മലയാളത്തിലെ സന്ദേശകാവ്യപ്രസ്ഥാനത്തിന്റെ ഉത്ഭവം, അതിന്റെ സ്വരൂപം എന്നീ വിഷയങ്ങളെക്കുറിച്ചും, ആ രീതിയിൽ മലയാളത്തിലുണ്ടായിട്ടുള്ള ചില സവിശേഷകൃതികളെപ്പറ്റിയും സംക്ഷിപ്തമായി പ്രതിപാദിക്കാനാണ് ഞാൻ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.
കവിസാർവ്വഭൗമൻ കാളിദാസന്റെ മേഘസന്ദേശം ഒരു നൂതന കവിതാസരണി വെട്ടിത്തുറന്ന് കാവ്യലോകത്തെ ആശീർവദിച്ചതിനുശേഷം നിരവധി കാവ്യങ്ങൾ ആ പ്രസ്ഥാനത്തെ ആശ്രയിച്ച് നിർമ്മിച്ചിട്ടുണ്ട്. ഭാരതത്തിലെ മിക്ക ഭാഷകളിലെയും കവികൾ കാവ്യങ്ങളെഴുതി ആ മാർഗ്ഗത്തെ ആദരിച്ചിരുന്നു. അവരുടെ ഇടയിൽ ഒരു പ്രധാനസ്ഥാനമർഹിക്കുന്നവരാണ് കേരളീയകവികളും. മറ്റേതെങ്കിലും ഭാഷയിൽ ഇത്രയധികം സന്ദേശകാവ്യങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും സംശയമാണ്. മലയാളത്തിലും മറ്റു ഭാരതീയഭാഷകളിലും ഉണ്ടായിട്ടുള്ള സന്ദേശകാവ്യങ്ങളിലെ രസം, വൃത്തം തുടങ്ങിയ കാര്യങ്ങളിലും മിക്ക കവികളും മേഘദൂതത്തെ അനുകരിക്കുന്നത് കാണാം. പല കാവ്യങ്ങളിലും നായകനും കവിയും ഒരാളായിരിക്കുമെന്നും പറയാം. (ഉദാഹരണം, മയൂരസന്ദേശം).
അതുപോലെ പതിമൂന്നാം ദശകത്തിന്റെ ഉത്തരാർദ്ധത്തിൽ ദേവദാസികളെ ആസ്പദമാക്കിയുള്ള പലവിധ കാവ്യങ്ങളും നടപ്പിലിരുന്നുവെന്ന് "ഉണ്ണിയച്ചി", "ഉണ്ണിച്ചിരുതേവി" എന്നീ ചമ്പുരീതിയിൽ എഴുതപ്പെട്ടിട്ടുള്ള കാവ്യങ്ങളിൽനിന്നും നമുക്കു മനസ്സിലാക്കാം. വടക്കൻ കോട്ടയത്തും വള്ളുവനാട്ടിലും പ്രസിദ്ധിയാർജ്ജിച്ച രണ്ടു നർത്തകികളെയാണ് ഇവയിൽ വർണിച്ചിട്ടുള്ളത്. താമസിയാതെ നർത്തകികളും സന്ദേശകാവ്യ പ്രസ്ഥാനത്തിന് പ്രചോദനം നൽകി.
സുഖസമൃദ്ധിയിൽ ജീവിച്ചിരുന്ന നായികാനായകന്മാർക്ക് യാദൃച്ഛികമായി വരുന്ന വിരഹത്തെ ആസ്പദമാക്കിയാണ് കാളിദാസൻ മേഘദൂതം രചിച്ചത്. അത് കാലാന്തരത്തിൽ സന്ദേശകാവ്യപ്രസ്ഥാനത്തിന്റെ സാമാന്യസ്വഭാവമായി മാറി. മേഘദൂതത്തിലെ നായകന് തന്റെ രക്ഷകനായ കുബേരന്റെ ശാപമാണ് വിരഹത്തിനുള്ള കാരണമെങ്കിൽ ശുകസന്ദേശത്തിലെയും കോകിലസന്ദേശത്തിലെയും നായകന്മാർക്ക് സ്വപ്നത്തിലുണ്ടാകുന്ന നായികമാരുടെ വേർപാടും,
ഉണ്ണുനീലിസന്ദേശത്തിലെ നായകനു യക്ഷിയുടെ കാമവും, കോകിലസന്ദേശത്തിലെ നായകനു കുലസ്ത്രീകളുണ്ടാക്കുന്ന കുസൃതിയും, മയൂരസന്ദേശത്തിലെ നായകന് ആയില്യം തിരുനാളിന്റെ കോപവുമാണ് വിരഹകാരണങ്ങൾ. ഈ വിരഹാവസ്ഥയിൽ പ്രിയതമയെ സമാശ്വസിപ്പിക്കാൻ ഒരു സന്ദേശവാഹകനെ നായകൻ കണ്ടെത്തുന്നു. കാളിദാസൻ ഒരു കാർമേഘത്തെയാണ് സന്ദേശവാഹകനായി കണ്ടെത്തിയത്. മറ്റൊന്ന് പറയാനുള്ളത് സന്ദേശകാവ്യത്തിന്റെ ഘടനയെക്കുറിച്ചാണ്. ഈ കാവ്യങ്ങളെ പൂർവ്വഭാഗം, ഉത്തരഭാഗം എന്നിങ്ങനെ രണ്ടായി തരം തിരിച്ച് ആദ്യത്തേതിൽ നായികാവേർപാടും മാർഗ്ഗനിർദേശവും, രണ്ടാമത്തേതിൽ നായികയുടെയും അവളുടെ ഗൃഹത്തിന്റെയും വർണ്ണനയും സന്ദേശവും വിവരിക്കുന്നു.
സന്ദേശകാവ്യങ്ങളെക്കുറിച്ച് പറയുമ്പോൾ മണിപ്രവാളപ്രസ്ഥാനത്തെപ്പറ്റിക്കൂടി അല്പം പ്രതിപാദിക്കുന്നത് ഉചിതമായിരിക്കും. എ ഡി പതിനാലാം ശതകമാണ് മലയാളസാഹിത്യത്തിന്റെ മധ്യകാലഘട്ടമെന്ന് ഭാഷാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഈ കാലത്ത് നിലവിലിരുന്ന മണിപ്രവാള സാഹിത്യമെന്നത് മണിയും (ഭാഷ), പ്രവാളവും (സംസ്‌കൃതം) ഒന്നിച്ചുചേർന്ന, അഥവാ അതുപോലെയുള്ള സാഹിത്യമെന്നാണർത്ഥം. അതായത്, ഭാഷയും സംസ്കൃതവും സഹൃദയർക്ക് രുചിക്കത്തക്കവിധം സമഞ്ജസമായി ഇണക്കിച്ചേർക്കുമ്പോഴാണ് മണിപ്രവാളമുണ്ടാകുന്നത്. ഈ കാലത്താണ് സന്ദേശകാവ്യങ്ങൾ, ചമ്പുക്കൾ, നായികാവർണ്ണനകൾ, സ്ത്രോത്രങ്ങൾ തുടങ്ങിയ കാവ്യപ്രസ്ഥാനങ്ങൾ രൂപമെടുത്തത്. ജീവിതത്തെ ഭോഗാലസമായി ചിത്രീകരിക്കാനാണ് ഈ കാലത്തെ കവികൾ താല്പര്യം പ്രകടിപ്പിച്ചിരുന്നതെന്നും പറയേണ്ടിയിരിക്കുന്നു.
ശുകസന്ദേശം
കേരളത്തിലുണ്ടായിട്ടുള്ള ആദ്യത്തെ സന്ദേശകാവ്യം സംസ്‌കൃതത്തിൽ എഴുതപ്പെട്ടിട്ടുള്ള ശുകസന്ദേശമാണ്. ഇതിന്റെ കർത്താവ് കേരളീയ സംസ്‌കൃതകവിയായ ലക്ഷ്മീദാസനാണ്. ഉണ്ണുനീലി സന്ദേശത്തിന് അല്പം മുൻപ്, അതായത് പതിനാലാം ശതകത്തിന്റെ ദ്വതീയ പാദമാണ് ഈ കൃതിയുടെ കാലം. ലക്ഷ്മീദാസൻ കരിങ്ങംപള്ളിസ്വരൂപം എന്നു പ്രസിദ്ധമായ കോഴിക്കോട്ടെ ആഢ്യബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം സാമൂതിരിപക്ഷപാതിയായിരുന്നുവെന്ന് ഇതിലെ പല പദ്യങ്ങളിൽനിന്നും നമുക്ക് മനസ്സിലാക്കാം.
പ്രതിപാദ്യവിഷയം:
ലക്ഷ്മീദാസന്റെ മൂലകൃതിക്ക് പ്രഡിദ്ധ സംസ്‌കൃതപണ്ഡിതനായ ശ്രീ മഠം പരമേശ്വരൻ നമ്പൂതിരി എഴുതിയ മലയാള പരിഭാഷയെ ആസ്പദമാക്കിയാണ് ശുകസന്ദേശത്തെപ്പറ്റി ഞാനിവിടെ പ്രതിപാദിക്കുന്നത്. ശുകസന്ദേശത്തിന് രണ്ടു ഭാഷാന്തരങ്ങൾ ഇതിനു മുൻപേ രചിക്കപ്പെട്ടിട്ടുണ്ട്. ശ്രീ മഠത്തിന്റേത് മൂന്നാമത്തേതാണ്.
തൃക്കണാമതിലകത്തെ അത്യുന്നതമായ ഒരു മാളികയുടെ മട്ടുപ്പാവിൽ ശരൽക്കാലചന്ദ്രികയേറ്റ് തരുണരായ ദമ്പതികൾ രതിക്രീഡ കഴിഞ്ഞുവരുമ്പോൾ ഭർത്താവ് ഒരു സ്വപ്നം കാണുന്നു. അദ്ദേഹം കിനാവിൽ ഭാര്യയെ പിരിഞ്ഞ് രാമേശ്വരത്തെത്തി വിരഹാവസ്ഥ അനുഭവിക്കുന്നുവെന്നും, തൽസമയം സമീപത്തുണ്ടായിരുന്ന ഒരു കിളിയോട് സന്ദേശം കൊടുത്ത് ഭാര്യയുടെ അടുക്കലേക്ക് അയയ്ക്കുന്നതുമാണ് പ്രതിപാദ്യവിഷയം. സ്വപ്നത്തിൽപോലും വിരഹം ദുസ്സഹമാണെന്ന ധ്വനിയാണ് ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. ലൗകികസുഖം സ്വപ്നതുല്യമാണെന്നും അതിൽ ഭ്രമിച്ചാൽ അപകടമാണെന്നും സങ്കൽപ്പം.
ശ്രീ മഠം നമ്പൂതിരിയുടെ മലയാള തർജ്ജിമയിൽനിന്നും ഒരു ഉദാഹരണമെടുത്ത് ഈ കൃതിയുടെ അതുല്യമായ കാവ്യഭംഗി പരിശോധിക്കാം. രാമേശ്വരത്തുനിന്നും തൃക്കണാമതിലകത്തേക്കുള്ള കിളിയുടെ യാത്രയിൽ കടന്നുപോകുന്ന താമ്രപർണ്ണിയാറിനെ വർണ്ണിക്കുന്ന ഒരു ശ്ലോകം ഇങ്ങനെയാണ്.
"മുന്നിൽ താമ്രനദി കരകളിൽ
ചെമ്പനും പാണ്ടിയും ചേർ-
ന്നൊന്നിച്ചാളും കനികൾനിറയും
മാവുതൻ കാവു തിങ്ങി
തന്നിൽ തുടുത്തൊളി തെളു തെളെ-
ത്തുർന്നുണ്ണീരിയന്നും
മണ്ണിൻ പൊന്നിൻ കസവരിയെഴും
മുത്തിഴ യ്ക്കൊത്തു കാണാം." (ചെമ്പൻ ചുവന്നത്, പാണ്ടി വെളുത്തത്).
രണ്ടു കരയിലും മാവുകളിൽ ധാരാളം മാങ്ങ പഴുത്തുനിൽക്കുന്നു. ആ ചിത്രം നല്ലതുപോലെ ദർശിക്കണമെന്ന് കിളിയോട് പറയുകയാണ്. ചുവന്നും ഏകദേശം വെളുത്തും ഉള്ള മാമ്പഴം ധാരാളം ഇടതിങ്ങി ആകെക്കൂടി കറ കളഞ്ഞ പൊന്നിൻ നിറം കാണാം. അതു മുത്തുമാലയാണോ എന്നു തോന്നുമെന്നുൽപ്രേക്ഷ. അനന്തമായ ആകാശത്തിൽ വളരെ ഉയർന്നുനിന്നു നോക്കിയാൽ ഇതു വളരെ വിശേഷമായി കാണാം. ഇത് എത്രയോ ഭംഗിയുള്ള കവികല്പന. വിസ്താരഭയം കൊണ്ട് ഇതിൽ കൂടുതൽ ഉദാഹരണങ്ങൾ എടുത്തുകാണിക്കുന്നില്ല.
കോകസന്ദേശം
കോകസന്ദേശത്തിന്റെ കാലം ഉണ്ണുനീലിസന്ദേശത്തിനു ശേഷമാണ്. ഇത് നിർമ്മിച്ചത് പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലായിരിക്കുമെന്ന് ചരിത്രരേഖകൾ ചൂണ്ടിക്കാട്ടി പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു. സന്ദേശകർത്താവ് ആരെന്നറിയാൻ നിവൃത്തിയില്ല. തെക്കേ മലബാറുകാരനായിരുന്നുവെന്ന് ഊഹിക്കുക മാത്രം ചെയ്യാം. ഈ കൃതി ആദ്യമായി വെളിയിൽ കൊണ്ടുവന്നത് കുട്ടമശ്ശേരി നാരായണ പിഷാരടിയാണ്. കൊല്ലവർഷം 1118 തുലാമാസത്തിലെ പരിഷത് മാസികയിൽ തൊണ്ണൂറ്റാറ് പദ്യങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ഇട്ടിൽ, പുനം തുടങ്ങിയ മദ്ധ്യകേരളത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ ഇതിൽ കാണാം. കൂടാതെ സാമൂതിരിപക്ഷപാതിയായിരുന്നുവെന്ന് നാല്പത്തിയൊമ്പതാം പദ്യത്തിൽനിന്നു മനസ്സിലാക്കാം. പൊന്നാനി താലൂക്കിലെ സ്ഥലങ്ങളെല്ലാം കവിക്കു സുപരിചിതമായിരുന്നുവെന്ന വസ്തുതയും ഈ ഊഹത്തിനു പ്രാധ്യാന്യം നൽകുന്നു.
പ്രതിപാദ്യവിഷയം:
ഒരു പ്രഭാതത്തിൽ കൊല്ലത്ത് ചെറുകര വീട്ടിൽ നായികയെ ആലിംഗനം ചെയ്തുകൊണ്ടിരുന്ന നായകൻ പെട്ടെന്ന് മൂർച്ഛിക്കുകയും കരയുകയും ചെയ്യുന്നു. അയാൾക്ക് ബോധം തിരിച്ചുകിട്ടിയപ്പോൾ അതിന്റെ കാരണം ചോദിച്ച നായികയോട് പറയുന്നതായിട്ടാണ് ഇതിലെ വിഷയം. തന്നെ ഒരാകാശചാരിയെടുത്ത് തെക്കേ മലബാറിലെ ഒരു വാപീതീരത്ത് കൊണ്ടിട്ടതായും ഒരു ചക്രവാകം വഴി നായികയ്ക്ക് ഒരു സന്ദേശമയച്ചതായും ഉണ്ടായ തോന്നൽ വിവരിച്ചു കേൾപ്പിക്കുന്നു. തുടക്കം നായികയെ വർണ്ണിച്ചുകൊണ്ടാണ്.
ആദ്യമായി തെക്കേ മലബാറിൽ വെള്ളോട്ടുകര (തൃപ്രന്ദോട്) നിന്ന് സന്ദേശം പറഞ്ഞയക്കുന്നു. അതിസുന്ദരികളായ മങ്കമാർ യുവാക്കന്മാരുടെ ചേതോരംഗത്തിൽ ആടിക്കളിക്കുന്ന കൊല്ലം പട്ടണത്തിൽ അടുത്ത ദിവസം കോകത്തിന് എത്താൻ കഴിയുമെന്ന് പറഞ്ഞിട്ട് കവി മാർഗ്ഗനിർദ്ദേശം ആരംഭിക്കുന്നു. തിരുനാവായ്ക്ക് വടക്കുള്ള വെള്ളോളി വീട്ടിൻകരയിലുള്ള ശിവനെ വന്ദിച്ചുപോകണമെന്ന് പറയുന്നു. പിന്നെ പേരാറും പരിസരങ്ങളും അതിഭംഗിയായി വിവരിക്കുന്നു. പിന്നീട് യുദ്ധവീരനായിരുന്ന തിരുമലഞ്ചേരി നമ്പൂതിരി വാണിരുന്ന ഗോവർദ്ധനപുരം, പുന്നത്തൂർ, ഈ ദേശങ്ങൾ കഴിഞ്ഞ് കുരുവായൂർ (ഗുരുവായൂർ) ക്ഷേത്രത്തിലെത്തി ഭഗവാനെ വന്ദിക്കണമെന്ന് നിർദ്ദേശിക്കുന്നു. പിന്നീടുള്ള വഴി എവൻകടവ് , നന്തിയാട്ട് എന്നിവ കടന്ന് സർവ്വാദിത്യൻ ചിറ, കോതപറമ്പ് എന്നീ പ്രദേശങ്ങൾ പിന്നിട്ട് സൂര്യനസ്തമിക്കുമ്പോൾ തിരുവഞ്ചിക്കുളത്ത് എത്തുന്നു. കോകം രാത്രി അവിടെ താമസിക്കുകയാണ്. ഈ ഭാഗത്തു ചേർത്തിട്ടുള്ള സന്ധ്യയുടെയും പ്രഭാതത്തിന്റെയും വർണ്ണന കാവ്യഭംഗി കൊണ്ട് അതീവസുന്ദരമാണ്.
പിന്നീടുള്ള യാത്ര കൊടുങ്ങല്ലൂർക്കാണ്. അതുകഴിഞ്ഞ് കുലശേഖര പെരുമാക്കന്മാരുടെ കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗോത്രമല്ലേശ്വരത്തെത്തുന്നു. ഈ സ്ഥലത്തെത്തുമ്പോൾ ആ നഗരം വർണ്ണിക്കുന്ന ഭാഗം അതിമനോഹരമാണ്. ഇവിടെ പെരിയാറും കടലും തമ്മിൽ ചേരുന്ന സ്ഥലത്തെക്കുറിച്ച് എഴുതുമ്പോൾ കവി വികാരതരളിതനായി തീരുന്നു. ഇത്രയും എഴുതിയത് കിട്ടിയിട്ടുള്ള തൊണ്ണൂറ്റാറു പദ്യങ്ങളിലെ ഉള്ളടക്കത്തെ അവലംബിച്ചാണ്. ഇത്ര ഹൃദ്യമായി വിവരിച്ചിട്ടുള്ള മാർഗ്ഗവർണ്ണന മറ്റു സന്ദേശകാവ്യങ്ങളിൽ കാണാൻ സാധിക്കില്ല. കോകസന്ദേശത്തിലെ എല്ലാ ശ്ലോകങ്ങളും വർണ്ണനകളുടെയും ഭാവനകളുടെയും പുതുമ കൊണ്ട് അത്യന്തം ഹൃദയഹാരിയായിട്ടുണ്ട്. ഈ വിശിഷ്ടകാവ്യത്തിന്റെ പൂർണ്ണരൂപം നമുക്ക് കിട്ടിയിട്ടില്ല.
ഉണ്ണുനീലിസന്ദേശം
ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവിനെക്കുറിച്ച് യാതൊരു അറിവുമില്ല. ഇതിലെ നായിക ദേവദാസിയായതുകൊണ്ട് നായകൻ ഒരു സങ്കൽപ്പ കഥാപാത്രമാകാനാണ് സാധ്യത. മണികണ്ഠന്റെ പൂണാരം എന്ന് ഒരു പദ്യത്തിൽ പറഞ്ഞിട്ടുള്ളതിൽനിന്ന് നായിക ഉണ്ണുനീലി വടക്കൂംകൂർ രാജാവിന്റെ സ്നേഹഭാജനമായിരുന്നുവെന്ന് ഊഹിക്കാം. ശുകസന്ദേശത്തിലെപോലെ ഈ സന്ദേശത്തിലെയും നായിക ദേവദാസി വർഗ്ഗത്തിൽപ്പെട്ടവൾ ആണെന്ന് ഈ വിഷയം ആഴത്തിൽ പഠിച്ചിട്ടുള്ള പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു. ഉണ്ണുനീലി ക്ഷേത്രത്തിൽ നൃത്തത്തിനു പോയിരുന്നുവെന്നോ നൃത്തകലാ കുശലയായിരുന്നുവെന്നോ ഇതിനർത്ഥമില്ല. ഒരു വർഗ്ഗത്തിൽ പെടുന്നുവെന്നേ ഗ്രന്ഥത്തിൽനിന്നുള്ള സൂചന കൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയൂ. ഈ കൃതി രചിച്ച കാലത്തെപ്പറ്റി നമുക്ക് വ്യക്തമായ ഒരറിവുമില്ല. കൊല്ലവർഷം 540-നു മുൻപുള്ള ഒരു കാലമാണ് സന്ദേശത്തിൽ കല്പിക്കുന്നതെന്നാണ് പ്രൊഫസർ പിള്ളയുടെ നിഗമനം. എന്നാൽ ഇതിൽ അഭിപ്രായവ്യത്യാസമുണ്ട്. പതിനാലാം ദശകത്തിനിടക്കുണ്ടായ കാവ്യമാണെന്ന് കരുതാം.
പ്രതിപാദ്യവിഷയം:
പുരാതനകാലത്തെ വടക്കുംകൂർ മഹാരാജാവിന്റെ തലസ്ഥാനമായിരുന്ന വടമധുരയിൽ (കടുത്തുരുത്തി) വീരമാണിക്കത്ത് എന്നുകൂടി പേരുള്ള മുണ്ടക്കൽ ഭവനത്തിലെ ഉണ്ണുനീലിയാണ് ഈ കാവ്യത്തിലെ നായിക. നായകൻ ആരെന്ന് കാവ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. നായികാനായകന്മാർ കാമക്രീഡ കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ കാമാതുരയായ ഒരു യക്ഷി ശൂർപ്പണഖ ലക്ഷ്മണനെ എന്ന പോലെ നായകനെ എടുത്തുകൊണ്ട് തെക്കോട്ടു പറന്നു തിരുവനന്തപുരത്തെത്തുന്നു. അവിടെയെത്തിയപ്പോൾ നായകൻ നരസിംഹമന്ത്രം ജപിക്കയാൽ യക്ഷി അദ്ദേഹത്തെ വിട്ടുപോകുന്നു. വായുവിൽ തങ്ങി തങ്ങി അയാൾ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു ഉദ്യാനത്തിൽ പറന്നു വീഴുന്നു. ക്രമേണ മോഹാലസ്യം നീങ്ങിയ നായകൻ അവിടെ യാദൃച്ഛികമായി വന്നെത്തിയ തൃപ്പാപ്പൂർ ആദിത്യവർമ്മ മഹാരാജാവിനെ കാണുന്നു. അദ്ദേഹത്തോട് നായികയായ ഉണ്ണുനീലിക്കുള്ള സന്ദേശം പറഞ്ഞയക്കുന്നു. തിരുവനന്തപുരം മുതൽ വടമധുര വരെയാണ് വഴി. ആദിത്യവർമ്മയാണ് സന്ദേശവാഹകൻ.
തിരുവനന്തപുരം മുതൽ വടമധുര (കടുത്തുരുത്തി) വരെയുള്ള സന്ദേശവാഹകന്റെ യാത്രയ്ക്കിടയിൽ കാണുന്ന സുന്ദരവസ്തുക്കളിൽ പ്രസക്തമായ ഒന്നിനേയും വിട്ടുകളഞ്ഞിട്ടില്ല. കേരളത്തിന്റെ പ്രകൃതിവിലാസവും ജീവിത രസികതയും ഇതുപോലെ പ്രതിഫലിപ്പിക്കുന്ന മറ്റൊരു പ്രാചീനകവിത ഇല്ലെന്നു പറയാം.
കാവ്യഭംഗിയിൽ അതുല്യമായ ഒരു കൃതിയാണ് ഉണ്ണുനീലിസന്ദേശം. കേരളത്തിന്റെ പ്രകൃതിവിലാസം, അതിന്റെ വൈചിത്രഭംഗി ഇവയെല്ലാം ഭാവാത്മകതയോടെ ചിത്രീകരിച്ചിരിക്കുന്നതിനൊരു ഉദാഹരണം മാത്രം ഇവിടെ കാണിക്കാം.
"കാളം പോലെ കുസുമ ധനു പോഹന്ത പൂങ്കോഴി കൂകി-
ചോളം പോലെ ചെതറി വിളറി താര കാണാ നികായം
താളം പോലെ പുലരി വനിക്യഗതാ ചന്ദ്രസൂര്യ-
നാളം പോലെ നളിന കുഹാര ദൂദ് ഗതാ ഭൃംഗരാജി ."
എത്ര ശബ്ദാർത്ഥ സുന്ദരവും ഭാഷാമധുരവുമായ രീതിയിലാണ് പ്രഭാതവർണ്ണന കവി അവതരിപ്പിച്ചിരിക്കുന്നത്. മലയാള ഭാഷ, ചരിത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിശിഷ്ടകൃതി സഹായകമാകുമെന്ന കാര്യത്തിൽ സംശയമില്ല.
മയൂരസന്ദേശം (കേരളഹൃദയം)
മലയാള സാഹിത്യത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായ കേരളവർമ്മ വലിയകോയിത്തമ്പുരാനാണ് മയൂരസന്ദേശത്തിന്റെ കർത്താവ്. ഇദ്ദേഹം പണ്ഡിതനും കവിയുമെന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും ഭരണകാര്യങ്ങളിൽ നിഷ്ണാതനും തർക്കവേദാന്ത ശാസ്ത്രങ്ങളിൽ അതിനിപുണനുമായിരുന്നു. മയൂരസന്ദേശത്തിന്റെ കാലം 1069 നൂറ്റാണ്ടാണ്. സന്ദേശമയക്കുന്നത് കേരളവർമ്മയുടെ ഏതാണ്ട് മുപ്പത്തഞ്ചാം വയസ്സിലാണെന്ന് സങ്കല്പിക്കപ്പെട്ടിരുന്നെങ്കിലും അതെഴുതിയത് അമ്പതാം വയസ്സിലാണെന്ന് ഡോക്ടർ പി കെ നാരയണപിള്ള അഭിപ്രായപ്പെടുന്നു.
മയൂരസന്ദേശത്തിന്റെ സവിഷേശത അതിന്റെ ചരിത്ര പശ്ചാത്തലമാണ്. കാമിനിയുടെ സവിധത്തിൽനിന്നു അകറ്റപ്പെട്ട കാമുകൻ, ദൂതൻ മുഖാന്തിരം ചെയുന്ന കുശലനിവേദവും കുശലാന്വേഷണവും ആണല്ലോ സന്ദേശകാവ്യത്തിലെ പ്രതിപാദ്യവിഷയം. മറ്റു കാവ്യങ്ങളിൽ കാമുകനെ ദൂരസ്ഥിതനാക്കുന്നത് കവിയുടെ ഭാവനയാണ്. എന്നാൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഉഗ്രമായ രാജ കല്പനയാണ് മയൂരസന്ദേശത്തിലെ നായകനായ കേരളവർമ്മയെ സ്വന്തം പ്രേയസിയായ ലക്ഷ്മിഭായിയുടെ സന്നിധിയിൽനിന്നും നിഷ്കരുണം അകറ്റപ്പെട്ടത്.
പ്രതിപാദ്യവിഷയം:
രാജകല്പനയനുസരിച്ച് മുന്നറിയിപ്പോ കാലാവിധിയോ ഇല്ലാതെ ആലപ്പുഴ കൊട്ടാരത്തിലെ ജയിലിൽ അടക്കപ്പെട്ട കേരളവർമ്മ പതിനഞ്ചുമാസത്തോളം ഏകാന്തവാസമനുഭവിച്ചു. ആയില്യം തിരുനാളിന്റെ മരണശേഷം രാജ്യഭരണം ഏറ്റെടുത്ത വിശാഖം തിരുനാൾ മഹാരാജാവ് കേരളവർമ്മയെ ബന്ധനവിമുക്തനാക്കി. തിരുവനതപുരത്ത് തിരിച്ചെത്തിയശേഷം അദ്ദേഹം സാഹിത്യസേവനത്തിനിടയിൽ സ്വാനുഭവത്തെ ആധാരമാക്കിയെഴുതിയ കൃതിയാണ് മയൂരസന്ദേശം.
ഈ കൃതിയിൽ ഹരിപ്പാട് മുതൽ തിരുവനതപുരം വരെയുള്ള പ്രദേശങ്ങളും മാർഗ്ഗഭംഗിയുമെല്ലാം മനോഹരമായി വിവരിച്ചിട്ടുണ്ട്. മയിലിനെ സന്ദേശവാഹകനാക്കിക്കൊണ്ട് വ്യംഗ്യ മര്യാദയിൽ ആയില്യം തിരുനാളിനെ അപലപിക്കുന്നതും, തന്നെ ബന്ധനവിമുക്തനാക്കിയ വിശാഖം തിരുനാളിനെ വാഴ്ത്തുന്നതും, പ്രേയസിയായ മഹാറാണിയെ മാതൃകാമഹിളയായി ചിത്രീകരിക്കുന്നതുമെല്ലാമാണ് ആ കാവ്യത്തിലെ പ്രതിപാദ്യ വിഷയം.
മയൂരസന്ദേശത്തിലെ കാവ്യഭംഗിക്ക് ഒരു ഉദാഹരണം നോക്കാം. മയിലിന്റെ വിതിർത്ത പീലി നീലവേണിയായ നായികയെക്കുറിച്ചുള്ള സ്മരണ നായകനിൽ ജനിപ്പിക്കുന്നു.
"കൊണ്ടാൽക്കോളാൽ കലിത കൗതുകം പീലിയെല്ലാം പരത്തി
കൊണ്ടെക്കേറ്റി പ്രവരനഴകോടാട്ടമാടുന്ന ഭംഗി
കണ്ടക്കാമിനി നിജമ കമിനി യാം നീലവേണിം നിനച്ചി-
ണ്ടൽക്കോറം വശഗനവിടത്തന്നെ മിണ്ടാതെ നിന്നേൻ."
മേഘസമൂഹത്തിന്റെ ദർശനം കൊണ്ടുണ്ടായ ഉത്സാഹത്തോടുകൂടി പീലിയെല്ലാം പരത്തിക്കൊണ്ട് ആ കേകീ ശ്രേഷ്ഠൻ ഭംഗിയായി നൃത്തം ചെയ്യന്നത് കണ്ടിട്ട് കാമുകൻ നീല വേണിയായ സ്വകാമുകിയെ സ്മരിച്ച് ഏറ്റവും ദുഃഖിതനായി മിണ്ടാതെ അവിടെത്തന്നെ നിന്നു.
മേഘദർശനം കൊണ്ടുതന്നെ വിരഹിയായ നായകൻ സ്വകാമിനി സ്മരണ വളർന്നു ഉൽക്കണ്ഠിതനായിരിക്കണം. മയിലിന്റെ വിടർത്തിപ്പിടിച്ച പീലി കണ്ടപ്പോഴുണ്ടായ സ്മരണ കൂടി ആയപ്പോൾ വർദ്ധിച്ച ശോകഭാരം നായകനെ സ്തബ്ധനാക്കിയതായി വർണ്ണിച്ചിരിക്കുന്നത് വിപ്രലംഭത്തെ പരിതോഷിപ്പിക്കുകയാണ്. സ്‌മൃതി മദാലങ്കാരം രസാംശയമായി പ്രവർത്തിക്കുന്നുവെന്നു പറയാം. ആ വർഷകാലത്ത് ദീർഘമായ വിരഹം കൊണ്ട് വിവശയായ നായികയെ ആശ്വസിപ്പിക്കേണ്ടത് അനുപേക്ഷണീയമാണെന്നും അതിനു മയൂരം മുഖേന ഒരു സന്ദേശം അയക്കുന്നത് ഉചിതമായിരിക്കുമെന്നും ഈ മനനാവസ്ഥയിൽ നായകന് അചിരേണ തോന്നിയിരിക്കണം. (ഈ പദ്യത്തിന്റെ വ്യാഖാനത്തിന് ഡോക്ടർ പി. കെ. നാരയണപിള്ളയോട് കടപ്പാട്).
പി. ജി. രാമയ്യരുടെ വിപ്രസന്ദേശം, ശീവൊള്ളിനമ്പൂതിരിയുടെ
ദാത്യുകസന്ദേശം , സർദാർ കെ. എം. പണിക്കരുടെ ഭൂപസന്ദേശം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കപോതസന്ദേശം തുടങ്ങിയവയാണ് പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടുള്ള ചില സന്ദേശകാവ്യങ്ങൾ. വിസ്താരഭയം കൊണ്ട് അവയെല്ലാം ഇവിടെ അവലോകനം ചെയ്തിട്ടില്ല. ഇങ്ങനെ പല സന്ദേശകാവ്യങ്ങളും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും മേഘസന്ദേശത്തെക്കാൾ മനോഹരമായ ഒരു സന്ദേശകാവ്യം ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല എന്നു നിസ്സംശയം പറയാം.
മണിപ്രവാള പ്രസ്ഥാനത്തോടനുബന്ധിച്ച് മലയാളത്തിലുണ്ടായിട്ടുള്ള സന്ദേശകാവ്യങ്ങളിലെ പൊതുവായ ഒരു വിഷയത്തെക്കുറിച്ച് മറ്റൊരു കാര്യം കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. ചില കാവ്യങ്ങളിൽ നർത്തകികളും ദേവദാസികളും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് ഇന്നത്തെ വായനക്കാർക്ക് അത്ഭുതമായി തോന്നാം! (ദേവദാസികളെ ജപ്പാനിലെ ഗൈഷകളോട് ഉപമിക്കാം. അക്കാലത്ത് അവർക്കു സമുദായത്തിൽ ഒരു മാന്യസ്ഥാനമുണ്ടായിരുന്നു. (ഒരുപക്ഷെ ഇക്കാലത്തെ പ്രശസ്തരായ നർത്തകികളെയോ സിനിമാനടികളെയോ പോലെ). അതുകൂടാതെ, സന്ദേശകാവ്യങ്ങളെഴുതിയ കാലത്ത് അവയുടെ നിർമ്മാതാക്കളുടെ മനസ്സിലുണ്ടായിരുന്നത് സമൂഹത്തിലെ ഉന്നത ശ്രേണിയിലിരുന്നവരും ഭോഗാലസരുമായ ഒരു കൂട്ടം ആളുകളെയാണ്. അവർക്ക് ഇന്നത്തെപ്പോലെ നിലനിൽപ്പിന്റെ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഇത്തരം നായികമാരെ കാവ്യങ്ങളിൽ വിഷയമാക്കുന്നത് അനുചിതമായി തോന്നിയിരിക്കില്ല. എന്നിരിക്കിലും സന്ദേശകാവ്യങ്ങളിൽനിന്നും നമുക്ക് പല ചരിത്ര സത്യങ്ങളും സാമൂഹ്യ വ്യവസ്ഥിതികളും മനസ്സിലാക്കാൻ കഴിയും. അതാണ് മറഞ്ഞുപോയ ഒരു കാലത്തുണ്ടായ കൃതികൾ വായിച്ചു രസിക്കുന്നതുകൊണ്ടുള്ള പ്രയോജനം.
(ഈ ലേഖനം തയ്യാറാക്കുന്നതിൽ പ്രൊ. ഇളംകുളം കുഞ്ഞൻപിള്ളയുടെ ഉണ്ണേനീലിസന്ദേശം, ഡോ. പി. കെ. നാരായണപിള്ളയുടെ മയൂരസന്ദേശത്തിന്റെ വ്യാഖ്യാനം, ശ്രീ. സി.ജെ.മണ്ണുംമൂടിന്റെ മലയാള ഭാഷ സാഹിത്യചരിത്രം എന്നീ ഗ്രന്ഥങ്ങൾ ഉപകരിച്ചിട്ടുണ്ട്. അവരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.)