Image

ആ വഴിയും ആ വീടും എനിക്കറിയാമായിരുന്നു ( കവിത : ജിസ്സ ജോസ് )

Published on 07 October, 2025
ആ വഴിയും ആ വീടും എനിക്കറിയാമായിരുന്നു ( കവിത : ജിസ്സ ജോസ് )

മറ്റൊന്നു തിരയുമ്പോൾ trash can ൽ നിന്നു കിട്ടിയത്.... 

trash ആണെങ്കിലും 
വെറുതെ സങ്കടം വന്നു..
അവരെ അറിയില്ലെങ്കിലും
ആ വഴിയും ആ വീടും എനിക്കറിയാമായിരുന്നു..

വഴിതിരിച്ചുവിട്ടൊരു
വണ്ടിയിൽ
അവളുടെ ദേശത്തുകൂടി
പോവുകയായിരുന്നു.
ഏറെനാളുകൾക്കു 
ശേഷമാണീ വഴി ..
ഹൃദയം
ഉറക്കെ മിടിക്കുകയും
ഓർമ്മകൾ
കനത്ത കൈകൾ 
കൊണ്ടതിനെ
ഞെരിച്ചമർത്തുകയും
ചെയ്തു ..

കണ്ണടച്ചപ്പോൾ
മയമുള്ള
ചോപ്പുമണ്ണു വിരിച്ച 
നാട്ടുവഴിയുടെ
ഒരുവശത്ത്
കാറ്റിലുലയുന്ന പച്ചപ്പ്
പുഴ, കാവ് ..
പടികൾ 
കേറിച്ചെല്ലുന്നിടത്തെ
പഴയ വീട്..
മറുവശത്ത്
വെയിലിൽ തിണർത്ത
പാളങ്ങൾ
ഇടയ്ക്കിടെ
കാലടികൾക്കടിയിൽ
തീവണ്ടിക്കുലുക്കം.

കണ്ണുകളൊന്നു
തിരുമ്മിത്തുറന്നപ്പോൾ
ഒക്കെയും മാഞ്ഞുപോയി.
ടാറിട്ട വഴികൾ,
പാടമായിരുന്നിടത്ത്
പലതരം വീടുകൾ ,
മതിലുകൾ ..
മെലിഞ്ഞു നേർത്ത പുഴ
റെയിൽപ്പാളങ്ങൾ മാത്രം
അതേപടി...
അവളുടെ ദേശവും
മാറിപ്പോയെന്നു
വെറുതെ ചിരിച്ചു.

അവളും മാറിയിരിക്കും
പച്ചപ്പു മാഞ്ഞും
പൂക്കളുതിർന്നും
ഉണങ്ങിക്കരിഞ്ഞൊരു
ചില്ലയായിട്ടുണ്ടാവും...
കാണാതിരിക്കട്ടെ!
കണ്ടാലും
പരസ്പരം 
തിരിച്ചറിയാതിരിക്കട്ടെ!

അന്നേരം
പണ്ടത്തെ
അവധിക്കാലങ്ങളിൽ
അവളെക്കാണാനായി
ആൽമരച്ചോട്ടിൽ
നിൽക്കാറുള്ളതോർമ്മ വന്നു.
ബസ്സിനോ ട്രെയിനിനോ
കാത്തുനിൽക്കുന്നുവെന്ന
ഭാവത്തിൽ
വീർപ്പടക്കി
മണിക്കൂറുകൾ ..

പച്ചകൾക്കിടയിലുള്ള
വീടിൻ്റെ മുറ്റത്ത്
മിന്നായം പോലൊരു മഞ്ഞപാവാടത്തുമ്പ്
വേലിക്കരികിൽ വന്നു
വേറെടുക്കുന്ന
മുടിയുടെ
കരിങ്കറുപ്പ് ...
നനച്ചു കുളിക്കാൻ
പുഴയിലേക്കിറങ്ങുമ്പോൾ
എണ്ണകിനിയുന്ന
മുഖത്തിൻ്റെ അരികുകൾ
മുറ്റമടിക്കുമ്പോഴത്തെ
വളക്കിലുക്കം...
വെള്ളം കോരുമ്പോൾ
മൈലാഞ്ചിച്ചോപ്പു
പടർന്ന 
വിരലുകളുടെ ചന്തം

ദൂരെ നിന്നവളെ 
കാണുന്നത് 
ആരുമറിയില്ല,
അവൾ ഒട്ടുമറിയില്ല.
കണ്ടുതീരാതെ
കണ്ടു മതിയാവാതെ
തിരിച്ചുപോകും.

ഇപ്പോഴും ആ 
പഴയവീടവിടെയുണ്ടോ?
അവളവിടെ ഉണ്ടാകുമോ?
ബസിറങ്ങി
ആൽമരച്ചോട്ടിൽ 
അങ്ങോട്ടേക്കു
നോക്കിനിന്നാൽ
പച്ചത്തഴപ്പുകൾക്കിടയിലൂടെ
അവളുടെ ചേലത്തുമ്പ്
മുടിക്കെട്ട് ..
എള്ളിൻപൂ മൂക്ക് ...
എന്തെങ്കിലും
കാണാനായേക്കുമോ?
പക്ഷേ
അടയാളമായിരുന്ന
ആൽമരവും
പച്ചപുതച്ച പാടങ്ങളും
കാണാനില്ല..
അവളുടെ വീടും
മാറിപ്പോയിരിക്കും..
അവളെപ്പോലെ!

എന്നിട്ടും
വഴിയിലെവിടെയോ
അവളുടെ പേരെഴുതിയ
പഴകിയൊരു
പോസ്റ്ററും അതിലെ
ചിരിച്ച മുഖവും കണ്ടു.
മഴയിലും വെയിലിലും
നിറംമങ്ങിയിട്ടും
പാതി കീറിയിട്ടും
അതവളുടെ 
പേരാണെന്നും
അതവളുടെ 
ചിരിയാണെന്നും
തിരിച്ചറിഞ്ഞു..
ചരമ അറിയിപ്പുകളിലെ
മരിച്ചുപോയവരുടെ
ചിരിച്ച മുഖങ്ങൾ
എന്തൊരു 
ചതിയാണെന്നോർത്തു
ജീവിച്ചിരിക്കുന്നവരെ
കളിയാക്കുന്ന ചിരി!

അവളുടെ ദേശത്തു കൂടി
വരേണ്ടിയിരുന്നില്ല.
വഴിതിരിച്ചുവിട്ട
വണ്ടിയിൽ നിന്നപ്പോഴേ
ഇറങ്ങാമായിരുന്നു ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക