ഞെട്ടിപ്പോയയ്യപ്പനാകെ പരിഭ്രാന്തി,
കേട്ടിട്ടില്ലീവിധം പണ്ടുതൊട്ടേ!
മോഷ്ടിച്ചു ശില്പത്തിൻ സ്വർണ്ണക്കവചങ്ങൾ,
കഷ്ടമായ്, വാർത്തകേട്ടമ്പരന്നു!
ശരണ മന്ത്രം ചൊല്ലിയൊരുപാടു ഭക്തരെൻ,
ശരണത്തിലെന്നെയും തേടിയെത്തും.
സ്വർണ്ണവും പണവുമായ് കാഴ്ചകൾ, നേർച്ചയായ്,
എണ്ണിയാൽത്തീരാത്ത മൂല്ല്യമത്രേ!
സ്വർണ്ണം പൊതിഞ്ഞെന്റെ ശിൽപ്പത്തിൻപാളികൾ,
വർണ്ണപ്പകിട്ടായി എൻറെ ഗേഹം!
കൂട്ടത്തിൽ നിൽക്കുന്നോർ കുതികാലു വെട്ടുമെ -
ന്നൊട്ടുമറിഞ്ഞീല പാവമയ്യൻ!
ശിൽപ്പത്തിൻപാളികൾ ചെമ്പായിമാറ്റുന്നു
അൽപ്പമല്ലാശങ്ക, എന്തുലോകം?
കുനിഞ്ഞുനിൽക്കുന്നോന്റെ കൗപീനം മോഷ്ടിക്കും,
കനിവേതുമില്ലാത്തോരാണ് ചുറ്റും!
അയ്യന് ഭയമായി, രക്ഷയൊട്ടില്ലവർ,
അയ്യപ്പവിഗ്രഹമടിച്ചുമാറ്റും!
കനകം പൊതിഞ്ഞൊരു പ്രതിമയാണെന്റേത്,
മനസ്സിൽ പണ്ടേ ചിലർ കണ്ടുവച്ചു!
രക്ഷിക്ക ഭക്തരേ, കാക്കണേ മൂർത്തിയെൻ,
പക്ഷത്തു നിൽക്കുന്നോരാണ് ശത്രു!
അയ്യപ്പസ്വാമിക്ക് പേടിയായ് മക്കളേ,
അയ്യനേം വിൽക്കും, മടിക്കില്ലവർ!
ദൈവങ്ങളായാലും രക്ഷയില്ലീ നാട്ടിൽ,
ദൈവത്തിൻനാടെന്ന പേരുമാത്രം!