു. അമേരിക്കൻ സർഗ്ഗതാര എന്ന പേരാണ് മനോഹർ പറഞ്ഞെങ്കിലും ശ്രീ കെ സി ജയൻ അത് അമേരിക്കൻ സർഗ്ഗവേദി എന്നാക്കിയിരുന്നു അതേപോലെ പ്രസിഡന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ഇല്ലാതെ സർഗ്ഗവേദി പ്രവർത്തിക്കുമെന്നും തീരുമാനിച്ചിരുന്നു. കാര്യങ്ങൾ നിർവഹിക്കാൻ മനോഹർ തോമസിനെ ഏൽപ്പിച്ചിരുന്നു. തുടക്കത്തിൽ എഴുത്തുകുത്തുകൾക്ക് സുധീർ പണിക്കവീട്ടിലിനെയും ഏൽപ്പിച്ചിരുന്നു. ചെറിയാന്റെ അറുപതാം പിറന്നാൾ മോടിയായി ആഘോഷിക്കുകയും അദ്ദേഹത്തിന് സമുദ്ര ശിലാ എന്ന പേരിൽ ഒരു പുസ്തകം ഉപഹാരമായി സമർപ്പിക്കുകയും ചെയ്തു.
പലരും സർഗ്ഗവേദിയുടെ സ്ഥാപകൻ ചെറിയാൻ എന്ന് ധരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. അങ്ങനെയുള്ളവരുടെ അറിവിലേക്ക് ഈ വിവരങ്ങൾ സമർപ്പിക്കുന്നു.
ശ്രീ ചെറിയനെപ്പറ്റി ശ്രീ കെ കെ ജോൺസണും ഇതേപോലെ ഒരിക്കൽ ഇ മലയാളിയിൽ എഴുതിയിരുന്നു ഒരു പക്ഷെ ശ്രീ ജോൺസനു ശ്രീ ചെറിയാന്റ ബന്ധുക്കൾ ധരിപ്പിച്ച വിവരമാകാം അദ്ദേഹം എഴുതിയത്.